ദൈവങ്ങളുടെ കൂടിയാട്ടം


AKSHAY K P
Published on May 24, 2025, 10:15 PM | 4 min read
സമയം അർധരാത്രിയോടടുക്കുന്നു. ഇടവിട്ടുമാത്രം മുഴങ്ങിക്കൊണ്ടിരിക്കുന്ന വീക്കൊന്ന് (ചെണ്ട)മുറുകിയിട്ടുണ്ട്. തിരുവായുധങ്ങളായ വാളും ചേടകവുമെടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറായി നിൽക്കുന്നു കാവിനുള്ളിൽ കോമരം. ചിതറിനിന്ന ആൾക്കാരെല്ലാം തിരുമുറ്റത്തെത്തി. തിങ്ങിനിറഞ്ഞൂ പുരുഷാരം. പുതിയ ഭഗവതിയുടെ അന്തിത്തോറ്റം അതിന്റെ അവസാന ഘട്ടത്തിലാണ്. കോലക്കാരനും കോമരവും ചേരുന്ന ‘കൂടിയാട്ടം’ കാണാൻ കാത്തിരിക്കുകയാണ് ജനം.
കൂടിയാട്ടം എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസിൽ ആദ്യമെത്തുക സംസ്‌കൃത നാടകങ്ങളും കൂത്തും സംയോജിപ്പിച്ച അഭിനയ-നൃത്ത കലാരൂപം തന്നെയായിരിക്കും. എന്നാൽ ഉത്തര മലബാറിലെ തെയ്യസ്ഥാനങ്ങളിൽ അത് മറ്റൊന്നാണ്. സംസ്‌കൃത ശ്ലോകങ്ങളോ വിദൂഷകനോ മിഴാവോ ഒന്നും ഇവിടെയില്ല. ഉള്ളത് ചെണ്ടയുടെ അസുര താളം, കോലക്കാരന്റെ ചോപ്പ്, മേലേരിച്ചൂട്. തെയ്യാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള കൂടിയാട്ടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കൂടിയാട്ടം
കോലധാരികളായ ഒന്നിലധികം പേർ കൂടിയാടുന്നതിനെയാണ് കൂടിയാട്ടം എന്ന് പറയുന്നത്. ഒന്നിലധികം തെയ്യങ്ങൾ തമ്മിലും കോമരവും തോറ്റക്കാരനും തമ്മിലും കോമരവും തെയ്യവും തമ്മിലും കൂടിയാടും. മുച്ചിലോട്ട് ഭഗവതി, പുതിയ ഭഗവതി, തായ്‌പരദേവത തുടങ്ങിയ അമ്മ ദൈവങ്ങൾക്കെല്ലാം കോമരവുമായി കൂടിയാട്ടങ്ങളുണ്ട്. ഈ തെയ്യങ്ങളുടെയെല്ലാം തോറ്റക്കാർ തിരുവായുധമേന്തിയ കോമരങ്ങളോടൊപ്പം കൂടിയാടുമ്പോൾ ക്ലാസിക്കൽ നൃത്തങ്ങളിൽ മാത്രം ഉപയോഗിച്ച് വരുന്ന ‘ക്ലാസ്’ പ്രയോഗം പലപ്പോഴും പിന്നിലാവാറുണ്ട്. ഈ കൂടിയാട്ടങ്ങളിൽ ഏറ്റവും സുന്ദരമായ ഒന്നാണ് പുതിയ ഭഗവതിയുടെ കൂടിയാട്ടം.
പുതിയ ഭഗവതിത്തെയ്യം
പുതിയ ഭഗവതിത്തെയ്യം
നാടായ നാട്ടിലൊക്കെ കുരിപ്പ്(വസൂരി) വന്ന് പിടിച്ചപ്പോൾ അത് ഇല്ലാതാക്കാനായി അവതരിച്ച ദേവതയാണ് പുതിയ ഭഗവതി എന്നാണ് നാട്ടുവിശ്വാസം. മഹാദേവന്റെ മൂന്നാം തൃക്കണ്ണിൽനിന്നും പിറവികൊണ്ട ചീറുമ്പമാർ നിമിത്തമാണ് വസൂരി പടർന്നുപിടിച്ചതത്രെ. സന്തോഷവും സമാധാനവും ജനിപ്പിക്കാൻ ആയിരുന്നു മഹാദേവൻ ചീറുമ്പമാരെ സൃഷ്ടിച്ചത്. എന്നാൽ ചീറുമ്പമാർ മഹാദേവനുൾപ്പെടെ വസൂരി വാരിക്കൊടുക്കുകയായിരുന്നു. ഒടുവിൽ ഇത് ശമിപ്പിക്കുന്നതിനായി മഹാദേവന്റെ സാന്നിധ്യത്തിൽ പത്തില്ലത്ത് പട്ടേരിമാർ ഹോമം നടത്തി. ആ ഹോമകുണ്ഡത്തിൽ നിന്നും 41–ാം ദിവസം പൊടിച്ചുണ്ടായ പരമശിവന്റെ പൊന്മകളാണ് പുതിയ ഭഗവതി എന്നാണ് കഥ.
