Articles

സാന്ത്വനം പകർന്നും കൈപിടിച്ചുയർത്തിയും

സാന്ത്വനം പകർന്നും കൈപിടിച്ചുയർത്തിയും

karoor
avatar
സി വി രാജീവ്‌

Published on Oct 04, 2025, 02:20 PM | 4 min read

കരൂർ: നടൻ വിജയ് യുടെ പാർടി തമിഴക വെട്രി കഴകം (ടിവികെ) കരൂർ വേലിച്ചാമി പുരത്ത് നടത്തിയ റാലിക്കിടെ 41 പേർ മരിച്ച ദുരന്തത്തിന് ഒരാഴ്ച. 27 ന് രാത്രി ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. ദുരന്തം അനാഥമാക്കിയ കുടുംബങ്ങൾ, ഉറ്റവരുടെ നഷ്ടത്തിൽ ഉള്ളം പിടഞ്ഞുള്ള വിലാപങ്ങൾ, താരത്തെ കാണാനായി മാത്രം പോയി തിരക്കിലമർന്ന് ഇല്ലാതായ ജീവിതങ്ങൾ.


ma baby in karoor

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗം യു വാസുകി, കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി, ആർ സച്ചിതാനന്ദം എംപി, വി ശിവദാസൻ എംപി, ജില്ലാ സെക്രട്ടറി ജ്യോതിബസു, സംസ്ഥാന കമ്മിറ്റി അംഗം എസ് ബാല എന്നിവരുടെ നേതൃത്വത്തിൽ കരൂർ ദുരന്തം നടന്ന വേലുസ്വാമിപുരം സന്ദർശിക്കുന്നു


വേലുച്ചാമിപുരത്തെ പാതയോരത്ത് ഇപ്പോഴും കാണാം ചെരുപ്പുകളുടെ ചെറുകൂമ്പാരങ്ങൾ. പല വലിപ്പത്തിലും നിറത്തിലുമുള്ളവ. കൂട്ടത്തിലെ കുഞ്ഞു ചെരിപ്പുകൾ തീരാനോവിൻ കാഴ്ച. നടനെ കാണാനായി ആൾക്കൂട്ടം കടൽപോലെ പരന്നപ്പോൾ പൊട്ടിവീണ മരക്കൊമ്പുകൾ. ആളുകൾ കയറിയതിനാൽ തകർന്നുവീണ ഷീറ്റ് മേൽക്കൂരകൾ. അവിടെ പൊലീസ് ബാരിക്കേഡ് കെട്ടിയിരിക്കുന്നു. ദുരന്തവ്യാപ്തി വെളിവാകുന്ന ഇടത്തിൽനിന്നാണ് സിപിഐ എം നേതാക്കൾ സന്ദർശനം തുടങ്ങിയത്. പൊലീസിനോടും പ്രദേശവാസികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.


ഏഴുദിവസത്തിനുശേഷം ഇതാണ് അവശേഷിപ്പുകൾ. വേദനിക്കുന്ന ഹൃദയങ്ങൾക്ക് സാന്ത്വനം പകർന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചും വെള്ളിയാഴ്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തബാധിതരെ സന്ദർശിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം യു വാസുകി, കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ എം പി, രാജ്യസഭാംഗം വി ശിവദാസൻ, ദിണ്ഡിഗൽ ലോക്സഭാംഗം ആർ സച്ചിതാനന്ദം, നാഗപട്ടണം എംഎൽഎ വി പി നാഗൈമാലി, സംസ്ഥാന കമ്മിറ്റിയംഗം എസ് ബാല, കരൂർ ജില്ലാ സെക്രട്ടറി എം ജ്യോതിബാസു എന്നിവർ ഒപ്പമുണ്ടായി. ഉള്ളുരുക്കത്തിൽ കുളിരേകിയ, പ്രത്യാശയേകിയ ചേർത്തുപിടിക്കലിൻ്റെ തിളക്കമായി ആ സന്ദർശനം.


ma baby 1.jpg

കരൂർ ദുരന്തത്തിൽ മരിച്ച രണ്ടുവയസുകാരൻ ദ്രുവ് വിഷ്ണുവിന്റെ അമ്മയെയും പിതൃ സഹോദരിയെയും വീട്ടിലെത്തി എം എ ബേബിയും നേതാക്കളും ആശ്വസിപ്പിക്കുന്നു


