കളിയാക്കിയവരും ഒടുവിൽ കയ്യടിച്ചു

anandavalli
avatar
എം അനിൽ

Published on Aug 05, 2025, 01:09 PM | 3 min read

കളിയാക്കിയവരെക്കൊണ്ട്‌ കൈയടിപ്പിച്ച ജനപ്രതിനിധിയുടെ കഥ. കാഷ്വൽ സ്വീപ്പർ അതേ സ്ഥാപനത്തിന്റെ ഭരണസാരഥിയായി എത്തിയ കഥ. 2024–- 25 സാമ്പത്തിക വർഷം പദ്ധതി വിഹിതം നൂറിൽനൂറും ചെലവഴിച്ച്‌ സംസ്ഥാനത്ത്‌ ഒന്നാമതെത്തിയ പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ എ ആനന്ദവല്ലിയാണ്‌ നായിക. നാട്‌ ഏൽപ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാമെന്ന്‌ മറ്റുള്ളവർക്ക്‌ കാട്ടിക്കൊടുക്കുകയാണ്‌ അമ്പത്തിരണ്ടുകാരിയായ തലവൂർ ഞാറയ്‌ക്കൽ ശ്രീനിലയത്തിൽ ആനന്ദവല്ലി.


പ്രവർത്തനത്തിലൂടെ മറുപടി


ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ കാഷ്വൽ സ്വീപ്പറായി ജോലി ചെയ്യുന്നയാളെ എങ്ങനെ ആ സ്ഥാപനത്തിന്റെ പ്രസിഡന്റായി അംഗീകരിക്കും. തങ്ങൾക്ക്‌ താഴെ ജോലി ചെയ്‌ത ആളിനെ ഇനി പ്രസിഡന്റായി എങ്ങനെ കാണും. ഇതൊരു വല്ലാത്ത തീരുമാനമായിപ്പോയി, ഇനിയൊന്നും നടക്കില്ല, ഇനിയിങ്ങോട്ട്‌ വന്നിട്ട്‌ കാര്യമില്ല എന്നൊക്കെ പറഞ്ഞ്‌ പലരും ബ്ലോക്ക്‌ ഓഫീസിനുള്ളിലും പുറത്തും കലിതുള്ളി. മത്സരിച്ചത്‌ വെറുതെയായി പോയെന്നും കമ്മിറ്റിക്ക്‌ വരേണ്ടതില്ലെന്നും പറഞ്ഞ ജനപ്രതിനികളുമുണ്ട്‌. എന്നാൽ, അവസരം വന്നപ്പോൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തലവൂർ ബ്ലോക്ക്‌ ഡിവിഷനിൽനിന്ന്‌ വിജയിച്ച ആനന്ദവല്ലിയെ തീരുമാനിക്കുന്നതിൽ സിപിഐ എമ്മിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. അങ്ങനെയാണ്‌ 2020 ഡിസംബർ 21ന്‌ എൽഡിഎഫ്‌ പ്രതിനിധിയായി ആനന്ദവല്ലി പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചുമതലയിൽ എത്തുന്നത്‌.


