വരണം പുതിയ മുഖം നാടിന്റെ മുഖം മാറ്റാൻ

കെ സി ലൈജുമോൻ
Published on Nov 21, 2025, 03:00 AM | 1 min read
കുന്പള ജയിച്ചുപോകുന്നവർ തിരിഞ്ഞുനോക്കാത്ത നാടിന്റെ മാറ്റത്തിനായി ഇത്തവണത്തെ വോട്ട് ഉറപ്പിച്ചുനീങ്ങുകയാണ് ജില്ലാപഞ്ചായത്ത് കുന്പള ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ ബി യൂസുഫ്. സ്ഥാനാർഥിയാകുംമുന്പേ പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സുപരിചിത മുഖമായതിനാൽ വോട്ടർമാർക്ക് പ്രത്യേക പരിചയപ്പെടുത്തലും വേണ്ട. നാടിന്റെ മാറ്റം ഉറപ്പാണെന്ന യൂസുഫിന്റെ വാക്കുകൾക്ക് പിന്നിൽ ജനങ്ങളാകെ നിലയുറപ്പിക്കുന്ന കാഴ്‌ചയാണ് എങ്ങുമുള്ളത്. അഞ്ചുദിവസമായി ഡിവിഷന്റെ വിവിധ പ്രദേശങ്ങളിലെത്തി സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് വോട്ടുതേടി മുന്നേറുകയാണ്. ദിവസവും രാവിലെ ഏഴുമുതൽ രാത്രി വൈകുംവരെ വോട്ടർമാരെ നേരിൽകാണുകയാണ്. വ്യാഴാഴ്‌ച കൊടിയമ്മ, പേരാൽ, ബംബ്രാണ, കുന്പോൽ, കുറ്റിയാളം തുടങ്ങിയവിടങ്ങളിലായിരുന്നു പര്യടനം. താഴെകൊടിയമ്മ ജുമ മസ്‌ജിദിൽ നടന്ന സ്വലാത്ത് വാർഷികത്തിലും രണ്ട് വിവാഹ വീടുകളിലുമെത്തി വോട്ടർമാരെ കണ്ടു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, കൂലിപ്പണിക്കാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ... എല്ലാവർക്കും പറയാനുള്ളത് ഒന്നു മാത്രം... ഇവിടവും കേരളമാകണം... നമ്മുടെ നാടിനും മാറ്റം വേണം... ഇത്തവണത്തെ വോട്ട് നിങ്ങക്കന്നെ... മാറ്റത്തിന്റെ വോട്ടുറപ്പിച്ചാണ് ഓരോ സ്ഥലത്തുനിന്നും യൂസുഫിന്റെ മടക്കം. സിപിഐ എം കുമ്പള ലോക്കല്‍ സെക്രട്ടറിയും മുന്‍ ഏരിയാകമ്മിറ്റി അംഗവും കര്‍ഷകസംഘം കുന്പള ഏരിയാകമ്മിറ്റി അംഗവുമായ കെ ബി യൂസുഫ് മുളിയടുക്കം ജമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാണ്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ ആരിക്കാടി, മൊഗ്രാൽ, കുന്പള റെയിൽവേ സ്‌റ്റേഷൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ബന്തിയോട് ഡിവിഷനുകൾ ചേർന്നതാണ് കുന്പള ജില്ലാപഞ്ചായത്ത് ഡിവിഷൻ.








0 comments