അവിടെനിന്നുള്ള ചെറുവഴിയിലൂടെ അൽപ്പം നടന്നാൽ ഇന്ദിരാനഗറിലെ കൊച്ചു വീട്. ഒന്നേമുക്കാൽ വയസ്സുള്ളപ്പോഴേ ജീവൻ പൊലിഞ്ഞ ധ്രുവ് വിഷ്ണുവിൻ്റെ ഫോട്ടോ മുന്നിലുണ്ട്. വിടരും മുമ്പേ കൊഴിഞ്ഞ കുഞ്ഞിനെപ്പറ്റി പറയുമ്പോൾ ആ ദുർദിനം ഓർത്തെടുത്തു അവൻ്റെ അത്ത(പിതൃസഹോദരി ലല്ലി). " മനസ്സ് കല്ലായിര്ക്ക്. കൊളന്തക്ക് വേണ്ടി താൻ അവനെ കൂട്ടീട്ട് പോയത്. ഇപ്പിടിയൊന്നും നെനച്ചതേയില്ല"- ഹൃദയം പിളർക്കും വിലാപം. കുഞ്ഞിൻ്റെ അമ്മ മാതേശ്വരി തളർന്ന് അവിടെയിരിക്കുന്നുണ്ടായിരുന്നു. മിണ്ടാനും കേൾക്കാനുമാകില്ല അവർക്ക്. കരച്ചിൽ പോലും ഖനീഭവിച്ച അമ്മ. ഭർത്താവ് വിമൽ കൂലിപ്പണിക്കാരനാണ്. ധ്രുവിന് ടിവിയിൽ വിജയ് യെ കാണുന്നത് വലിയ ഇഷ്ടമായിരുന്നു. വിജയ് പാട്ടുകൾക്ക് കാലാട്ടി കുഞ്ഞ് താളം പിടിക്കും. അതുകൊണ്ടാണ് ഇത്രയടുത്ത് നടൻ വന്നപ്പോൾ അവനെ കൊണ്ടുപോയത്. പക്ഷെ തിരക്കിൽ കുഞ്ഞ് നഷ്ടപ്പെട്ടു-ലല്ലി സംഭവം വിവരിച്ചു. എന്തിനും ഏതിനും ഒപ്പമുണ്ടെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.


കരൂർ ഗവ. മെഡിക്കൽ കോളേജിലെ അഞ്ചാംനിലയിലെ വാർഡിൽ മദീസ് എന്ന 14കാരനരികിലാണ് പിന്നീടെത്തിയത്. പരിക്കേറ്റവരിൽ മൺമംഗലം സ്വദേശിയായ അവൻ മാത്രമേ ചികിത്സയിലുള്ളൂ. കൈ പൊട്ടി ശസ്ത്രക്രിയ കഴിഞ്ഞു. ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെടുന്ന ആ ഒമ്പതാം ക്ലാസുകാരന് ഇനി എന്ന് കളിക്കാനാകും എന്ന് വിഷമം. ബാറ്റും ബോളും വാങ്ങിനൽകാമെന്ന് പറഞ്ഞ് എം എ ബേബി അവനെ സമാധാനിപ്പിച്ചു.


hsptl baby

കരൂർ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മതീഷിനെ (14) ഗവ. മെഡിക്കൽ കോളേജിലെത്തി ആശ്വസിപ്പിക്കുന്നു


കരൂരിൽനിന്ന് അമരാവതി നദിക്ക് കുറുകെയുള്ള പാലം കടന്ന് ഏമൂർ പുതൂർ ഗ്രാമത്തിലെത്തുമ്പോൾ വെയിൽ തിളക്കുന്നുണ്ടായിരുന്നു. നാട്ടുകാർ വാൻ ഏർപ്പാടാക്കിയാണ് വിജയ് യെ കാണാൻ പോയത്. മരിച്ച അറ്ക്കാണി(65)യുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അറ്ക്കാണിയുടെ മരുമകൾ പഴനിയമ്മ കണ്ണീരോടെ നേതാക്കളോട് ആ ദിവസത്തെപ്പറ്റി പറഞ്ഞു. പകൽ 11നാണ് അവർ പോയത്. പിന്നീട് രാത്രിയാണ് മരിച്ചുവെന്ന വിവരം കിട്ടിയത്.


