‘ഒന്നിനും തെളിവില്ല’; സ്‌ഫോടനക്കേസുകൾ അട്ടിമറിച്ച് ബിജെപിവാഴ്‌ച


അമൽ കൃഷ്ണൻ
Published on Jul 31, 2025, 05:32 PM | 4 min read
രാജ്യത്ത് സംഘപരിവാർ പ്രതിക്കൂട്ടിലായ സ്ഫോടനക്കേസുകൾ ഒന്നൊന്നായി തേച്ചുമായ്ക്കപ്പെടുന്നു. മലേഗാവ് സ്ഫോടനക്കേസിലും വിധി വന്നതോടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന പ്രധാനകേസുകളിൽനിന്നെല്ലാം രക്ഷപെട്ടിരിക്കുകയാണ് ഹിന്ദുത്വവർഗീയവാദികൾ. മതന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുമ്പോഴാണ് സംഘപരിവാർ നേതാക്കൾ സ്ഫോടനക്കേസുകളിൽനിന്ന് മുക്തരാക്കപ്പെടുന്നത്.
സംഘപരിവാർ പ്രവർത്തകരും നേതാക്കളും പ്രതിസ്ഥാനത്ത് വന്ന ഏഴ് സ്ഫോടനങ്ങളാണ് 2004 മുതൽ 2008 വരെ മാത്രം ഉണ്ടായത്. പല സ്ഫോടനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് സ്വാമി അസീമാനന്ദ, സുനിൽ ജോഷി, സാധ്വി പ്രഗ്യാ സിങ്, കേണൽ ശ്രീകാന്ത് പുരോഹിത് എന്നിവരടങ്ങുന്ന ഹിന്ദുത്വസംഘമാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. 2014 നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസുകളിൽ നിന്നെല്ലാം പ്രതികൾ രക്ഷപെട്ടു. തെളിവില്ലെന്ന് കാട്ടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രതികളെയെല്ലാം രക്ഷിച്ചെടുക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.
മഹാരാഷ്ട്രയിലെ ജൽനയിൽ മുസ്ലിം പള്ളിയിലായിരുന്നു ആദ്യ സ്ഫോടനം. 2004 ആഗസ്ത് 24നുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 2006 സെപ്തംബർ എട്ടിന് മലേഗാവിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. തുടർന്ന് 2007 മെയ് 18ന് മെക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ 16ഉം ഒക്ടോബർ 11ന് അജ്മീർ ദർഗയിലുണ്ടായ സ്ഫോടനത്തിൽ രണ്ടും പേർ കൊല്ലപ്പെട്ടു. തുടർന്നായിരുന്നു സംഝോത സ്ഫോടനം. 2008 സെപ്തംബർ 29ന് മലേഗാവിലും ഗുജറാത്തിലെ മൊദാസയിലും വീണ്ടും സ്ഫോടനമുണ്ടായി. മൊദാസയിൽ ഒരാളും മലേഗാവിൽ പത്തുപേരും കൊല്ലപ്പെട്ടു.
മുംബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായ ഹേമന്ത് കർക്കറെയായിരുന്നു ഹിന്ദുത്വ ഭീകരരിലേക്ക് അന്വേഷണം എത്തിച്ചത്. ആർഎസ്എസുകാരായ പ്രതികൾക്കായി കേസ് ദുർബലപ്പെടുത്താൻ എൻഐഎ സമർദം ചെലുത്തുന്നതായി മലേഗാവ് കേസുകളിലെ പ്രോസിക്യൂട്ടർ രോഹിണി സെല്യാന് പരസ്യമായി പറയേണ്ടിവന്നു.
ജൽന സ്ഫോടനം
2004 ആഗസ്ത് 27നാണ് മഹാരാഷ്ട്രയിലെ മുസ്ലീംപള്ളികളിൽ നമസ്കാരത്തിനിടെ ബോംബാക്രമണമുണ്ടായത്. ജൽന, പർബനി എന്നീ ജില്ലകളിലെ രണ്ട് പള്ളികളിൽ ഏതാണ്ട് ഒരേസമയത്തായിരുന്നു സ്ഫോടനങ്ങൾ. ഇരുപതോളം പേർക്ക് പരിക്കേറ്റു. മലേഗാവ് സ്ഫോടനക്കേസിൽ ഉൾപ്പെടെ പ്രതിയായ രാകേഷ് ധവാഡെ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി കേസെടുത്തെങ്കിലും 2012 ജൂലൈ 18ന് ഇവരെ കുറ്റവിമുക്തരാക്കി.
2006 മലേഗാവ് സ്ഫോടനം
2006 സെപ്തംബർ എട്ടിനാണ് നാസിക്കിലെ മലേഗാവിൽ സ്ഫോടനമുണ്ടായത്. മഹാരാഷ്ട്ര തീവ്രവാദ വിരുധ സേന (എടിഎസ്) ന്യൂനപക്ഷവിഭാഗങ്ങളെ പ്രതികളാക്കി കേസെടുത്തു.

