ജനാധിപത്യത്തിന്‌ ശക്തിപകര്‍ന്ന് ഏപ്രിലിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച 
വിധി അഞ്ചംഗ ബെഞ്ചിന്റെ നിരീക്ഷണത്തിലൂടെ അപ്രസക്തമായി

print edition എല്ലാം പഴയപടി ; ദുര്‍ബലമായത് ഫെഡറൽ 
അവകാശം കാത്ത വിധി

supreme court rules on legislative bills presidential reference
avatar
എം പ്രശാന്ത്‌

Published on Nov 21, 2025, 04:49 AM | 4 min read


ന്യൂഡൽഹി

പ്രതിപക്ഷ സംസ്ഥാനങ്ങളെ പ്രതിസന്ധികളിലേക്ക്‌ തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ ചട്ടുകങ്ങളായി പല സംസ്ഥാനങ്ങളിലും ഗവർണമാർ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ്‌ അവരുടെ അധികാരപരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ചരിത്രപരമായ വിധി ഏപ്രിലിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക്‌ മേൽ ഗവർണർമാർ അടയിരിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതായിരുന്നു വിധി. എന്നാൽ രാഷ്‌ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിലൂടെ ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച്‌ വീണ്ടും പൂർവസ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തിച്ചു.


ഭരണഘടന പ്രകാരം മന്ത്രിസഭയുടെ ഉപദേശവും നിർദേശവുമനുസരിച്ചാണ്‌ ഗവർണർ പ്രവർത്തിക്കേണ്ടത്‌. അവർക്ക്‌ രാഷ്‌ട്രീയതാൽപ്പര്യങ്ങൾ പാടില്ലെന്നും പ്രവർത്തനം സ്വതന്ത്രവും നിഷ്‌പക്ഷവുമായിരിക്കണം. എന്നാൽ ഭരണഘടന നിലവിൽ വന്ന്‌ വൈകാതെ തന്നെ ഇത്തരം വ്യവസ്ഥകളും സങ്കൽപ്പങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തിൽ ഇന്ദിരാഗാന്ധിയുടെ സ്വാധീനമേറിയതോടെ പ്രതിപക്ഷ പാർടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി ഗവർണർമാരെ ദുരുപയോഗിച്ചുതുടങ്ങി. കേരളത്തിൽ ഗവർണറായിരുന്ന ബി രാമകൃഷ്‌ണ റാവു ഇഎംഎസ്‌ സർക്കാരിനെ പിരിച്ചുവിടാൻ 1959ൽ രാഷ്‌ട്രപതിയോട്‌ ശുപാർശ ചെയ്‌തുകൊണ്ട്‌ ഇതിന്‌ തുടക്കമിട്ടു. തുടർന്നും കേന്ദ്രത്തിലെ കോൺഗ്രസ്‌ സർക്കാരുകൾ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ സർക്കാരുകളെ പിരിച്ചുവിടാൻ ഗവർണർമാരെ രാഷ്‌ട്രീയമായി ദുരുപയോഗിച്ചു.


ഗവർണർ നിയമനമെന്നത്‌ രാഷ്‌ട്രീയ നിയമനമായി വൈകാതെ മാറി. ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾക്കുള്ള ‘വിരമിക്കൽ’ കാല പദവിയായി ഗവർണർസ്ഥാനം മാറി. നിലവിൽ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്ന പ്രവണതയിൽ മാറ്റമുണ്ടായെങ്കിലും സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെട്ടും ബില്ലുകൾ പിടിച്ചുവച്ച്‌ പ്രതിസന്ധി സൃഷ്‌ടിച്ചുമുള്ള ദ്രോഹങ്ങൾ നിർബാധം തുടരുന്നു. ഇ‍ൗ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഏപ്രിലിലെ ഇടപെടൽ. ജനാധിപത്യത്തിന്‌ ശക്തിപകരുന്ന ഇ‍ൗ വിധിയാണ്‌ അഞ്ചംഗ ബെഞ്ച്‌ അട്ടിമറിച്ചത്‌.


rajyasabha nomination


ദുര്‍ബലമായത് ഫെഡറൽ 
അവകാശം കാത്ത വിധി

തമിഴ്‌നാട്‌, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഗവർണർരാജ്‌ നടപ്പാക്കിയ കേന്ദ്രത്തിന്‌ വൻ തിരിച്ചടി നൽകുന്ന 2025 ഏപ്രിൽ എട്ടിലെ വിധിയാണ്‌ രാഷ്‌ട്രപതിയുടെ റഫറൻസിനുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ മറുപടിയിലൂടെ ദുർബലമാക്കപ്പെട്ടത്‌.