000kar-1759529042373-5d39494b-8283-4cf4-b627-552df685d354-900x530

കരൂർ ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട ശക്തിവേലിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആശ്വസിപ്പിക്കുന്നു. കെ രാധാകൃഷ്ണൻ എംപി, പൊളിറ്റ്ബ്യൂറോ അംഗം യു വാസുകി, വി ശിവദാസൻ എംപി എന്നിവർ സമീപം



Related News


അവിടെനിന്ന് അൽപ്പം മുന്നോട്ട് പോയാൽ ദുരന്തത്തിൽ മരിച്ച ചന്ദ്ര (39) യുടെ വീട്. മകൻ ശക്തിവേലി (15) നൊപ്പമാണ് ചന്ദ്ര വേലുച്ചാമിപുരത്തേക്ക് പോയത്. സിപിഐ എം നേതാക്കൾ ശക്തിവേലിനോട് സംസാരിച്ചു. ദുഖം കനംവച്ച കണ്ണുകളോടെ അവൻ പതിഞ്ഞ ശബ്ദത്തിൽ വിജയ് റാലിയെപ്പറ്റി പറഞ്ഞു. " പകൽ 11നാണ് പോയത്. കൂടെ വന്നവർ വെള്ളമൊക്കെ കരുതിയിരുന്നു. വിജയ് യെ കാണുകയായിരുന്നു ആഗ്രഹം. വലിയ ആൾക്കൂട്ടമായിരുന്നു അവിടെ. അമ്മ എന്നെ കോവിലനരികെ നിർത്തി തിരക്കിലേക്കു പോയി. ഏഴുമണിക്കൂർ അവിടെ കാത്തുനിന്നു. അവിടെ തിരക്ക് നിയന്ത്രിക്കാനുള്ള അറിയിപ്പോ, വളണ്ടിയർമാരോ ഇല്ലായിരുന്നു. തിരക്ക് കൂടി വന്ന് എന്നെ പിന്നിൽ നിന്ന് തള്ളി. പിന്നെ ആരൊക്കെയോ ചേർന്ന് രക്ഷപ്പെടുത്തി. രാത്രി അപ്പാക്ക് പൊലീസിൻ്റെ ഫോൺ വന്നു. അമ്മ മരിച്ചുവെന്ന്." ശക്തിവേൽ ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് എം എ ബേബി ചോദിച്ചു. പഠിക്കുന്നില്ലെന്നും രണ്ടു വർഷം മുമ്പ് ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയെന്നും മറുപടി. പഠിച്ച് വലിയ ആളാകണമെന്ന് നേതാക്കൾ പറഞ്ഞു. ശക്തിവേലിൻ്റെ പഠനം സിപിഐ എം ഏറ്റെടുക്കുമെന്നും അതിനു വേണ്ടി എല്ലാ ക്രമീകരണവും പാർടി ചെയ്യുമെന്നും ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. " ശക്തിവേൽ പാർടിയുടെ മകനാണ്. ഇവനെ ഞങ്ങൾ ഏറ്റെടുക്കുന്നു"- അദ്ദേഹം പറഞ്ഞു. അവനെ ചേർത്തുപിടിച്ചു. അപ്പോൾ സങ്കടത്തിൻ്റെ ആഴമുറഞ്ഞ ശക്തിവേലിൻ്റെ മുഖത്ത് ചെറുവെളിച്ചം പരന്നു. ദുരന്തബാധിതരെ സി പി ഐ എം ചേർത്തുപിടിക്കുന്നതെങ്ങനെയെന്നതിൻ്റെ തെളിവായി ആ കൂടിക്കാഴ്ച.


സമീപത്തെ സ്കൂളിൻ്റെ സ്റ്റേജിൽ അപ്പോൾ മാധ്യമ പ്രവർത്തകർ കാത്തുനിന്നിരുന്നു. അവിടെ എം എ ബേബിയുടെ വാർത്താസമ്മേളനം. അത് കഴിഞ്ഞിറങ്ങി മരത്തണലിൽ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിച്ചു. സിപിഐ എം നേതാക്കൾ അവരുടെ പ്രശ്നങ്ങൾ കേട്ടു. എല്ലാം പരിഹരിക്കാൻ ഇടപെടുമെന്ന് ഉറപ്പുനൽകി.


