'ഇൻവോക്കിങ് ജസ്റ്റിസ്', 'സംതിങ് ലൈക്ക് എ വാർ'; ഡോക്യുമെന്ററി രംഗത്തെ സ്ത്രീ പ്രതിരോധത്തിന്റെ ഭിന്ന മുഖം

invoking justice

photo credit: ഇൻവോക്കിങ് ജസ്റ്റിസ്

avatar
ടി എസ് ശ്രുതി

Published on Mar 08, 2025, 04:00 PM | 5 min read

നിലവിലുള്ള ആശയസംഹിതകൾ സാമൂഹിക പ്രക്രിയയുടെ നിരന്തര ഇടപെടലുകളിലൂടെ നവീകരിക്കപ്പെടാം. ലോകക്രമത്തിന്റെ സജീവതയ്ക്ക്‌ ഈ മാറ്റം അനിവാര്യമാണുതാനും. മാറ്റത്തിലൂടെ നിലനിൽക്കുന്ന ലോകക്രമത്തിൽ മനുഷ്യൻ തന്റേതായ സ്വത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കേണ്ടതുണ്ട്‌. ഈ അവസ്ഥയിലാണ്‌ സ്‌ത്രീയ്‌ക്ക്‌ അവളുടേതായ സ്ഥാനം കൽപ്പിച്ചുകൊടുക്കുന്ന ഫെമിനിസം എന്ന ആശയം പ്രാധാന്യമർഹിക്കുന്നത്‌. കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള സമരത്തിലൂടെയാണ്‌ ദാർശനികാവബോധവും ഉൾക്കാഴ്ചയുമുള്ള ഈ ആശയം ഉടലെടുത്തത്‌. ചലച്ചിത്ര രംഗത്തേക്ക്‌ ഫെമിനിസം കടന്നുവരുന്നത്‌ 1960കൾ മുതലാണ്‌. അറുപതുകളുടെ അവസാനത്തിൽ ഡോക്യുമെന്ററി ഫിലിം രംഗത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ശക്തമായ സ്വാധീനം കാണാൻ സാധിക്കും.


ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ കുടുംബം, മതം മുതലായവയെല്ലാം വിവിധ രീതിയിലൂടെ അധികാരം കയ്യാളുന്ന സാമൂഹിക സ്‌ഥാപനങ്ങളാണ്. ആണധികാരം ഉയർത്തി പിടിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഒരു പരിധി വരെ അവരുടെ അധികാരം സ്ത്രീകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ സ്വകാര്യതയ്ക്ക് മേൽ നിരന്തരമായി കൈകടത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ലൈംഗികത, വിവാഹം, വിദ്യാഭ്യാസം, തൊഴിൽ മുതലായവയിലുള്ള സ്‌ത്രീയുടെ അവകാശത്തെ പാടേ വിസ്മരിച്ചു. അതോടെ ഗുലാബി ഗാങ്, മഹിളാ മിലാൻ, സൻലാപ്, ഷി സെയ്‌സ് മുതലായ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളും, സ്ത്രീ സംഘടനകളും രാജ്യത്ത്‌ ഗ്രാമ നഗര ഭേദമന്യേ രൂപം കൊണ്ടു. അസമത്വത്തിനും നീതിനിഷേധത്തിനും എതിരെ സ്ത്രീകൾ തീർക്കുന്ന പ്രതിരോധം വനിതാ സംവിധായകർ പുകമറയില്ലാതെ തിരശീലയിൽ പകർത്താൻ തുടങ്ങി.


സ്ത്രീകൾ കുടുംബത്തിന്റെയും മതത്തിന്റെയും ഇരുട്ടിൽ നിന്ന് പുറത്തുവരികയും അവരുടെ ജീവിതം തുറന്നു പറയുകയും ചെയ്തു. അതോടെ ആരും രേഖപെടുത്താത്ത ഇന്ത്യൻ സ്ത്രീ മുന്നേറ്റത്തിന്റെ മറുപുറം ചരിത്രത്തിൽ രേഖപ്പെടുത്തി. ഇന്ത്യൻ സമൂഹത്തിലെ വ്യത്യസ്ത സ്ത്രീ ജീവിതത്തെയാണ് ദീപ ധൻരാജിന്റെ ഡോക്യുമെന്ററികൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ദി അഡ്വക്കേറ്റ്, നാരി അദാലത്, ദി ലെഗസി ഓഫ് മാൽത്തൂസ്, സംതിങ് ലൈക്‌ എ വാർ, ഇവോക്കിങ് ജസ്റ്റിസ്, ക്യാ ഹുവ ഇസ് ഷെഹർ കോ, എന്നിങ്ങനെ നിരവധി ഡോക്യുമെന്ററികൾ അവർ നിർമിക്കുകയുണ്ടായി. സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും സാമൂഹിക സ്വാതന്ത്ര്യത്തെയും അടയാളപ്പെടുത്തുന്ന രണ്ടു ഡോക്യുമെന്ററികളാണ് ദീപയുടെ "ഇൻവോക്കിങ് ജസ്റ്റിസ് ", "സംതിങ് ലൈക്ക് എ വാർ ".


