Articles

കാവിയിൽ മുക്കുന്ന വിദ്യാഭ്യാസം

സർവകലാശാലയാണ് കാവിത്തൊഴുത്തല്ല

rss agenda in kerala universities
റഷീദ്‌ ആനപ്പുറം

Published on Jul 18, 2025, 11:33 PM | 4 min read

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ സവിശേഷത മതനിരപേക്ഷ–പുരോഗമന ഉള്ളടക്കവും ശാസ്‌ത്രാവബോധവും ചരിത്രത്തോടുള്ള ശരിയായ സമീപനവുമാണ്‌. അതിനാൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയെന്ന സംഘപരിവാർ അജൻഡയ്‌ക്ക്‌ കേരളം ഇതുവരെ ഇടം നൽകിയിട്ടില്ല, നൽകുകയുമില്ല. സർവകലാശാലകളിൽ പാവ വിസിമാരെ പ്രതിഷ്‌ഠിച്ച്‌ ഉന്നത വിദ്യാഭ്യാസമേഖല കാവിവൽക്കരിക്കാനുള്ള വളഞ്ഞ വഴിയിലാണ്‌ സംഘപരിവാർ. ഇതിനെതിരായാണ്‌ സർവകലാശാലകളിൽ എസ്‌എഫ്‌ഐയും ഇടതുപക്ഷ മതനിരപേക്ഷ സംഘടനകളും പ്രക്ഷോഭം നടത്തുന്നത്‌. ഇവ രാജ്യത്തിന്‌ നൽകുന്ന സന്ദേശം വലുതാണ്‌. എന്നാൽ, ഇതിനെ ‘അധികാര തർക്കം’ എന്ന്‌ ചുരുക്കുകയാണ്‌ സംഘിസത്തിനുമുമ്പിൽ റാൻമൂളി കുമ്പിടുന്ന മാധ്യമങ്ങളും നിഷ്‌പക്ഷ മുഖംമൂടിയണിഞ്ഞ സംഘപരിവാർ സ്‌പോൺസേഡ്‌ രാഷ്‌ട്രീയ നിരീക്ഷകരും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒളിച്ചുകടത്തുന്ന തീവ്ര ഹിന്ദുത്വ അജൻഡയെ ഇവിടെ മറച്ചുവയ്‌ക്കുന്നു. ഒരുവശത്ത്‌ എൻസിഇആർടി വഴി സ്‌കൂൾ പാഠ്യപദ്ധതി ഹിന്ദുത്വവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ യുജിസി, ഐസിഎച്ച്‌ആർപോലുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയെ കാവിവൽക്കരിക്കുകയാണ്‌. അതിന്റെ റിഹേഴ്‌സലാണ്‌ കേരള യൂണിവേഴ്‌സിറ്റിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറും താൽക്കാലിക വിസി മോഹനൻ കുന്നുമ്മലും നടത്തുന്നത്‌. എന്നാൽ, ഇത്‌ നമ്മുടെ മാധ്യമങ്ങൾ കാണുന്നില്ല.


ചെറുപ്പത്തിലേ പിടികൂടുക’ (Catch the Young) എന്നത്‌ ഫാസിസത്തിന്റെ പ്രധാന തന്ത്രമാണ്‌. ഇന്ത്യയിൽ ഫാസിസത്തിന്റെ നേരവകാശികളായ ആർഎസ്‌എസ്‌ തങ്ങളുടെ തീവ്രഹിന്ദുത്വത്തിന്റെ ചാവേറുകളാകാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതും ഇതിനാലാണ്‌. കായിക പരിശീലനത്തിലൂടെ കുരുന്നുകളിൽ ആക്രമണോത്സുകത വളർത്താൻ വിഷലിപ്‌ത ആശയങ്ങൾ അവരിൽ ഇൻജക്ട്‌ ചെയ്യണം. വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ്‌ ഇടപെടുന്നത്‌ ഈ ലക്ഷ്യത്തോടെയാണ്‌. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ തുടർച്ചയായി വെട്ടിമാറ്റലുകളും കൂട്ടിച്ചേർക്കലുകളും ഒരു ഭാഗത്ത്‌ നടക്കുമ്പോൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ കൈപ്പിടിയിലാക്കാനുള്ള നീക്കവും ഈ പരിപ്രേക്ഷ്യത്തിൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌.