എന്നും പതിനാറ് വയസാണ് ദേവതയ്ക്ക്. ‘ദേവലോകത്തെ പുതിയവൾ’ എന്നതിനാൽ പുതിയ ഭഗവതി എന്ന പേരുംകിട്ടി. നല്ലച്ചൻ ശ്രീമഹാദേവൻ തിരുവടിക്ക് ചീറുമ്പ വാരിക്കൊടുത്ത വസൂരിയാണ് പുതിയോത്ര ആദ്യം തടവിനീക്കുന്നത്. തുടർന്ന് പരമശിവൻ പറഞ്ഞതനുസരിച്ച് മാനുഷലോകത്തെ വ്യാധിയകറ്റാനും എത്തുന്നു. പുത്തൂർ മണിയാണിമാരുടെ കുലദൈവമാണ്. ഹോമകുണ്ഡത്തിൽനിന്ന് പൊന്നും പഴുക്കപോലെ അവതരിച്ചു എന്ന ഐതീഹ്യമുള്ളതുകൊണ്ട് പുതിയ ഭഗവതിയുടെ തെയ്യക്കോലം തീപ്പന്തങ്ങളാൽ അലങ്കൃതവുമാണ്.
തോറ്റവും കൂടിയാട്ടവും
ദൈവത്തെ ഭൂമിയിലേക്ക് വിളിച്ചുവരുത്തന്നതാണ് തോറ്റം. തെയ്യത്തിന് മുന്നോടിയായി കോലക്കാരനും കല്ലാടിമാരും (സഹായികൾ) കൂടി ചൊല്ലുന്ന ഈ വരവിളിയിൽ ദൈവത്തിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളുമുണ്ടാകും. അന്തിത്തോറ്റത്തിന് പുറമേ ഉച്ചത്തോറ്റം, കൊടിയിലത്തോറ്റം എന്നിങ്ങനെ മൂന്ന് തോറ്റങ്ങളാണ് പുതിയഭഗവതിക്കുള്ളത്.
രണ്ട് കൂടിയാട്ടങ്ങളുമുണ്ട്. ആദ്യം അന്തിത്തോറ്റത്തിന്റെ ഭാഗമായുള്ള കൂടിയാട്ടം. രണ്ടാമത്തേത് തെയ്യം ഇറങ്ങുമ്പോഴുള്ള കൂടിയാട്ടം. ഇതിൽ തന്നെ അന്തിത്തോറ്റത്തിന്റെ ഭാഗമായി തോറ്റക്കാരനും കോമരവും കൂടിയാടുന്നതിനെയാണ് കൂടിയാട്ടം എന്ന് പറയാറ്. രണ്ടാമത്തേത് തെയ്യവും കോമരവും ചേർന്നതായത് കൊണ്ട് അങ്ങനെ പറയാറില്ലെന്നുമാത്രം.
പുതിയ ഭഗവതിക്കാവുകളിൽ സാധാരണ മൂന്ന് തെയ്യങ്ങളാണുള്ളത്; പുതിയ ഭഗവതിയും വീരനും വീരാളിയും (വീരർകാളി). പുതിയ ഭഗവതിക്ക് ഉച്ചത്തോറ്റമായിരിക്കും ആദ്യം. പിന്നീട് അന്തിത്തോറ്റവും കൊടിയിലത്തോറ്റവും. ഈ തോറ്റങ്ങളുടെ ഇടയിൽ വീരന്റെ തോറ്റങ്ങളുമുണ്ടാവും. വീരാളിക്ക് പ്രത്യേക തോറ്റമില്ലെങ്കിലും മറ്റ് തെയ്യങ്ങളുടെ തോറ്റങ്ങളിൽ ദൈവത്തിന്റെ വിവരങ്ങൾ പ്രതിപാദിക്കാറുണ്ട്.
