"രാഖി' മിനുക്കുന്നുണ്ട്‌ , തടഞ്ഞ്‌ കേരളം

Rss Agenda
വെബ് ഡെസ്ക്

Published on Aug 03, 2025, 01:47 AM | 4 min read

ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ ആക്രമണം തുടങ്ങിയിട്ട്‌ ഏറെ നാളായി. കേരളത്തിലും പലവട്ടം ആയുധം രാകി മിനുക്കി ശ്രമിച്ചിട്ടുണ്ട്‌. ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഒന്നു മാത്രമാണ്‌ അവരെ പിന്നോട്ടടിപ്പിച്ചത്‌. തലശേരി കലാപകാലത്ത്‌, മുസ്ലിം പള്ളിക്കുനേരെയുള്ള ആർഎസ്‌എസ്‌ ആക്രമണത്തെ ചെറുത്തതിന്‌ രക്തസാക്ഷിയായ യു കെ കുഞ്ഞിരാമൻ സിപിഐ എം പ്രവർത്തകനായിരുന്നു. തുടർന്നിങ്ങോട്ടും ഇടതുപക്ഷത്തിന്റെ കരുത്തിലാണ്‌ ആർഎസ്‌എസിന്‌ അവരുടെ മോഹം കേരളത്തിൽ നടപ്പാക്കാനാകാതിരുന്നത്‌.


വർഗീയ കലാപങ്ങൾ ഉണ്ടായതെല്ലാം യുഡിഎഫ്‌ ഭരണകാലത്താണ്‌. കേരളത്തിനു പുറത്ത്‌ ബിജെപിയും കോൺഗ്രസും ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്‌. ബിജെപിക്കെതിരായി ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന്‌ കഴിയാത്തതാണ്‌ കാരണം. നേരത്തേ നേമം നിയമസഭാ മണ്ഡലത്തിലും ഇപ്പോൾ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും ബിജെപിക്ക്‌ ജയിക്കാനായത്‌ കോൺഗ്രസ് വോട്ടുകൾ മറിച്ചുനൽകിയതിനാലാണ്‌.


കേരളത്തിലും വേരുറപ്പിക്കാനാണ്‌ സംഘപരിവാർ ശ്രമം. അതിനാണ്‌ പലപ്പോഴും കോൺഗ്രസിനെ കൂട്ടുപിടിക്കുന്നത്‌. മതനിരപേക്ഷതയുടെ മണ്ണായി കേരളത്തെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നാണ്‌ അനുഭവങ്ങൾ തെളിയിക്കുന്നത്‌.


ഭാരത്‌ മാതാവിന്‌ ജയ്‌ വിളിച്ച്‌ വിശ്വാസികൾക്കെതിരെ

2015 ജൂൺ 14നാണ്‌ തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്ത്യൻ പെന്തക്കോസ്‌തു സഭ വിശ്വാസികളുടെ പ്രാർത്ഥനയോഗത്തിൽ അതിക്രമിച്ച്‌ കയറി ഒരു സംഘം ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകർ അക്രമം അഴിച്ച്‌ വിട്ടത്‌. പിന്നാലെ തൊട്ടടുത്ത നഗരസഭ ലൈബ്രറിയുടെ ഹാളിൽ ‘റിച്ച്‌ ഇൻ ദ വേൾഡ്‌ വിത്ത്‌ ലൗ മി’ എന്ന സ്വതന്ത്രസഭയുടെ വിശ്വാസികളെയും ആക്രമിച്ചു. ലൈബ്രറിയുടെ ജനൽചില്ലുകളെല്ലാം എറിഞ്ഞും അടിച്ചുംപൊട്ടിച്ചു. പാസ്‌റ്റർ സിജു ഗണേശനും അസി. പാസ്‌റ്റർ സാമിനും അഞ്ചു സ്‌ത്രീകൾക്കും പരിക്കേറ്റു. അന്നത്തെ യുഡിഎഫ്‌ സർക്കാർ അനങ്ങിയില്ല. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ സ്ഥലം സന്ദർശിച്ചു. അതിനുശേഷമാണ്‌ അഞ്ച്‌ ആർഎസ്‌എസുകാരെ അറസ്‌റ്റുചെയ്‌തത്‌.