rss agenda in kerala universities


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നുകയറുക എന്നത്‌ സംഘപരിവാറിന്റെ മുഖ്യ ലക്ഷ്യമാണ്‌. ജെഎൻയു ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അഭിമാനമായ സർവകലാശാലകളിൽ സംഘപരിവാർ ബന്ധമുള്ളവരെ വൈസ്‌ ചാൻസലർമാരായി അവരോധിച്ചു. 2018ലാണ്‌ സർവകലാശാലകൾ കൈയാളാനുള്ള തുറന്ന നീക്കത്തിന്‌ സംഘപരിവാർ തയ്യാറായത്‌. ഇതിന്റെ ഭാഗമായി ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ വൈസ്‌ ചാൻസലർമാർക്കായി പഠനശിബിരം സംഘടിപ്പിച്ചു. 2018 മാർച്ചിൽ ഡൽഹിയിൽ നടന്ന ‘ജ്ഞാൻ സംഘം’ ശിബിരത്തിൽ 51 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെ എഴുനൂറിലേറെ ‘വിദ്യാഭ്യാസ വിദഗ്ധർ’ പങ്കെടുത്തു. യുജിസി, ഐസിഎസ്എസ്ആർ, ഐസിഎച്ച്ആർ തുടങ്ങിയ സ്ഥാപനങ്ങളെയും ആർഎസ്‌എസ്‌ കൈപ്പിടിയിലാക്കി. എന്നാൽ, സംഘപരിവാറിന്റെ ഈ തീട്ടൂരത്തിന്‌ വഴങ്ങാതെ എല്ലാ ക്യാമ്പസുകളിലും വിദ്യാർഥികൾ പോരാട്ടത്തിലാണ്‌. സമാന പോരാട്ടമാണ്‌ കേരളത്തിലും നടക്കുന്നത്‌. അതിനൊപ്പം നിയമപോരാട്ടവും നടക്കുന്നുണ്ട്‌. കേരള സെനറ്റിലേക്ക്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണറായിരിക്കെ നോമിനേറ്റ്‌ ചെയ്‌ത നാല്‌ എബിവിപിക്കാരെ കോടതി വലിച്ചു ദൂരെയെറിഞ്ഞത്‌ നിയമപോരാട്ടത്തിന്റെ വിജയമാണ്‌. രണ്ട്‌ സംഘി വിസിമാരെ കോടതി പുറത്താക്കിയത്‌ കഴിഞ്ഞ ദിവസമാണ്‌.


ബിജെപി ഭരിച്ച സംസ്ഥാനങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിച്ചായിരുന്നു തുടക്കം. യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. അവിടത്തെ സിലബസ്‌ ഹിന്ദുത്വവൽക്കരിച്ചു. ആർഎസ്‌എസ് സമാന്തര വിദ്യാലയങ്ങൾ തുടങ്ങി


വിദ്യാഭ്യാസ മേഖലയിലെ ആർഎസ്‌എസ്‌ ഇടപെടലിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. 1999ൽ പ്രധാനമന്ത്രി എ ബി വാജ്‌പേയിയും മാനവവിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയുമാണ്‌ ഇതിനായി സംഘടിതമായി ശ്രമിച്ചത്‌. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിച്ചായിരുന്നു തുടക്കം. യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. അവിടത്തെ സിലബസ്‌ ഹിന്ദുത്വവൽക്കരിച്ചു. ആർഎസ്‌എസ് സമാന്തര വിദ്യാലയങ്ങൾ തുടങ്ങി. സർക്കാർ ഫണ്ടുകൾ ആ മേഖലയിലേക്ക്‌ ഒഴുകി. മുഗളന്മാരെ ചതിയന്മാരും കൊള്ളക്കാരുമായി ചിത്രീകരിച്ചു. ശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മിത്തുകളും പൗരോഹിത്യ പരികൽപ്പനകളും കുത്തിനിറച്ചു. മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങൾ, ബഹുസ്വരത, ബഹുഭാഷ, സമത്വം എന്നിവ സിലബസിൽനിന്ന്‌ പുറത്തായി. ഗുജറാത്തിലെ ചരിത്രപുസ്തകത്തിൽ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കാൻ ശ്രമിക്കുന്ന ‘വിദേശീയ’രായി അവതരിപ്പിച്ചു.


ആർഎസ്‌എസ്‌ സൈദ്ധാന്തികൻ ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്തു. സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ്‌ സർക്കാർ ഉത്തരവിറക്കി. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ ‘ദേവപുത്തർ’ സ്‌കൂളുകളിൽ നിർബന്ധമാക്കി. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ അക്രമകാരിയാക്കി.വിദ്യാർഥികളിൽ ദേശസ്‌നേഹവും ധീരതയും വർധിപ്പിക്കാൻ ഉദയ്‌പുരിലെ പ്രതാപ് ഗൗരവ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനം സന്ദർശിക്കാൻ സർക്കാർ കോളേജുകൾക്ക് നിർദേശം നൽകി. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഈ അജൻഡ വിജയിപ്പിക്കാനായില്ല.


