ചായാനൊരു ചുമൽ; കാവലായ് അമ്മയും

Solac

ഷീബ അമീര്‍ കുട്ടികള്‍ക്കൊപ്പം

avatar
പി ഒ ഷീജ ​

Published on Sep 28, 2025, 12:00 AM | 3 min read

അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓർമകൾ അണയാത്ത നാളമാക്കി, രോഗപീഡകളാൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ മാറോടണച്ച്‌ ഹൃദയം നിറയെ സ്‌നേഹവും കാരുണ്യവുമായി ഷീബ അമീർ യാത്ര തുടരുന്നു. വേദനകളിൽ പിടയുന്ന മനസ്സുകൾ ഒന്നാണെന്നും അവരിൽ തിളയ്‌ക്കുന്ന അഗ്‌നിപർവതത്തിന്‌ ഒരേ ചൂടാണെന്നുമുള്ള തിരിച്ചറിവിൽ ഷീബ സ്‌നേഹത്തിന്റെ നറുനിലാവാകുന്നു. ഗുരുതര രോഗത്താൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെയും, അവരെ പരിചരിക്കുന്ന ഉറ്റവരുടെയും കണ്ണീരൊപ്പാൻ ഷീബയ്‌ക്ക്‌ തുണയേകുന്ന കരുത്തിന്റെ പേരാണ്‌ ‘സൊലസ്‌’.


27 വർഷം മുന്പ്‌ രക്താർബുദം ബാധിച്ച പന്ത്രണ്ടുകാരിയായ മകൾ നിലൂഫിന്റെ ചികിത്സയ്‌ക്ക്‌ മുംബൈ ടാറ്റ ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്‌ചകളാണ്‌ ഷീബയുടെ ജീവിതഗതി മാറ്റിയത്‌. പീഡിയാട്രിക്‌ ഓങ്കോളജി വാർഡിൽ കീമോതെറാപ്പിയുടെ കാഠിന്യത്തിൽ ജീവച്ഛവങ്ങളായ കുട്ടികൾ. ആശുപത്രി വരാന്തയിൽ എത്രയോ അശരണരായ മനുഷ്യർ. അവരുടെ അടുത്ത്‌ പോയാൽ കേൾക്കാം ഉള്ളിലൊതുക്കിയ തേങ്ങൽ. ഭീമമായ പണച്ചെലവുള്ള ചികിത്സയ്‌ക്ക്‌ വഴികാണാതെ തല കുന്പിട്ടിരിക്കുന്നവർ. അവരിൽ ഭൂരിഭാഗവും തുച്ഛ വരുമാനത്തിന്‌ ജോലി ചെയ്യുന്ന കൂലിവേലക്കാരോ, ഇടത്തരം മധ്യവർഗക്കാരോ ആണ്‌. കുട്ടികളുടെ ചികിത്സയ്‌ക്ക്‌ രക്ഷിതാക്കൾ ആശുപത്രിയിൽ നിൽക്കണം. അതോടെ വരുമാനം നിലച്ച്‌ കുടുംബങ്ങൾ പട്ടിണിയിലാകും. കുഞ്ഞുങ്ങൾ രോഗബാധിതരാകുന്നതോടെ ഉപേക്ഷിച്ച്‌ കടന്നു കളയുന്ന ഭർത്താക്കന്മാരുമുണ്ട്‌. അപ്പോൾ കുട്ടികളുടെ ചികിത്സയ്‌ക്ക്‌ വേണ്ട വൻ തുകയും പ്രായമായവരുടെ സംരക്ഷണവും ഏറ്റെടുക്കേണ്ടി വരുന്ന സ്‌ത്രീകളുടെ നെഞ്ചിടിപ്പ്‌ ഇടിമുഴക്കത്തേക്കാൾ ഭയാനകം. ചായാൻ ഒരു ചുമലിനായി, ചേർത്ത്‌ നിർത്തുന്ന ഒരു നെഞ്ചിനായി അവർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന്‌ ഞെട്ടലോടെ തിരിച്ചറിയും‐ ഷീബ പറയുന്നു.