പ്രസിഡന്റിന്റെ മുറിയിൽ വരാൻവരെ ചില ജീവനക്കാർ മടിച്ചുവെന്നതാണ്‌ യാഥാർഥ്യം. പദ്ധതി നിർവഹണത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ വിളിക്കുന്ന ആലോചനാ യോഗത്തിൽപ്പോലും പങ്കെടുക്കാൻ മടികാണിച്ച ഉദ്യോഗസ്ഥരുണ്ട്‌. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രസിഡന്റിനോട്‌ അനുഭാവം കാട്ടിയ ജീവനക്കാരെ ഓഫീസിൽ ഒറ്റപ്പെടുത്താനും ചിലർ തയ്യാറായി. ജാതി തിമിരം പിടിച്ചവരെയും ജനാധിപത്യത്തെ അംഗീകരിക്കാത്തവരെയും നിലയ്‌ക്കുനിർത്താൻ സർക്കാർതലത്തിലും നടപടിയുണ്ടായി. എന്നാൽ ഇതിലൊന്നിലും മനസ്സുലയാതെ ആനന്ദവല്ലി മുന്നോട്ടുപോയി. ആരോടും പരിഭവമില്ലാതെ, കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സഹപ്രവർത്തകരായ ജനപ്രതിനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും ഒപ്പംനിർത്തി നാടിന്റെ വികസനം അടയാളപ്പെടുത്തിയാണ്‌ അഞ്ചുവർഷം ആനന്ദവല്ലി പൂർത്തിയാക്കുന്നത്‌. ഇവിടെയൊന്നും നടക്കില്ലെന്ന്‌ പറഞ്ഞവരെക്കൊണ്ട്‌ മാറ്റിപ്പറയിപ്പിക്കാനും എല്ലാവരുടെയും പ്രസിഡന്റാകാനും കശുവണ്ടിത്തൊഴിലാളിയായ അമ്മയുടെ മകൾക്കായി എന്നത്‌ ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമുഖം.


anandavalli2024–-25ൽ വാർഷിക പദ്ധതി ഫണ്ട്‌ പൂർണമായും ചെലവഴിച്ച്‌ സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനത്തെത്തിയ പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡന്റ്‌ എ ആനന്ദവല്ലിക്ക്‌ മന്ത്രി കെ എൻ ബാലഗോപാൽ നൽകുന്നു


കാലം കാത്തുവച്ചത്‌


‘അഞ്ച്‌ വർഷത്തിനുള്ളിൽ ആനന്ദവല്ലി മികച്ചൊരു ഭരണാധികാരിയാകും. അത്‌ ജനങ്ങൾക്ക്‌ കാട്ടിക്കൊടുക്കും’, കെ ബി ഗണേശ്‌കുമാരിന്റെ വാക്കുകൾ തലവൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങിലായിരുന്നു. അത്‌ കാലം തെളിയിച്ചു. തന്റെ അനുഭവം ആനന്ദവല്ലി പാർടി നേതാക്കളോടും കെ ബി ഗണേശ്‌കുമാറിനോടും പങ്കുവയ്‌ക്കുമായിരുന്നു. അവരെല്ലാം നൽകിയ കരുത്തും ആത്മവിശ്വാസവും തനിക്ക്‌ പ്രചോദനമായെന്ന്‌ എ ആന്ദവല്ലി പറയുന്നു. തൃശൂർ കിലയിലെ പരിശീലനവും ഏറെ സഹായിച്ചു. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്റെയും മന്ത്രി കെ എൻ ബാലഗോപാലിന്റെയും പിന്തുണ എക്കാലവും തണലേകി.


നൂറിന്‌ നൂറും


2024‐25 സാമ്പത്തിക വർഷം 8.50 കോടി രൂപ ആയിരുന്നു പ്ലാൻഫണ്ട്‌. ഇതിൽ നൂറുശതമാനവും ചെലവഴിക്കാനായി. തനതുഫണ്ടും പട്ടികജാതി, പട്ടികവർഗ ഫണ്ടും പൂർണമായി ചെലവഴിച്ചു. ഇക്കാര്യത്തിൽ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും ഫണ്ട്‌ ചെലവഴിക്കുന്നതിലും വികസനത്തിന്റെ മേന്മ എല്ലാ മേഖലകളിലും എത്തിക്കുന്നതിലും പ്രവർത്തിച്ചു. തുടക്കത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ പഴങ്കഥയാക്കി നാടിന്റെ മുന്നേറ്റത്തിൽ ഒന്നിക്കുകയുമായിരുന്നു. ജില്ലാ പ്ലാനിങ്‌ കമ്മിറ്റിയും പദ്ധതികൾക്ക്‌ അംഗീകാരം നൽകുന്നതിനും മറ്റും പെട്ടെന്ന്‌ തീരുമാനങ്ങളെടുത്തു. ട്രഷറിയിലും വലിയ പരിഗണന ലഭിച്ചു. പദ്ധതി നിർവഹണത്തിൽ വിവിധ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻന്മാരും ഉദ്യോഗസ്ഥരും ഉണർന്നുപ്രവർത്തിച്ചു. അങ്ങനെയാണ്‌ സംസ്ഥാനത്തെ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ പദ്ധതി നിർവഹണത്തിൽ പത്തനാപുരം ഒന്നാമത്‌ എത്തിയത്‌.

