Articles

അതിദാരിദ്ര്യ മുക്തി

സംശയാലുക്കളായ വിദഗ്ധർ അറിയാൻ

thuruthi flat
avatar
ഡോ. ടി എം തോമസ് ഐസക്‌

Published on Nov 02, 2025, 11:03 PM | 4 min read

“കേരളം എങ്ങനെയാണ് അതിദാരിദ്ര്യവിമുക്തമാകാൻ പോകുന്നത്? എങ്ങനെയാണ് നിങ്ങൾ ശിശുമരണ നിരക്ക് അഞ്ചിലേക്ക് താഴ്‌ത്തിയത്?” എ കെ ജി സെന്റർ സന്ദർശിച്ച ചൈനീസ് പ്രതിനിധിസംഘം എം വി ഗോവിന്ദൻ മാഷിനോട് ആദ്യം ചോദിച്ച ചോദ്യങ്ങൾ ഇവയായിരുന്നു. പുറത്ത് പലർക്കും അവിശ്വസനീയമായിട്ടാണ് ഈ നേട്ടങ്ങളെക്കുറിച്ച് തോന്നുന്നത്. അത്രയ്ക്ക് വിസ്മയകരമാണവ. പക്ഷേ, നമ്മുടെ നാട്ടിൽ താമസിക്കുന്ന ചിലർക്ക് അതിൽ വിശ്വാസമില്ല. പ്രതിപക്ഷത്തിന്റെ വിശ്വാസരാഹിത്യം മനസ്സിലാക്കാം. എന്നാൽ ചില വിദഗ്ധരും അവരോടൊപ്പം ചേർന്നിരിക്കുകയാണ്.


ദരിദ്രരുടെ എണ്ണം കുറഞ്ഞതെങ്ങനെ

1960 -കളിലും 1970 -കളിലും ഇന്ത്യയിൽ ഏറ്റവും ഉയർന്ന ദരിദ്രരുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം- ഏതാണ്ട് 60 ശതമാനം. എന്നാൽ, ഭൂപരിഷ്കരണം, കൂലി വർധന, സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യപരിചരണവും സാമൂഹ്യസുരക്ഷാ നടപടികളുമെല്ലാം ചേർന്നുള്ള ഇടപെടലുകൾ കേരളത്തെ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമാക്കി മാറ്റി. ഗൾഫ് പണവരുമാനവും സാധാരണക്കാരുടെ കൈകളിലേക്കുപോലും കിനിഞ്ഞിറങ്ങുന്നുണ്ട്. പിന്നെ, അധികാരവികേന്ദ്രീകരണവും കുടുംബശ്രീയും ചേരുമ്പോൾ ചിത്രം ഏതാണ്ട് പൂർത്തിയാകും. ഇപ്പോൾ 2000 രൂപയിൽ എത്തിച്ചേർന്നിരിക്കുന്ന ക്ഷേമപെൻഷനുകളും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇങ്ങനെ പലതും.


LDF Government


എത്രയാണ് കേരളത്തിലെ ദരിദ്രരുടെ എണ്ണം? ദാരിദ്ര്യത്തിന്റെ നിർവചനം അനുസരിച്ച് എണ്ണവും മാറും. അടുത്തകാലംവരെ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന രീതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കണക്കാക്കുകയാണ്. ഞാൻ എംഫില്ലിനു പഠിക്കുന്ന കാലത്ത് വി എം ദണ്ഡേക്കർ, നീലകണ്ഠ റാത്ത് എന്നീ രണ്ട് വിദഗ്ധരുടെ കണക്ക് കൂട്ടലായിരുന്നു ആധാരം. 2000-ങ്ങളുടെ അവസാനം ആയപ്പോഴേക്കും സുരേഷ് ടെൻഡുൽക്കർ പുതിയൊരു ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിൽ കണക്ക് ഉണ്ടാക്കി. 2014- ൽ പ്രൊഫ. രംഗരാജൻ കമ്മിറ്റിയും വേറൊരു കണക്ക് ഉണ്ടാക്കി. ഇന്ത്യാസർക്കാരാണെങ്കിൽ ഇപ്പോൾ വരുമാനത്തെയോ ഭക്ഷണ ഉപഭോഗത്തെയോ ആസ്പദമാക്കിയുള്ള കണക്കുകൂട്ടലേ ഉപേക്ഷിച്ചിരിക്കുകയാണ്. പകരം, ഇന്ത്യാസർക്കാർ ദാരിദ്ര്യത്തെ അളക്കുന്നതിനുവേണ്ടി ബഹുമുഖ ദാരിദ്ര്യ സൂചിക ഉപയോഗിക്കുകയാണ്. നമ്മുടെ വിദ്വാന്മാർ പറയുന്നത് ശരിയാണ്. ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്നത് അതീവ സങ്കീർണമാണ്. പണ്ഡിതന്മാർക്കിടയിൽത്തന്നെ ഇക്കാര്യത്തിൽ യോജിപ്പില്ല. അപ്പോൾ പിന്നെ അവരോടൊന്നും ചർച്ച ചെയ്യാതെ കേരളം എങ്ങനെയാണ് അതിദരിദ്രരുടെ എണ്ണം കണ്ടുപിടിച്ചത്? അത്തരം കണക്കുകൾക്ക് എന്താണ് ആധികാരികത?