​മകളുടെ ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷനായി പതിനാറുകാരനായ മകൻ നിഖിലിന്റെ മജ്ജയാണ്‌ കുത്തിയെടുത്തത്‌. മുകൾനിലയിലെ വാർഡിൽ മകളും താഴത്തെ വാർഡിൽ ഓപ്പറേഷൻ തിയറ്ററിൽ മകനും. അവർക്കിടയിൽ ഉരുകുന്ന മനസ്സുമായി ആശുപത്രി ഇടനാഴികളിൽ നാളുകളെണ്ണിയതും കണ്ണ‍ീർ നനവുള്ള ഓർമകൾ. മകളെ ശുശ്രൂഷിക്കുന്പോഴും രോഗികളായ മറ്റ്‌ കുഞ്ഞുങ്ങളുടെയും അവരുടെ ഉറ്റവരുടെയും കണ്ണീരൊപ്പാൻ ഉ‍ൗർജസ്വലയായി ഷീബ മുന്നിൽ നിന്നു, അവരുടെ വേദനയെക്കാൾ വലുതല്ല സ്വന്തം ദുഃഖമെന്ന തിരിച്ചറിവിൽ. ഇത്തരക്കാരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന്‌ ദൃഡപ്രതിജ്ഞയെടുത്താണ്‌, മൂന്ന്‌ വർഷത്തെ ചികിത്സയ്‌ക്കുശേഷം അസുഖം ഭേദമായ മകളുമൊത്ത്‌ ഷീബ നാട്ടിൽ തിരിച്ചെത്തിയത്‌.


sheeba1


സൊലസിന്റെ തുടക്കം


​തൃശൂരിൽ ഇടശ്ശേരിയുടെ മകൻ ഡോ. ഇ ദിവാകരന്റെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ്‌ സെന്ററിലാണ്‌ ഷീബയുടെ തുടക്കം. ഏഴ്‌ വർഷം അതിൽ സജീവമായി. അതിനിടെ ചികിത്സയുടെ പാർശ്വഫലങ്ങളായി വീണ്ടും പല വിധ ആരോഗ്യപ്രശ്‌നങ്ങൾ മകൾ നിലൂഫയ്‌ക്കുണ്ടായി. രണ്ട്‌ ഇടുപ്പെല്ലുകൾ മാറ്റിവയ്‌ക്കേണ്ടി വന്നു. മകളെ പരിചരിക്കുന്പോഴും ജീവകാരുണ്യമെന്ന ലക്ഷ്യത്തിൽനിന്ന്‌ ഷീബ പിന്മാറിയില്ല. ​ ഗുരുതര രോഗം ബാധിച്ച കുട്ടികളും അവരുടെ അച്ഛനമ്മമാരും നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ താങ്ങാകാൻ ഒരു സാന്ത്വന പരിചരണകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. അതിന്‌ സാന്പത്തികം കണ്ടെത്താൻ ജോലിക്ക്‌ പോയി. എട്ട്‌ മാസത്തെ ശന്പളംകൊണ്ട്‌ ഒരു മുറി വാടകയ്‌ക്കെടുത്തു. 2007 നവംബർ 8ന്‌ ഡോ. ഇ ദിവാകരൻ പ്രസിഡന്റും ഷീബ അമീർ ഫ‍ൗണ്ടർ ആൻഡ്‌ സെക്രട്ടറിയുമായി സൊലസ്‌ എന്ന പേരിൽ ട്രസ്‌റ്റ്‌ രൂപീകരിച്ചു. വി ടി ഭട്ടതിരിപ്പാടിന്റെ ചെറുമകൻ ഡോ. വി ടി രഞ്‌ജിത്ത്‌ ഉൾപ്പെടുന്ന 11 പേരാണ്‌ അംഗങ്ങൾ. മുൻ ചീഫ്‌ സെക്രട്ടറിയും കവിയുമായ കെ ജയകുമാർ, ആനന്ദ്‌, സി രാധാകൃഷ്‌ണൻ, ഡോ. നാരായണൻകുട്ടി വാര്യരുൾപ്പെടെ പത്തംഗ രക്ഷാധികാരികളുമുണ്ട്‌.