സിനിമ സെറ്റ്​ 
തകർത്ത ഭീകര

‘മിന്നൽ മുരളി' സിനിമയുടെ ചിത്രീകരണത്തിനായി കാലടി ശിവശാത്രി മണപ്പുറത്ത്​ തയ്യാറാക്കിയ സെറ്റ് രാഷ്ട്രീയ​ ബജ്​റംഗദൾ അക്രമിസംഘം അടിച്ചുതകർത്തത്​ 2020 മെയ്​ 24നാണ്​​. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന്​ ആരോപിച്ചാണ്​ ലക്ഷങ്ങൾ ചെലവിട്ട്​ മാസങ്ങളോളം പണിയെടുത്ത്​ കെട്ടിയുയർത്തിയ സെറ്റ്​ തകർത്തത്​. 50 ലക്ഷം രൂപയുടെ നഷ്​ടമാണ്​ സിനിമയുടെ നിർമാതാവിനുണ്ടായത്​. സംഭവത്തിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയഭ്രാന്തന്മാർക്ക്​ അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പറഞ്ഞ്‌ ശക്തമായി പ്രതികരിച്ചു. തുടർന്ന്​ റൂറൽ എസ്​പി നിയോഗിച്ച പ്രത്യേക അന്വേഷകസംഘം അക്രമികളായ അഞ്ച്​ ബജ്​റംഗ​ദൾ പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തു.


മറക്കില്ല, ടിവി പുരത്തെ കലാപശ്രമം

വൈക്കം ടി വി പുരം തിരുഹൃദയ പള്ളിയോട്‌ ചേർന്ന്‌ 1996ൽ നിർമാണമാരംഭിച്ച സെമിത്തേരിയുടെ പേരിലുള്ള മുതലെടുപ്പ്‌ പൊളിച്ചത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടൽ. സെമിത്തേരിയുടെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ പ്രശ്‌നം വഷളാകാതിരിക്കാൻ അന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വന്റെ നേതൃത്വത്തിൽ തുടക്കം മുതൽ ഇടപെട്ടു. പ്രതിഷേധം ബിജെപി ഹൈജാക്ക്‌ ചെയ്യാൻ ശ്രമമാരംഭിച്ചത്‌ കാര്യങ്ങൾ വഷളാക്കി. ""ഞാൻ കൂന്താലിയുമായി സെമിത്തേരി പൊളിക്കാൻ ഇറങ്ങാം. നിങ്ങളും വരിക'' എന്നായിരുന്നു സംഘപരിവാർ നേതാവിന്റെ ആഹ്വാനം. ആ സാഹചര്യത്തിലാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തലയോലപ്പറമ്പ്‌ മുതൽ ടിവി പുരം വരെ സമാധാനാഹ്വാനവുമായി മഹാറാലി സംഘടിപ്പിച്ചത്‌. കല്ലേറും കൂക്കിവിളിയുമുണ്ടായി. എല്ലാം തരണംചെയ്‌ത്‌ ടിവി പുരത്ത്‌ വൻ സമ്മേളനം ചേർന്നു. നാട്ടിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും ക്രൈസ്‌തവ വേട്ട അവസാനിപ്പിക്കുന്നതിലും ആ റാലി വലിയ പങ്കുവഹിച്ചു. ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വിഷയം ഒത്തുതീർപ്പായി.