ഗവര്‍ണമാര്‍മാരുടെ അമിതാധികാരപ്രയോഗത്തിന് തടയിട്ട് സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നു വിധി. തമിഴ്‌നാട്‌ നിയമസഭ പാസാക്കിയ 10 ബില്ലുകളിൽ വര്‍ഷങ്ങളായി അടയിരുന്ന ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയായിരുന്നു 142–-ാം അനുച്ഛേദ പ്രകാരം സവിശേഷ അധികാരം ഉപയോഗിച്ചുള്ള ഉത്തരവ്‌. ജനാധിപത്യത്തോടും ജനഹിതത്തോടും ഗവർണർമാർ നീതിപുലർത്തണമെന്നും മുൻഗാമികൾ ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഭരണഘടനാമൂല്യങ്ങളാണ്‌ അവരെ നയിക്കേണ്ടതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.


ഗവർണർക്ക്‌ വീറ്റോ അധികാരമില്ല. ബില്ലുകൾക്ക്‌ അംഗീകാരം നൽകുക, പിടിച്ചുവയ്‌ക്കുക, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിടുക എന്നിവയാണ്‌ ​ഗവര്‍ണര്‍ക്ക് ചെയ്യാനാവുക. ഒപ്പിടാതെ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിടുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ഒപ്പിടുന്നില്ലെങ്കിൽ മൂന്നുമാസത്തിനകം സർക്കാരിന്‌ തിരിച്ചയക്കണം. വീണ്ടും സഭ പാസാക്കി അയച്ചാൽ ഒരു മാസത്തിനകം ഒപ്പിട്ടിരിക്കണം. ഒരേ ബിൽ രണ്ടാമതും രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ അയക്കാൻ ഗവർണർക്ക്‌ അധികാരമില്ല. രണ്ടാമത്‌ പാസാക്കിയ ബില്ലിൽ മാറ്റമുണ്ടെങ്കിൽ മാത്രമേ അയക്കാനാകൂ. ബില്ലുകളിൽ അടയിരുന്നാൽ ഗവർണറെ ജുഡീഷ്യൽ റിവ്യൂവിന്‌ വിധേയമാക്കും, ബില്ലിൽ രാഷ്‌ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നിവയായിരുന്നു അന്നത്തെ സുപ്രധാന വിധിയുടെ കാതൽ.


വിവേചനാധികാരം വീറ്റോയാകും

കാരണമറിയിക്കാതെ ബിൽ പിടിച്ചുവയ്‌ക്കാം എന്നതൊഴികെ കേന്ദ്രസർക്കാർ ഉന്നയിച്ച വാദമുഖങ്ങളെ അംഗീകരിക്കുംവിധമാണ്‌ സുപ്രീംകോടതി രാഷ്‌ട്രപതിയുടെ റഫറൻസിൽ തീർപ്പുകൽപ്പിച്ചത്‌. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ രാഷ്‌ട്രപതി, ഗവർണർ എന്നിവരുടെ അധികാരത്തെ കോടതികളിൽ ചോദ്യം ചെയ്യാനാകില്ലെന്നതിന്‌ പുറമേ അവരുടെ ‘വിവേചനാധികാരം’ ഊട്ടിയുറപ്പിച്ചതോടെ സുപ്രീംകോടതി ഗവർണറെ സംസ്ഥാനങ്ങളുടെ സർവാധികാരിയാക്കി. വിവേചനാധികാരത്തെ കേന്ദ്രസർക്കാരിന്‌ വേണ്ടി വീറ്റോ അധികാരമാക്കുന്ന ഗവർണർമാർ സംസ്ഥാനങ്ങളിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളിൽ പരിഹാരം നിർദേശിക്കുന്നതിലും ബെഞ്ച് പരാജയപ്പെട്ടു.


