ഓടിയോടി തളരുന്ന പെൺമനസുകള്‍

women loco pilot

എഐ പ്രതീകാത്മകചിത്രം

avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Nov 02, 2025, 10:10 AM | 4 min read

ലോകത്തിലെതന്നെ ഏറ്റവും വലിയ തീവണ്ടിപ്പാതാ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ഓരോ ദിവസും ലക്ഷക്കണക്കിന് മനുഷ്യർ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനം. ആണുങ്ങളുടെമാത്രം കുത്തകയായിരുന്ന ഇ‍ൗ മേഖല തങ്ങൾക്കുകൂടി അർഹതപ്പെട്ടതാണെന്ന് റെയിൽവേ രം​ഗത്ത് സ്ത്രീകൾ തെളിയിച്ചുകഴിഞ്ഞു. എന്നാൽ, കഠിനാധ്വാനത്താൽ തൊഴിൽ നേടിയെങ്കിലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനാകുന്നുണ്ടോ? വനിതാ ലോക്കോ പൈലറ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ആ തൊഴിൽമേഖലയിൽ നിലവിലില്ല. അവർ പങ്കുവയ്ക്കുന്ന ആശങ്കകൾ ലോക്കോ പൈലറ്റുമാരുടേതുമാത്രമല്ല, മറിച്ച് സമാനസാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന എല്ലാ വനിതാ ജീവനക്കാരുടേതുംകൂടിയാണ്. ​


ശുചിമുറി ​


എല്ലാ തൊഴിൽമേഖലയിലും ഇടയ്ക്ക് ശുചിമുറിയിൽ പോകാനും വിശ്രമിക്കാനും സൗകര്യങ്ങളുണ്ട്. എന്നാൽ, റെയിൽവേയിൽ ലോക്കോ പൈലറ്റുകൾക്ക് അത്തരമൊരു സൗകര്യം ലഭ്യമല്ല. ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചിറങ്ങാതെ മൂത്രമൊഴിക്കാൻപോലും കഴിയില്ല എന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന് എറണാകുളത്തുനിന്ന് എടുത്ത ഒരു വണ്ടി ഈറോഡിലേക്ക് പോവുകയാണ്. എക്സ്പ്രസ് ട്രെയിനാണ്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടാൻ സമയം ഒരു മിനിറ്റാകും അനുവദിക്കുന്നത്. യാത്രക്കാർ കയറുന്നതിനും എത്രയോ മുന്നിലാണ് എൻജിൻ ലോക്കോ കോച്ചിന്റെ സ്ഥാനം. സ്റ്റേഷനിലെ ശുചിമുറികൾ എൻജിൻ കോച്ചുകൾ നിർത്തുന്നതിന് വളരെ പിന്നിലാണുണ്ടാവുക.


എൻജിനുകൾ നിർത്തുന്ന അതേ സ്ഥലത്തുതന്നെ ശുചിമുറികൾ വേണമെന്നത് ലോക്കോ പൈലറ്റുമാരുടെ ദീർഘകാല ആവശ്യമാണ്. വന്ദേഭാരതിൽമാത്രമാണ് ലോക്കോ പൈലറ്റുകൾക്ക് ട്രെയിനിലെ ശുചിമുറികൾ ഉപയോ​ഗിക്കുന്നത് പ്രായോ​ഗികമാകുന്നത്. എന്നാൽ, യാത്രക്കാരുടെ വലിയ തിരക്ക് അവിടെയുമുണ്ട്. അതിനാൽ ആ സൗകര്യവും പ്രയോജനപ്പെടുത്താനാകില്ല. പുരുഷന്മാർ കുപ്പികളിൽ മൂത്രമൊഴിക്കുകയോ പുറത്തിറങ്ങി മറവിലൊക്കെ മൂത്രമൊഴിക്കുകയോ ചെയ്യാറുള്ളതായും എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അതും കഴിയില്ലല്ലോ എന്നും വനിതാ ലോക്കോ പൈലറ്റുകൾ പറയുന്നു. ഇടയ്ക്കിടയ്ക്ക് മൂത്രശങ്കയുണ്ടാകാതിരിക്കാൻ പലരും ഡ്യൂട്ടിക്കിടയിൽ വെള്ളം കുടിക്കാറില്ല. ട്രെയിനിലെ ടോയ്‌ലറ്റ് ഉപയോ​ഗിച്ചുകൂടേ എന്നായിരിക്കും ചോദ്യം.