deepa dhanrajദീപ ധൻരാജ്‌


സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പിലാക്കിയ കുടുംബാസൂത്രണപദ്ധതിയുടെ ഫലമായി കുടുംബം, ലൈംഗികത എന്നിവയിലെല്ലാം ഉണ്ടായ അധികാരത്തിന്റെ കൈകടത്തലുകളെകുറിച്ചാണ് ദീപയുടെ ഡോക്യുമെന്ററികൾ പറയുന്നത്. ഇന്ത്യ എന്ന മൂന്നാം ലോക രാഷ്ട്രത്തിൽ സർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ അത്‌ താഴെത്തട്ടിലുള്ള ജനങ്ങളെ ഏതു വിധത്തിൽ ബാധിക്കുന്നു എന്ന് ഈ ഡോക്യുമെന്ററികളിലൂടെ അവതരിപ്പിക്കുന്നു. ദീപ ധൻരാജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് സംതിംങ് ലൈക്ക് എ വാർ (1991). ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് ക്ലാസിക് ഡോക്യുമെന്ററിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇതിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ജനസംഖ്യ നിയന്ത്രണ പരിപാടിയിൽ ലോകബാങ്ക് ധനസഹായത്തോടെ ഗ്രാമീണ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കുടുംബാസൂത്രണ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നു. അതോടൊപ്പം കുടുംബാസൂത്രണപ്രവർത്തനങ്ങളിൽ അന്നത്തെ കോൺഗ്രസ്‌ സർക്കാർ പ്രധാമായും ലക്ഷ്യമിട്ടിരുന്നത് ദളിത്, മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുന്നവരെ കൂടിയായിരുന്നു എന്ന മനുഷ്യത്വരഹിതമായ വസ്തുതയും വെളിപ്പെടുത്തുന്നു. കൂടാതെ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളെ രേഖപ്പെടുത്തുകയും ശക്തമായി വിമർശിക്കുകയും ചെയ്യുന്നു.

അടിയന്തരാവസ്ഥയിൽ ജനസംഖ്യാ നിയന്ത്രണ നടപടികളിൽ വിധേയമായത് പ്രധാനമായും പുരുഷന്മാരായിരുന്നു. ആയിരക്കണക്കിന് ആളുകളെ താൽക്കാലിക ക്യാമ്പുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് വിധേയരാക്കി. 1977 ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ, ഗ്രാമീണ വോട്ടർമാരിൽ നിന്ന് കോൺഗ്രസ് കടുത്ത എതിർപ്പ് നേരിട്ടു. അതേതുടർന്ന് സർക്കാർ നിലപാടിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നു. വന്ധ്യംകരണ ശസ്ത്ര ക്രിയയിൽ നിന്ന് പുരുഷന്മാരെ ഒഴിവാക്കുകയും സ്ത്രീകളെ വിധേയരാക്കുകയും ചെയ്‌തു. സ്ത്രീകളെ അത് ശാരീരികമായും മാനസികമായും എങ്ങനെയെല്ലാം ബാധിച്ചെന്നും ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.