ക്രിസ്​മസ്​ 
കാരൾ 
സംഘത്തെയും ആക്രമിച്ചു

മുതുകുളം വെട്ടത്തുമുക്ക്‌ ജങ്‌ഷനിൽ 2024 ഡിസംബർ 22നാണ്‌ ക്രിസ്​മസ്​ സന്ദേശം നൽകാനെത്തിയവരെ ഹിന്ദുവർഗീയവാദികൾ വിരട്ടിയോടിച്ചത്​​. സന്ദേശം നൽകുകയായിരുന്ന കാരിച്ചാൽ ആശാരുപറമ്പിൽ നെൽസൺ എ ലോറൻസ്‌, അജയൻ, ആൽവിൻ എന്നിവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മൈക്ക്‌ ഓഫ്‌ ചെയ്യാനും ആവശ്യപ്പെട്ടു. പരിപാടി അലങ്കോലമാക്കുകയുംചെയ്തു.


വധ 
ഭീഷണിയും

വയനാട്ടിൽ ചെറ്റപ്പാലം ഇന്ത്യൻ പെന്തക്കോസ്​ത്​ ചർച്ചിനുനേരെ 2015ലാണ്​ ആർഎസ്​എസ്​​ ആക്രമണമുണ്ടാകുന്നത്. സ്ഥാപനത്തിന്റെ ചുമതലക്കാരനായ പാസ്റ്റർ ടി വി ജോയിയോടാണ്​​ കൊല്ലുമെന്ന്​ ഭീഷണി മുഴക്കിയത്​​. തുടർന്ന്​, സ്ഥാപനത്തിലേക്ക്​ പ്രകടനമായെത്തിയ ആർഎസ്​എസ്​ പ്രവർത്തകർ സ്ഥാപനം അടിച്ചുതകർക്കാൻ ശ്രമിച്ചു. പൊലീസാണ് ആക്രമണം തടഞ്ഞത്. പിന്നീട്​ സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സ്ഥാപനത്തിന് സംരക്ഷണമൊരുക്കി​. തുടർന്ന്​, പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന്​ പ്രദേശത്ത്​ സമാധാനം ഉറപ്പാക്കുകയായിരുന്നു.


മാരാമണ്ണിൽ സംരക്ഷണം തീർത്ത് സിപിഐ എം

ക്രൈസ്‌തവരുടെ ഏഷ്യയിലെ ഏറ്റവും വലിയ കൂട്ടായ്‌മയായ മാരാമൺ കൺവൻഷൻ ആക്രമിക്കാൻ ആർഎസ്‌എസ്‌ ശ്രമിച്ചത്‌ 1999 ഫെബ്രുവരിയിൽ. പമ്പാനദി തീരത്തെ കൺവൻഷൻ തടയുമെന്ന്‌ വിശ്വഹിന്ദു പരിഷത്ത് ഓർഗനൈസിങ്‌ സെക്രട്ടറി കുമ്മനം രാജശേഖരന്റെ ആഹ്വാനത്തിനു പിന്നാലെയാണ്‌ ആർഎസ്‌എസും വിഎച്ച്‌പിയും രംഗത്തിറങ്ങിയത്‌. കൺവൻഷൻ കേന്ദ്രത്തിലേക്ക്‌ മാർച്ച്‌ നടത്തി തടയുമെന്നായിരുന്നു ആർഎസ്‌എസ്‌ പ്രഖ്യാപനം. കൺവൻഷൻ പന്തൽ നിൽക്കുന്ന കൽക്കെട്ട്‌ പൊളിക്കാനും നീക്കമുണ്ടായി. ഡിവൈഎഫ്‌ഐയാണ്‌ മാരാമണ്ണിൽ വിശ്വാസികൾക്ക്‌ സംരക്ഷണകവചം തീർത്തത്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന വി എസ്‌ അച്യുതാനന്ദനാണ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.


കുമ്പഴയിൽ പ്രാർഥന
കഴിഞ്ഞ്‌ മടങ്ങിയ 
പാസ്‌റ്റർമാരെ ആക്രമിച്ചു

കുമ്പഴയിൽ പ്രാർഥനകഴിഞ്ഞ്‌ മടങ്ങിയ പെന്തക്കോസ്‌ത്‌ പാസ്‌റ്റർമാരെ തടഞ്ഞുനിർത്തി ആക്രമിച്ചത്‌ 12 അംഗ ആർഎസ്‌എസ്‌ സംഘം. സിറിൾ തോമസ്‌(27), എബി ജോൺ(35) എന്നിവരാണ്‌ ആക്രമിക്കപ്പെട്ടത്‌.