ഗവർണർമാർക്ക്‌ വിവേചനാധികാരം നൽകുന്നതിനെ ഭരണഘടനാ നിർമാണ സമിതിപോലും ശക്തമായി എതിർത്തിരുന്നു. അനുച്ഛേദം 200 ൽ ‘വിവേചനാധികാരം’ എന്ന വാക്കുപോലും ഉൾപ്പെടുത്തിയില്ല. പകരം ബില്ലുകളിൽ ‘എത്രയും വേഗം ’ നടപടിയെടുക്കണം എന്നുചേർത്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കാൻ ഗവർണറെ ബാധ്യതപ്പെടുത്തി. എന്നാൽ രാഷ്‌ട്രപതിയുടെ റഫറൻസിൽ ഭരണഘടനയുടെ 200–ാം അനുച്ഛേദം വ്യാഖ്യാനിച്ച സുപ്രീംകോടതി ഗവർണർക്കും 201–ാം അനുച്ഛേദപ്രകാരം രാഷ്‌ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ വിവേചനാധികാരമുണ്ടെന്ന്‌ അഭിപ്രായപ്പെടുകയായിരുന്നു.


ലിഖിത ഭരണഘടനയിൽ ഗവർണർക്ക് ഇല്ലാത്ത വിവേചനാധികാരം ഉണ്ടെന്ന്‌ വ്യാഖ്യാനിക്കുകയും "എത്രയും വേഗം’ എന്ന വാക്കിനെ അതിന്റെ അർഥത്തിൽ വ്യാഖ്യാനിക്കാതിരിക്കുകയും ചെയ്‌തു. ‘എത്രയും വേഗം’ എന്ന വാക്കിന്‌ ഉടനടി എന്ന്‌ വ്യാഖ്യാനം നൽകിയിരുന്നുവെങ്കിൽ ‘സമയപരിധി’ എന്ന വിഷയം പോലും ഉയർന്നുവരുമായിരുന്നില്ല. അതിനുള്ള സുവർണാവസരം കൂടിയാണ്‌ റഫറൻസിലൂടെ സുപ്രീംകോടതി നഷ്‌ടപ്പെടുത്തിയത്‌. നിയമസഭയെ അഭിസംബോധന ചെയ്യാൻ മന്ത്രിസഭയുടെ ഉപദേശം വേണ്ട ഗവർണർക്ക്‌ ആ സഭ പാസാക്കുന്ന ബില്ലുകളിൽ അന‍ൗദ്യോഗിക വീറ്റോ അധികാരമുണ്ടെന്ന വിചിത്രവാദമാണ്‌ റഫറൻസിലൂടെ അംഗീകരിച്ചിരിക്കുന്നത്‌.


ഇതുവരെ 15 റഫറൻസ്, പരിഗണിക്കാതിരുന്നത് 
രാമജന്മഭൂമി കേസ്‌ മാത്രം

രാഷ്‌ട്രപതിയുടെ റഫറൻസിന്‌ വഴിയൊരുക്കുന്നത്‌ ഭരണഘടനയുടെ 143ാം അനുച്‌ഛേദം. ഇതുപ്രകാരം ഏതെങ്കിലുമൊരു നിയമവിഷയത്തിലോ പൊതുജനപ്രാധാന്യമുള്ള വിഷയത്തിലോ രാഷ്‌ട്രപതിക്ക്‌ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കാം. കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം ഇത്തരം വ്യക്തത തേടൽ. കുറഞ്ഞത്‌ അഞ്ച്‌ ജഡ്‌ജിമാരുടെ ബെഞ്ചാകണം റഫറൻസ് പരിഗണിക്കേണ്ടത്‌.


സ്വതന്ത്ര ഇന്ത്യയിൽ 15 തവണയാണ് സുപ്രീംകോടതി മുമ്പാകെ രാഷ്‌ട്രപതിയുടെ റഫറൻസ് എത്തിയത്‌. 1958ൽ കേരളത്തിലെ വിദ്യാഭ്യാസ ബില്ലിലുള്ള വ്യക്തത തേടലടക്കം ഇതിലുൾപ്പെടും. രാഷ്‌ട്രപതിയുടെ പരാമർശം സുപ്രീംകോടതി പരിഗണിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഇതുവരെ എത്തിയ രാഷ്‌ട്രപതിയുടെ 15 റഫറൻസുകളിൽ 1993ൽ രാമജന്മഭൂമി കേസിലെ റഫറൻസ് മാത്രമാണ് കോടതി പരിഗണിക്കാതിരുന്നത്.