ബ്ലാത്തൂരിലെ പുതിയ ഭഗവതി കാവ്
ബ്ലാത്തൂർ പോതിയോട്ടത്തെ കൂടിയാട്ടം
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരഗ്രാമമാണ് ബ്ലാത്തൂർ. ബ്ലാത്തൂർ വയലിന് വടക്കുപടിഞ്ഞാറായയാണ് പോതിയോട്ടം (പുതിയഭഗവതിക്കാവ്). എല്ലാ വർഷവും മകരം 13ന് രാത്രിയാണ് ഇവിടെ തെയ്യം. തെയ്യത്തിനുമുമ്പ് നടക്കുന്ന കൂടിയാട്ടം നാട്ടിൽ ഏറെ പ്രസിദ്ധമാണ്. കാഴ്ചക്കാരായി വലിയ ജനക്കൂട്ടംതന്നെ എത്തും.
സജീഷ് പെരുവണ്ണാനാണ് പുതിയ ഭഗവതിയുടെ കോലക്കാരൻ. ഭഗവതിയുടെ തിരുവായുധം ഏന്തുന്നയാൾ കോമരം എന്നാണ് അറിയപ്പെടുക. 25 വർഷമായി സി വി നാരായണൻ ആണ് ഇവിടെ ആ ചുമതല നിർവഹിക്കുന്നത്. സജീഷ് കോലക്കാരനായിട്ട് 24 വർഷവും. ഇരുവരും ചേർന്നവതരിപ്പിക്കുന്ന കൂടിയാട്ടത്തിന് ബ്ലാത്തൂരിൽ വലിയ ആരാധകവൃന്ദമുണ്ട്.
അസാമാന്യ മെയ്‌വഴക്കത്തോടെയാണ് കോമരവും കോലക്കാരനുമെന്ന നിലയിൽ ഇവർ കൂടിയാടുക. അതിനൊരു കാരണവും സജീഷ് പറയുന്നുണ്ട്. രണ്ടുപേരും ചുവടുകൾ പഠിച്ചത് ഒരാളിൽ നിന്നാണ്. സജീഷിന്റെ അച്ഛനും ബ്ലാത്തൂരിലെ പുതിയ ഭഗവതിയുടെ മുൻ കോലക്കാരനുമായിരുന്ന കൃഷ്ണപ്പെരുവണ്ണാനിൽ നിന്ന്.
കൂടിയാട്ടത്തിന്റെ നേരം
തെയ്യം പുറപ്പെടാൻ പുലർച്ചെയാകും. അതിനു മുമ്പ് അർദ്ധരാത്രിയോടടുപ്പിച്ച് തോറ്റമവസാനിക്കുന്ന നേരത്താണ് കോമരവും കോലക്കാരനും തമ്മിലുള്ള കൂടിയാട്ടം.
ഇടവിട്ട് ഒരുമിച്ചടിക്കുന്ന രണ്ട് വീക്കിന്റെ ശബ്ദമാണ് എല്ലാ തോറ്റത്തിലും ആദ്യമുണ്ടാവുക. ഒടുവിൽ തോറ്റം മുറുകും അപ്പോൾ ചെണ്ടമേളമുയരും. പതിയെ പതിഞ്ഞ ശബ്ദത്തിൽ നീങ്ങിയിരുന്ന താളം, തോറ്റത്തിന്റെ അവസാന ഭാഗത്ത് എത്തി മുറുകുമ്പോൾ തന്നെ ചടങ്ങുകൾ ചടുലമാകും. പുതിയ ഭഗവതിയുടെ അന്തിത്തോറ്റത്തിൽ ഈ ചടുലത ഇരട്ടിയാണ്. കാവിനകത്തിരിക്കുന്ന തിരുവായുധമെടുത്ത് കോമരം ഇറങ്ങും, വീരൻ തെയ്യത്തിന്റെ കോമരം തറയിലിരിക്കുന്ന ദണ്ഡെടുത്ത് ഉറയും. കൂടിയാട്ടത്തിന്റെ തുടക്കമാണത്. പുതിയ ഭഗവതി പുറപ്പെടുമ്പോഴും സമാനമായ രീതിയാണ്. തെയ്യമണിഞ്ഞ പന്തങ്ങളുടെ വെളിച്ചവും മേലേരിയിലേക്ക് പാഞ്ഞടുക്കുന്ന കോമരവും മേലേരിക്കാരും എല്ലാമാകുമ്പോൾ അന്തരീക്ഷം മറ്റൊന്നാകും.
