വനിത വികസന കോർപ്പറേഷന്റെ എസ്‌കലേറ പ്രദർശന- വിപണന മേള ഇന്നുമുതൽ

escalera
വെബ് ഡെസ്ക്

Published on Feb 25, 2025, 02:10 PM | 2 min read

തിരുവനന്തപുരം : സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി പ്രദർശന- വിപണന മേള എസ്‌കലേറ-2025 ഇന്ന് ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് മേള ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി അധ്യക്ഷയാകും.


സംരംഭകരായ വനിതകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയാണ് എസ്‌കലേറയുടെ ലക്ഷ്യം. സ്ത്രീകൾക്ക് വലിയ മാർക്കറ്റിങ് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർഡിആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള. 'ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയിൽ പങ്കെടുക്കും. തമിഴ്നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചർച്ചകളും നടക്കും.

കാൻസർ സ്‌ക്രീനിങ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന കാൻസർ പ്രതിരോധ ജനകീയ കാമ്പയിനായ 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും ക്യാമ്പ് പ്രവർത്തിക്കും. സ്‌ക്രീനിങ് സൗജന്യമാണ്. സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോർപ്പറേഷൻ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയുടെ സ്‌ക്രീനിങ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വനിതാ വികസന കോർപ്പറേഷൻ

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ വഴിയൊരുക്കുകയാണ് 1988ൽ രൂപീകൃതമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ഇതിലൂടെ സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഈ സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വായ്പ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സർക്കാർ ഗ്യാരന്റി 1257 കോടി രൂപയായി ഉയർത്തി. 2021-22 മുതൽ നാളിത് വരെ 1065 കോടി രൂപയുടെ സ്വയംതൊഴിൽ വായ്പ വിതരണം 94,912 സ്ത്രീകൾക്കായി നടത്തിയിട്ടുണ്ട്. ഇതിലൂടെ രണ്ട് ലക്ഷത്തിലധികം പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങൾ സൃഷിഷ്ടിക്കാൻ സാധിച്ചു.

ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം 2021-22 മുതൽ ലാഭം വിഹിതം സർക്കാരിന് നൽകി വരുന്നു. NMDFCയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലിസിങ് ഏജൻസിക്കുള്ള പുരസ്‌ക്കാരം തുടർച്ചയി രണ്ട് വർഷം KSWDC നേടി, പ്രവർത്തന മികവിന് NSFDC, NBCFDC എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.

സ്ത്രീസുരക്ഷയ്ക്കായി 181 വനിതാ ഹെൽപ് ലൈൻ, ആർത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേതൃ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചർ വിമൻ ഗ്രൂമിങ്ങ് പ്രോഗ്രാം- പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്ത്രീകൾ, ട്രാൻസ് വ്യക്തികൾ എന്നിവർക്കായി സംരംഭം തുടങ്ങുന്നതിനാവശ്യമായ ഉപദേശങ്ങൾ നൽകാനും സാമ്പത്തിക സാങ്കേതിക മാർക്കറ്റിങ് സാധ്യതകൾ പറഞ്ഞു കൊടുക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നതിനുമായി പ്രൊജക്ട് കൺസൾട്ടൻസി വിങ്ങ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയുമാണ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ഇതിലൂടെ സ്ത്രീ സംരംഭകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സംരംഭകത്വത്തിന് അവർക്കാവശ്യമായ എല്ലാ രീതിയിലുള്ള പിന്തുണ നൽകുന്നതിനുമാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home