Articles

വയലാർ രാമവർമ 
ഓർമയായിട്ട്‌ ഇന്ന്‌ 
അമ്പതുവർഷം

‘ആരൊരാളെൻ 
കുതിരയെ കെട്ടുവാൻ’

vayalar ramavarma poet
ബെന്യാമിൻ

Published on Oct 26, 2025, 10:28 PM | 4 min read

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി വയലാർ രാമവർമ കടന്നുപോയിട്ട് അമ്പത് വർഷങ്ങൾ ആകുന്നു. എങ്കിലും, അദ്ദേഹം ഇന്നും നമ്മോടൊപ്പം നിത്യസാന്നിധ്യമായി നിലനിൽക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലകൾ മൊത്തം പരിശോധിച്ചാലും മരണാനന്തരവും വയലാറിനെപ്പോലെ ഇത്രയധികം മലയാളിയുടെ നിത്യജീവിതത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരാളില്ലെന്ന് കാണാൻ കഴിയും. തന്റെ അതുല്യമായ സർഗപ്രതിഭകൊണ്ട് മലയാളത്തിനു സമ്മാനിച്ച ആയിരത്തിലധികം (കൃത്യമായി പറഞ്ഞാൽ 1311) ഗാനങ്ങൾ തന്നെയാണ് തലമുറകൾ പിന്നിട്ടിട്ടും അദ്ദേഹം മലയാളമനസ്സുകളിൽ ജീവിക്കുന്നതിനു കാരണം. വയലാറിന്റെ രചനയാണെന്ന് അറിഞ്ഞോ അറിയാതെയോ ഓരോ മലയാളിയും ഓരോദിവസവും അദ്ദേഹത്തിന്റെ ഒരു വരിയെങ്കിലും കേൾക്കുകയോ മൂളുകയോ ചെയ്യുന്നുണ്ട്. ടിവി, റേഡിയോ, യുട്യൂബ്, സ്പോട്ടിഫൈ, മറ്റനേകം സോഷ്യൽ മീഡിയകൾ, കാവ്യാലാപന വേദികൾ, ഗാനമേളകൾ എന്നിവയിലൂടെയെല്ലാം അദ്ദേഹവും അദ്ദേഹത്തിന്റെ വരികളും ഇപ്പോഴും ജീവിക്കുന്നു. ഈ ഭൂമിയിൽ ജീവിച്ചിരുന്ന നാൽപ്പത്തിയേഴ് വർഷത്തേക്കാൾ അധികംകാലം അദ്ദേഹം തീർത്തും വെർച്വലായി നമുക്കിടയിൽ ജീവിക്കുന്നു എന്നതാണ് അത്ഭുതകരമായ കാര്യം. മാറിമാറി വന്ന അഭിരുചികൾക്കോ ഭാവുകത്വങ്ങൾക്കോ സങ്കേതങ്ങൾക്കോ മാധ്യമങ്ങൾക്കോ വയലാറിനെ അപ്രസക്തനാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ ഔന്നത്യം എത്രയെന്ന് തെളിയിക്കുന്നു. അദ്ദേഹത്തിന്റെ വിപ്ലവ പുരോഗമന കാഴ്ചപ്പാടുകളും മതാതീത നിലപാടുകളും അവ തന്റെ രചനകളിലൂടെ ജനങ്ങളിൽ എത്തിക്കാനുള്ള ധീരതയും ആ പ്രതിഭയുടെ തിളക്കം പതിന്മടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു.


കേരളത്തിനുള്ളിൽ ജീവിക്കുന്നതിനേക്കാൾ അധികം ആഴത്തിലും തെളിച്ചത്തിലും വയലാർ ജീവിച്ചിരിക്കുന്നത് പ്രവാസസമൂഹങ്ങളിലാണെന്ന് മുൻപ്രവാസി എന്ന നിലയിലും സഞ്ചാരി എന്ന നിലയിലും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഗൃഹാതുരതയാണ് പ്രവാസിയുടെ മുഖ്യഭക്ഷണം. അത് ഭുജിച്ചാണ് ദീർഘകാലം സ്വദേശത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള ഊർജം സംഭരിക്കുന്നത്. ഈ ഗൃഹാതുരതയുടെ കടുപ്പം കൂട്ടുന്നതിൽ വയലാർ ഗാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രവാസസമൂഹങ്ങളിൽ, പ്രത്യേകിച്ച് രണ്ടും മൂന്നും തലമുറകളിൽ ഇന്നും കേരളവും മലയാളവും മധുരസ്വപ്നമായി നിലനിൽക്കുന്നതിന്റെ പ്രധാനകാരണം അവർ പേർത്തും പേർത്തും കേൾക്കുന്ന വയലാർ ഗാനങ്ങൾ തന്നെയാണ്. മൂന്നോ നാലോ മലയാളികൾ ലോകത്തിന്റെ ഏത്‌ കോണിൽ ഒത്തുകൂടിയാലും വയലാർ ഗാനങ്ങൾ ആലപിക്കാതെ പിരിയുകയില്ല.