കോമരത്തിന്റെ ചുവടുകൾക്ക് അനുസൃതമായാണ് ആദ്യം ചെണ്ടയുടെ താളം. ഈ സമയം കോലക്കാരൻ അത്രയും നേരം ചൊല്ലിയ തോറ്റം പൂർത്തിയാക്കി ചെണ്ടക്കാർക്ക് ആനുപാതികമായി വീക്ക് കൊട്ടും. ഈ ഘട്ടത്തിൽ വളരെ കുറച്ച് നേരം മാത്രമേ കോമരം ചുവടുകൾ വയ്‌ക്കുകയുള്ളൂ. കോമരത്തിന്റെ ചുവടുകൾ കഴിയുന്ന സമയമാവുമ്പോഴേക്കും തോറ്റക്കാരൻ വീക്ക് മാറ്റി കൂടിയാട്ടത്തിനായി തയ്യാറെടുക്കും. കോമരത്തെ അരിയെറിഞ്ഞ് നമസ്‌കരിച്ച് വരവേൽക്കും. അപ്പോഴേക്കും കോലക്കാരന്റെ ഇരുവശവും രണ്ട് കല്ലാടിമാർ നിലയുറപ്പിച്ചിട്ടുണ്ടാവും. കയ്യിൽ ഒരു ദർപ്പണവുമുണ്ടാകും. കോലക്കാരന്റെ മുന്നിൽ വന്നുനിന്ന് തിരുവായുധമുയർത്തി കോമരം അനുഗ്രഹിക്കും. തുടർന്ന് ഇരുവരും ചുവടുവയ്ക്കും. ചെണ്ടക്കാരും സംഘവും അകമ്പടിയാകും. കൂടിയാട്ടം ഇവിടെ തുടങ്ങും.
ദർപ്പണം ഇരുകൈയ്യിലുമായി ചേർത്തുപിടിച്ച്, കൈകൂപ്പി കോമരത്തെ വണങ്ങി നിൽക്കുന്ന തോറ്റക്കാരൻ വളരെ പതിയ താളത്തിൽ ചെറിയ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ആടും. ഇതിന് സമാന്തരമായി കോമരവും ആടും. ചെണ്ടയുടെ താളംമാറും, ചീനിയുടെ (കുഴൽ) ശബ്‌ദം മിഴിവേകും. കോമരത്തെ വണങ്ങി നിൽക്കുന്ന കോലക്കാക്കാരൻ ഇരു ഭാഗത്തേക്കും നീങ്ങി തൊഴുകൈകളോടെ പതിയെ ഉയർന്ന് നിൽക്കും. തുടർന്ന് തന്റെ കൈകൾ ഇരുവശത്തുമായി നിൽക്കുന്ന കല്ലാടിമാരുടെ കൈകളിലേക്ക് കോർത്തുവയ്‌ക്കും. ഈ രണ്ട് കല്ലാടിമാരുടെയും കൂടെയായിരിക്കും കോലക്കാരൻ കൂടിയാട്ടം പുർത്തിയാക്കുക.
കോമരം വലത്തോട്ട് ചുവട് വയ്ക്കുമ്പോൾ കോലക്കാക്കാരൻ ഇടത്തോട്ടും കോമരം ഇടത്തോട്ട് ചുവടുവയ്‌ക്കുമ്പോൾ കോലക്കാക്കാരൻ വലത്തോട്ടും ചുവടുവയ്ക്കും. ഇരുവരും മൂന്നുവട്ടം കാവിനെ വലം വച്ച് നീങ്ങുന്നതോടെ പ്രധാന ചുവടുകൾ അവസാനിക്കും. ഓരോ തവണ വലംവെയ്ക്കുമ്പോഴും ചുവടുകളുടെ വേഗത കൂടിക്കൊണ്ടിരിക്കും. ഒപ്പം താളത്തിന്റെയും. ആദ്യ വലംവയ്പ്പിന് വേണ്ടി വന്ന സമയത്തിന്റെ പകുതി സമയമേ അവസാനത്തേതിന് ആവശ്യമായി വരികയുള്ളൂ.