ദുരന്തത്തിൽ മരിച്ച ഒമ്പതുവയസുകാരൻ പ്രിഥ്വികിൻ്റെ വീട്ടിലെത്തുമ്പോൾ കസേരയിൽ തളർന്നിരിക്കുകയായിരുന്നു അമ്മ ശർമിള. ശർമിളയും മകനും ഒരുമിച്ചാണ് വിജയ് യെ കാണാൻ പോയത്. അഞ്ചാം ക്ലാസുകാരനായ പ്രിഥ്വിക്കിൻ്റെ വലിയ ആഗ്രഹമായിരുന്നു നടനെ കാണുകയെന്നത്. എട്ടു വർഷം മുമ്പ് അവൻ്റെ അച്ഛൻ ഉപേക്ഷിച്ചുപോയി. ശർമിളയും അമ്മ ശെൽവറാണിയും ടെക്സ്റ്റൈൽ വേല ചെയ്ത് അവനെ വളർത്തി. റാലിക്കിടെ ശർമിളക്ക് പരിക്കേറ്റു. ശർമിള രണ്ടുവർഷം കരൂർ സർക്കാർ കോളേജിൽ ബിബിഎ പഠിച്ചിരുന്നു. വിവാഹശേഷം പഠനം നിർത്തി. പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്നു. ശർമിളയുടെ തുടർപഠനവും പാർടി ഏറ്റെടുക്കുമെന്ന് എം എ ബേബി പറഞ്ഞു. പുതിയ ജീവിതം കെട്ടിപ്പടുക്കാൻ പാർടി കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.


vists


വിജയ് യെ കണ്ടേ മടങ്ങൂവെന്ന് പറഞ്ഞാണ് പ്രിയദർശിനി (37) യും മകൾ ധരണിക (14) യും അവസാനം ശക്തിവേലിനെ വിളിച്ചത്. വീട്ടിലെത്തിയ സിപിഐ എം നേതാക്കളോട് ഭാര്യയേയും മകളെയുംപ്പറ്റി അയാൾ പറഞ്ഞു. മൂത്ത മകൾ നേരത്തെ മരിച്ചു. ഒമ്പതാം ക്ലാസിലായിരുന്നു ധരണിക. ടാസ്മാ ക് ജീവനക്കാരനാണ് ശക്തിവേൽ. ഭാര്യയുടെ ബാഗ് അയാൾ കാണിച്ചുതന്നത് ഏവരെയും നോവിലാഴ്ത്തി. ഏമൂർ പുതൂരിൽ നിന്ന് തിരിച്ചു വന്ന് കരൂർ ശിവശക്തി നഗറിലെ ആനന്ദ ജ്യോതിയുടെ വീട്ടിലാണ് പിന്നീട് നേതാക്കൾ എത്തിയത്. ആനന്ദ ജ്യോതിയുടെ ഭാര്യ ഹേമലത, മക്കൾ സായി കൃഷ്ണ (10), സായി ജീവ (നാല്) എന്നിവർ റാലിക്കിടെ മരിച്ചു. അവരുടെ ഗ്രൂപ്പ് ഫോട്ടോയിൽ മാല ചാർത്തിയിട്ടുണ്ട്. തിരക്കിൽ അമരുംമുമ്പ് ദുരന്തസ്ഥലത്തു നിന്ന് അവരെടുത്ത സെൽഫി ആനന്ദജ്യോതി കാണിച്ചുതന്നു. കുടുംബാംഗങ്ങളോട് ദീർഘനേരം ആശ്വാസവാക്കുകൾ ചൊരിഞ്ഞ് നേതാക്കൾ ഇറങ്ങി.


vists22

സന്ദർശനം കഴിഞ്ഞ് സിപിഐ എം കരൂർ ജില്ലാകമ്മിറ്റി ഓഫീസിൽ അനുശോചനയോഗം ചേർന്നു. ജീവൻ നഷ്ടമായവർക്ക് ആദരാജ്ഞലിയർപ്പിച്ച് മെഴുകുതിരികൾ തെളിച്ചു. ദുരന്തം ഉറ്റവരെ കവർന്ന കുടുംബങ്ങൾക്ക് പ്രത്യാശയേകാൻ, തണലാകാൻ സിപിഐ എം എന്നുമുണ്ടാകുമെന്ന പ്രഖ്യാപനമായിരുന്നു ആ മെഴുകുതിരി വെട്ടങ്ങൾ.

(ചിത്രങ്ങൾ: ശരത് കൽപ്പാത്തി)



deshabhimani section

Dont Miss it

Recommended for you

Home