കൺവൻഷണൽ കോച്ചുകൾ മാറ്റി എൽഎച്ച്ഡി കോച്ചുകളാണ് ഇപ്പോഴുള്ളത്. അതായത് ട്രെയിനുകളിൽ എൻജിൻ കോച്ചുകളോട് അടുത്തുള്ളത് ജനറേറ്റർ കാറാണ്. ട്രെയിനിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച് വിതരണത്തിന് എത്തിക്കുന്ന സ്ഥലം. അത് കഴിഞ്ഞ് പാഴ്‌സൽ വാൻ. അതിനുശേഷമാണ് യാത്രക്കാർക്കുള്ള ജനറൽ കോച്ചുകൾ. എന്നാൽ, ഇപ്പോൾ അത്തരം കംപാർട്ട്‌മെന്റുകളുടെ എണ്ണം കുറച്ചതുകൊണ്ട് നിലവിലുള്ളവയിൽ ആളുകൾ വാതിലിൽവരെ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുകയായിരിക്കും. ആ സാഹചര്യങ്ങളിൽ അഞ്ചോ ആറോ കംപാർട്ട്‌മെന്റുകൾക്കപ്പുറം പോകേണ്ടിവരും. ​ട്രെയിൻ ദീർഘനേരം നിർത്തിയിടുന്ന സ്റ്റേഷനുകളുമുണ്ട്. എന്നാൽ, അത്തരം സ്ഥലങ്ങളിൽ യാത്രക്കാരുടെ സൗകര്യങ്ങൾതന്നെയാണ് ജീവനക്കാരും ഉപയോ​ഗിക്കേണ്ടത്. ജീവനക്കാർക്കുമാത്രമായി ഇതുവരെ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല. അവ നൽകണമെന്നത് വനിതാ ജീവനക്കാർ വന്നപ്പോൾമുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.


ചില ലോക്കോ പൈലറ്റ് കോച്ചുകളിൽ ഇപ്പോഴും എയർ കണ്ടീഷൻ ഇല്ല. വളരെ ഉഷ്ണം നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടി വരുന്നതോടെ ജീവനക്കാർക്ക് ഡീഹൈഡ്രേഷൻ ഉണ്ടാകുന്നതും പതിവാണ്.


​ആർത്തവം


ആർത്തവസമയങ്ങളിൽ സാനിറ്ററി പാഡുകൾ മാറ്റിയില്ലെങ്കിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകും. സാനിറ്ററി പാഡുകൾ മാറ്റാനുള്ള സൗകര്യങ്ങളൊന്നും ട്രെയിനിലില്ല. എട്ടുമണിക്കൂർ ഡ്യൂട്ടിയാണെങ്കിൽ ആ സമയത്തിനുശേഷമാകും പാഡ് മാറ്റാൻ സാധിക്കുക. ഭൂരിഭാ​ഗം സ്ത്രീജീവനക്കാർക്കും അതിനാൽത്തന്നെ മൂത്രാശയരോ​ഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു വനിതാ ലോക്കോ പൈലറ്റിന് ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. റെയിൽവേ ഉദ്യോ​ഗസ്ഥർതന്നെയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.