2013ൽ കേസ് എൻഐഎ ഏറ്റെടുത്തതോടെ തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവർത്തകരായ എട്ട് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. പിന്നീട 2016 ഏപ്രിൽ 25ന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തി ഇവരെ കുറ്റവിമുക്തരാക്കി.
സംഝോത എക്സ്പ്രസ് സ്ഫോടനം
2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിന് സമീപമാണ് സംഝോത എക്സ്പ്രസിൽ സ്ഫോടനമുണ്ടായത്. പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികൾ സ്ഫോടനത്തിൽ പൂർണമായി തകർന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാകിസ്ഥാൻകാരായിരുന്നു. 2010ൽ ഭീകരവിരുധ സ്ക്വാഡിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തു.
2019 മാർച്ച് 20ന് കേസിൽ സ്വാമി അസീമാനന്ദയടക്കം നാലു പ്രതികളെ എൻഐഎ കോടതി കുറ്റവിമുക്തരാക്കി. കുറ്റങ്ങൾ തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാറുകാരെ കോടതി വെറുതെവിട്ടത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തി മൂന്നു മാസത്തിനകം സംഝോത കേസിൽ അസീമാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എൻഐഎ എതിർത്തില്ല. പിന്നീട് കേണൽ പുരോഹിതിനെ കേസിൽനിന്ന് ഒഴിവാക്കി.

ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വാരാണസിയിലെ സങ്കടമോചൻ മന്ദിർ തുടങ്ങിയ ക്ഷേത്രങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടായതിൽ അസ്വസ്ഥരായാണ് പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ആരോപണങ്ങൾ തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ആർഎസ്എസ് പ്രവർത്തകനായിരുന്ന സ്വാമി അസീമാനന്ദ, സുനിൽ ജോഷിയടക്കം എട്ടുപേരായിരുന്നു കേസിൽ പ്രതികൾ. ഒളിവിൽ പോയ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
മക്കാ മസ്ജിദ്
2007 മെയ് 18നാണ് രാജ്യത്തെ ഞെട്ടിച്ച് ഹൈദരാബാദിലെ മക്കാ മസ്ജിദിൽ സ്ഫോടനമുണ്ടായത്. ചാർമിനാറിനോട് ചേർന്ന പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 58 പേർക്ക് പരിക്കേറ്റു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. 2011 ഏപ്രിലിലാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. തീവ്രഹിന്ദുത്വ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലേഗാവ് സ്ഫോടനക്കേസ് പ്രതി ശ്രീകാന്ത് പുരോഹിതും ഇത് സംബന്ധിച്ച് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് കേസിൽ മലക്കംമറിച്ചിലുണ്ടായി. കുറ്റപത്രം സമർപ്പിക്കുന്നതിന് രണ്ടാഴ്ച മുൻപ് അന്വേഷണ ഉദ്യോഗസ്ഥനെ പൊടുന്നനെ സ്ഥാനത്തുനിന്ന് നീക്കി.