​കൂടുതൽ അരികിലേക്ക്‌


​സാന്ത്വനപരിചരണത്തിനൊപ്പം ബ്രൈഡൽ നെറ്റ്‌, ഗ്ലാസ്‌ പെയിന്റിങ്‌, ചാർക്കോൾ ഷേഡിങ്‌, തുടങ്ങിയ കരക‍ൗശല പ്രവർത്തനങ്ങളും അമ്മമാർക്ക്‌ തൊഴിൽ പരിശീലനവും തുടങ്ങി. അഞ്ച്‌ ലക്ഷം രൂപ ലോണെടുത്ത്‌ വീടിന്റെ ഷെഡിലേക്കുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പുതിയ ഡിസൈനുകളുമായി വീൽചെയറിലിരുന്ന്‌ മകൾ നീലുവും സജീവമായി. ഷീബയുടെ ആത്മാർഥതയും അർപ്പണവും ബോധ്യപ്പെട്ടതോടെ തൃശൂർ മെഡിക്കൽകോളേജിൽനിന്ന്‌ ഡോക്ടർമാർ രോഗികളെ സൊലസിലേക്ക്‌ അയക്കാൻ തുടങ്ങി. കുട്ടികൾക്കായി പ്ലേതെറാപ്പി യൂണിറ്റ്‌ തുടങ്ങാൻ സൊലസിന്‌ മെഡിക്കൽകോളേജിൽ സ്ഥലം അനുവദിച്ചു. ക്യാൻസർ ബാധിതരായ കുട്ടികൾക്കായി ഒരു ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങളും ഒരു ലക്ഷം രൂപയുടെ പുസ്‌തകങ്ങളുമായി പ്ലേ തെറാപ്പി യൂണിറ്റ്‌ തുടങ്ങി. ടെറസിൽ പൂന്തോട്ടവും സജ്ജമാക്കി.


sheebനിലൂഫ


​​ഓർമയായി നിലൂഫ


​മകൾ നിലൂഫ വീണ്ടും രോഗബാധിതയായി. ഡിലേറ്റഡ്‌ കാർഡിയോ മയോപ്പതിയുടെ രൂപത്തിലാണ്‌ രോഗം വില്ലനായത്‌. മൂന്ന്‌ മാസമാണ്‌ ഡോക്ടർമാർ അവൾക്ക്‌ നിശ്‌ചയിച്ച കാലാവധി. പക്ഷെ മകളെ മരണത്തിനു വിട്ട്‌ നൽകാതെ ആറ്‌ വർഷംകൂടി അമ്മ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു. ഒടുവിൽ അവൾ 2013ൽ 28–ാം വയസ്സിൽ ഒരിക്കലും ഉണരാത്ത നിദ്രയിലമർന്നു.


