ചെയര്‍മാന്റെ കുടുംബ വീട് 
 പൊളിക്കാൻ നോട്ടീസ്

print edition ഭീകരർക്ക്‌ ജോലി നൽകിയതില്‍ 
സര്‍വകലാശാലയ്‌ക്ക്‌ വീഴ്‌ച

al falah university
വെബ് ഡെസ്ക്

Published on Nov 21, 2025, 04:37 AM | 2 min read


ന്യ‍ൂഡൽഹി

ഡൽഹിയിൽ ചാവേറായി പൊട്ടിത്തെറിച്ച ഡോ. ഉമർ നബിക്കും സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന മറ്റ്‌ ഡോക്‌ടർമാർക്കും ഫരീദാബാദ് അൽ ഫലാഹ്‌ സർവകലാശാല ജോലി നൽകിയത്‌ വേണ്ടത്ര പരിശോധനയില്ലാതെയെന്ന്‌ റിപ്പോർട്ട്‌.


മറ്റൊരു സംസ്ഥാനത്തേക്ക്‌ മാറുന്പോള്‍ ആവശ്യമായ എൻഒസി വാങ്ങാതെയാണ് ഉമർ നബി, മുസമ്മിൽ ഗനിയ, ഷഹീൻ ഷഹീദ്‌, മുസഫർ അഹമ്മദ്‌ എന്നിവർ അൽ ഫലായിൽ ജോലി ചെയ്‌തത്‌. ദേശീയ മെഡിക്കൽ കമീഷൻ ചട്ടപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്ന ഡോക്‌ടര്‍മാര്‍ അവരുടെ മെഡിക്കൽ കൗൺസിലിൽനിന്ന് എൻഒസി നേടി പുതിയ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയാണ് ലംഘിച്ചത്.


അതിനിടെ, അൽ ഫലാഹിലെ പൂർവ വിദ്യാർഥി യുപി സ്വദേശി മിർസ ഷബാദ്‌ ബെയ്‌ഗ്‌ നേരത്തെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന്‌ അന്വേഷണ സംഘത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. 2008ൽ ഡൽഹി, അഹമ്മദാബാദ്‌ സ്‌ഫോടനങ്ങൾക്ക്‌ പിന്നിൽ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന ഷബാദ്‌ ബെയ്‌ഗ്‌ സർവകലാശാലയിലെ ബി ടെക്‌ വിദ്യാർഥിയായിരുന്നു. ഇയാൾ പാകിസ്ഥാനിലേക്ക്‌ കടന്നെന്നും തുടർന്ന്‌ ഐഎസ്ഐഎസിൽ ചേർന്നെന്നുമാണ്‌ റിപ്പോർട്ട്‌.


സാന്പത്തിക കുറ്റകൃത്യങ്ങളെത്തുടർന്ന്‌ അറസ്റ്റിലായ സർവകലാശാല ചെയർമാൻ മുഹമ്മദ്‌ ജവാദ്‌ അഹമ്മദ്‌ സിദ്ധിഖിയുടെ മധ്യപ്രദേശിലെ വീട്‌ പൊളിക്കാൻ അധികൃതർ നിർദേശം നൽകി.


4 പേരെ എൻഐഎ അറസ്റ്റ്‌ ചെയ്തു

"വൈറ്റ്‌ കോളർ ഭീകരസംഘ'വുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്‌മീർ പൊലീസ്‌ അറസ്റ്റ്‌ ചെയ്ത നാല്‌ പേരെ ഡൽഹി സ്‌ഫോടനക്കേസിൽ എൻഐഎ അറസ്റ്റ്‌ ചെയ്തു. ജമ്മു കശ്‌മീർ സ്വദേശികളായ ഡോ. മുസമിൽ ഗനിയ, ഡോ. ആദിൽ അഹമ്മദ്‌ റാത്തർ, ഷോപിയനിലെ മത പുരോഹിതനായ മുഹ്‌തി ഇർഫാൻ അഹമ്മദ്‌ എന്നിവരും യുപി സ്വദേശി ഡോ. ഷഹീൻ ഷഹീദുമാണ് അറസ്റ്റിലായത്‌. ഇവരെ പ്രത്യേക എൻഐഎ കോടതി 10 ദിവസത്തെ കസ്റ്റഡിയിൽവിട്ടു. ഡൽഹി സ്‌ഫോടനത്തിൽ ഇവർ നിർണായക പങ്കുവഹിച്ചെന്ന്‌ എൻഐഎ വിലയിരുത്തുന്നു. കേസിൽ ആകെ ആറ്‌ പേരെയാണ്‌ എൻഐഎ ഇതുവരെ അറസ്റ്റ്‌ ചെയ്തത്‌.


കശ്മീര്‍ ടൈംസ് 
ഓഫീസിൽ റെയ്ഡ്

രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്നാരോപിച്ച്‌ ജമ്മുവിലെ കശ്‌മീർ ടൈംസ്‌ ഓഫീസിൽ റെയ്‌ഡ്‌. സംസ്ഥാന അന്വേഷണ സംഘം വ്യാഴാഴ്‌ചയാണ്‌ പത്ര സ്ഥാപനത്തിന്റെ ഓഫീസിൽ റെയ്‌ഡ്‌ നടത്തിയത്‌. ഓഫീസിൽനിന്ന്‌ എകെ 47 വെടിയുണ്ട, ഗ്രനേഡ്‌ ലിവർ തുടങ്ങിയ കണ്ടെടുത്തതായി പൊലീസ്‌ അറിയിച്ചു. പരിശോധന രാത്രിയും തുടര്‍ന്നു.


വിരോധം പ്രചരിപ്പിക്കുക, വിഘടനവാദം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗമാകുക എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ കശ്‌മീർ ടൈംസിനെതിരെയും എക്‌സിക്യൂറ്റീവ്‌ എഡിറ്റർ അനുരാധ ഭാസിനെതിരെയും പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. സംഭവത്തിൽ കശ്‌മീർ ടൈംസ്‌ അധികൃതർ പ്രതികരിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Home