ഏത് ആഘോഷങ്ങളിലും പ്രധാന ചേരുവയാണ് വയലാർ ഗാനങ്ങൾ. വേദിയിൽ കരോക്കിയും മൈക്കും വച്ച് ആലപിച്ചിട്ടും മതിവരാതെ മുറിക്കുള്ളിലെ ചെറുസദിരുകളിലേക്ക് അത് നീളും. ചിലപ്പോൾ അതൊരു പാട്ടുമത്സരംതന്നെ ആയി മാറിയേക്കാം. ഒരാൾ ‘വൈക്കം കായലിലോളം കാണുമ്പോ-' പാടിയവസാനിപ്പിക്കുമ്പോൾ മറ്റൊരാൾ ‘അഷ്ടമുടി കായലി’ലെ പാടും. അതിനടുത്ത് മറ്റൊരാൾ ‘കാക്ക തമ്പുരാട്ടി' തുടങ്ങും. അത് തീരും മുമ്പേ ‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ' പാടി സ്വയം കുളിരും. അടുത്തയാൾക്ക് അപ്പോൾ പ്രവാസം ഓർമ വരും ‘കാടാറുമാസം നാടാറുമാസം' പാടും. അപ്പോൾ അടുത്തയാൾക്ക് നഷ്ടപ്രണയം ഓർമ വരും ‘മനസമൈനേ വരൂ' എന്ന് കരയും. തുടർന്നൊരാൾ ‘സ്വപ്നങ്ങൾ സ്വ‌പ്നങ്ങളെ നിങ്ങൾ' എന്ന് അതിനെ പൂരിപ്പിക്കും. അപ്പോൾ ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി' എന്ന്‌ അടുത്തയാൾ ഓർമിക്കും. ‘മാനസേശ്വരി മാപ്പു തരൂ' എന്ന് പിന്നെയും കരയും. പിന്നെ ഏഴു സുന്ദരരാത്രികൾ, മഞ്ജുഭാഷിണി മണിയറ വീണയിൽ, ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, കുടമുല്ല പൂവിനും മലയാളി പെണ്ണിനും, അനുപമേ അഴകേ, ഇന്ദ്രവല്ലരി പൂചൂടി വരും, അങ്ങനെ പാടിപ്പാടി തീരാത്തത്ര ഗാനങ്ങൾ ഓരോ മലയാളിയുടെയും ഓർമയിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. എങ്ങനെ ഇത്രയധികം ഗാനങ്ങൾ വരി തെറ്റാതെ ഹൃദിസ്ഥമാക്കി വച്ചിരിക്കുന്നു എന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഒരു തവണ കേട്ടാൽപ്പോലും മനസ്സിലേക്ക് ആഴ്‌ന്നിറങ്ങുന്നവയാണല്ലോ ആ വരികൾ എന്ന് അഭിമാനം കൊണ്ടിട്ടുണ്ട്. എന്തായാലും പ്രവാസലോകത്തെ ആ സദിരുകൾ രാത്രി വൈകി അവസാനിക്കുക വയലാറിന്റെ നാടക ഗാനങ്ങളോടെയായിരിക്കും. ‘തലയ്ക്കു മീതേ'യും ‘പാമ്പുകൾക്ക്‌ മാളമുണ്ടും' പാടി അവർ ജീവിതത്തിന്റെ വ്യർഥത ഓർമിക്കുമെങ്കിലും ‘ബലികുടീരങ്ങൾ' ആലപിച്ച് അവർ അതിന്‌ അർഥവും ധൈര്യവും പകർന്നു നൽകും. ഇങ്ങനെ മലയാളി മനസ്സിൽ ആഴത്തിൽ നിറഞ്ഞു നിൽക്കാൻ വയലാറിനല്ലാതെ മറ്റാർക്ക് കഴിഞ്ഞിട്ടുണ്ട്.


അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളെക്കുറിച്ച് കൂടുതൽ പറഞ്ഞത് അവ കൂടുതൽ ജനകീയമായതുകൊണ്ടാണ്. എന്നാൽ വയലാർ കവിതകളുടെ ശക്തി ഒട്ടും കുറച്ചു കാണാൻ കഴിയില്ല. അദ്ദേഹത്തിന്റെ രാവണപുത്രിയും അശ്വമേധവും താടകയും മുഴങ്ങിക്കേൾക്കാത്ത ഒരു കവിതാലാപന മത്സരവേദികളും കേരളത്തിലെവിടെയും ഉണ്ടായിട്ടില്ല. ആലാപന സാധ്യതകൾ മാത്രമല്ല ആ കവിതകളുടെ മികവ്, അവയുടെ ആശയങ്ങൾ, കരുത്ത് ഇന്നും ഏറെ പ്രസക്തമായതുകൊണ്ടും പുതിയ കാലത്തിനോട് പ്രകടമായി സംവേദിക്കുന്നതുകൊണ്ടും കൂടിയാണ് അവ കൂടുതൽ വേദികളിൽ മുഴങ്ങുന്നത്. അതാണ് ഏറ്റവും പുതിയ തലമുറയിലേക്കും വയലാർ സംക്രമിക്കുന്ന മറ്റൊരു വഴി.


