നിറങ്ങളുടെ പ്രണയിനി

ഗയ പുത്തലത്ത്
Published on Aug 05, 2025, 01:15 PM | 3 min read
നിറങ്ങളെ ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാകില്ല."നിറങ്ങൾ, ആഴമേറിയതും നിഗൂഢവുമായ ഭാഷയാണ്, അത് സ്വപ്നങ്ങളുടെ ഭാഷയാണെ’ ന്നാണ് പോൾ ഗോഗിൻ അഭിപ്രായപ്പെടുന്നത്. നിറത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ ഇന്നും സമൂഹത്തിൽ അരങ്ങേറുന്നുണ്ട്. എന്നാൽ, അഴീക്കോട് ഒരാൾ നിറങ്ങളെയും അതിലൂടെ ജീവൻ വയ്‌ക്കുന്ന ചിത്രങ്ങളെയും പ്രണയിച്ചുകൊണ്ടിരിക്കുന്നു. ചിത്രരചനയിലൂടെ ശിവോഹം ആർട്ട് ഗ്യാലറി എന്ന ചിത്രകലാ സ്ഥാപനത്തിന്റെ അധിപയായിമാറിയ, പോർച്ചുഗലിലെ കോസ്റ്റ ഡോ മലബാർ റിസോർട്ടിലെ ചുമർചിത്രത്തിൽ കൈയൊപ്പ് ചാർത്തിയ ഷീജ പ്രമോദിന്റെ ചിത്രകലാ ജീവിതത്തെപ്പറ്റി.
രണ്ടാം വരവ്
ചെറുപ്പത്തിലേയുള്ള ചിത്രരചനയോടുള്ള ഇഷ്ടമാണ് ഷീജയെ ഇന്ന് നാടറിയുന്ന ചിത്രകലാധ്യാപികയാക്കിയത്. മൂന്നരമുതൽ 68 വയസ്സ് പിന്നിട്ടവർവരെ ഷീജയുടെ കീഴിൽ അഭ്യസിക്കുന്നുണ്ട്. ചിത്രരചനയ്ക്ക് വീട്ടിൽനിന്ന് പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് മകളെ ചിത്രരചന പഠിക്കാൻ ക്ലാസിന് ചേർത്തപ്പോൾ അവിടെ നിരവധി സ്ത്രീകൾ ചിത്രകല പഠിക്കുന്നത് കാണുകയും അത് ഷീജയുടെ ഉള്ളിൽ മൺമറഞ്ഞ കലയെ വീണ്ടും ഉണർത്തുകയുമായിരുന്നു. അവിടെനിന്ന് 2016ൽ തന്റെ ഉള്ളിലെ കലാവാസന ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കാനുള്ള രണ്ടാം വരവായിരുന്നു. പിന്നീട് മാഹി കലാഗ്രാമത്തിലെ ചിത്രകലാധ്യാപകൻ നിവിൻ രാജിന്റെ കീഴിൽ ചിത്രരചന പഠിച്ചു. അറുപതോളം ചിത്രങ്ങൾ വരച്ച് തന്റെ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചു. അവിടെനിന്ന് ഷീജയെന്ന വീട്ടമ്മ ഒരു ചിത്രകലാ സ്ഥാപനത്തിന്റെ ഉടമയായും അറിയപ്പെടുന്ന ഒരു ചിത്രാധ്യാപികയായും മാറുന്നു. മ്യൂറൽ പെയിന്റിങ്, അക്രിലിക്ക്, അബ്‌സ്‌ട്രാക്ക് പെയിന്റിങ്, സാരി പെയിന്റിങ്, തഞ്ചാവൂർ– --മൈസൂരു ആർട്ട്, മോഡേൺ ആർട്ട് എന്നിങ്ങനെ ചിത്രരചനയുടെ വിവിധ മേഖലകളിൽ ഷീജ ഇതിനകം കഴിവ് തെളിയിച്ചു.
ശിവോഹം ആർട്ട് ഗ്യാലറി
അഴീക്കോട് പൂതപ്പാറയിൽ 2018 മാർച്ച് ഒന്നിനാണ് ശിവോഹം ആർട്ട് ഗ്യാലറിയുടെ തുടക്കം. ഇതൊരു പരീക്ഷണശാലയാണെന്നാണ് ഷീജ പറയുന്നത്. ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ക്ലാസുകളുമെല്ലാം ഇവിടെത്തന്നെയാണ്. ഇതാണിന്ന് ഷീജയുടെ ലോകം. ചിത്രം കാണാനായെത്തിയവർ വരയുടെ ഭംഗി കണ്ട് കുട്ടികളെ ചിത്രരചന പഠിപ്പിക്കാൻ ആവശ്യപ്പെടുന്നിടത്തുനിന്ന് 2019 മുതൽ അധ്യാപികയുടെ ചുമതലകളിലേക്ക് കടക്കുന്നു. പിന്നീട് തന്റെ ശിക്ഷ്യന്മാർക്ക് നല്ലൊരു ഗുരുവാകാനുള്ള ശ്രമമായിരുന്നു. അതിൽ ഷീജ വിജയിച്ചു. "പഠിപ്പിക്കലല്ല അറിവ് പങ്കിടുക മാത്രമാണ് ഞാൻ ചെയ്യുന്നത്, എന്റെ ചിത്രങ്ങളേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്നതായിരിക്കണം ശിഷ്യന്മാരുടെ ചിത്രങ്ങൾ' ഷീജ പറയുന്നു. ചിത്രരചനയിൽ ഇന്ന് കുട്ടികൾ വളരെയധികം താൽപ്പര്യം കാണിക്കുന്നുണ്ട്. വിദേശത്തുനിന്നുപോലും നിരവധിപേർ ചിത്രരചന പഠിക്കാനെത്തുന്നു. നിലവിൽ ഓൺലൈനായും ക്ലാസെടുക്കുന്നുണ്ട്. ഇന്ന് അഞ്ഞൂറിൽപ്പരം ശിഷ്യരുണ്ട്. ഇവിടെ ഏതു പ്രായക്കാർക്കും പഠിക്കാനെത്താം. പലപ്പോഴും കുട്ടികളെ ചേർക്കാനെത്തുന്ന രക്ഷിതാക്കൾ പിന്നീടിവിടെ പഠിതാക്കളായി മാറുന്നു. ശിഷ്യന്മാരൊക്കെയും സ്വന്തമായി ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തി വിജയം കൈവരിക്കുന്നതിന്റെ ആഹ്ലാദവും ഷീജ പങ്കുവയ്ക്കുന്നു.