something like a war സംതിങ് ലൈക്ക് എ വാർ ഡോക്യുമെന്ററിയിൽ നിന്ന്‌


രാഷ്ട്രവും നിയമവുമെല്ലാം സ്ത്രീകളെ അവകാശങ്ങളും വികാരങ്ങളും ഉള്ള പൗരരായിട്ടല്ല കണ്ടിരുന്നത്. മറിച്ച് പ്രത്യുൽപാദനത്തിനുള്ള ഉപകരണം മാത്രമായിരുന്നു അവർ. പാശ്ചാത്യ രാജ്യങ്ങളിലെ ജനസംഖ്യ നിയന്ത്രണ വിദഗ്ധരുമായി സഹകരിച്ച് 1952 ൽ ഇന്ത്യ ആരംഭിച്ച കുടുംബാസൂത്രണ പദ്ധതിയോടുള്ള എതിർപ്പാണ്‌ സംതിംങ് ലൈക്ക് എ വാർ. വിദ്യാസമ്പന്നരായ മധ്യവർഗത്തിന്റെ നിശബ്ദ അംഗീകാരമുള്ള ഈ പരിപാടി, ഗ്രാമീണ ദരിദ്രരുടെ അജ്ഞതയാണ് രാജ്യത്തിന്റെ അമിത ജനസംഖ്യയുടെ പ്രധാനകാരണമെന്ന കപട പ്രചാരണമായിരുന്നു. സർക്കാരിന്റെ ഈ പ്രചാരണത്തെ പൊളിക്കാനാണ്‌ സംതിങ് ലൈക്ക് എ വാർ ശ്രമിച്ചത്‌.


കുടുംബാസൂത്രണ പദ്ധതിയുടെ ഇരകളായ ദരിദ്ര ഗ്രാമീണ സ്ത്രീകളുടെ വീക്ഷണത്തിൽ നിന്ന് അതിന്റെ അപര്യാപ്തതയെ സൂചിപ്പിക്കുകയും അതോടൊപ്പം അഴിമതി, അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം, ചൂഷണം എന്നിവയെ തുറന്നുകാട്ടുകയുമാണ് ഈ ഡോക്യുമെന്ററിയിൽ. സംതിങ് ലൈക്ക് എ വാറിന്‌ മൂന്നു തലങ്ങളുണ്ട്. ഒന്നാമത്തെ തലത്തിൽ ഉത്തരേന്ത്യൻ ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകൾ അവരുടെ ശരീരത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നത് അവതരിപ്പിക്കുന്നു. അവർ തങ്ങളുടെ അനുഭവങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, ആർത്തവവുമായി ബന്ധപ്പെട്ട കെട്ടുകഥകൾ, ലൈംഗികത എന്നിവയെകുറിച്ച് തുറന്ന് സംസാരിക്കുന്നു. രണ്ടാമത്തെ തലത്തിൽ മെഡിക്കൽ ക്യാമ്പുകളിലും ആശുപത്രികളിലും നടത്തുന്ന കുടുംബാസൂത്രണപരിപാടികളെ അവതരിപ്പിക്കുന്നു. ബലപ്രയോഗത്തിലൂടെയും നിർബന്ധിതമായും പണം നൽകിയും ഇത്തരത്തിൽ നടത്തുന്ന ശസ്ത്രക്രിയയിൽ ഉണ്ടാകുന്ന പാകപ്പിഴവുകളെയും കുറിച്ച്‌ വെളിപ്പെടുത്തുന്നു.


sanjay gandhiസഞ്ജയ്‌ ഗാന്ധി photo credit: X


ആശുപത്രികളുടെ തറയിൽ നെറ്റിയിൽ ഒട്ടിച്ച രജിസ്ട്രേഷൻ നമ്പറുമായി കിടക്കുന്ന സ്ത്രീകളോട് കൂടിയാണ് മൂന്നാമത്തെ ഭാഗമാരംഭിക്കുന്നത്. കുടുംബാസൂത്രണ പ്രവർത്തനങ്ങൾക്കായി 'ടാർഗെറ്റ് നമ്പറുകൾ' നിറവേറ്റുവാൻ വേണ്ടിയുള്ള സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥരെ ഇതിൽ കാണാം. വന്ധ്യംകരണത്തിന് ആവശ്യമായ സ്ത്രീകളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ശമ്പളം, സ്ഥാനക്കയറ്റം തുടങ്ങിയവയിൽ നേരിടുന്ന കാലതാമസം മുതലായവയെകുറിച്ച് പരാമർശിക്കുന്നു. ഒടുവിലായി, തുടക്കത്തിൽ കണ്ട സ്ത്രീകളിൽ തന്നെ ഡോക്യുമെന്ററി അവസാനിക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾപോലും വിശദീകരിക്കാതെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിരക്ഷരരായ ഗ്രാമീണർക്കുമേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനമാണ് ഡോക്യുമെന്ററിയിൽ ഉടനീളം കാണാൻ സാധിക്കുക. രാജ്യത്തെ ദാരിദ്ര്യത്തിന്റെ കാരണമെന്നത് സ്ത്രീകൾ പ്രസവിക്കുന്നതാണെന്ന സർക്കാർ കണ്ടെത്തലുകളെ വിമർശനവിധേയമാക്കുന്നതോടെ ഡോക്യുമെന്ററി വിജയിക്കുന്നു. രാഷ്ട്ര ക്ഷേമത്തിന്റെയും വികസനത്തിന്റെയും പേരിൽ ഗ്രാമത്തലവന്മാർ, ആസൂത്രകർ, മെഡിക്കൽ വിദഗ്ധർ എന്നിവർ ചെയ്യുന്ന പ്രവർത്തനങ്ങൾ എത്രമാത്രം ഒരു വിഭാഗത്തിന്റെ അവകാശങ്ങളെയും അന്തസിനെയും ഹനിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. ദേശീയ, അന്തർദ്ദേശീയ ഏജൻസികൾ ദാരിദ്ര്യത്തിന്റെയും ജനസംഖ്യയുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന വീഴ്ചകളും അതിനെ ന്യായീകരിക്കാൻ നൽകുന്ന ഫലപ്രദമല്ലാത്ത യുക്തിയെയും വിമർശിക്കാൻ ഈ ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. ജനസംഖ്യാ വർധന അല്ലെങ്കിൽ വിഭവങ്ങളുടെ അപര്യാപ്തത പോലുള്ള ആഗോള പ്രശ്‌നങ്ങൾക്കുള്ള ഉത്തരം വ്യക്തിഗത ആസൂത്രണത്തിലല്ല എന്നതാണ് വസ്തുത.


സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു എന്നതാണ് ഈ ഡോക്യുമെന്ററിയുടെ കേന്ദ്രവിഷയം. അതിനായി ഡോ. മേത്തയുടെ കുടുംബാസൂത്രണ ക്യാമ്പുകൾ മുഴുവൻ ക്യാമറ പകർത്തുന്നു. താൻ ചെയ്യുന്നത് ദേശസ്നേഹത്തിന്റെ ഭാഗമാണെന്ന്‌ കരുതി തന്റെ പ്രവർത്തനങ്ങളെകുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:,"By 1990 March, I have finished 3,13,939 operations. This year, I have done more than 2000 operations...the government has made a rule that not more than 100 operations can be performed in one day...when an experienced person like myself wants to do some more work for the country, his hands are tied. Believe me, more than 150 million couples are already having more than two children… "(ഡോ. മേത്ത, മെഡിക്കൽ പ്രാക്ടീഷണർ സംതിങ് ലൈക്ക് എ വാർ) കൂടാതെ സ്ത്രീകളെ കന്നുകാലികളെപ്പോലെ ഓപ്പറേഷൻ റൂമുകളിലേക്ക് കൊണ്ടുപോകുന്നതും ചാപ്പ കുത്തുന്നതുപോലെ നെറ്റിയിൽ അക്കങ്ങൾ ടാഗു ചെയ്യുന്ന വിധത്തിലുള്ള മനുഷ്യത്ത രഹിതമായ പ്രവർത്തികളെ ഈ ഡോക്യുമെന്ററിയിൽ കാണാം.