​​സൊലസിന്റെ വളർച്ച


​​സൊലസിന്‌ ഇപ്പോൾ സംസ്ഥാനത്തെ ഒന്പത്‌ ജില്ലയിലായി 10 സെന്ററുകളുണ്ട്‌. തൃശൂരിൽ സർക്കാർ സ‍ൗജന്യമായി നൽകിയ 25 സെന്റ്‌ ഭൂമിയിൽ നിർമിച്ച മൂന്ന്‌ നില കെട്ടിടത്തിലാണിപ്പോൾ പ്രവർത്തിക്കുന്നത്‌. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലായി ആറ്‌ ചാപ്‌റ്ററുകളും ബ്രിട്ടനിലെ അഞ്ച്‌ നഗരങ്ങളിലും പ്രവർത്തിക്കുന്നു. ദീർഘകാല ചികിത്സ ആവശ്യമുള്ള ഗുരുതര രോഗം ബാധിച്ച 18 വയസ്സുവരെയുള്ള കുട്ടികൾക്കും കുടുംബത്തിനും മാനസിക, സാമൂഹ്യ, സാന്പത്തിക പിന്തുണ ഉറപ്പാക്കുന്ന സൊലസിന്റെ തണലിൽ ഇപ്പോൾ 5600 കുട്ടികളുണ്ട്‌. അവരെ പരിചരിക്കാൻ 1500 ഓളം സന്നദ്ധ പ്രവർത്തകരും. കുട്ടികൾക്ക്‌ മരുന്നിന്‌ ചെലവാകുന്ന തുകയുടെ പകുതി, കുഞ്ഞുങ്ങളുടെ ചികിത്സയുടെ ഭാഗമായി ദീർഘനാൾ വീട്‌ വിട്ടുനിൽക്കേണ്ടി വരുന്നവർക്ക്‌ സ‍ൗജന്യ ഭക്ഷ്യക്കിറ്റ്‌, ചികിത്സാർഥം വാടകയ്‌ക്ക്‌ താമസിക്കുന്പോൾ വാടകയുടെ പകുതി, അമ്മമാർക്ക്‌ തൊഴിൽ പദ്ധതി, കുട്ടികളുമായി സംവദിക്കാൻ ഗ്രൂപ്പ്‌ വളന്റിയർമാർ. യാത്രകൾ, സ്‌നേഹ സംഗമം, പിറന്നാൾ ആഘോഷം തുടങ്ങിയവയാണ്‌ പ്രധാന പ്രവർത്തനങ്ങൾ. ആർസിസി, ശ്രീചിത്ര തുടങ്ങിയിടങ്ങളിൽ കുട്ടികളുടെ ചികിത്സയ്‌ക്കായി എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ‍ൗജന്യമായി താമസിക്കാൻ തിരുവനന്തപുരം കുമാരപുരത്ത്‌ സൊലസ്‌ ഹോമുണ്ട്‌.


​25 ൽ അധികം അംഗീകാരങ്ങൾ


​2016 ൽ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം, 2011 ൽ മികച്ച സാമൂഹ്യസേവനത്തിനുള്ള വനിത വുമൺ ഓഫ്‌ ദ ഇയർ പുരസ്‌കാരം, സിഎൻഎൻ–എബിഎൻ റിയൽ ഹീറോ പുരസ്‌കാരം, വി ടി ഭട്ടതിരിപ്പാട്‌ സ്‌മാരക പുരസ്‌കാരം, സഹോദരൻ അയ്യപ്പൻ സ്‌മാരക പുരസ്‌കാരം, ഡോ. എ ടി കോവുർ പുരസ്‌കാരം ഉൾപ്പെടെ ചെറുതും വലുതുമായ 25 ൽ അധികം അംഗീകാരങ്ങൾ ഷീബയ്‌ക്ക്‌ ലഭിച്ചു. കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനകളിലും സജീവമാണ്‌ ഷീബ. നടന്നുപോയവൾ, ആഴത്തിൽ പതിഞ്ഞ ചിത്രങ്ങൾ, കൂടെ കുറച്ച്‌ ദൂരം, പ്രണയിനി അവളുടെ കഥകളും കവിതകളും കാത്തിരിപ്പുകളും, കാരുണ്യം നിറയുന്പോൾ എന്നീ കൃതികൾ ഷീബ രചിച്ചു. ഖത്തറിൽ മറൈൻ ബയോളജിസ്‌റ്റായിരുന്ന അമീർഅലിയാണ്‌ ഭർത്താവ്‌. തൃശൂർ പുല്ലഴിയിലെ ‘ചിപ്പി’യിലാണ്‌ താമസം. മകൻ നിഖിൽ അമീർ വിദേശത്ത്‌ ജോലി ചെയ്യുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home