Articles

ലീവെ ലീവെ പലസ്തീന

ലീവെ ലീവെ ലീവെ പലസ്തീന

palastine
ടി എസ് ശ്രുതി

Published on Aug 10, 2025, 11:25 AM | 3 min read

2024 ഒക്ടോബർ മാസം അവസാനത്തിൽ ഒരു മഴ ദിവസം ഒരു കൂട്ടം മനുഷ്യർ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഒത്തുകൂടി. ഒരു പഴയ പാട്ടിന്റെ വരികളായിരുന്നു അവരുടെ ചുണ്ടിൽ. "ല‍ീവെ പലസ്തീന ഒഹ് ക്രോസ സിയോണിസ്മെൻ'' (പാലസ്തീൻ വാഴട്ടെ, സയണിസം തകരട്ടെ) എന്ന അതിജീവനത്തിന്റെ വരികൾ. 1970കളുടെ അവസാനത്തിൽ വടക്കൻ യൂറോപ്പിന്റെ തെരുവുകളിൽ പലസ്തീന്റെ മോചനത്തിനായി ഉയർന്ന ഗാനമായിരുന്നു അത്. ഭാഷ പരാജയപ്പെടുന്നിടത്താണ് യുദ്ധം ഉണ്ടാകുന്നതെന്നറിഞ്ഞ ഓരോ മനുഷ്യനും ആ വരികൾ ഏറ്റെടുത്തു. ഫ്രഞ്ച്, സ്പാനിഷ്, ഉർദു, പേർഷ്യൻ, ടർക്കിഷ് ഭാഷകളിൽ മനുഷ്യൻ പലസ്തീന്റെ സ്വാതന്ത്രത്തിനായി ഇന്നും ഇ‍ൗ വരികൾ പാടുകയാണ്. പതിറ്റാണ്ടുകൾക്കുശേഷം 2023 ഒക്ടോബർ 7ന് ഗാസയിൽ ഇസ്രയേൽ വംശീയ ഉന്മൂലനം ആരംഭിച്ചശേഷമാണ്‌ ലീവെ പലസ്തീന എന്ന ഗാനം പ്രതിരോധത്തിന്റെ ശബ്ദമായി വീണ്ടും തെരുവുകളിലേക്കിറങ്ങിയത്.


കോഫിയ: സംഗീതത്തിലൂടെ വിപ്ലവം


1967-ലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പലസ്തീൻ വിട്ട് സ്വീഡനിൽ അഭയം തേടിയ ജോർജ് ടോട്ടാരിയും ഇടതുപക്ഷ സ്വീഡിഷ് സംഗീതജ്ഞരും ചേർന്ന് രൂപം നൽകിയ ബാൻഡാണ് കോഫിയ. 1972-ലാണ് കോഫിയ സ്ഥാപിക്കുന്നത്. മൈക്കൽ ക്രീറ്റം, കരീന ഓൾസൺ, ബെങ്റ്റ് കാൾസൺ, മാറ്റ്സ് ലുഡാൽവ് എന്നിവരാണ് ബാൻഡിന് രൂപം നൽകിയത്. പലസ്തീന്റെ രാഷ്ട്രീയ പ്രതീകമായ കഫിയയിൽനിന്നാണ് കോഫിയയുടെ ജനനം. 1987-ൽ പലസ്തീനിൽ ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടതിനിടയിൽ കോഫിയ നാല് ആൽബങ്ങളും മൂന്ന് റെക്കോഡുകളും ഒരു കാസറ്റും പുറത്തിറക്കി പൊളിറ്റിക്കൽ ആക്ടിവിസത്തിന് തുടക്കമിട്ടു. "സയണിസ്റ്റുകൾക്കും സാമ്രാജ്യത്വവാദികൾക്കും പിന്തിരിപ്പന്മാർക്കും നേരെ വെടിയുതിർക്കാൻ പറയുന്ന "മൈ ലാൻഡ്'' എന്ന ആൽബത്തിലൂടെയാണ് കോഫിയ രംഗപ്രവേശം ചെയ്യുന്നത്. സ്വീഡിഷ്, അറബി ഭാഷകളിലുള്ള വരികൾക്ക് ഊദ്, ഗ്രീക്ക് ബൗസൗക്കി വാദ്യങ്ങൾ അകമ്പടിയായി. ഇസ്രയേൽ ഭരണകൂടത്തിനും യൂറോപ്യൻ ഭരണവർഗങ്ങൾക്കിടയിലെ സഖ്യകക്ഷികൾക്കും എതിരെയായിരുന്നു ''മൈ ലാൻഡ്''. പലസ്തീനികൾ എന്നൊന്ന് ഉണ്ടായിരുന്നില്ല എന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡ മെയറിന് ലഭിച്ച മറുപടിയായി ഇ‍ൗ വിപ്ലവഗാനം മാറി. സയണിസ്റ്റ് സൈനിക നേതാവായ മോഷെ ദയാനിനെ ലക്ഷ്യംവച്ചായിരുന്നു കോഫിയയുടെ 1978ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ആൽബമായ ''എർത്ത് ഓഫ് മൈ ഹോംലാൻഡ്''. പലസ്തീൻ അമ്മമാരുടെ ശക്തിയെയാണ് ആൽബത്തിലെ ഓരോ പാട്ടും അടയാളപ്പെടുത്തുന്നത്. പിന്നീട് "മവ്വാൾ ടു മൈ ഫാമിലി ആൻഡ് ലവ്ഡ് വൺസ്" (1984), "ലോംഗ് ലീവ് പലസ്തീൻ" (1988) എന്നിവയും പുറത്തിറങ്ങി. ഓരോ ആൽബവും പലസ്തീൻ മോചനത്തിനുവേണ്ടിയുള്ളതും ഇസ്രയേലിന്റെ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്നതുമായിരുന്നു.