invoking justiceഇൻവോക്കിങ് ജസ്റ്റിസ് ഡോക്യുമെന്ററിയിൽ നിന്ന്‌


ആരുടെയോ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കപ്പെട്ട സ്ത്രീകളെകുറിച്ചാണ് സംതിങ് ലൈക്‌ എ വാർ പറയുന്നതെങ്കിൽ ഇതിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് ഇൻവോക്കിങ് ജസ്റ്റിസിന്‌ പറയാനുള്ളത്. തമിഴ്നാട്ടിൽ മുസ്ലിം സ്ത്രീകൾ രൂപീകരിച്ച വനിതാ ജമാഅത്തിനെ കുറിച്ചാണ് ഡോക്യുമെന്ററി. സ്വയം പ്രതിരോധിക്കാൻ സ്ത്രീകളെ അനുവദിക്കാതെ പുരുഷ കൂട്ടായ്മകൾ. ആൺ നീതി മാത്രമാണ്‌ ജമാഅത്തുകളിൽ നടപ്പാക്കിയിരുന്നത്‌. നീതി നടപ്പിലാക്കുന്നതിലുള്ള അസമത്വം തിരിച്ചറിഞ്ഞ് 2004 ൽ ഒരു കൂട്ടം സ്ത്രീകൾ ഒരു വനിതാ ജമാഅത്ത് സ്ഥാപിച്ചു. താമസിയാതെ തമിഴ് നാട്ടിലെ 12 ജില്ലയിലായി 12,000 അംഗങ്ങളുള്ള വലിയ കൂട്ടായ്‌മയായി ഇത് മാറി. എതിർപ്പുകളെ മറികടന്ന്‌ വിവാഹമോചനം മുതൽ ഭാര്യാമർദനം വരെ 8,000 കേസ് തീർപ്പാക്കാൻ അവർക്ക് കഴിഞ്ഞു. ക്രൂരമായ കൊലപാതകങ്ങൾക്കെതിരെയും കാര്യക്ഷമമായി നീതി നടപ്പാക്കുന്നതിനും അവർ പ്രവർത്തിച്ചു. (i) സാമുദായിക വിദ്യാഭ്യാസം, (ii) സാമൂഹിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സത്യസന്ധതമായ അന്വേഷണം എന്നിവയിലൂടെയാണ്‌ വനിതാ ജമാഅത്ത് തമിഴ്നാട്ടിൽ അധികാരം നേടിയത്. സ്ത്രീകൾ അവരുടെ വ്യക്തി ജീവിതത്തിലെ വിഷമകരമായ പ്രശ്നങ്ങളെക്കുറിച്ച് ജമാഅത്ത് യോഗത്തിൽ പറയുകയും അത് കേട്ടശേഷം ജമാഅത്തുകൾ വേണ്ട നടപടികൾ കൈകൊള്ളുകയും ചെയ്‌തു. സ്ത്രീധന മരണം, ഗാർഹിക പീഡനം തുടങ്ങി അഴിമതിയും കുറ്റ കൃത്യങ്ങളും ചെയ്ത് മതനിയമങ്ങളെ കൂട്ടുപിടിക്കുന്ന സാമുദായിക അനീതിക്കെതിരെയാണ് വനിതാ ജമാഅത്ത് നിലകൊണ്ടത്‌. നാരി അദാലത്ത്, ഗുലാബി ഗാങ്, വനിത ജമാഅത്ത് പോലുള്ളവയിൽ സ്ത്രീകൾ നിയമത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അക്രമത്തെ നേരിടാൻ സ്ത്രീ സംഘടനകളും കൂട്ടായ്മകളും നിലകൊള്ളുന്നതെങ്ങനെയെന്നും ഈ ഡോക്യുമെന്ററി കാണിച്ചുതരുന്നു.


ഭരണകൂടത്തിന്റെയും മതത്തിന്റെയും മറ്റ് യാഥാസ്ഥിതിക ചൂഷക വിഭാഗങ്ങളുടേയും എല്ലാവിധത്തിലുമുള്ള അക്രമങ്ങളുടെയും അവകാശ ലംഘനങ്ങളുടെയും ഇരയാണ് സ്ത്രീകൾ. റൈറ്റ് ആൻഡ് ഡിഗ്നിറ്റിക്കു വേണ്ടി നാം നിരന്തരമായി വാദിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ അർഹിക്കുന്ന ആദരം പോലും സ്‌ത്രീയ്ക്ക്‌ കിട്ടുന്നില്ല. ഇത്തരം സാഹചര്യത്തിൽ നിന്നാണ് സ്ത്രീകൾ പ്രതിരോധത്തിന്റെ ശബ്ദങ്ങൾ മുഴക്കുകയും അവകാശങ്ങൾക്ക്‌ വേണ്ടി പോരാടുകയും ചെയ്യുന്നത്. സംതിങ് ലൈക്‌ എ വാർ, ഇൻവോക്കിങ് ജസ്റ്റിസ് എന്ന ഡോക്യുമെന്ററികൾ പ്രതിരോധത്തിന്റെ വ്യത്യസ്ത തലങ്ങളെയാണ് അവതരിപ്പിക്കുന്നത്.


ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ അവകാശ സംരക്ഷണത്തേക്കാൾ അധികം അവകാശ ലംഘനങ്ങളാണ് നടക്കുന്നത്. അതിനു ഒത്താശ നൽകുന്നത്‌ വർഗീയ, കക്ഷി രാഷ്ട്രീയ സംഘടനകളും, ഉദ്യോഗസ്ഥസമൂഹവുമാണ്‌. അവർ നിരക്ഷരരും നിർധനരുമായ മനുഷ്യനെ, സമൂഹത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. സ്വന്തം അവകാശങ്ങൾക്കും നീതിക്കും വേണ്ടി ശബ്ദമുയർത്താനുള്ള ശേഷി പോലും ഇല്ലാതെ അവരെ നിരന്തരമായി ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ നിന്നാണ് ദീപ ധൻരാജിപോലുള്ളവർ പ്രതിരോധത്തിന്റെ ശബ്‌ദം ഉയർത്തുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home