പാട്ടും പറച്ചിലുമായി പെണ്ണൊരുത്തി

bhasura
avatar
ടി എസ് ശ്രുതി

Published on Apr 24, 2025, 09:36 PM | 3 min read

ത്തൊമ്പതാം നൂറ്റാണ്ടിന്റെ കലാരൂപമായി കേരളത്തിൽ വികസിച്ചു വന്ന ഒരു കഥപറച്ചിൽ രീതിയാണ് കഥാപ്രസംഗം. പാട്ടും പറച്ചിലും അഭിനയവും ഒരേ സമയം സമന്വയിക്കുന്നത് കാണാൻ സാധിക്കുക കഥാപ്രസംഗ വേദികളിലാണ്. കഥാപ്രസംഗ ചരിത്രം പരിശോധിച്ചാൽ ജോസഫ് കൈമാപ്പറമ്പൻ, എം പി മന്മഥൻ, സാംബശിവൻ, കെടാമംഗലം സദാനന്ദൻ, വസന്തകുമാർ സാംബശിവൻ, അയിലം ഉണ്ണിക്കൃഷ്‌ണൻ, കൊല്ലം  ബാബു, ചിറക്കര സലിംകുമാർ,   തൃക്കുളം കൃഷ്ണൻകുട്ടി എന്നിങ്ങനെ ഈ രംഗത്ത് വലിയൊരു ആൺ നിരതന്നെ കാണാം. എന്നാൽ ഇതിനു സമാന്തരമായി എം കെ കമലം, സി ആർ ആനന്ദവല്ലി, റംല ബീഗം, ഭാസുര തിരുവനന്തപുരം തുടങ്ങി സ്ത്രീകളുടെ ഒരു നിരയുമുണ്ട്. പക്ഷേ ഇവരാരും തന്നെ ചരിത്രത്തിൽ ഇടം പിടിച്ചില്ല എന്നുമാത്രം. നാൽപ്പത്തിയഞ്ച് വർഷം അരങ്ങിൽ കഥയും പാട്ടുമായി ജീവിച്ച ഭാസുര തിരുവനന്തപുരം എട്ട് വർഷത്തോളമായി പാട്ടും പറച്ചിലുമായി വീട്ടിൽ തന്നെയാണ്.


കടന്നുവരവ്‌

അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ് ഭാസുര തിരുവനന്തപുരം കഥാപ്രസംഗ രംഗത്ത് നിലയുറപ്പിക്കുന്നത്. അന്നുമുതൽ നാൽപ്പത്തിയഞ്ച് വർഷത്തോളം ഈ രംഗത്ത് സജീവമായിരുന്നു. മൂത്ത സഹോദരൻ ഭാസ്കരൻ തിരുവനന്തപുരമാണ്‌ ഭാസുരയെ കഥാപ്രസംഗ രംഗത്തേക്ക് കൊണ്ടുവരുന്നത്. സഹോദരനും  കാഥികനായിരുന്നു. ""അണ്ണനും കാഥികൻ ജോസും സുഹൃത്തുക്കളായിരുന്നതിനാൽ ഒരു ദിവസം ജോസ് മണ്ണാർക്കാട് (കഥാപ്രസംഗ രംഗത്തെ ഭാസുര തിരുവനന്തപുരത്തിന്റെ ഗുരു) വീട്ടിൽ വന്നു. എന്നിട്ട് ചോദിച്ചു ഭാസുരയ്‌ക്ക് ഒരു കഥ പഠിച്ചുകൂടെ. അന്ന് എനിക്ക് ഇതിലൊന്നും താൽപ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു, എനിക്ക് കഥയൊന്നും പഠിക്കാൻ വയ്യ. എന്നാൽ അങ്ങനെയല്ല, ഭാസുര ഒരു കഥ പഠിക്കണം എന്നും മറ്റന്നാൾ വരാം എന്നും പറഞ്ഞ് അദ്ദേഹം പോയി. പിന്നെ മൂന്നാമത്തെ ദിവസം ഒരു പുസ്തകത്തിൽ എന്തോ രണ്ടുവരി എഴുതിക്കൊണ്ടുവന്ന് (എന്തെന്ന് കൃത്യമായി ഓർക്കുന്നില്ല) എന്റെ കൈയിൽ തന്നു. എന്നിട്ട് എന്റെ തലയിൽ കൈവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു; മരിക്കുന്നതുവരെ ഭാസുരയ്‌ക്ക് സ്റ്റേജിൽ കയറിക്കഴിഞ്ഞാൽ ഒരു ദോഷവും വരില്ല. ഇതുകൊണ്ട് ജീവിച്ചോ എന്ന്'. കാഥികയായതിനു പിന്നിലെ കഥ ഭാസുര ഇങ്ങനെയാണ്‌ ഓർത്തെടുക്കുന്നത്‌. ഭാസുരയോടൊപ്പം മൂന്നുപേരുംകൂടെയുണ്ടായിരുന്നു അന്ന്‌ കഥാപ്രസംഗം പഠിക്കാൻ. മൂന്നു സ്ത്രീകൾ, പക്ഷേ അവരൊന്നും തന്നെ രണ്ടുമാസംപോലും തികച്ചു പഠിച്ചില്ല. പാതിയിൽ ഉപേക്ഷിച്ചുപോയി.