അവകാശമുന്നയിച്ച്‌ 
എഴുകുംവയലും ആക്രമിച്ചു

2014–-15ൽ കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന ഇടുക്കി എഴുകുംവയൽ തീർഥാടനകേന്ദ്രത്തിൽ അവകാശമുന്നയിച്ച്‌ സംഘപരിവാർ പ്രശ്‌നമുണ്ടാക്കുകയും ഒരു രാത്രി കുരിശടി തകർക്കുകയും ചെയ്തു. സമീപത്ത്‌ ശൂലവും നാട്ടി.


ജനപ്രതിനിധികളായിരുന്ന അഡ്വ. ജോയ്‌സ്‌ ജോർജ്‌, കെ കെ ജയചന്ദ്രൻ, റോഷി അഗസ്‌റ്റിൻ എന്നിവർ ഇടപെട്ട്‌ കലക്ടറേറ്റിൽ യോഗം വിളിച്ചാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. ചർച്ചയിലെ ഒത്തുതീർപ്പുപ്രകാരം അവിടെ 30 സെന്റ്‌ സ്ഥലം സംഘപരിവാറുകാർ വാങ്ങി. ഇടുക്കി രൂപതയുടെ കീഴിലുള്ള ഇവിടെ പ്രതിവർഷം മൂന്നരലക്ഷത്തിലധികം തീർഥാടകരെത്തുന്നുണ്ട്‌.


2008ൽ 
കാസർകോട്ടും കലാപനീക്കം

സംഘപരിവാർ 2008ൽ ഒറീസയിൽനിന്ന്​ തുടക്കമിട്ട ക്രൈസ്​തവവേട്ടയുടെ അലയൊലികൾ ഇങ്ങ്​ കേരളത്തിലുമുണ്ടായിരുന്നു. കാസർകോട്​ പുതിയ ബസ്​സ്​റ്റാൻഡിനുസമീപം കോട്ടക്കണ്ണി റോഡിലെ ജയ്​മാത ഇംഗ്ലീഷ്​ സ്​കൂളിനോട്​ ചേർന്നുള്ള താൽക്കാലിക പ്രാർഥനാകേന്ദ്രം ആക്രമിച്ചാണ്‌ സംഘപരിവാർ കലാപത്തിന്​ കോപ്പുകൂട്ടിയത്​. രാത്രി സ്​കൂളിന്റെ മുകൾനിലയിലെ താൽക്കാലിക പ്രാർഥനാകേന്ദ്രത്തിന്റെയും തിരുരൂപത്തിന്റെയും ജനൽച്ചില്ല്‌ തകർത്തു. തൊട്ടടുത്ത സെന്റ്​ ജോസഫ്സ്‌​ പള്ളിയുടെ ബോർഡ്​ തകർത്തു. അക്രമം വ്യാപിക്കുന്നത്​ തടയാൻ ആഭ്യന്ത്രര മന്ത്രി കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ച കർശന നടപടികളാണ്​ അന്ന്​ കേരളത്തെ കാത്തത്​.


കർണാടകയിൽ ക്രൈസ്​തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരക്കെ ആക്രമിക്കപ്പെട്ടിരുന്നു. ഒറീസയിൽ വിഎച്ച്​പി നേതാവ്​ ലക്ഷ്​മണാനന്ദയെയും ആശ്രമവാസികളായ നാലുപേരെയും അജ്ഞാതർ വെടിവച്ചുകൊന്നത്​ മറയാക്കിയാണ്​ അന്ന്‌ രാജ്യവാപകമായി സംഘപരിവാർ ക്രൈസ്​തവ വേട്ടയ്​ക്ക്​ തുടക്കമിട്ടത്​.







deshabhimani section

Related News

View More
0 comments
Sort by

Home