അകാലത്തിൽ നമ്മെ വിട്ടുപോയ ഈ അതുല്യ പ്രതിഭയുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ കുടുംബവും സ്നേഹിതരും വായനക്കാരും ചേർന്നെടുത്ത ഏറ്റവും യുക്തപൂർണമായ തീരുമാനമായിരുന്നു ഒരു ട്രസ്റ്റ് രൂപീകരിച്ച് വയലാർ രാമവർമ മെമ്മോറിയൽ ലിറ്റററി അവാർഡ് ഏർപ്പെടുത്തുക എന്നത്. വയലാറിന്റെ ഒന്നാം ചരമ വാർഷികത്തിൽ അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോൻ രക്ഷാധികാരിയായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പ്രസിഡന്റായും വയലാർ രാമവർമ ഫണ്ട് കമ്മിറ്റി രൂപീകരിച്ചാണ് അതിനു തുടക്കമിടുന്നത്. 1977 -ൽ ആദ്യപുരസ്കാരം ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി'ക്ക് നൽകി. 2025- ൽ ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് നാൽപ്പത്തിയൊമ്പതാമത് അവാർഡ് ലഭിച്ചത്. അരനൂറ്റാണ്ടുകൊണ്ട് മലയാളത്തിലെ ഏറ്റവും മൂല്യമുള്ള, കീർത്തിയാർജിച്ച, എഴുത്തുകാരും വായനക്കാരും ഒരേപോലെ കാത്തിരിക്കുന്ന പുരസ്കാരങ്ങളിൽ ഒന്നായി വയലാർ അവാർഡ് മാറിയതിനു കാരണം അതിന്റെ സുതാര്യതയും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള തെരഞ്ഞെടുപ്പുമാണ്. ഒരുവർഷം പുരസ്കാര ജൂറിയിൽ ഉൾപ്പെടാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ നേരിട്ടനുഭവമുള്ളതാണ്. ജനപ്രിയതയും സാഹിത്യമൂല്യവും ഒന്നു ചേരുന്ന തെരഞ്ഞെടുപ്പ് ഘടനയാണ് ഈ പുരസ്‌കാരത്തിനുള്ളത്.


നാൽപ്പത്തിയൊമ്പതാമത് വയലാർ പുരസ്‌കാരം സമർപ്പിക്കുന്ന 2025 ഒക്ടോബർ 27 മുതൽ അമ്പതാമത് പുരസ്‌കാരം സമർപ്പിക്കുന്ന 2026 ഒക്ടോബർ 27 വരെയുള്ള ഒരു വർഷക്കാലം വയലാർ വർഷമായി ആഘോഷിക്കാനുള്ള തീരുമാനം ട്രസ്റ്റ് കൈക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതം, കവിതകൾ, ഗാനങ്ങൾ, പുരോഗമന നിലപാടുകൾ, വിപ്ലവാഭിമുഖ്യം, മതനിരപേക്ഷ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം കൂടുതലായി പുതുതലമുറയിൽ എത്തിക്കേണ്ടതിന്റെ അനിവാര്യത നിലനിൽക്കുന്ന കാലത്താണ് വയലാർ വർഷം ആഘോഷിക്കുന്നത്. ഭിന്നിപ്പിന്റെയും മതാന്ധതയുടെയും അപര വിദ്വേഷത്തിന്റെയും ഇക്കാലത്ത് ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു - മനസ്സു പങ്കുവച്ചു’ എന്ന് പാടിയ ഒരു കവി നമുക്കുണ്ടായിരുന്നു എന്ന് നിരന്തരം ഓർമിക്കേണ്ടതുണ്ട്. അരാഷ്ട്രീയതയുടെ കൂട്ടിലല്ല അദ്ദേഹം ജീവിച്ചത്. വിപ്ലവപ്രസ്ഥാനങ്ങൾക്കൊപ്പം പരസ്യമായി നിലകൊള്ളാനും അതിനു വേണ്ടി ആവേശമൂറുന്ന രചനകൾ നിർവഹിക്കുവാനും അദ്ദേഹത്തിന്‌ മടി ഉണ്ടായിരുന്നില്ല. അതദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്കോ ഔന്നത്യത്തിനോ ഒരു കോട്ടവും വരുത്തിയില്ല എന്ന് ഭീരുത്വത്തിന്റെ മേലങ്കി അണിഞ്ഞു ജീവിക്കുന്ന എഴുത്തുകാരെ ഓർമിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ ഒന്നുചേർന്ന് കേരളത്തിനകത്തും പുറത്തും വിപുലമായ പരിപാടികളോടെ വയലാർ വർഷം ആഘോഷിക്കുകയും അദ്ദേഹം മുന്നോട്ടു വച്ച സാഹോദര്യത്തിന്റെ ആശയം പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ആ മഹാപ്രതിഭയ്ക്ക് തിരിച്ചുകൊടുക്കാവുന്ന ഏറ്റവും വലിയ ആദരം.



deshabhimani section

Dont Miss it

Recommended for you

Home