വിദ്വാന്മാർ ക്ഷമിക്കുക. കണക്കുകൾക്കും വിശകലനങ്ങൾക്കുമൊപ്പം പ്രായോഗികമായി ചില കാര്യങ്ങൾകൂടി ചെയ്യാൻ ശ്രമിക്കുന്നവരുടെ ഗണത്തിലാണ് ഞങ്ങൾ പെടുന്നത്. 2011- ലെ പരമ്പരാഗത രീതിയിലുള്ള അവസാനത്തെ ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് 7.05 ശതമാനമാണ്. ഈ രീതി ഉപയോഗിച്ചുള്ള അനൗദ്യോഗികമായ കണക്ക് പ്രകാരം (HCES ഉപഭോഗ സർവേ അടിസ്ഥാനമാക്കി) 2022–-23- ലെ കേരളത്തിന്റെ ദാരിദ്ര്യനിരക്ക് 0.71 ശതമാനമാണ്. കേന്ദ്രസർക്കാരിന്റെ ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം കേരളത്തിലെ ദരിദ്രരുടെ ശതമാനം 0.55 ആണ്.


അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനൊരു പദ്ധതി

ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ 2020-–21 -ലെ ബജറ്റിൽ കേരളത്തെ അതിദരിദ്രവിമുക്തമാക്കുന്നതിനുള്ള നിർദേശമുണ്ടായിരുന്നു. എൽഡിഎഫ്‌ പ്രകടനപത്രികയിലും ഇത് സ്ഥാനംപിടിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ക്യാബിനറ്റ് യോഗത്തിൽ ഇത് നടപ്പിലാക്കുന്നതിനുള്ള തീരുമാനവുമെടുത്തു. നാല് വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായി ലക്ഷ്യംനേടിയെന്ന ചരിത്രപ്രഖ്യാപനമാണ് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, ഇതിനെ എന്റെകൂടി സഹപ്രവർത്തകരായിരുന്ന ചില വിദഗ്ധർ എതിർത്തുകൊണ്ട് തുറന്ന കത്ത് എഴുതി. സർക്കാരിന്റെ കണക്കുകളെയും നിഗമനങ്ങളെയും ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്. എന്നു മാത്രമല്ല, ആരുടെ നിഗമനങ്ങളായാലും വസ്തുനിഷ്ഠമായി വിലയിരുത്തുകയും വേണം.


അതിദരിദ്രരെ കണ്ടുപിടിക്കാൻ നടത്തിയ സർവേ ഏത്? ഡാറ്റ ആധികാരികമാണോ? ഇത്തരം കുടുംബങ്ങളുടെ യഥാർഥ ജീവിതരീതി സംബന്ധിച്ച റിപ്പോർട്ട് ഉണ്ടോ? സ്റ്റാറ്റിസ്റ്റിക്കൽ, ആസൂത്രണ വകുപ്പുമായി കൂടിയാലോചന നടത്തിയോ? തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകിയ പട്ടിക അംഗീകരിക്കുകയാണോ ചെയ്തത്? ഏത് ആധികാരിക സമിതിയാണ് ഇതിനു നേതൃത്വം നൽകിയത്? എന്നു തുടങ്ങിയ ചോദ്യങ്ങൾ.


കണ്ണുണ്ടായാൽ പോരാ കാണണം

അക്കാദമിക് വിദഗ്ധർ എന്ന നിലയിൽ പൊതുമണ്ഡലത്തിൽ ലഭ്യമായിട്ടുള്ള രേഖകളെങ്കിലും പരിശോധിക്കാനുള്ള ചുമതല നിങ്ങൾക്ക് ഇല്ലേ? അതൊന്ന് പരിശോധിച്ചിട്ടുവേണ്ടേ ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ? അതിന്‌ മെനക്കെടാതെ നടത്തിയ പ്രസ്താവനയുടെ പിന്നിലെ ധൃതി എന്താണ്? സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുമേൽ സംശയത്തിന്റെ കരിനിഴൽ വീഴ്‌ത്തുകയെന്ന രാഷ്ട്രീയ കെണിയിലാണ് നിങ്ങളിൽ പലരും അറിഞ്ഞോ അറിയാതെയോ വീണിരിക്കുന്നത്.


