അധിക്ഷേപിക്കുന്നുവെന്ന് ആന്റണിയോട് സുധാകരന്റെ പരാതി , ആന്റോയുടെ വരവ് റോബർട്ട് വാധ്രയുടെ പിൻബലത്തിൽ , പി സി വിഷ്ണുനാഥിന്റെ പേരും ചർച്ചയിൽ
ചേരിതിരിഞ്ഞ് നേതാക്കൾ ; ഹൈക്കമാൻഡ് വെട്ടിൽ


സി കെ ദിനേശ്
Published on May 06, 2025, 03:19 AM | 1 min read
തിരുവനന്തപുരം :
കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ‘അനുനയിപ്പിച്ച് തെറിപ്പിക്കാ’നുള്ള നീക്കം പൊളിഞ്ഞതോടെ ഹൈക്കമാൻഡ് വെട്ടിലായി. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ പടയ്ക്കിറങ്ങിയ സുധാകരന്റെ ‘എന്നെ തൊടാനാവില്ല’ എന്ന പ്രഖ്യാപനം കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു. എ കെ ആന്റണിയെ കണ്ടതിനുപിന്നാലെ മറ്റ് നേതാക്കളുടെയും പിന്തുണ ഉറപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. മറുപക്ഷത്ത് വി ഡി സതീശനും സംഘവും സുധാകരനെതിരെ രാഹുൽമാങ്കൂട്ടത്തിലടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ രംഗത്തിറക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രതികണത്തിന് തയ്യാറായേക്കും. സതീശനും കെ സി വേണുഗോപാലിനും എതിരെ തക്കംപാർത്തിരിക്കുന്ന പഴയ എ ഗ്രൂപ്പും നിലപാട് വ്യക്തമാക്കിയേക്കും.
പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഒരുങ്ങവെ കിട്ടിയ ഇരുട്ടടിയിൽ താൽക്കാലികമായി പിൻവാങ്ങേണ്ടിവന്നതിന്റെ ജാള്യത്തിലാണ് ഹൈക്കമാൻഡ്. നേതാക്കൾ രണ്ടു ചേരിയായി തിരിഞ്ഞ സ്ഥിതിക്ക് അവ പരിഹരിക്കാനാകും ആദ്യശ്രമം. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ കണ്ടതും സമയമാകുമ്പോൾ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതും കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിയുന്നതിന്റെ ലക്ഷണമാണ്.
നിലവിൽ പറഞ്ഞുകേൾക്കുന്ന പേരുകൾക്കു പുറമേ പി സി വിഷ്ണുനാഥിന്റെ പേരും ‘സർപ്രൈസ് പ്രസിഡന്റ്’ വരുമെന്ന വാർത്തകളുമുണ്ട്. അതിനിടെ ആന്റോ ആന്റണിക്കെതിരെ എതിർപ്പ് ശക്തമായി. പ്രിയങ്കഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ നിർദേശപ്രകാരമാണ് ആന്റോ ആന്റണിയുടെ പേര് ഒന്നാമതായത്. ഇതും എതിർപ്പ് ശക്തമാകാനുള്ള കാരണമാണ്.
രോഗമാണെന്നും ഓർമ പോയെന്നും പ്രചരിപ്പിച്ച് അധിക്ഷേപിക്കുകയാണെന്നാണ് സുധാകരന്റെ പരാതി. ആന്റണിയെ കണ്ട് ഇക്കാര്യം പറഞ്ഞതായി അറിയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുള്ള കണ്ണൂരിലെ നേതാവ് ക്രൈസ്തവസഭയിലെ ചില ഉന്നതരെ കണ്ട് രഹസ്യനീക്കം നടത്തിയതും സുധാകരനെ ചൊടിപ്പിച്ചു. ‘ക്രൈസ്തവ പ്രസിഡന്റ്’ എന്ന ലേബൽ കെപിസിസി അധ്യക്ഷന് വരുന്നത് ഗുണംചെയ്യില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളയാളാണ് ആന്റണി. കെ സുധാകരനെ തിടുക്കപ്പെട്ട് മാറ്റുന്നത് എന്തിനെന്ന് മുമ്പ് ഇക്കാര്യം ചർച്ചയായപ്പോൾ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു.









0 comments