വരകളുടെ വർണരാജി

Raji Pisharasyar
avatar
അനിൽ മാരാത്ത്

Published on Aug 24, 2025, 12:00 AM | 3 min read

സമൂഹ വിപത്തുകളുടെ സങ്കീർണതകളിലേക്ക് വെളിച്ചം വീശുന്ന വരകളും വർണങ്ങളുമാണ് രാജി പിഷാരസ്യാരുടെ ചിത്രങ്ങൾ. വൈയക്തിക ജീവിത യാഥാർഥ്യങ്ങളിലേക്കാണ് -വശ്യമനോഹരമായ ചിത്രങ്ങൾ വെളിച്ചം വീശുന്നത്. സമസ്ത ദു:ഖങ്ങളും പേറേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന് എക്കാലത്തും അവഗണനയുടെ കൈപ്പുനീർ നുണയേണ്ടി വരുന്നതിനെയാണ് ഈ ചിത്രകാരി രചനകളിലൂടെ സാക്ഷ്യപ്പെടുന്നത്. സ്ത്രീ ദേവിയാണെന്നും, ഭൂമിയെപ്പോലെ ക്ഷമാശീലയാണെന്നും പറയുമ്പോൾ തന്നെ ഭ്രൂണഹത്യയും, ശൈശവ പീഡനവും സ്ത്രീധനത്തെ ചൊല്ലിയുള്ള ക്രൂരമർദനങ്ങളും വിവാഹമോചനവും നടമാടുമ്പോൾ രാജിയുടെ വരകൾ പ്രതിഷേധത്തിന്റെ തീപ്പന്തമാവുകയാണ്.


​വരയുടെ ആദ്യപാഠം


​വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ പഠിച്ച തലയോലപ്പറമ്പ് ഗവ. യുപി സ്കൂളിലും തുടർന്ന് എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. നാലാംക്ലാസിൽ പഠിക്കുമ്പോൾ വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമ്മയുടെ ജീവിതകഥയിൽ ആകൃഷ്ടയായി. രവിവർമ്മയെ പോലെ വരയ്ക്കണമെന്നായിരുന്നു ആഗ്രഹം. നിറംകൊടുത്ത ദൈവരൂപങ്ങൾകൊണ്ട് നോട്ട് ബുക്ക് നിറഞ്ഞു. പ്രോത്സാഹിപ്പിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. വരകളിലാണ് തന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന വിശ്വാസം മുന്നോട്ടു നയിച്ചു. ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കണമെന്ന് നിശ്ചയിച്ചു. പത്രസ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അച്ഛനാണ് തൃപ്പൂണിത്തുറയിലെ പ്രശസ്ത സ്ഥാപനമായ ചിത്രാലയയിൽ ചേർക്കുന്നത്. ഗവ. ആർഎൽവി ഫൈനാർട്സ് കോളേജിൽ പഠനം തുടർന്നു. കെ ജി ടി ഡ്രോയിങ്ങും പെയിന്റിങ്ങും പാസായി. ലളിതകലാ അക്കാദമിയുടെ സ്കോളർഷിപ്പോടെ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി.​


ചിത്രകലാ സൗഹൃദം​


ചിത്രകല പഠിപ്പിക്കാനുള്ള യോഗ്യത നേടിയെങ്കിലും സർക്കാർ ഉദ്യോഗം ലഭിച്ചില്ല. വൻതുക നൽകി സ്വകാര്യസ്ഥാപനത്തിൽ ചേരാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. സാമ്പത്തിക പരാധീനതകൾക്കിടയിലും ചിത്രകലയോടുള്ള അടങ്ങാത്ത താൽപ്പര്യമാണ് ഈ രംഗത്ത് ഉറച്ചുനിൽക്കാനുള്ള കരുത്ത് നൽകിയത്. നിരവധി കലാകാരൻമാരുമായി പരിചയപ്പെടാൻ കഴിഞ്ഞത് ഒരു വഴിത്തിരവായി. ചിത്രകലാ സങ്കൽപ്പങ്ങളെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങൾ വായിച്ച് മനസ്സിലാക്കാനും കഴിഞ്ഞു.