നാല് വർഷമായി നടന്നുവരുന്ന പ്രവർത്തനമാണ് അതിദാരിദ്ര്യനിർമാർജന യജ്ഞം. ഫീൽഡ് ട്രയൽ നടത്തിയശേഷമാണ് ക്യാബിനറ്റ് മാർഗനിർദേശങ്ങൾക്ക് അന്തിമ അംഗീകാരം നൽകിയത്. വളരെ സുദീർഘമായൊരു ഉത്തരവ് മാത്രമല്ല, പ്രവർത്തകർക്കുവേണ്ടി വളരെ വിശദമായൊരു കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മൂന്ന് തലങ്ങളിൽ 17000-ത്തോളം റിസോഴ്‌സ്‌പേഴ്സൺസിനെ പരിശീലിപ്പിച്ചു. തദ്ദേശഭരണ തലത്തിലും വാർഡ് തലത്തിലും ജനകീയ കമ്മിറ്റികൾ ഉണ്ടായി. ആദ്യം ചെയ്തത് നിലവിലുള്ള ദരിദ്രരെ സംബന്ധിച്ച് പിങ്ക്, മഞ്ഞ റേഷൻ കാർഡുകളുള്ളവർ, ആശ്രയ കുടുംബങ്ങൾ, ബിപിഎൽ ലിസ്റ്റുകൾ തുടങ്ങിയവരെയെല്ലാം വാർഡ് അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുകയാണ്. അതിനുശേഷം ഏതാണ്ട് 60000 ഫോക്കസ്ഡ് ഗ്രൂപ്പുകൾ ഈ കണക്കുകൾ പരിശോധിച്ച് ഇതിൽ അതിദരിദ്രരായിട്ടുള്ളവരെ ലിസ്റ്റ് ചെയ്തു.


kssp report


ആരാണ് അതിദരിദ്രർ

കിടക്കാൻ ഒരിടംപോലും ഇല്ലാതിരിക്കുക, മാറാരോഗം ബാധിക്കുക, തൊഴിലും വരുമാനവും ഇല്ലാതിരിക്കുക, മിനിമം ഭക്ഷണംപോലും തുടർച്ചയായി ലഭിക്കാതിരിക്കുക എന്നിവയുടെ ദൂഷിതവലയത്തിൽപ്പെട്ട് സാധാരണഗതിയിലുള്ള ദാരിദ്ര്യനിർമാർജന പരിപാടികൾകൊണ്ട് ദരിദ്രാവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇവരെ എങ്ങനെയാണ് കണ്ടെത്തുക? സാധാരണ സർവേ വഴി ഇവരെ കണ്ടെത്താനാകില്ല. അതുകൊണ്ട് ഓരോ വാർഡിലും 15-–20 പേർ വീതമടങ്ങുന്ന ഫോക്കസ്ഡ് ഗ്രൂപ്പ് ചർച്ചകൾ നടത്തി ലിസ്റ്റ് തയ്യാറാക്കി. 58000 ഫോക്കസ്ഡ് ഗ്രൂപ്പ് ചർച്ചകൾ നടന്നു.


ഇത്തരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ മേൽപ്പറഞ്ഞ നാല് കാര്യങ്ങളുമായി ബന്ധപ്പെട്ട ക്ലേശഘടകങ്ങളുടെ ലഘുഗുരുത്വം മനസ്സിലാക്കാൻ അവരെ സന്ദർശിച്ച് സർവേ നടത്തി. ഇതിനായി പ്രത്യേകമായി മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടായിരുന്നു. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി 20 ശതമാനം ഡാറ്റ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സൂപ്പർ ചെക്ക് നടത്തി. ക്ലേശഘടകങ്ങളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ കരട് പട്ടികകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചു. ഇത് ആക്ഷേപങ്ങളും പരാതികളും സ്വീകരിച്ചശേഷം ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം നേടി. അങ്ങനെയാണ് 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്.