മൂത്രാശയത്തിലെ അണുബാധ മൂർച്ഛിച്ചതാണ് ബോധക്ഷയത്തിന് കാരണം. അതിനുശേഷം എൻജിൻ സ്റ്റോപ്പ് ബോർഡിന് അടുത്ത് ശുചിമുറി വേണമെന്ന് ആവശ്യം ശക്തമായിരുന്നു. എല്ലാ അധികാരികൾക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയുണ്ടായില്ല. ​മൂത്രാശയ അണുബാധമൂലം മറ്റ് രോ​ഗങ്ങളും പിടിപെടുന്നുവെന്നും ലോക്കോ പൈലറ്റുമാർ പറയുന്നു. പ്രത്യുൽപ്പാദനത്തെത്തന്നെ ബാധിക്കുന്ന അവസ്ഥയാണിത്. പല സ്ത്രീകളിലും ഗർഭം അലസിപ്പോകുന്നതുപോലെയുള്ള ആരോ​ഗ്യവെല്ലുവിളികൾ റിപ്പോർട്ട് ചെയ്തു.


എല്ലാ ലോക്കോ ക്യാബിനുകളിലും ശുചിമുറിസൗകര്യങ്ങളോടുകൂടിയായിരിക്കും വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കുക എന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, ഒന്നിൽപ്പോലും അത്തരം സൗകര്യങ്ങളൊരുക്കിയില്ല. ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ നിങ്ങൾ എന്തിനാണ് ഈ ജോലി തെരഞ്ഞെടുത്തത് എന്നാണ് റെയിൽവേ ചോദിക്കുന്നത്. 250 വനിതാ ലോക്കോ പൈലറ്റുമാരാണ് ദക്ഷിണ റെയിൽവേയിലുള്ളത്. എറണാകുളം ഡിവിഷനിൽമാത്രം 15 പേരുണ്ട്.


സുരക്ഷിതത്വം


ലോക്കോ പൈലറ്റ് ഡ്യൂട്ടി ചിലപ്പോൾ രാത്രി വൈകിയായിരിക്കും തുടങ്ങുക, ചിലപ്പോൾ ഡ്യൂട്ടി കഴിയുന്നത് രാത്രിയിലായിരിക്കും. ഇത്തരം സമയങ്ങളിൽ ഡ്യൂട്ടിക്കായി വീട്ടിൽനിന്ന്‌ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയിലും പ്രയാസം നേരിടുന്നു. സുരക്ഷിതമായ യാത്ര ഒരുക്കണം. അല്ലെങ്കിൽ ആ അവസരങ്ങളിൽ സ്റ്റേഷനിൽ തങ്ങാൻ സ്ത്രീകൾക്കായി റെസ്റ്റ് റൂം അനുവദിക്കണമെന്നാണ് വനിതാ ലോക്കോ പൈലറ്റുമാരുടെ ആവശ്യം. പുരുഷന്മാർക്ക് ഇപ്പോൾ സ്റ്റേഷനിൽ റെസ്റ്റ് റൂം സൗകര്യങ്ങളുണ്ട്. വനിതകൾക്കുമാത്രമായി വിശ്രമത്തിനുള്ള സൗകര്യങ്ങളില്ല. കുടിവെള്ളവും വൃത്തിയുമുള്ള ഒരു ശുചിമുറിയും കട്ടിലുകളുള്ള ഒരു വിശ്രമമുറിയും വനിതകൾക്ക്‌ ആവശ്യമാണ്. എറണാകുളത്ത് ഇപ്പോൾ വിശ്രമമുറി അനുവദിച്ചിട്ടുണ്ട്. പക്ഷേ, അത് റെയിൽവേയിലുള്ള എല്ലാ വനിതാ ജീവനക്കാർക്കുംകൂടിയുള്ളതാണ്. ​​


