സാമൂഹ്യപ്രവർത്തനത്തിൽ മാതൃകയായി സാവിത്രിനമ്പ്യാർ

സാവിത്രി നമ്പ്യാരും ഭർത്താവ് ടി എൻ എൻ നമ്പ്യാരും (ഫയൽ ചിത്രം)
പെരുമ്പാവൂർ
സിപിഐ എം നേതാവും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുമായിരുന്ന പെരുമ്പാവൂർ കടുവാൾ സരോവരത്തിൽ സാവിത്രിനമ്പ്യാരുടെ (76) വേർപാട് നാടിന് നഷ്ടമായി. സാമൂഹ്യപരിഷ്കരണപ്രവർത്തനത്തിനായി സമർപ്പിച്ചതായിരുന്നു സാവിത്രിയുടെയും ഭർത്താവ് ബിഎസ്എൻഎൽ റിട്ട. സൂപ്പർവൈസർ പരേതനായ ടി എൻ എൻ നമ്പ്യാരുടെയും ജീവിതം. സാവിത്രിനമ്പ്യാരുടെ മൃതദേഹം വൈദ്യശാസ്‌ത്രവിദ്യാർഥികൾക്ക് പഠ-ിക്കാനായി നൽകും.
ടി എൻ എൻ നമ്പ്യാരുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിനാണ് നൽകിയത്. സാധാരണക്കാർക്കിടയിലായിരുന്നു സാവിത്രിയുടെ രാഷ്ട്രീയപ്രവർത്തനം. പൊലീസ് സ്റ്റേഷനുസമീപം നടത്തിയിരുന്ന ടൈപ്പ് സെല്ലിലൂടെ സാധാരണക്കാർക്കായി പരാതികൾ എഴുതുന്നതിന് അവർ അത്താണിയായി. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് മുഴുവൻസമയ പ്രവർത്തകയായിരുന്നു. ചിന്ത, ദേശാഭിമാനി വാരിക, കുട്ടികളുടെ പ്രസിദ്ധീകരണമായ തത്തമ്മ എന്നിവ വിൽക്കുന്നതിനും വായിപ്പിക്കുന്നതിലും പ്രത്യേകസമയം ഇരുവരും നീക്കിവച്ചിരുന്നു.
പെരുമ്പാവൂർ നഗരസഭയിൽ രണ്ടുതവണ എൽഡിഎഫ് കൗൺസിലറായ സാവിത്രിനമ്പ്യാർ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.









0 comments