 ‘മുത്തുക്കുടം’

ജോസ് മണ്ണാർക്കാട് എഴുതിയ ‘മുത്തുക്കുടം’ എന്ന കഥയിലൂടെയാണ്  അരങ്ങേറ്റം. കടലോര പ്രദേശത്തെ ജനങ്ങളുടെ ജീവിതം പറയുന്ന ഒരു പ്രണയ കഥയാണ് മുത്തുക്കുടം
‘മുത്തുതരാം ഞാൻ കടലേ
എന്റെ മുക്കുവനെ നീ തരുമോ’
എന്നു ചോദിച്ച്‌ തലശേരി കോൺവെന്റ് സ്റ്റേജിലൂടെയാണ്‌ ഭാസുരയുടെ ശബ്‌ദം കേരളം ആദ്യമായി കേൾക്കുന്നത്‌.  വിവാഹത്തിനു ശേഷമാണ് കഥാപ്രസംഗ രംഗത്തേക്ക് കടന്നുവരുന്നത്. ജീവിതപങ്കാളിയായ ദാമോദരനും കുടുംബവുമെല്ലാം വളരെയധികം പിന്തുണ നൽകി കണ്ണൂരിൽ താമസിച്ചതും, ഈ രംഗത്ത് അധികം സ്ത്രീകളില്ലാത്തതും ഭാസുരയ്‌ക്ക്‌ ധാരാളം അവസരങ്ങൾ തേടിവരാൻ കാരണമായി. "അന്നൊക്കെ അമ്പലങ്ങളിലും പള്ളികളിലുമെല്ലാം ഉത്സവത്തിന് തിരികൊളുത്തിയാൽ  അവിടെ കഥാപ്രസംഗവും ഉണ്ടായിരിക്കും. ദിവസം രണ്ടും മൂന്നും പ്രോഗ്രാം വരെ ഞാൻ ചെയ്തിരുന്നു. ചിലപ്പോൾ അഞ്ചു പരിപാടിവരെ ചെയ്യുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം വടക്കേ മലബാറിനെ സംബന്ധിച്ച് നോക്കുമ്പോൾ തിരുവനന്തപുരത്തുനിന്നാണ് കഥാപ്രസംഗത്തിന് ആളുകളെ ബുക്ക് ചെയ്‌തുകൊണ്ടുവരുന്നത്. എന്നാൽ എന്റെ പ്രോഗ്രാം ബുക്ക് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഞാൻ ക്യാമ്പ് ചെയ്യുന്നത് തലശേരിയിൽ ആയതിനാൽ അവർക്ക് എനിക്ക് യാത്രാ ചെലവ് തരേണ്ടി വരില്ല. അതുകൊണ്ടുതന്നെ എനിക്ക് കേരളത്തിൽ ധാരാളം വേദികൾ ലഭിക്കുകയും ചെയ്തു. കർണ്ണൻ, ദേവീ മഹാത്മ്യം, ശ്രീ അയ്യപ്പൻ, ശില, ദുഃഖസത്യം എന്നിങ്ങനെ നിരവധി കഥാപ്രസംഗങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്''. എന്നാണ്‌ കഥയെ നെഞ്ചിലേറ്റിയ ആ കാലത്തെക്കുറിച്ച്‌ ഭാസുര ഓർക്കുന്നത്‌.


bhasura
കേരളത്തിന്‌ പുറത്തേക്കും

കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി കഥാപ്രസംഗങ്ങളാണ്‌ ഭാസുര അവതരിപ്പിച്ചിട്ടുള്ളത്‌. കേരളത്തിനു പുറത്ത് മഹാരാഷ്ട്രയിലെ നാസിക്കിലും, കർണാടകത്തിലെ ധർമ്മസ്ഥലത്തും കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു സ്ഥലങ്ങളിലും ശ്രീ അയ്യപ്പൻ സമ്പൂർണ കഥയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യക്ക് പുറത്ത് ദുബായിയിൽ ഒരു പ്രോഗ്രാം ബുക്ക് ചെയ്തിരുന്ന സമയത്താണ് മകൻ മരിച്ചത്. അതിനുശേഷം ഇന്ത്യക്ക് പുറത്തേക്ക് പ്രോഗ്രാമുകൾക്കൊന്നും ബുക്കിങ് കൊടുത്തിട്ടില്ല.