ഡ്രൈവിങ്‌ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ

ഡ്രൈവിങ്‌ സീറ്റിൽ ജനം തെരഞ്ഞെടുത്ത സർക്കാർ തന്നെയാണെന്ന്‌ സുപ്രീംകോടതി. ഒരു സംസ്ഥാനത്ത്‌ രണ്ട്‌ അധികാരകേന്ദ്രങ്ങൾ പാടില്ല. ഭരണഘടനയിൽ, ഉത്തരവാദിത്തമുള്ള സർക്കാർ എന്നാൽ മന്ത്രിസഭ മാത്രമല്ല. രാഷ്‌ട്രപതിക്കും ഗവർണർമാർക്കും വ്യക്തമായി നിർവചിക്കപ്പെട്ട അധികാരങ്ങളും കടമകളും ഉണ്ട്. ബ്രിട്ടീഷ് സമ്പ്രദായത്തിൽ നിന്ന് ഇത് വ്യത്യസ്‌തമാണ്. അവിടെ കിരീടത്തിന്റെ പങ്ക് മിക്കവാറും നിർവചിക്കപ്പെട്ടിട്ടില്ല, പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്–കോടതി പറഞ്ഞു.


അയോധ്യാവിധിക്ക്‌ സമാനം ; നിരീക്ഷണങ്ങളും തീർപ്പും രണ്ട്‌

അയോധ്യ രാമജന്മഭൂമി കേസിന്‌ സമാനമായി, നിരീക്ഷണങ്ങൾക്ക്‌ കടകവിരുദ്ധമായ തീർപ്പാണ്‌ രാഷ്ട്രപതിയുടെ റഫറൻസിലും സുപ്രീംകോടതിയുടേത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ ക്രിമിനൽ കുറ്റമാണെങ്കിലും മസ്‌ജിദ്‌ തകർത്ത ഭൂമിയിൽ ക്ഷേത്രം പണിയാനാണ്‌ ഉത്തരവുണ്ടായത്. രാഷ്‌ട്രപതിയുടെ റഫറൻസിന്റെ മറുപടിയിൽ ഒന്നിലേറെയിടത്ത് സ്ഥിരതയില്ലാത്ത നിരീക്ഷണങ്ങൾ ഭരണഘടനാബെഞ്ച്‌ നടത്തി.


​ബിൽ അകാരണമായി തടഞ്ഞുവയ്‌ക്കരുതെന്ന്‌ റഫറൻസിനുള്ള മറുപടിയിൽ അഭിപ്രായപ്പട്ട സുപ്രീംകോടതി ഗവര്‍ണര്‍ ബിൽ തടഞ്ഞുവച്ചാൽ പരിഹാരം പറയുന്നില്ല. ബില്ല് കിട്ടിയാൽ അംഗീകാരം നൽകൽ,രാഷ്‌ട്രപതിക്ക്‌ വിടൽ, തടഞ്ഞുവയ്‌ക്കൽ ഈ മാര്‍ഗങ്ങളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. തടഞ്ഞുവയ്ക്കാനാണ് തീരുമാനമെങ്കിൽ വീണ്ടും പരിഗണിക്കാൻ ബില്‍ നിയമസഭയിലേക്ക് തിരികെ അയക്കണമെന്നും ബെഞ്ച് പറയുന്നു.


ഭരണഘടനയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക തന്റെ കടമ മനസ്സിൽ വച്ചുകൊണ്ട് വിവേചനാധികാരം പ്രയോഗിക്കാം. ഇതിനായി ‘ഇൻ ഹിസ്‌ ഒപ്പീനിയൻ’ എന്ന വാക്കാണ്‌ വ്യാഖ്യാനിച്ചത്‌. ഏത്‌ ബില്ലിലും വ്യത്യസ്‌ത അഭിപ്രായമെന്ന പേരിൽ അംഗീകാരം തടയാൻ ഗവർണർക്ക്‌ ഇതുപയോഗിക്കാനാകും. സമയബന്ധിതമായി തീരുമാനമെടുക്കാൻ മാത്രമാണ്‌ ഗവർണറോട്‌ നിർദേശിക്കാൻ കോടതിക്ക്‌ കഴിയുക. സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണർ തയ്യാറാകുന്നില്ലെങ്കിൽ മറ്റൊരു പരിഹാരവും മുന്നോട്ടുവയ്‌ക്കുന്നില്ല. ഗവർണറെ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയില്ല.





deshabhimani section

Related News

View More
0 comments
Sort by

Home