വീണ്ടും പൂക്കുന്ന നീര്‍മാതളം

അനിൽ ആയഞ്ചേരി
Published on Aug 24, 2025, 12:00 AM | 1 min read
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും നൃത്താവിഷ്കാരത്തിലൂടെ മുന്നിലെത്തിക്കുകയാണ് വടകര ചോറോട് സ്വദേശി റിയാ രമേഷ്. ‘നീർമാതളക്കാലം’ എന്ന പേരിൽ ഒരുക്കിയ ചാരുതയാർന്ന ദൃശ്യവിരുന്ന് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. കുട്ടിക്കാലത്തു തന്നെ സ്കൂൾ യുവജനോത്സവ വേദികളിൽ തിളങ്ങിയാണ് റിയ നൃത്തരംഗത്തേക്ക് ചുവടുവച്ചത്. തലശേരി നൃത്താഞ്ജലി ഗീതാ ദിവാകരന്റെ ശിക്ഷണത്തിൽ നൃത്തപഠനം ആരംഭിച്ചു. തുടർന്ന് തൃശ്ശിനാപ്പള്ളി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഭരതനാട്യത്തിൽ ഒന്നാം ക്ലാസോടെ ബിരുദം നേടി.
കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും. കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കലാതിലകപട്ടത്തിന് അർഹയായി. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ രണ്ട് വർഷം കേരള നടനത്തിലും കുച്ചുപ്പുടിയിലും ഒന്നാംസ്ഥാനം നേടി. 2014 ൽ കേരള നടനത്തിൽ ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ യുവകലാപ്രതിഭാ പുരസ്കാരം ലഭിച്ചു. 2012 ഡിസംബറിൽ നൃത്ത വിഭാഗത്തിൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയപരിപാടിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിൽ പരിപാടികൾ അവതരിപ്പിക്കാനും റിയക്ക് അവസരമുണ്ടായി.
നൃത്തത്തിലെന്നപോലെ അഭിനയത്തിലും മികവ് തെളിയിച്ചു. പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി എന്ന ഷോർട്ട്ഫിലിമിൽ അഭിനയിച്ചു. ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. പി ഭാസ്കരൻ ജന്മശതാബ്ദിയുടെ ഭാഗമായി ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്തിണക്കി നൃത്തവും അഭിനയവും ഒരേ പോലെ സമന്വയിപ്പിച്ച് സ്വയം കൊറിയോഗ്രഫി ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ചു. ഇപ്പോൾ വടകരയിൽ ത്രിനേത്ര സെന്റർ ഫോർ പെർഫോമിങ് ആർട്സ് എന്ന സ്ഥാപനം നടത്തുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെന്റിനറി എൽപി സ്കൂളിലെ അധ്യാപികകൂടിയാണ് റിയ രമേഷ്.









0 comments