​ഏകാംഗ ചിത്രപ്രദർശനം


​കേരള ലളിത കലാ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ആദ്യ സോളോ എക്സിബിഷൻ കൊച്ചിയിൽ നടന്നത്. വർണ്ണങ്ങളിൽ നവീന ശൈലി സ്വീകരിച്ച് രചിച്ച ഇരുപത് ചിത്രങ്ങൾ "മായാവർണ്ണങ്ങൾ" എന്ന ശീർഷകത്തിലായിരുന്നു. സ്ത്രീ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതിനോടുള്ള അടങ്ങാത്ത രോഷ പ്രകടനങ്ങളായിരുന്നു ചിത്രങ്ങൾ. കോമുസൺസ്, വേൾഡ് വൈഡ് ആർട്ട് മൂവ്മെന്റിന്റെ ഗ്രൂപ്പ് ഷോകൾ, ട്രൈകളേഴ്സ് എന്ന പേരിൽ ലളിതകലാ അക്കാദമിയുടെ ഗ്രാന്റോഡുകൂടി എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലും ചെന്നൈ ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലും ലേഡീസ് ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തി.


​ലിംഗ വിവേചനത്തിന്റെ നേർക്കാഴ്ച


​ലിംഗ വിവേചനത്തിന്റെ നേർക്കാഴ്ചയുമായി ഒരു കൂട്ടം വനിതകളോടൊപ്പം ബംഗളൂരുവിൽ പ്രദർശനം നടത്തി. സ്ത്രീത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി ശബ്ദിക്കുന്ന ചിത്രങ്ങളാണ്‌ ഒരുക്കിയിരുന്നത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും ലളിത ജീവിതത്തിന്റെ നേർക്കാഴ്ചകളും ആകാശക്കാഴ്ചകളും കുട്ടികളുടെ വിവിധ ഭാവങ്ങൾ പകരുന്ന ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഏഴ്‌ ചിത്രകാരികളോടൊപ്പം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലും പ്രദർശനം നടത്തി.


​അൺടൈറ്റിൽഡ്


​അഞ്ചു ചിത്രകാരികളോടൊപ്പമുള്ള യാത്രകളുടെ ആദ്യ പടിയായിരുന്നു പേരിടാത്ത പ്രദർശനം. ആ പാത തുറന്നുകൊടുത്തതാകട്ടെ വരയുടെ ആദ്യാക്ഷരങ്ങൾ നൽകിയ ആർട്ടിസ്‌റ്റ്‌ ചക്രപാണി മാഷും. ഇടപ്പള്ളി മാധവൻ നായർ സ്മാരക മ്യൂസിയത്തിലായിരുന്നു ചക്രപാണി മാഷുടെ കീഴിൽ പഠിച്ച അഞ്ചു ചിത്രകാരികളുടെ "അൺടൈറ്റിൽഡ്’ എന്ന ശീർഷകത്തിലെ ചിത്രപ്രദർശനം.


​തത്സമയ ചിത്രരചന


​തത്സമയ ഛായാചിത്രരചന ശ്രദ്ധേയമായിട്ടുണ്ട്. നിരവധി പേരാണ് പത്ത് മിനിറ്റിനകം ലഭിക്കുന്ന തങ്ങളുടെ ഛായാചിത്രത്തിനായി കാത്തിരിക്കുന്നത്. ചാർക്കോൾ പെൻസിൽ ഉപയോഗിച്ചും കളറുകൾ ഉപയോഗിച്ചും ആവശ്യക്കാരുടെ അഭിരുചിക്ക്‌ അനുസരിച്ചുമാണ് -വരയ്‌ക്കുന്നത്. കളർ ചിത്രങ്ങൾക്ക് സമയവും ചെലവും കൂടുതലാണ്. ചങ്ങമ്പുഴ പാർക്ക്, കുസാറ്റ്, തൃപ്പൂണിത്തുറ ലായം ഫെസ്റ്റിവെൽ, യു സി കോളേജ്, മൂഴിക്കുളംശാല, എറണാകുളം എസ് ബി ഐ സംഘടിപ്പിച്ച നാരീശക്തിസംഗമം, സിപിഐ എം വനിതാ സംഗമം, സി എസ്‌ എ അങ്കമാലി, പകൽവീട് മക്കരപ്പറമ്പ്, ചെറായി ബീച്ച്, പോസ്റ്റൽ ജീവനക്കാരുടെ കുടുംബസംഗമം, ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം, പിഷാരടി സമാജം, സർഗ്ഗോത്സവം, വിദ്യാലയങ്ങൾ, പൊതു ഇടങ്ങൾ, ഫാമിലി വെഡ്ഡിങ്ങ് സെന്ററിന്റെ വിവിധ ഷോറൂമുകളിൽ, ലഹരിവിമുക്ത സംഗമങ്ങൾ എന്നിവിടങ്ങളിൽ തത്സമയ ചിത്രങ്ങൾ വരച്ചു. വയനാട് ദുരിതബാധിതരുടെ ഐക്യദാർഢ്യസംഗമത്തിൽ ലൈവായി വരച്ച ചിത്രങ്ങൾ വിൽപ്പന നടത്തി അതിൽനിന്നു ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനചെയ്തു.


