സുധാകര - സതീശ കാലം: മൈക്കിന് മുന്നിലെ അടി മുതൽ തെറിവിളി വരെ; പുതിയ അധ്യക്ഷൻ വന്നാൽ കോൺഗ്രസിൽ സമാധാനമുണ്ടാകുമോ?

ഫോട്ടോ: നിലിയ വേണുഗോപാൽ
ആര്യാ കൃഷ്ണൻ
Published on May 12, 2025, 06:59 PM | 4 min read
പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും താഴെയിറക്കുമെന്നും പരാജയപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന സുധാകരനാണ് ഒടുക്കം അപഹാസ്യനായി പടിയിറങ്ങിയത്.
സമാനതകളില്ലാത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പടിയിറങ്ങിയതോ പടിയിറക്കപ്പെട്ടതോ എന്നുള്ള ചർച്ചകൾ ബാക്കി നിൽക്കെ ചോദ്യമുയരുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുതിയ പ്രസിഡന്റും തമ്മിലുള്ള മധുവിധു എത്രകാലം നിലനിൽക്കുമെന്നാണ്. നാളിതുവരെ സതീശനും മുൻ പ്രസിഡന്റ് കെ സുധാകരനും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പല സന്ദർഭങ്ങളിലും മറനീക്കി പുറത്തുവന്നിരുന്നു. കോൺഗ്രസിനെയാകെ നാണം കെടുത്തുന്ന തരത്തിൽ സതീശൻ- സുധാകരൻ പോര് മുന്നോട്ടുപോവുകയും ഹൈക്കമാൻഡിന് ഇടപെടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
Related News
പരസ്യപ്പോരിനും കുതികാൽവെട്ടിനും പേരുകേട്ട കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തന്നെ പരസ്യമായി അടി കൂടിയത് പ്രവർത്തകർക്കിടയിൽ തന്നെ വിമർശനമായതാണ്. നേതാക്കൻമാർ പാർടിയുടെ വില കളയരുതെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നും പറഞ്ഞ് പാർട്ടിയുടെ യുവജനവിഭാഗമായ യൂത്ത് കോൺഗ്രസും പരസ്യമായി രംഗത്തുവന്നതോടെ കോൺഗ്രസ് പൊതുവിടത്തിൽ തീർത്തും അപഹാസ്യമായി. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലിയാണ് ഒടുവിൽ വിവാദമുണ്ടായത്. കസേരയിൽ നിന്ന് ഇറങ്ങില്ലെന്ന് സുധാകരനും പിടിച്ചിറക്കുമെന്ന് മറ്റൊരു പക്ഷവും പ്രസ്താവിച്ചതോടെ തമ്മിലടി മൂത്തു. നടക്കുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പരസ്യമായി പറയേണ്ടി വരുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. ഇതിനൊക്കെ മുന്നേ തന്നെ സതീശനും സുധാകരനും തമ്മിലുള്ള അടി മൂർധന്യാവസ്ഥയിലെത്തിയിരുന്നു.
ഫോട്ടോ: നിലിയ വേണുഗോപാൽ
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തിയ സമരാഗ്നിയുടെ ഭാഗമായാണ് ആലപ്പുഴയിൽ വച്ച് ഇരുവരും തമ്മിൽ അടിയുണ്ടായത്. സമരാഗ്നിയുടെ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇയാളിത് എന്ത് പരിപാടിയാണ് കാണിക്കുന്നത് എന്നു പറഞ്ഞ് തെറി വിളിച്ചുകൊണ്ടാണ് സുധാകരൻ നീരസം പരസ്യമായി പ്രകടിപ്പിച്ചത്. മൈക്ക് ഓണായിരുന്നതിനാൽ വിളിച്ച തെറി പൊതുജനം കേട്ടു. കൂടുതലെന്തെങ്കിലും പറയുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന മറ്റു നേതാക്കൾ തടയുകയായിരുന്നു. 10 മണിക്ക് നിശ്ചയിച്ച സമ്മേളനത്തിന് അര മണിക്കൂർ വൈകി 10.30ഓടെ സതീശൻ എത്തിയപ്പോഴും മുഖം കനപ്പിച്ചുതന്നെയാണ് കെപിസിസി അധ്യക്ഷൻ സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരസ്യമായി തെറി വിളിച്ചത് നേതൃത്വത്തിനടക്കം നാണക്കേടായതോടെ തങ്ങൾ ജ്യേഷ്ഠാനുജൻമാരെപ്പോലെയാണെന്നും സ്ട്രെയിറ്റ് ഫോർവേഡ് ആയതിനാലാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ഇരുവരും ന്യായീകരിച്ചിരുന്നു. എന്നാൽ അതിനൊക്കെ മുന്നേ തന്നെ ഇരുവർക്കുമിടയിലെ വിള്ളൽ വ്യക്തമായി വെളിപ്പെട്ടിരുന്നു.
