ആന്ധ്രയില്‍ നിന്ന് ആകാശത്തേക്ക്‌; പറക്കാന്‍ ജാൻവി ദംഗെറ്റി

Jahnavi
avatar
എം ആർ ലേഖാരാജ്‌

Published on Jul 06, 2025, 01:00 AM | 2 min read

"അസാധ്യമായത് അന്വേഷിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്ന നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ് ഈ ദൗത്യം'' ജാൻവി ദംഗെറ്റി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. രാകേഷ് ശർമ, ശുഭാംശു ശുക്ല, ജാൻവി ദംഗെറ്റി... ഇവർ മൂന്നുമാണെന്റെ ഹീറോസ് എന്നു പറയുന്ന നിലയിലേക്കാണ് ബഹിരാകാശത്തെ കാര്യങ്ങൾ നീങ്ങുന്നത്. യുഎസ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസിയായ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസിന്റെ (ടിഎസ്ഐ) 2029ലെ ബഹിരാകാശ ദൗത്യത്തിലേക്കുള്ള ആസ്ട്രോനട്ട് കാൻഡിഡേറ്റ് അഥവാ ആസ്‌കാൻ ആണ് ഇന്ന് ജാൻവി.


നാലുവർഷങ്ങൾക്കപ്പുറം 2029 മാർച്ചിൽ പുറപ്പെടാനിരിക്കുന്ന ബഹിരാകാശ ദൗത്യത്തിലെ 23 വയസ്സുള്ള അംഗം! ഇത്തരം ദൗത്യത്തിലെത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരി. അമേരിക്കൻ ബഹിരാകാശ യാത്രികൻ ബിൽ മക് ആർതർ ആണ് യാത്രയുടെ അമരക്കാരൻ. ഇതിനു മുന്നോടിയായുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ പരിപാടി ജാൻവി വിജയകരമായി പൂർത്തിയാക്കി.


ആകാശപാത


ആന്ധ്രപ്രദേശ് പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലുവിലെ പത്മശ്രീയുടെയും ശ്രീനിവാസിന്റെയും മകളാണ് ജാൻവി ദംഗെറ്റി. നാട്ടിൽത്തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, ഡിഗ്രി പഠനത്തിന് പഞ്ചാബിലെത്തി. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബിരുദമെടുത്തു. അച്ഛനമ്മമാരായ ശ്രീനിവാസും പത്മശ്രീയും കുവൈത്തിലാണ് താമസം. 2022ൽ പോളണ്ടിലെ ക്രാകോവിലുള്ള അനലോഗ് ആസ്ട്രോനട്ട് പരിശീലന കേന്ദ്രത്തിൽ (AATC ) ഏറ്റവും പ്രായം കുറഞ്ഞ വിദേശ അനലോഗ് ആസ്ട്രോനട്ടും (AAPC) ആദ്യ ഇന്ത്യക്കാരിയുമായി ജാൻവി.


നാസയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും സ്പോൺസർ ചെയ്യുന്ന പ്രോഗ്രാമായ ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷനിൽ (IASC) ജാൻവി പങ്കാളിയായിട്ടുണ്ട്‌. ഹവായിയിലെ പാൻ സ്റ്റാർസ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള ഛിന്നഗ്രഹ കണ്ടെത്തലിലും ജാൻവി ഉണ്ടായിരുന്നു.


നാസ സ്പേസ് ആപ്‌സ്‌ ചലഞ്ചിലെ പീപ്പിൾസ് ചോയ്സ് അവാർഡ്, ഐഎസ്‌ആർഒയുടെ വേൾഡ് സ്പേസ് വീക്ക് ആഘോഷങ്ങളിൽ യങ്‌ അച്ചീവർ അവാർഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളുമാണ്‌ ജാൻവിയുടെ അക്കൗണ്ടിലുള്ളത്‌. നാസയുടെ ഇന്റർനാഷണൽ എയർ ആൻഡ് സ്പേസ് പ്രോഗ്രാമിൽനിന്ന് ബിരുദം നേടിയ ജാൻവി ആഗോളതലത്തിൽ പരിശീലനം നേടിയിട്ടുണ്ട്, കൂടാതെ സയൻസ്‌ ടെക്‌നോളജി എൻജിനിയറിങ്‌ ആൻഡ്‌ മാത്തമാറ്റിക്‌സ അഥവാ STEM വിദ്യാഭ്യാസത്തിന്റെ ശക്തമായ വക്താവുമാണ്.


ബഹിരാകാശ ദൗത്യം


2029ൽ ലക്ഷ്യമിട്ടിരിക്കുന്ന ഈ ദൗത്യത്തിന് നാസയിലെ മുൻ ബഹിരാകാശയാത്രികനായ കേണൽ (റിട്ട.) വില്യം മക് ആർതർ ജൂനിയർ നേതൃത്വം നൽകും. നിലവിൽ ടൈറ്റൻസ് സ്പേസിൽ ചീഫ് ആസ്ട്രോനട്ടാണ്‌ വില്യം.ദൗത്യത്തിന് ഏകദേശം അഞ്ച് മണിക്കൂർ എടുക്കും. യാത്രികർ രണ്ടുതവണ ഭൂമിക്കു ചുറ്റും പറക്കും, രണ്ട് സൂര്യോദയവും രണ്ട് സൂര്യാസ്തമയവും നേരിട്ട്‌ അനുഭവിക്കും. മൂന്ന് മണിക്കൂർ തുടർച്ചയായ പൂജ്യം ഗുരുത്വാകർഷണത്തിലായിരിക്കും ദൗത്യം.


ഇതിനായി അടുത്തവർഷം ജാൻവി ബഹിരാകാശയാത്രിക പരിശീലനം ആരംഭിക്കും. ഫ്ലൈറ്റ് സിമുലേഷനുകൾ, ബഹിരാകാശ പേടക നടപടിക്രമങ്ങൾ, അതിജീവന പരിശീലനം, മെഡിക്കൽ, മനഃശാസ്ത്ര വിലയിരുത്തലുകൾ എന്നിവ ഉൾപ്പെടും. ഭാവിയിൽ ഭൂമിക്ക് പുറത്തുള്ള ആവാസവ്യവസ്ഥകൾ നിർമിക്കുന്നതിൽ നേരിട്ട് പങ്കാളികളാകുന്ന ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാകും ജാൻവി. ദീർഘകാല ദൗത്യങ്ങൾക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായ സീറോ -ഗ്രാവിറ്റി സിമുലേഷനുകൾ, സ്പേസ് സ്യൂട്ട് പ്രവർത്തനങ്ങൾ, ഗ്രഹദൗത്യ സാഹചര്യങ്ങൾ എന്നിവയിൽ ജാൻവി മുമ്പ് പരിശീലനം നേടിയിട്ടുണ്ട്.


വരൂ, പറക്കാം


""2026 മുതൽ അടുത്ത മൂന്ന് വർഷത്തിനകം ഫ്ളൈറ്റ് സിമുലേഷൻ, ബഹിരാകാശ പേടക നടപടിക്രമങ്ങൾ, അതിജീവന പരിശീലനം, മെഡിക്കൽ, മാനസിക പരിണാമങ്ങൾ എന്നിവ ഉൾപ്പെടുന്ന ടൈറ്റൻ സ്പേസിന്റെ ആസ്‌കാൻ പ്രോഗ്രാമിലൂടെ ഞാൻ തീവ്രമായ ബഹിരാകാശയാത്രിക പരിശീലനത്തിലായിരിക്കും'' ജാൻവി തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home