​ക്യാമ്പ്


​കേരള ലളിതകലാ അക്കാദമിയും, കൾച്ചറൽ ഡിപ്പാർട്ടുമെന്റും സംയുക്തമായി സംഘടിപ്പിച്ച കുംഭം നാഷണൽ പെയിന്റേഴ്സ് ക്യാമ്പ് 2010, കേരള @വൺ 2016, കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച ശ്രാവണം 2023, കോമുസൺസ്,"ഇന്റർനാഷണൽ ക്രിയേറ്റേഴ്സ് "ഗ്രൂപ്പിൽ പാലിയം2024, ചിത്രകാരനായിരുന്ന സന്തോഷ് വെളിയന്നൂരിന്റെ സ്മരണാഥം വെളിയന്നൂരിൽ സംഘടിപ്പിച്ച"കൽപ്പ’ ആർട്ട് ക്യാമ്പ്- 2025, എന്നീ ക്യാമ്പുകളിൽപങ്കെടുത്തു.


​ചിത്രകലാ അധ്യാപനം


​ഭാരതീയ വിദ്യാഭവൻ പൂച്ചെട്ടി തൃശൂർ, ഹോളിഗ്രേസ് അക്കാദമി മാള,അനിത വിദ്യാലയം കാലടി, മറിയം ത്രേസ്യ- ഐ സി എസ് സി പബ്ലിക്‌ സ്‌കൂൾ പൂവ്വത്തുശ്ശേരി എന്നിവിടങ്ങളിൽ ചിത്രകല പഠിപ്പിച്ചിട്ടുണ്ട്. വിദ്യാധിരാജ സി ബി എസ് ഇ സ്കൂൾ മേയ്ക്കാട്, സരസ്വതി വിദ്യാനികേതൻ ചെങ്ങമനാട്, സ്വന്തമായി നടത്തുന്ന ചിത്രം ആർട്ട്‌ സെന്റർ പാറക്കടവ് എന്നിവിടങ്ങളിൽ ഇപ്പോൾ പഠിപ്പിക്കുന്നു.


​ആദരവ്


​ഡി വൈ എഫ് ഐ, ഇ എം എസ് സ്മാരക വായനശാല പാറക്കടവ്, സിപിഐ എം അങ്കമാലി ഏരിയാ കമ്മിറ്റി, പാറക്കടവ്‌ സോഷ്യൽ സർവീസ് സൊസൈറ്റി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, എസ്‌ബിഐ എറണാകുളം, വിൻസി ഫൗണ്ടേഷൻ തൃശൂർ, പിഷാരടി സമാജം, എൻ എഫ് പി ഇ ആലുവ എന്നീ സംഘടനകളുടെ ആദരവുകൾ ലഭിച്ചു. ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സിൽ നിന്നും രാജാരവിവർമ്മ പുരസ്കാരവും രണ്ടു വർഷങ്ങളിൽ ( 1997, 98) ലഭിച്ചു.


​കുടുംബം


​അച്ഛൻ: മുടക്കാരിൽ പിഷാരത്ത് ഗോപാല പിഷാരടി. അമ്മ: സുഭദ്ര പിഷാരസ്യാർ. ഭർത്താവ്: കരുണാകര പിഷാരടി. മക്കൾ: വിഷ്ണു കെ പി, വിനയ് കെ പി മരുമകൾ: പവിത്ര ശിവകാമി.



deshabhimani section

Related News

View More
0 comments
Sort by

Home