kofiaസ്വീഡൻ ആസ്ഥാനമായുള്ള കോഫിയ ബാൻഡ്


ജോർജ് ടോട്ടാരി


രാഷ്ട്രീയ സംഘർഷങ്ങളും സൈനിക സംഘർഷങ്ങളും ബാധിച്ച നസറത്ത് നഗരത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ 1946-ലാണ് ജോർജ് ടോട്ടാരിയുടെ ജനനം. അനധികൃത ഇസ്രയേലി കുടിയേറ്റങ്ങളും അധിനിവേശങ്ങളും കണ്ടുവളർന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. നസറത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ ടോട്ടാരിയുടെ ജിവിതത്തിൽ നിർണായകമായി. ഇ‍ൗ അനുഭവങ്ങൾ ടോട്ടാരിയുടെ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ചു. 1967-ലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പലസ്തീനിൽനിന്ന് സ്വീഡനിലേക്ക് കുടിയേറേണ്ടിവന്ന അദ്ദേഹം 1972-ൽ പലസ്തീൻ വിമോചനം ലക്ഷ്യമാക്കി കോഫിയ എന്ന മ്യൂസിക് ബാൻഡിന് രൂപം നൽകി.


ലോങ് ലിവ് പലസ്തീൻ


ഏകദേശം 50 വർഷംമുമ്പാണ് ''ലീവെ പലസ്തീന'' ടോട്ടാരി എഴുതുന്നത്. സയണിസ്റ്റ് ഭീകരത അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ അടിച്ചമർത്തലിനെ ചെറുക്കുക എന്ന സന്ദേശം നൽകുന്ന പലസ്തീന്റെ പുനരുജീവനവുമായി ബന്ധപ്പെട്ടായിരുന്നു ഇ‍ൗ ഗാനം. പലസ്തീൻ വാഴണം സയണിസത്തെ തകർക്കണം എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. പാട്ടിന്റെ ഉള്ളിലേയ്ക്ക് പോകുംതോറും ഓരോ പലസ്തീനിയുടെയും ആഗ്രഹത്തെ ടോട്ടാരി അവതരിപ്പിക്കുന്നു. ''നമ്മൾ ഭൂമിയിൽ കൃഷി ചെയ്തു, ഗോതമ്പ് വിളവെടുത്തു, നാരങ്ങ പറിച്ചു, ഒലിവ് പിഴിഞ്ഞെടുത്തു, ലോകം മുഴുവൻ നമ്മുടെ മണ്ണിനെ അറിയുന്നു'' എന്ന് പറഞ്ഞുകൊണ്ട് ഇസ്രയേലിന്റെ വംശഹത്യയിൽനിന്നും സാമ്രാജ്യത്വത്തിൽനിന്നും പലസ്തീൻ മണ്ണിനെ മോചിപ്പിക്കുമെന്നും ലോകത്തെ സാക്ഷിയാക്കി ആ മണ്ണിൽ സോഷ്യലിസം കെട്ടിപ്പടുക്കുമെന്നും പറയുന്നു. ''ഞങ്ങൾ കർഷകരാണ്. ഇ‍ൗ മണ്ണ് ഞങ്ങളുടെ ജീവിതമാണ്. ജീവവായുവാണ്,'' എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. "പലസ്തീൻ വിപ്ലവത്തിൽ വീരമൃത്യു വരിച്ച നേതാക്കളുടെയും പലസ്തീൻ ജനതയുടെയും സ്മരണയ്ക്കായി" എന്ന് എഴുതിയ കാസറ്റിന്റെ പുറത്ത് ജയിലഴികൾ തകർത്ത് പുറത്തുവരുന്ന പ്രാവിന്റെ ചിത്രവും കാണാം.