രാധാകൃഷ്ണ പ്രണയവും തെയ്യച്ചാർത്തും
ഷീജയുടെ ആർട്ട് ഗ്യാലറിയിലെ ഭൂരിഭാഗം ചിത്രങ്ങളും രാധകൃഷ്ണ പ്രണയവും തെയ്യങ്ങളും നിറഞ്ഞതാണ്. ‘നമുക്ക് എന്തിനോടും ഒരു പ്രണയം കാണുമല്ലോ. രാധാകൃഷ്ണനിലൂടെ പ്രണയത്തെ നമുക്ക് എങ്ങനെയും ചിത്രീകരിക്കാമെന്നതും ഒരു പ്രത്യേകതയാണ്. ഒരിക്കൽ യാദൃച്ഛികമായി തെയ്യത്തിന്റെ ചിത്രം വരച്ചപ്പോൾ കുട്ടികൾക്ക് ഇഷ്ടമാവുകയും അവരെ വരയ്ക്കാൻ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആദ്യമായി 18 കുട്ടികൾക്കായി ഒരു തെയ്യം വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഒന്നര വർഷമായി വിവിധങ്ങളായ തെയ്യത്തിന്റെ ചിത്രങ്ങൾ വരയ്ക്കുകയും വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. വയനാട്ടുകുലവൻ, മുച്ചിലോട്ട് ഭഗവതി, പുല്ലൂർകാളി, പോതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രമാണ് കൂടുതലായി വരയ്ക്കുന്നത്. യുഎസിൽ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം വരച്ചു നൽകിയിട്ടുണ്ട്. നിരവധി ഇടങ്ങളിൽനിന്ന് തെയ്യംവര പഠിപ്പിക്കാൻ ആളുകൾ വിളിക്കുന്നുണ്ട്’.
എക്സിബിഷനുകളും അവാർഡുകളും
രാജ്യത്തിനകത്തും പുറത്തുമായി നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുമരുകൾ അലങ്കരിച്ചിരിക്കുന്നത് ഷീജയുടെ കൈയൊപ്പ് ചാർത്തിയ ചിത്രങ്ങളാണ്. ആദ്യമായി 80 പെയിന്റിങ്സിന്റെ പ്രദർശനമാണ് നടത്തിയത്. യുഎസ്, ബംഗളൂരു, കണ്ണൂരിലെ വിവിധയിടങ്ങളിൽ ഷീജ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പത്ത് അടി നീളത്തിലും ആറടി വീതിയിലും തീർത്ത അഞ്ചു ലക്ഷം രൂപ വില വരുന്ന മ്യൂറൽ ചിത്രം രാധാമാധവമാണ് ഷീജയുടെ വിൽക്കപ്പെട്ട ഏറ്റവും വലിയ ചിത്രം. രാജാ രവിവർമ പുരസ്കാരം, വനിത സ്‌ത്രീ പുരസ്‌കാരം, റെഡ് എഫ്‌എം ശക്തി അവാർഡ് എന്നീ പുരസ്കാരങ്ങളും ഷീജയെത്തേടി എത്തിയിട്ടുണ്ട്.
‘‘സ്ത്രീകൾ എപ്പോഴും സ്വന്തമായി വരുമാനമുള്ളവരായിരിക്കണം. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകാം. അവ മറികടക്കാൻ സാധിച്ചാൽ ജീവിതവിജയം നേടാൻ കഴിയുമെന്നതിൽ ഒരു സംശയവുമില്ല’’ ഷീജ പറയുന്നു. കണ്ണൂരിലെ കൃഷ്ണാ ജ്വല്ലേഴ്സ് പാർട്ണർ എം പ്രമോദ് കുമാറും മക്കളായ രത്തനും രൺവീതയും പൂർണ പിന്തുണ നൽകി ഷീജയുടെ സംരംഭത്തിനൊപ്പമുണ്ട്.









0 comments