Related News
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മറ്റു രണ്ട് തർക്കങ്ങൾ ഉണ്ടായത്. കോട്ടയം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലിയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ തർക്കമുണ്ടായത്. ആദ്യം മൈക്കെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അടിയിൽ ഒടുവിൽ സുധാകരനാണ് ആദ്യം സംസാരിച്ചത്. അതോടെ ദേഷ്യത്തിലായ സതീശൻ തുടർന്ന് സംസാരിക്കുന്നില്ലെന്ന് പറയുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ സംസാരിക്കാനായി സതീശനാണ് മൈക്കുകൾക്കു മുൻപിൽ ആദ്യമെത്തിയത്. തുടർന്നാണ് സുധാകരനെത്തിയത്. സുധാകരൻ വന്നതോടെ സംസാരിക്കാനായി സതീശൻ മൈക്കുകൾ തന്റെ മുന്നിലേക്ക് മാറ്റി.
നാളിതുവരെ സതീശനും മുൻ പ്രസിഡന്റ് കെ സുധാകരനും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പല സന്ദർഭങ്ങളിലും മറനീക്കി പുറത്തുവന്നിരുന്നു. കോൺഗ്രസിനെയാകെ നാണം കെടുത്തുന്ന തരത്തിൽ സതീശൻ- സുധാകരൻ പോര് മുന്നോട്ടുപോവുകയും ഹൈക്കമാൻഡിന് ഇടപെടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
താൻ തുടങ്ങാമെന്നു സുധാകരൻ സതീശന്റെ ചെവിയിൽ പറഞ്ഞു. എന്നാൽ താൻ തുടങ്ങാമെന്നായിരുന്നു സതീശന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് താനാണെന്നും താൻ ആദ്യം സംസാരിക്കാമെന്നും സുധാകരൻ കടുത്തതോടെ സതീശൻ അതൃപ്തിയോടെ മാറിയിരിക്കുകയായിരുന്നു. നാട്ടകം സുരേഷ് ഷാളുമായി സതീശന്റെ അടുത്തെത്തിയെങ്കിലും വേണ്ടെന്നു പറഞ്ഞും സതീശൻ ദേഷ്യം പ്രകടിപ്പിച്ചു. സംഭവം തണുപ്പിക്കാനായി വിജയത്തിന്റെ ക്രെഡിറ്റ് എല്ലാം സതീശനാണെന്ന് സുധാകരൻ പറഞ്ഞെങ്കിലും മുഖം വീർപ്പിച്ചാണ് പത്രസമ്മേളനത്തിൽ സതീശൻ ഇരുന്നത്. വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്ന് സതീശൻ പരുഷമായി പറഞ്ഞതോടെ അസ്വാരസ്യം പ്രകടമായി. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാം സുധാകരൻ തനിക്ക് തരുമെന്ന് പറഞ്ഞിരുന്നുവെന്നും അത് തടയാൻ വേണ്ടിയാണ് താൻ ആദ്യം സംസാരിക്കാമെന്ന് പറഞ്ഞതെന്നുമാണ് പിന്നീട് സതീശൻ സംഭവത്തെ ന്യായീകരിച്ചത്. എന്നാൽ നേതാക്കൾക്കിടയിലെ അസ്വാരസ്യം പ്രകടമായി തന്നെ പുറത്തുവന്നിരുന്നു.
