തലമുറ ഏറ്റെടുത്ത സ്വപ്‌നം

ബെന്യാമിൻ
Published on Jul 23, 2025, 11:58 PM | 2 min read
കണ്ണേ.. കരളേ.. വി എസേ.. എന്ന മുദ്രാവാക്യം കഴിഞ്ഞ രണ്ടുദിവസമായി ഇടമുറിയാതെ കേരളമാകെ മുഴങ്ങുകയായിരുന്നു. പാർടി പ്രവർത്തകരുടെ മാത്രം ഒറ്റപ്പെട്ട മുദ്രാവാക്യംവിളി ആയിരുന്നില്ല അത്. കേരളത്തിലെ ആബാലവൃദ്ധവും തങ്ങളുടെ ഹൃദയംനുറുങ്ങി വിളിച്ച വിലാപമായിരുന്നു കേട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവൻ ഇനി തങ്ങൾക്കൊപ്പം ഇല്ലല്ലോ എന്ന ദുഃഖത്തിൽനിന്നും ആശങ്കയിൽനിന്നുമുള്ള കണ്ണീരാണ് ആ വാചകങ്ങളിലൂടെ പുറത്തുവന്നത്. ജാതിമത രാഷ്ട്രീയ ഭേദമൊന്നുമില്ലാതെ അശരണരും സാധാരണക്കാരുമായ മനുഷ്യരായിരുന്നു അവർ. തൊഴിലാളികൾ, കർഷകർ, അമ്മമാർ, കുഞ്ഞുങ്ങൾ, നമ്മൾ ജെൻ സി എന്ന് വിശേഷിപ്പിക്കുന്ന ചെറുപ്പക്കാർ, പ്രായമായവർ. അധ്വാനത്തിന്റെ വിയർപ്പുമണമുള്ള മനുഷ്യർ. വെറും മനുഷ്യർ. അവർക്കൊക്കെ വി എസിനെ ഒരുനോക്ക് കാണണമായിരുന്നു.
ബുധനാഴ്ച അതിരാവിലെതന്നെ ഞാൻ വി എസിന്റെ പുന്നപ്രയിലെ വീട്ടിൽ എത്തിയതുകൊണ്ട് അവരെ നേരിട്ട് കണാൻ, അവരുടെ ഓരംചേർന്ന് നിൽക്കാൻ എനിക്കും ഭാഗ്യമുണ്ടായി. തലേന്ന് രാത്രി ഒമ്പതുമണിക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചു ക്യൂവിൽ ഇടംപിടിച്ചവർ നീണ്ട പതിനഞ്ച് മണിക്കൂർ വൈകിയിട്ടും ഒട്ടും മുഷിയാതെ ഒട്ടും തളരാതെ കണ്ടേ ഞങ്ങൾ മടങ്ങൂ എന്ന നിശ്ചയദാർഢ്യത്തോടെ ആ വരികൾ തുടരുകതന്നെ ചെയ്‌തു.
എങ്ങനെയാണ് ഒരു രാഷ്‌ട്രീയ നേതാവ് ജനങ്ങളുടെ ഹൃദയത്തിൽ കയറിപ്പറ്റുന്നതെന്ന് നിരീക്ഷിക്കാൻ അദ്ദേഹത്തെ വീട്ടിലെത്തിക്കുന്നതുവരെയുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങൾ പ്രയോജനപ്പെട്ടു. അവരിൽ പലരും അദ്ദേഹത്തിനെ ഇതിനു മുമ്പ് കണ്ടിട്ടുള്ളവരല്ല, അദ്ദേഹത്തിൽനിന്ന് വ്യക്തിപരമായി എന്തെങ്കിലും ഗുണഫലം നേടിയെടുത്തവരുമല്ല.
പ്രത്യേകിച്ച് ഞാൻ നേരത്തെ സൂചിപ്പിച്ച ചെറുപ്പക്കാരും കുട്ടികളും. എന്നാലും വി എസും അദ്ദേഹത്തിന്റെ തലമുറയും അദ്ദേഹത്തിന്റെ പാർടിയും രക്തം കൊടുത്തും വിയർപ്പ് കൊടുത്തും നേടിയെടുത്ത സൗഭാഗ്യത്തിന്റെ തണലിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം അവർ നേടിയെടുത്തിരിക്കുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന് കേരളം വ്യത്യസ്‌തമായിരിക്കുന്നതിന്റെ കാരണം ഈ മനുഷ്യന്റെ തലമുറയാണെന്ന് അവർ മനസിലാക്കിയതുകൊണ്ടാണ് അവർക്കിങ്ങനെ കാത്തുനിൽക്കാൻ തോന്നിയത് എന്നുറപ്പ്.
തെരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടുമാത്രമല്ല ഒരു രാഷ്‌ട്രീയ പ്രവർത്തകനെയും അദ്ദേഹത്തോട് ജനങ്ങൾക്കുള്ള ഇഷ്ടവും വിലയിരുത്തേണ്ടതെന്ന് വി എസിനോടുള്ള ജനങ്ങളുടെ ഈ സ്നേഹം തെളിയിക്കുന്നു. അദ്ദേഹം ഒന്നിലധികം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ആളാണ്. എന്നാൽ അദ്ദേഹം ചെയ്ത സമരങ്ങളൊന്നും പരാജയപ്പെട്ടിട്ടില്ലെന്നും ഏറ്റെടുത്ത വിഷയങ്ങൾ ഒന്നും അദ്ദേഹം കൈവിട്ടില്ലെന്നും ഈ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതാണ് ആ സ്നേഹത്തിന്റെ ബലം.
അദ്ദേഹത്തെ കണ്ട് വേലിക്കത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ അടുത്തുള്ള ഒരു വീടിന്റെ മട്ടുപ്പാവിലിരുന്ന് ഒരു കൊച്ചുകുഞ്ഞ് ആവേശത്തോടെ വിളിച്ചുകൊടുക്കുന്നു ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..' അദ്ദേഹത്തെ കാണാനായി ക്യൂവിൽ നിൽക്കുന്നവർ അത് ആവേശത്തോടെ ഏറ്റുവിളിക്കുന്നു. വി എസ് മുന്നോട്ടുവച്ച ആശയങ്ങൾ, കേരളീയജനതയ്ക്ക് നൽകിയ സമരവീര്യം, നേടിത്തന്ന അവകാശങ്ങൾ ഈ തലമുറ കൈവിടാതെ സൂക്ഷിക്കും എന്നതിന്റെ സാക്ഷ്യമായി അ ത് മാറി.