2018 ഏപ്രിൽ 16നാണ് മക്കാ മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ അടക്കമുള്ള മുഴുവൻ പ്രതികളെയും എൻഐഎ പ്രത്യേക കോടതി വെറുതെ വിട്ടത്. വിധിപ്രസ്താവിച്ച് ഏഴ് മണിക്കൂറിനുള്ളിൽ ജഡ്ജി രവീന്ദർ റെഡ്ഡി രാജിവെക്കുകയും ചെയ്തു. തുടർന്ന് അതേവർഷം ഒക്ടോബറിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമായ തെലങ്കാന ജനസമിതി പാർടിയിൽ രവീന്ദർ റെഡ്ഡി അംഗത്വം എടുത്തു. മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത് ഒത്തുകളിയുടെ ഭാഗമായാണെന്ന് ആക്ഷേപം അന്നുതന്നെ ഉയർന്നിരുന്നു.
പ്രതികൾക്കെതിരായ കുറ്റംതെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുകാട്ടി വിചാരണ നേരിട്ട അഞ്ചുപേരെയാണ് വെറുതെവിട്ടത്. അഭിനവ് ഭാരത് പ്രവർത്തകരായ നവകുമാർ സിർക്കാർ എന്ന സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശർമ എന്ന അജയ് തിവാരി, ഭാരത് മോഹൻലാൽ രതേശ്വർ എന്ന ഭരത് ഭായ്, രാജേന്ദ്ര ചൗധരി എന്നിവർ കുറ്റവിമുക്തരായി. കേസിൽ അപ്പീൽ നൽകുമെന്ന് എൻഐഎ അറിയിച്ചെങ്കിലും അതുണ്ടായില്ല. പ്രതിയായ ആർഎസ്എസ് പ്രചാരകനും മധ്യപ്രദേശ് സ്വദേശിയുമായ സുനിൽ ജോഷി കേസന്വേഷണം നടക്കുന്നതിനിടെ കൊല്ലപ്പെട്ടു.
അജ്മീർ സ്ഫോടനം
2007 ഒക്ടോബർ 11ന് അജ്മീറിലെ ഖ്വാജ മൊയ്നുദീൻ ദർഗയിൽ സംഘപരിവാർ സംഘം നടത്തിയ സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിലും മുഖ്യപ്രതി സ്വാമി അസീമാനന്ദ ആയിരുന്നു. 2017 മാർച്ച് 8ന് അസീമാനന്ദ ഉൾപ്പെടെ മൂന്ന് പ്രതികളെ എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. സുനിൽ ജോഷി, ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി. ഇതിൽ സുനിൽ ജോഷിയെ 2007 ഡിസംബർ 29ന് ദുരൂഹമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

അസീമാനന്ദാണ് കേസിലെ മുഖ്യആസൂത്രകനെന്ന് എൻഐഎ ആദ്യം കണ്ടെത്തിയത്. എന്നാൽ അസീമാനന്ദിന് ഒരു പങ്കുമില്ലെന്ന് വിധിച്ച് കോടതി ഇവരെ വെറുതെവിടുകയായിരുന്നു.
മൊദാസ ആക്രമണം
2008 സെപ്തംബർ 29ന് റംസാൻ ദിനത്തിലാണ് ഗുജറാത്തിലെ മൊദാസയിൽ മോട്ടോർ സൈക്കിളിൽ ബോംബ് സ്ഫോടനമുണ്ടായത്. സൂക്ക ബസാറിലുണ്ടായ സ്ഫോടനത്തിൽ 15 വയസുകാരൻ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലേഗാവ് സ്ഫോടനക്കേസിൽ ഉൾപ്പെട്ട ആർഎസ്എസ് പ്രവർത്തകരായ സന്ദീപ് ഡാങ്കെയും രാംമി കൽസങ്രയുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഇവരിലേക്ക് എത്തിയില്ല. എൻഐഎ ഏറ്റെടുത്ത കേസിൽ ആരെയും പ്രതിചേർത്തിരുന്നില്ല. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസനാപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ എൻഐഎ കോടതിക്ക് റിപ്പോർട്ട് നൽകി.
2008 മലേഗാവ് സ്ഫോടനം
ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് 2008ലെ മലേഗാവ് സ്ഫോടനം. സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ മലേഗാവിൽ പളളിയ്ക്ക് സമീപത്തായി മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മഹാരാഷ്ട്ര എടിഎസ് അന്വേഷിച്ച കേസ് 2011ൽ എൻഐഎ ഏറ്റെടുത്തു.

മുൻ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജർ രമേശ് ഉപോധ്യായ, അജയ് രഹീർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരായിരുന്നു പ്രതികൾ. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ബൈക്ക് പ്രഗ്യാ സിങ് ഠാക്കൂറിൻ്റെ പേരിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അഭിനവ് ഭാരതാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയ മഹാരാഷ്ട്ര എടിഎസ് 2008 ഒക്ടോബറിൽ പ്രഗ്യാ സിങ് ഠാക്കൂറിനെയും പ്രസാദ് പുരോഹിതിനെയും അറസ്റ്റ് ചെയ്തു. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാൽ 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കാർക്കറെ കൊല്ലപ്പെട്ടു.
17 വർഷത്തിന് ശേഷം ജൂലൈ 31ന് കേസിൽ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ പ്രത്യേക കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്. പ്രഗ്യാ സിങിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിനും, ബോംബ് നിർമിച്ചത് പുരോഹിത് ആണെന്നതിനും തെളിവില്ലെന്ന് കോടതി പറഞ്ഞു. പുരോഹിതിൻറെ വിരലടയാളം പോലും ഒരിടത്തുമില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.









0 comments