ഗർഭം അസുഖമല്ല


ലോക്കോ പൈലറ്റ് ഗർഭിണിയായാൽ എന്തോ കുറ്റകൃത്യം ചെയ്തതുപോലെയാണ് റെയിൽവേ അധികൃതർ പെരുമാറുന്നത്. ​ഗർഭകാലത്ത് ഉയരത്തിലുള്ള എൻജിൻ പടികളിലേക്ക് ചാടിക്കയറാനോ അതിൽനിന്ന് ചാടിയിറങ്ങാനോ ലോക്കോ പൈലറ്റിന് കഴിയില്ല. ആ സമയത്ത് ഓഫീസിലെ ഡ്യൂട്ടി നൽകുക, സിക്ക് ലീവ് അനുവദിക്കുക എന്നിവ ഒന്നും ഇപ്പോൾ നടപ്പാക്കുന്നില്ല. ​ഗർഭകാലത്ത് പ്രത്യേക ലീവ് അനുവദിക്കുന്നില്ല. സ്വന്തം ലീവിൽനിന്ന് എടുക്കുകമാത്രമാണ് വഴി. എന്നാൽ, പല ജീവനക്കാർക്കും അത്രയും സർവീസില്ലാത്തതിനാൽ ദീർഘ അവധി എടുക്കാൻ കഴിയില്ല. ഒരുവർഷത്തിൽ 15 ലീവുകളാണ് ലോക്കോ പൈലറ്റിനുള്ളത്. ​ഗർഭം ഒരു അസുഖമല്ല എന്നാണ് ചോദ്യങ്ങൾക്ക് റെയിൽവേയുടെ വിധിയെഴുത്ത്.


പരാതിപ്പെട്ടാൽ ശിക്ഷ


ജോലിസ്ഥലത്തെ അസൗകര്യങ്ങളെക്കുറിച്ചുംമറ്റും പരാതികൾ അറിയിക്കാനുള്ള സാഹചര്യങ്ങൾ റെയിൽവേയിൽ പരിമിതമാണ്. ജനറൽ മാനേജർ, റെയിൽവേ ബോർഡ് ലെവലിൽമാത്രമാണ് ഇപ്പോൾ പരാതികൾ നൽകാൻ സൗകര്യമുള്ളത്. പല മീറ്റിങ്ങുകളിലും രണ്ടുമാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന മറുപടിയാണ് ലഭിക്കുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ കർശന ശിക്ഷാ നടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. തൊഴിലാളികൾ നേരിട്ട് സമീപിക്കുമ്പോൾ പിന്നീട് ടാർ​ഗറ്റ് ചെയ്ത് ആക്രമിക്കുന്ന രീതിയുള്ളതായും ജീവനക്കാർ പറയുന്നു. പരാതികൾ പരിഹരിക്കണമെന്ന ആവശ്യവുമായി വനിതകൾ കൂടിയാലോചിച്ചപ്പോൾ അവരെ ശകാരിക്കുകയാണ് റെയിൽവേ അധികൃതർ.


മുലയൂട്ടൽ പ്രതിസന്ധി


ലോക്കോ പൈലറ്റുമാർ ജോയിൻ ചെയ്യുമ്പോഴുള്ള ആദ്യ സർവീസുകൾ ഗുഡ്സ് ട്രെയിനിലാണ്. പിന്നീട് പാസഞ്ചർ ട്രെയിനുകളിലേക്ക് മാറ്റുന്നതാണ് രീതി. ഇപ്പോൾ സർവീസിലുള്ള വനിതകളിൽ ധാരാളം ആളുകൾ മുലയൂട്ടുന്ന അമ്മമാരാണ്. അവരിൽ പലരും സർവീസിൽ തുടക്കക്കാരാണ്‌. അതുകൊണ്ടുതന്നെ ഗുഡ്സ് ട്രെയിനിലായിരിക്കും ജോലി ചെയ്യുന്നത്. ദീർഘനേരം ഡ്യൂട്ടി ചെയ്യേണ്ടതിനാൽ സ്തനങ്ങളിൽ മുലപ്പാൽ കെട്ടിനിൽക്കുന്ന അവസ്ഥയിലാണ് അമ്മമാരായ ലോക്കോ പൈലറ്റുമാർക്ക് ജോലി ചെയ്യേണ്ടിവരുന്നത്.

