പടന്നയിൽ യൂത്ത് ലീഗ് കമ്മിറ്റി രാജിവച്ചു; പത്രികാസമർപ്പണം ചേരിതിരിഞ്ഞ്

പടന്ന പടന്ന പഞ്ചായത്തിൽ യുഡിഎഫിലെ സ്ഥാനാർഥി നിർണയ തർക്കം രൂക്ഷമായി തുടരുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി രാജിവച്ചു. തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗിനെ പരിഗണിക്കാത്തതിലും ലീഗിന് ആധിപത്യമുള്ള വാർഡുകൾ കോൺഗ്രസിന് അടിയറവച്ചതിലും പ്രതിഷേധിച്ചാണ് രാജി. കോൺഗ്രസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രവർത്തകർ ലീഗ് നേതാക്കളെ ഓഫീസിൽ പൂട്ടിയിട്ടിരുന്നു. യൂത്ത് ലീഗ് കമ്മിറ്റിയെ ലീഗ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതും വിവാദമായി. ഇതെത്തുടർന്നാണ് മുഴുവൻ യൂത്ത് ലീഗ് ഭാരവാഹികളും രാജിക്കത്ത് നൽകിയത്. യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നതിനെത്തുടർന്ന് പഞ്ചായത്തിൽ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാനെത്തിയത് അണികളോ ആവേശമോ ഇല്ലാതെയാണ്. കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക സമർപ്പിക്കാൻ വിരലിലെണ്ണാവുന്നവരാണുണ്ടായത്. കൂടെ ലീഗ് നേതാക്കൾ എത്തിയതുമില്ല.








0 comments