ഫോട്ടോ: നിലിയ വേണുഗോപാൽ
പ്രസ്തുത വാർത്താസമ്മേളനത്തിൽ തന്നെയുള്ള മറ്റൊരു സംഭവവും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സുധാകരനോട് മാധ്യമപ്രവർത്തക ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചപ്പോൾ സഹായത്തിനായി നോക്കുന്ന സുധാകരനെ പ്രതിപക്ഷനേതാവ് അവഗണിക്കുന്നതായിരുന്നു വീഡിയോ. ചോദ്യം കൃത്യമായി മനസിലാകാഞ്ഞതിനാൽ സഹായത്തിനായി സതീശനെ നോക്കിയപ്പോൾ കൈയൊഴിയുന്നതാണ് കണ്ടത്. ഇതും ഏറെ ചർച്ചയായി.
മിഷൻ 2025; വാട്സാപ്പ് ഗ്രൂപ്പ് തർക്കം
മിഷൻ 2025ന്റെ പേരിലായിരുന്നു അടുത്ത തർക്കം. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ നിന്ന് സതീശൻ വിട്ടുനിന്നതോടെയാണ് നേതാക്കൾക്കിടയിലെ അടി വീണ്ടും ചർച്ചയായത്. കെപിസിസി ഭാരവാഹി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സതീശൻ കെപിസിസി സൂപ്പർ അധ്യക്ഷനാവുകയാണെന്നായിരുന്നു വിമർശനം. സുധാകരനും പിന്നീട് പേരെടുത്ത് പറയാതെ സതീശനെ വിമർശിച്ചിരുന്നു. പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേരിലാണ് കെപിസിസി അടിയന്തര യോഗം ചേർന്നത്. യോഗത്തിൽ ഭൂരിഭാഗവും സതീശനെ വിമർശിച്ചു. അധികാരത്തിലേക്ക് കടന്നുകയറുന്ന സതീശനെ നിലയ്ക്കു നിർത്തണമെന്നായിരുന്നു പലരുടെയും ആവശ്യം. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മിഷൻ 2025 എന്ന പേരിൽ പ്രവർത്തനം കോൺഗ്രസ് ആരംഭിച്ചത്. എന്നാൽ പദ്ധതി തീരുമാനിച്ചതിനു പിന്നാലെ മുഴുവൻ നിയന്ത്രണവും സതീശൻ ഏറ്റെടുത്തു. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതടക്കം തീരുമാനങ്ങളെല്ലാം സതീശൻ ഒറ്റയ്ക്ക് എടുക്കുകയാണെന്നായിരുന്നു വിമർശനം. ഇതോടെയാണ് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ നിന്ന് സതീശൻ വിട്ടുനിന്നത്.
ഒടുവിൽ കോഴിക്കോട് ഡിസിസി ഓഫീസിന് വേണ്ടി നിർമിച്ച കെ കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കാമറയ്ക്ക് മുന്നിലെത്താൻ നേതാക്കൾ ഇടി കൂടുന്നതും പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ തീർത്തും പരിഹാസ്യരായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ നാടമുറിച്ച് ഓഫീസ് ഉദ്ഘടാനം ചെയ്യാൻ നിൽക്കുമ്പോഴാണ് മറ്റ് നേതാക്കൾ ഉന്തും തള്ളുമുണ്ടാക്കിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കെ സി വേണുഗോപാലിന്റെ സമീപത്ത് നിന്ന മുൻ ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുന്നിൽ നിർത്താൻ ടി സിദ്ദിഖ് എംഎൽഎ ശ്രമിക്കുന്നതും പ്രയാസപ്പെട്ട് സതീശൻ മുന്നിലേക്കെത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം കെ കരുണാകരന്റെ പേരിൽ നിർമിച്ച ഡിസിസി ഓഫീസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മകനായ കെ മുരളീധരൻ വിട്ടുനിന്നതും വിവാദമായിരുന്നു.
പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും താഴെയിറക്കുമെന്നും പരാജയപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന സുധാകരനാണ് ഒടുക്കം അപഹാസ്യനായി പടിയിറങ്ങിയത്. പ്രത്യേകിച്ച് സ്വരമൊന്നുമില്ലാതെ കെപിസിസിയുടെ സുധാകരകാലം അവസാനിക്കുമ്പോൾ ഇനി സതീശനും സണ്ണിയും തമ്മിലുള്ള ബന്ധവും ഇതുപോലെയായിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.









0 comments