ചൈൽഡ് കെയർ അവധി നൽകണം എന്നതാണ് ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ഒരു സമയം ഒരാൾക്കുമാത്രമാണ് ഇപ്പോൾ അത്തരം അവധി അനുവദിക്കുന്നത്. അവർ മടങ്ങിവന്നാൽമാത്രമേ മറ്റൊരാൾക്ക്‌ അവധി അനുവദിക്കൂ. അവധി കിട്ടുമോ എന്ന് കണക്കാക്കി ഗർഭകാലം നിയന്ത്രിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.


കരാർവൽക്കരണം


മതിയായ തൊഴിലാളികളില്ല എന്നതുതന്നെയാണ് പലപ്പോഴും ഇത്തരം അവധികൾ നടപ്പാക്കാൻ കഴിയാതെ വരുന്നതിനുപിന്നിലെ കാരണം. കരാർവൽക്കരണത്തിലൂടെ സ്ഥിരജോലിക്കാരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവുണ്ട്. കൃത്യമായ റിക്രൂട്ട്മെന്റ് കാലാനുസൃതമായി നടത്താത്തതിനാൽ നിരവധി ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. വിരമിച്ച ലോക്കോ പൈലറ്റുമാരെ ഡ്യൂട്ടിക്ക് തിരികെയെത്തിക്കുന്ന നടപടിയുമുണ്ട്. എന്നാൽ, വനിതാ ലോക്കോ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നത് വളരെ ചെറിയ തോതിൽമാത്രമാണ്.


ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി


കേരളത്തിലെ ലോക്കോ പൈലറ്റുമാരുടെ തൊഴിലന്തരീക്ഷം അത്ര പ്രശ്നമില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ അങ്ങനെ അല്ല. പലർക്കും സൂപ്പർവൈസർമാരിൽനിന്ന്‌ മോശം പെരുമാറ്റം നേരിടേണ്ടിവന്നിട്ടുള്ളതായാണ് വിവരം. ഫോണിലൂടെയും നേരിട്ടുമുള്ള അശ്ലീലസംഭാഷണങ്ങളും നേരിടേണ്ടിവരുന്നതായി ജീവനക്കാർ പറയുന്നു. പരാതികൾ അറിയിക്കാൻ വനിതകൾക്ക് ഒരു ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാകാറുണ്ട്. എന്നാൽ, റെയിൽവേയിൽ അത്തരമൊരു സംവിധാനമില്ല. ഇപ്പോൾ തൊഴിലാളി സംഘടനകൾ വഴിയാണ് പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത്. ​


ഭക്ഷണം വില്ലൻ


ഡ്യൂട്ടിസമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ റെയിൽവേ കോൺട്രാക്ട് നൽകിയിട്ടുണ്ട്. എന്നാൽ, അവരുടെ ലാഭത്തിന് എന്തെങ്കിലും ഭക്ഷണമൊക്കെ നൽകും. ഭൂരിഭാഗം സമയങ്ങളിലും ഭക്ഷണം പുറത്തുനിന്നു കഴിക്കാൻ റെയിൽവേ ജീവനക്കാരെ നിർബന്ധിതരാക്കുന്നു. നോർത്തേൻ ഡിവിഷനിൽ ഒരുപാട്‌ ലോക്കോ പൈലറ്റുമാർ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മറ്റൊരു കാറ്റഗറിയിലേക്ക് മാറാൻ അപേക്ഷകൾ നൽകിയിട്ടുണ്ട്. അങ്ങനെ കാറ്റഗറി ചേയ്‌ഞ്ച്‌ നൽകിയില്ലെങ്കിൽ ജോലിയിൽനിന്ന് കൂട്ടായി പിരിഞ്ഞുപോകാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home