പലസ്തീനികളുടെ കാർഷിക ജീവിതത്തെയും കൈവിട്ടുപോകുന്ന മണ്ണിനെക്കുറിച്ചുമുള്ള ആകുലതകൾ പാട്ടിൽ കേൾക്കാം. ലോകം മുഴുവൻ നമ്മുടെ മണ്ണിനെ അറിയുമെന്നും ശാശ്വതമായ സമാധാനം സ്ഥാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗാനം അവസാനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒട്ടനവധി ഭാഷകളിലാണ് ഇ‍ൗ പലസ്തീൻ വിമോചനഗാനം പ്രചരിക്കുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള ഉറുദു ഭാഷമുതൽ അറബിക്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്വീഡിഷ്, ഇറ്റാലിയൻ, ജർമൻ, നോർവീജിയൻ, ഡാനിഷ്, ഗ്രീക്ക് തുടങ്ങി പതിനൊന്നിലധികം ഭാഷയിലാണ് പലസ്തീന്റെ വിമോചനത്തിനായി ''ല‍ീവെ പലസ്തീന'' ഉയരുന്നത്. ല‍ീവെ പലസ്തീന മുഴങ്ങുന്ന തെരുവുകൾ 2019ൽ അന്താരാഷ്ട്ര തൊഴിലാളിദിനത്തിൽ, സ്വീഡനിലെ മാൽമോയിൽ നടന്ന ഒരു പ്രകടനത്തിലെ മുദ്രാവാക്യം ''ല‍ീവെ പലസ്തീന'' എന്ന പാട്ടായിരുന്നു. ഒരു കൂട്ടം പലസ്തീൻ അനുകൂലികൾ പ്രകടനത്തിൽ പലസ്തീൻ ഗാനം ആലപിച്ചതിനെ വലതുപക്ഷ മാധ്യമങ്ങളും സ്വീഡിഷ് പാർലമെന്റിലെ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർടിയും (എസ്എപി) അപലപിച്ചു. എസ്എപി ഭരണകൂടം ഈ ഗാനം നിരോധിക്കാനും സെൻസർ ചെയ്യാനും ശുപാർശ ചെയ്തു.


ഗാനം ആലപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകി. പക്ഷേ അതിന്റെ അനന്തരഫലം വലുതായിരുന്നു ആയിരക്കണക്കിന് സ്വീഡിഷുകാർ പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്ത് ''ല‍ീവെ പലസ്തീന''തൊണ്ടപൊട്ടുമാറ് ഉറക്കെ പാടി. ഈ ചെറുത്തുനിൽപ്പ് സ്വീഡിഷ് പൊലീസിനെ മുട്ടുമടക്കിപ്പിച്ചു. സയണിസ്റ്റ് വിരുദ്ധതയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ വിജയമായി മാറി. പ്രതിരോധത്തിന്റെ ശബ്ദമായി ''ല‍ീവെ പലസ്തീന''യും കോഫിയയും മാറി. വിയറ്റ്നാം യുദ്ധത്തിലും ദക്ഷിണാഫ്രിക്കൻ വർണവിവേചനത്തിനെതിരെയും കോഫിയയുടെ ഗാനങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ഗോഥെൻബർഗിൽ ഏത് പ്രതിഷേധം നടക്കുമ്പോഴും കോഫിയ അവിടെ ഉണ്ടാകും. തൊഴിലാളി സമരമായാലും സോഷ്യലിസ്റ്റ് പ്രകടനമായാലും പലസ്തീന്റെ സന്ദേശം ആലപിക്കാൻ കോഫിയക്കാർ എത്തും.


"എങ്ങു മനുഷ്യനു ചങ്ങല കൈകളി-

ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-

ണെങ്ങോ മർദനമവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു.

എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-

നവിടെ ജീവിച്ചീടുന്നു ഞാൻ''

എന്ന വിശ്വമാനവ സങ്കൽപ്പവുമായി കോഫിയ ഇന്നും മുന്നേറുകയാണ്.





deshabhimani section

Dont Miss it

Recommended for you

Home