ന്യൂതന പദ്ധതികൾ


വലിയ നേട്ടമുണ്ടായത്‌ ക്ഷീരമേഖലയിൽ ആണ്‌. വീട്ടമ്മയ്‌ക്കൊരു കൈത്താങ്ങ്‌ പദ്ധതിയിലുടെ പാലുൽപ്പാദനത്തിൽ പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിനെ മുന്നിലെത്തിക്കാനായി. നാലുവർഷത്തിനിടെ വിതരണം ചെയ്‌തത്‌ 486 കറവ പശുക്കളെ. വാർഷിക പദ്ധയിൽപ്പെടുത്തി പശുവിനെ വാങ്ങാൻ ഒരു കുടുംബത്തിന്‌ 30,000 രൂപ സബ്‌സിഡി നൽകി. തൊഴിലുറപ്പ്‌ പദ്ധതിയിൽപ്പെടുത്തി കാലിത്തൊഴുത്ത്‌ നിർമാണത്തിലും താങ്ങായി. 12 ക്ഷീരസംഘങ്ങളുടെ സ്ഥാനത്ത്‌ 28 ആയി. ഡയാലിസിസ്‌ രോഗികൾക്ക്‌ യാത്രാച്ചെലവ്‌, പട്ടികജാതി മേഖലയിൽ സ്‌മാർട്ട്‌ കിച്ചൻ, പട്ടികജാതി പട്ടികവർഗ കുട്ടികൾക്കായി മികവ്‌ പദ്ധതിയിലൂടെ ട്യൂഷൻ തുടങ്ങിയവ ഏറെ അഭിനന്ദനം ലഭിച്ച പദ്ധതികളാണ്‌. പത്തനാപുരം താലൂക്കാശുപത്രിയുടെ പ്രവർത്തനവും എടുത്തുപറയേണ്ടതാണ്‌.


anandavalli


കുടുംബം കട്ട സപ്പോർട്ട്‌


2010ൽ ആണ്‌ പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിൽ കാഷ്വൽ സ്വീപ്പറായി ജോലിക്കെത്തുന്നത്‌. അതിനുമുമ്പ്‌ തലവൂർ പഞ്ചായത്തിൽ ആയിരുന്നു ജോലി. കുടുംബത്തിന്റെ വരുമാനമാർഗമായിരുന്ന ജോലി ഉപേക്ഷിച്ച്‌ ജനപ്രതിനിധിയുടെ വേഷമണിയാൻ ആനന്ദവല്ലിക്ക്‌ വലിയ പിന്തുണയാണ്‌ ഉറ്റവർ നൽകിയത്‌. ജോലിക്കിടയിലും സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ആനന്ദവല്ലി സമയം കണ്ടെത്തിയിരുന്നു. പികെഎസ്‌ പത്തനാപുരം ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമാണ്‌. മഹിളാ അസോസിയേഷൻ തലവൂർ വില്ലേജ്‌ പ്രസിഡന്റും സിപിഐ എം ഞാറയ്‌ക്കാട്‌ ബ്രാഞ്ചംഗവുമാണ്‌. സിപിഐ എം തലവൂർ ലോക്കൽ കമ്മിറ്റി അംഗം എൻ മോഹനനാണ്‌ ഭർത്താവ്‌. ബിരുദാനന്തര ബിരുദം കഴിഞ്ഞ മിഥുൻ മോഹൻ, ബിബിഎ കോഴ്‌സ്‌ ചെയ്യുന്ന കാർത്തിക്‌ എന്നിവർ മക്കളാണ്‌. മിഥുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനും കാർത്തിക്‌ എസ്‌എഫ്‌ഐ പ്രവർത്തകനുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home