മൈക്രോപ്ലാനുകൾ

ഈ ഓരോ കുടുംബത്തിനും ദാരിദ്ര്യത്തിന്റെ ദൂഷിതവലയത്തെ മുറിച്ചുകടക്കാൻ ഒരു മൈക്രോപ്ലാൻ വീതമുണ്ടാക്കി. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഓരോ ആവശ്യവും കണ്ടറിഞ്ഞ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് ഇത്രയും കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ കഴിഞ്ഞത്. ഏതാണ്ട് നാല് വർഷമെടുത്തു ഈ പ്രവർത്തനങ്ങൾക്ക്. ഇങ്ങനെ പാവങ്ങളോടൊപ്പം ചേർന്നുനിന്നവരെ പ്രിയപ്പെട്ട വിദ്വാന്മാർ അപഹസിക്കരുത്. അതിദരിദ്രരുടെ എണ്ണം വളരെ കുറഞ്ഞുപോയിയെന്നാണ് വിമർശങ്ങളിൽ വ്യംഗ്യമായ ആരോപണങ്ങളിലൊന്ന്. കേന്ദ്ര സർക്കാരിന്റെ ബഹുമുഖ ദാരിദ്ര്യ സൂചകത്തിൽ കേരളത്തിലെ ദരിദ്രരുടെ എണ്ണം ഏതാണ്ട് ഇത്രയല്ലേ വരൂ. നിങ്ങളാരും ആ കണക്കിനെ ചോദ്യം ചെയ്തു കേട്ടിട്ടില്ലല്ലോ?


ഈ രീതിസമ്പ്രദായത്തെക്കുറിച്ച് അക്കാദമിക് വിമർശങ്ങളുണ്ടാകാം. പക്ഷേ, ഇതിൽ ഒപ്പിട്ടിരിക്കുന്ന പലരും ദരിദ്രകുടുംബങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി കുടുംബശ്രീ ക്ലേശഘടകങ്ങളെ ഉപയോഗപ്പെടുത്തിയതിനെ ശ്ലാഘിച്ചിട്ടുള്ളവരാണെന്ന് എനിക്ക് അറിയാം. എന്തേ ഇപ്പോൾ ഈ രീതിയോട് ഇത്ര വിരക്തി? ഔപചാരിക സർവേ സമ്പ്രദായത്തോട് പെട്ടെന്നൊരു ആസക്തി?


Social Security Pension


എന്റെ ചോദ്യം ഇതാണ്; ഇത്രയും വലിയൊരു പ്രവർത്തനം നടന്നിട്ട് അത് നിങ്ങളുടെ ശ്രദ്ധയിൽ വന്നില്ലേ? ഔപചാരിക ഉത്തരവും കൈപ്പുസ്തകവും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ? നിയമസഭയിൽ നൽകിയ ചോദ്യങ്ങളുടെ ഉത്തരങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ലേ? 2023-ൽ പുറത്തിറക്കിയ ഇടക്കാല വിലയിരുത്തൽ റിപ്പോർട്ട് കണ്ടിട്ടില്ലേ? ഈ കാലയളവിലൊന്നും കേരളം സ്വീകരിച്ച രീതിസമ്പ്രദായത്തെക്കുറിച്ച് ഒരു ചോദ്യംപോലും ദാരിദ്ര്യത്തെക്കുറിച്ച് ഏറെ പഠിച്ചിട്ടുള്ള നിങ്ങളിൽ ആരിൽനിന്നും ഉണ്ടായിട്ടില്ലല്ലോ. എന്നിട്ട് ഔപചാരികമായ പ്രഖ്യാപനത്തിന്റെ തലേന്ന് നിലവിൽ ലഭ്യമായ രേഖകൾപോലും പരിശോധിക്കാതെ ചോദ്യങ്ങളുമായി ഇറങ്ങിയത് എന്ത് അക്കാദമിക് സത്യസന്ധതയാണ്?


കേരളത്തിലെ ദാരിദ്ര്യനിർമാർജന പ്രക്രിയയെക്കുറിച്ചും അതിദരിദ്രവിമുക്തമായാലും പിന്നെയും അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും ഭാവിയിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ചിലരെങ്കിലും വീഴാനുള്ള സാധ്യതകളെക്കുറിച്ചുമെല്ലാം നമുക്ക് ചർച്ച ചെയ്യാം. പ്രഖ്യാപന സമ്മേളനത്തിൽ പ്രിയപ്പെട്ട മമ്മൂട്ടി പറഞ്ഞതുപോലെ അതിദാരിദ്ര്യമേ ഇല്ലാതാക്കിയിട്ടുള്ളൂ. ഇനിയും അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ വെല്ലുവിളികളെ കേരളം ഏറ്റെടുക്കും.


അതിദാരിദ്ര്യം നിർമാർജനം ചെയ്തവെന്നു പറഞ്ഞ് കൈകെട്ടിയിരിക്കുകയല്ല ഇടതുപക്ഷം ചെയ്യാൻപോകുന്നത്. ഇതിന്റെ തുറന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ ക്ഷേമ നടപടികൾ. എന്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പാവങ്ങൾക്ക് നൽകാനുള്ളത് നൽകുകയായിരിക്കും ഏറ്റവും മുൻഗണനയെന്നതാണ് ആ പ്രഖ്യാപനത്തിന്റെ സാരം.​





deshabhimani section

Dont Miss it

Recommended for you

Home