ഇസ്ലാമാബാദ് സ്‌ഫോടനം: നാലുപേർ പിടിയിൽ

ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ 12 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാലുപേരെ അറസ്‌റ്റ് ചെയ്‌തു. അഫ്‌ഗാൻ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കമാൻഡറെയും മൂന്നുപേരെയുമാണ് പിടികൂടിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തിരുന്നു. കിഴക്കൻ അഫ്‌ഗാനിലെ ഉസ്‌മാൻ എന്ന ഖാരിയാണ് ചാവേറായതെന്ന് അന്വേഷണ സംഘം അറിയിച്ചു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം ചൊവ്വാഴ്ച കാറിനകത്തുണ്ടായ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. വൻ ഗതാഗതക്കുരുക്കും കോടതിവളപ്പിൽ ധാരാളം ആളുകളും ഉണ്ടായിരിക്കുമ്പോഴായിരുന്നു സ്ഫോടനം. പരിക്കേറ്റവരിൽ അഭിഭാഷകരമുണ്ട്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ അനവധി വാഹനങ്ങളും തകർന്നു.








0 comments