ചരിത്രകഥകളും  വഴങ്ങും

പുരാണകഥകൾ മാത്രമായിരുന്നില്ല ഭാസുരയുടെ മേഖല. മുത്തുക്കുടം, കത്തുന്ന കണ്ണുകൾ, ശരശയ്യയിലൊരു മധുവിധു എന്നിങ്ങനെ ചരിത്രകഥാപ്രസംഗങ്ങളും നടത്തിയിരുന്നു. എല്ലായിടത്തും കാഥിക എന്ന് അറിയപ്പെടാനാണ്  ഇഷ്ടപ്പെട്ടത്. അതുകൊണ്ട് പറഞ്ഞിരുന്നതും അത്തരത്തിലുള്ള കഥകളായിരുന്നു. ഭാസുരയുടെ കഥകളിൽ ഫലിതവും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളും, മനുഷ്യന്റെ ജീവിതവും വിശ്വാസവും എല്ലാം ഉണ്ടായിരുന്നു. മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും ഈ കാഥികയ്ക്ക്‌ അന്യമായിരുന്നില്ല. പ്രത്യേക ആളുകൾക്കോ, വിഭാഗക്കാർക്കോ വേണ്ടി ഭാസുര ഇതുവരെ കഥ പറഞ്ഞിട്ടില്ല. എല്ലായ്‌പോഴും എല്ലാവർക്കും വേണ്ടി കഥ പറഞ്ഞു.


ഇഷ്ടപ്പെട്ട കഥ

മഹാഭാരതത്തിലെ കർണനെ മുൻനിർത്തി രചിച്ച ‘കർണൻ’ എന്ന കഥയാണ് ഭാസുരയ്ക്ക്‌ ഏറെ പ്രിയപ്പെട്ടത്‌. കർണൻ തന്നെയാണ് ഏറ്റവും അധികം അവതരിപ്പിച്ചതും. ആയിരത്തിലധികം സ്റ്റേജുകളിൽ കർണൻ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ഓർക്കസ്ട്ര ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥിരമായി, ഓർക്കസ്ട്രയെകൊണ്ടുപോകുമ്പോൾ കോഴിക്കോടുള്ള ഒരു ടീമിനെയാണ് കൊണ്ടുപോയിരുന്നത്.


സ്ത്രീയെന്ന നിലയിൽ

സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും ഭാസുരയ്ക്ക്‌ പൂർണ പിന്തുണയായിരുന്നു. ഒരിക്കൽ പാലക്കാട് മൂത്തോൻതറയിൽ പരിപാടി ബുക്ക്ചെയ്യാൻ പോയപ്പോൾ ഉണ്ടായ അനുഭവം വളരെയധികം വേദനിപ്പിച്ചതായി ഭാസുര ഓർക്കുന്നു. അവിടെ പരിപാടിയുടെ നടത്തിപ്പുകാർ ‘കർണൻ’ കഥ ബുക്ക് ചെയ്യാൻ വിസമ്മതിച്ചു. ഒരു സ്ത്രീയായതുകൊണ്ട് കർണൻ അവതരിപ്പിച്ചു വിജയിപ്പിക്കാൻ സാധിക്കില്ല എന്നതായിരുന്നു അവർ വിസമ്മതിക്കാൻ കാരണം. കർണൻ കഥ ഒരു സ്ത്രീക്ക് അവതരിപ്പിച്ചു വിജയിപ്പിക്കാൻ കഴിയില്ല എന്നൊരു ശ്രുതി അന്ന് പരക്കെയുണ്ടായിരുന്നു. അവസാനം തന്റെ തന്നെ നിർബന്ധത്തിനു വഴങ്ങി പതിനെട്ടായിരം രൂപയുടെ കർണൻ അവർ ബുക്ക് ചെയ്തു. പരാജയപ്പെടുകയാണെങ്കിൽ ഒരു പൈസയും എനിക്കു തരേണ്ടതില്ല എന്ന് ഉറപ്പു നൽകി സ്റ്റേജിൽ കയറി. പരിപാടി കഴിഞ്ഞപ്പോൾ അവർ പത്തൊമ്പതിനായിരം രൂപയും തന്നു. സത്യം പറഞ്ഞാൽ സന്തോഷമുള്ള ഒരു കാര്യമാണ് ഇതെങ്കിലും ഒരു സ്ത്രീയായതുകൊണ്ടാണ് ആ സംഘാടകർ ആദ്യം എനിക്ക് അവസരം നിഷേധിച്ചത് എന്നകാര്യം ഓർത്താൽ വിഷമം വരും.


അരങ്ങൊഴിയൽ

തൃത്താലയിലാണ് അവസാനമായി പരിപാടി അവതരിപ്പിച്ചത്. കഥ കർണനായിരുന്നു. ഈ രംഗത്തുനിന്നും വിട്ടു നിൽക്കുന്നു എന്നതിനേക്കാൾ ഭാസുരയ്ക്ക്‌ വിഷമം ഇന്ന് ആരും ഈ രംഗത്തേക്ക് വരുന്നില്ല എന്നതാണ്. അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും കാരണം കഥാപ്രസംഗത്തിൽനിന്ന് മാറിനിൽക്കുകയാണ്‌ ഭാസുര. അരങ്ങത്തു കയറിയില്ലെങ്കിലും ഈ പാട്ടും കഥകളും എല്ലാം എന്നും ഉള്ളിൽ തന്നെ ഉണ്ടാകും എന്നാണ്‌ അരങ്ങൊഴിഞ്ഞപ്പോഴും ഭാസുരയ്ക്ക്‌ പറയാനുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home