കാവിയിൽ മുക്കുന്ന വിദ്യാഭ്യാസം

സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ അഭിമാനസ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്‌. യുജിസി, എൻസിഇആർടി എന്നിവ പ്രധാനമാണ്‌. ഈ സ്ഥാപനങ്ങളുടെ ചുമതലക്കാരായി ആർഎസ്‌എസുകാരെ നിയമിച്ചാണ്‌ മുരളി മനോഹർജോഷി ആദ്യം കളി തുടങ്ങിയത്‌. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ശാസ്‌ത്രീയ– -പുരോഗമന ആശയങ്ങളും ഉയർത്തിപ്പിടിച്ച അക്കാദമിക്‌ പ്രമുഖരെ ഈ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന്‌ പുറത്താക്കി. ആർഎസ്എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെ എസ് രാജ്പുട്ട് എൻസിഇആർടി ഡയറക്ടറായി. ആർഎസ്എസ് സൈദ്ധാന്തികരായ ദീനനാഥ് ബത്ര, അതുൽ റാവത്ത്, ആർഎസ്എസ് മുഖപത്രം പാഞ്ചജന്യയുടെ ചുമതലക്കാരൻ തരുൺ വിജയ് തുടങ്ങിയവർ അക്കാദമിക്‌ മേഖലയിലെ പ്രധാന സ്ഥാനങ്ങളിലെത്തി. നിലവിലെ എൻസിഇആർടി ചെയർമാൻ സി ഐ ഐസകും കടുത്ത സംഘപരിവാറുകാരനാണ്‌.


കലിക്കറ്റ്‌ സർവകലാശാലയിൽ പ്രകടമായ കോലീബി സഖ്യമാണ്‌ ഇന്ന്‌. ചരിത്രത്തിലാദ്യമായി വിസിയുടെ ഓഫീസിൽ ആർഎസ്‌എസുകാരന്‌ കസേരയും ലഭിച്ചു. ഒടുവിൽ വിസി ഡോ. രവീന്ദ്രൻ സേവാഭാരതി സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ കൂറു തെളിയിച്ചു


ലോകം അതിവേഗം വളരുകയാണ്‌. ശാസ്‌ത്രരംഗത്തും സാങ്കേതികരംഗത്തും വലിയ മാറ്റങ്ങൾ വരുന്നു. റോബോട്ടിക്‌, നിർമിത ബുദ്ധി തുടങ്ങി ശാസ്‌ത്രം വലിയ വളർച്ച നേടുകയാണ്‌. ശാസ്‌ത്ര– -സാങ്കേതിക മേഖലയിലെ ഈ വിസ്‌ഫോടനം ഉൾക്കൊണ്ട്‌ മുന്നോട്ട്‌ പോകാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ പുതിയ ബോധനശാസ്‌ത്രം. ഏകലോകം എന്ന കാഴ്‌ചപ്പാടിലേക്ക്‌ മനുഷ്യൻ മാറുമ്പോൾ വിദ്യാഭ്യാസവും നവീകരിക്കപ്പെടേണ്ടതുണ്ട്‌. എന്നാൽ, വിദ്യാഭ്യാസത്തെ പ്രാചീന യുഗത്തിലേക്ക്‌ തിരികെ കൊണ്ടുപോകാനാണ്‌ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്‌. ഇതിന്‌ കേരളത്തിൽ ചൂട്ടുപിടിക്കുകയാണ്‌ യുഡിഎഫ്‌. സർവകലാശാലകളിൽ സംഘപരിവാർ വച്ചുനീട്ടിയ സ്ഥാനമാനങ്ങൾ ഒരു ലജ്ജയുമില്ലാതെ സ്വീകരിച്ച്‌ അവർക്കു മുമ്പിൽ മുട്ടിലിഴയുകയാണ്‌ കോൺഗ്രസും ലീഗും. കോൺഗ്രസ്‌ അധ്യാപക സംഘടനാ നേതാവായിരുന്ന ഡോ. പി രവീന്ദ്രനെ ആർഎസ്‌എസ്‌ കലിക്കറ്റ്‌ സർവകലാശാലയിൽ താൽക്കാലിക വിസിയാക്കി. ആർഎസ്എസ്‌ സ്‌പോൺസേഡ്‌ പദവി വേണ്ടെന്ന്‌ പറയാൻ കോൺഗ്രസ്‌ തയ്യാറായില്ല. കലിക്കറ്റ്‌ സർവകലാശാലയിൽ പ്രകടമായ കോലീബി സഖ്യമാണ്‌ ഇന്ന്‌. ചരിത്രത്തിലാദ്യമായി വിസിയുടെ ഓഫീസിൽ ആർഎസ്‌എസുകാരന്‌ കസേരയും ലഭിച്ചു. ഒടുവിൽ വിസി ഡോ. രവീന്ദ്രൻ സേവാഭാരതി സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ കൂറു തെളിയിച്ചു. ഇതുവരെ കോൺഗ്രസോ ലീഗോ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോ അതിനെതിരെ കമാന്ന്‌ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ, സർവകലാശാലകളിലെ കാവിവൽക്കരണം ചെറുക്കുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ ഗുണ്ടകളെന്ന്‌ വിളിക്കാൻ സതീശന്‌ നാവ്‌ വഴങ്ങി. എത്ര മൂടിവച്ചാലും കാവിവൽക്കരണ ശ്രമങ്ങൾക്ക്‌ എതിരായ പ്രക്ഷോഭം എസ്‌എഫ്‌ഐ തുടരുകതന്നെ ചെയ്യും. അത്‌ ‘ഗുണ്ടായി’സമാണെങ്കിൽ മതനിരപേക്ഷ കേരളം അതങ്ങ്‌ സഹിക്കും.





deshabhimani section

Dont Miss it

Recommended for you

Home