ബ്ലാത്തൂരിലെ പുതിയ ഭഗവതിക്കാവിൽ തെയ്യമോ തോറ്റങ്ങളോ നടക്കുമ്പോൾ കാവിന്റെ പിൻഭാഗത്ത് ആളുകൾ കൂടി നിൽക്കുന്ന പതിവുണ്ടാകാറില്ല. എന്നാൽ കൂടിയാട്ടത്തിന്റെ സമയം കാവിന് പിന്നിലും ആളുകളെ കാണാം. മുകളിൽ പറഞ്ഞ വലംവെപ്പ് തന്നെയാണ് ഇതിനുള്ള കാരണം. കാവിന് മുന്നിലും പിന്നിലും വടക്ക്–തെക്ക് ഭാഗങ്ങളിലുമെല്ലാം കോമരവും തോറ്റക്കാരനും ഒരു ചുവട് പോലും പിഴയ്‌ക്കാതെ കൂടിയാടുമ്പോൾ അത് കാണാനെയെത്തുന്ന ആളുകൾ മുന്നിൽ സ്ഥലമില്ലാത്തത് കൊണ്ട് പിന്നിലേക്ക് നിൽക്കുകയും ചെയ്യുന്നു.
വടക്കുംഭാഗം
കാവുകളിലും കോട്ടങ്ങളിലും വയലുകളിലുമെല്ലാം വടക്ക് ഭാഗത്തിന് പ്രാധാന്യമുണ്ട്. മേലേരി കൂട്ടുന്നതും തെയ്യം കോഴിയെ കൊല്ലുന്നതും കലശം കഴിപ്പിക്കുന്നതും കാവിന്റെ വടക്കുംഭാഗത്തുനിന്നാണ്. കൂടിയാട്ടം സമാപിക്കുന്നതും വടക്ക് ഭാഗത്താണ്. മൂന്നാമത്തെ വലംവെപ്പിൽ വടക്ക് ഭാഗത്തെത്തുന്ന തോറ്റക്കാരനും കോമരവും മുന്നോട്ടും പിന്നോട്ടും ചുവടുകൾ വയ്‌ക്കാൻ ആരംഭിക്കും. ഈ സമയവും കോമരത്തിന്റെ കയ്യിൽ തിരുവായുധവും തോറ്റക്കാരന്റെ കൈ കല്ലാടിമാരുടെ കൈകളിലുമായിരിക്കും. ശരാശരി പതിഞ്ഞ താളത്തിലായിരിക്കും ഈ ചുവടുകളുടെ ആദ്യ ഭാഗമെങ്കിൽ അവസാനമെത്തുമ്പോഴേക്കും അതിന്റെ വേഗത കൂടും. ഒടുവിൽ താളവും ചുവടുകളും ചടുലമാകുമ്പോൾ കൂടിയാടുന്നതവസാനിപ്പിച്ച് ഇരുവരും താൽക്കാലികമായി പിരിയും. ശേഷം കോമരം വീരന്റെ തറ ചുറ്റി കാവിന് മുന്നിലേക്കായി ഓടിയെത്തും. തോറ്റക്കാരൻ മേലേരി ചുറ്റി കോമരത്തിന് മുന്നിൽ വന്ന് നിന്ന് തലപ്പാളിയഴിക്കും. തുടർന്ന് കോമരത്തേയും തിരുവായുധവും താണുവണങ്ങി അണിയറയിലേക്കും. കൂടിയാട്ടം ഇവിടെ അവസാനിക്കും.
‘മാതാവ്’
പുലർച്ചെ തീപ്പന്തങ്ങളണിഞ്ഞ് പുറപ്പെടുന്ന പുതിയഭഗവതിയെ കോമരം വരവേൽക്കുന്നതും പരസ്‌പരം പിടിവലി പോലെയുള്ള കൂടിയാട്ടത്തിലൂടെയാണ്. മേലേരിക്കാരുമുണ്ടാവും ഈ സമയം കോമരത്തിന് അകമ്പടിയായി. ഒടുവിൽ ആ പിടി വലിയിൽ തിരുവായുധം തെയ്യക്കോലത്തിന് കൈമാറി കോമരം തന്റെ കർത്തവ്യമവസാനിപ്പിക്കും. ഒടുവിൽ ‘സദാ സ്വയം കത്തിയെരിയുന്നുണ്ടെങ്കിലും എന്നും പുതിയവളായി വന്ന് അനുഗ്രഹിച്ചു പോന്നിട്ടില്ലേ’ എന്നുപറഞ്ഞ് മാതാവായ പുതിയഭഗവതി കൂടി നിൽക്കുന്ന മനുഷ്യരെ അനുഗ്രഹിക്കും.














