ബങ്കളം വുമൺസ്‌ ഇൻ ഫുട്‌ബോൾ

bankalam football.png
avatar
രാജിഷ രമേശൻ

Published on Jul 20, 2025, 09:10 PM | 6 min read

ങ്കളത്തിന്റെ മണ്ണിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഫുട്ബോൾ കളിക്കും. ഒരു പടിക്കു മുന്നിൽ പെൺകുട്ടികളാണെന്നും പറയാം. ആ നേട്ടങ്ങളിലെത്തിച്ചത്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക് എന്ന കൂട്ടായ്‌മ. കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിൽ മാളവിക എന്ന ഇരുപത്തൊന്നുകാരി ഇടം നേടിയപ്പോൾ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ ചുവടുകൾക്ക്‌ ആത്മവിശ്വാസം വർധിക്കുകയാണ്‌. കാസർകോട്‌ ബങ്കളം സ്വദേശിയായ മാളവികയുടെ വളർച്ചയിൽ നിർണായക സ്ഥാനമുണ്ട്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിനും പരിശീലകരായ നിധീഷ്‌ ബങ്കളത്തിനും പ്രീതിമോൾക്കും. മാളവികയ്‌ക്ക്‌ പുറമെ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റായ അഞ്ജിത, ഭൂട്ടാനിൽ നടന്ന സാഫ്‌ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ജൂനിയർ ഫുട്‌ബോൾ താരം ആര്യശ്രീ, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വിമൻസ്‌ ലീഗിൽ കളിച്ച അശ്വതി, ആരതി, കൃഷ്‌ണപ്രിയ, ജിജിനാവേണു എന്നിങ്ങനെ നീളുന്നു കൂട്ടായ്‌മയിലെ താരങ്ങളുടെ നിര. അതിൽ ഇന്ത്യൻ താരങ്ങളും പന്ത്രണ്ടോളം സംസ്ഥാന താരങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ ഏത്‌ വനിതാ ഫുട്‌ബോൾ ടീമിലും ബങ്കളത്തെ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകും.


വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്


കക്കാട്ട്‌ ജിഎച്ച്‌എസ്‌എസിൽ പരിശീലനം നടത്തിയിരുന്ന നിധീഷ്‌ ബങ്കളത്തിനാണ്‌ വനിതാ ഫുട്‌ബോൾ ടീമെന്ന ആശയം ഉദിച്ചത്‌. 2012ൽ സ്‌കൂളിൽ കായികാധ്യാപികയായി വന്ന പ്രീതിയോട്‌ ആശയം പങ്കുവച്ചപ്പോൾ പൂർണ പിന്തുണ. 2012ൽ തുടക്കമിട്ട പെൺകുട്ടികളുടെ ഫുട്‌ബോൾ പരിശീലനം വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കായി രൂപപ്പെടുകയായിരുന്നു. ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്‌ ഫുട്‌ബോൾ ആദ്യമായി തൊടുന്നവരോ ഫുട്‌ബോളിനെക്കുറിച്ച്‌ പ്രാഥമിക അറിവില്ലാത്തവരോ ആയിരുന്നു. അവർക്ക്‌ ഫുട്‌ബോളിന്റെ ബാലപാഠങ്ങൾമുതൽ കളത്തിൽ ഉപയോഗിക്കേണ്ട തന്ത്രങ്ങൾവരെ നിധീഷും പ്രീതിയും പറഞ്ഞുകൊടുത്തു. നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 35 കുട്ടികളാണ്‌ ആദ്യം പരിശീലനത്തിനെത്തിയത്‌. അവർക്കാവശ്യമായ ഷൂസും ജേഴ്‌സിയും വാങ്ങിക്കൊടുത്ത്‌ കാൽപ്പന്തിന്റെ ലോകത്തേക്ക്‌ കൈപിടിച്ചുയർത്തിയതും നിധീഷും പ്രീതിയുംതന്നെയായിരുന്നു. പലരും കൂലിപ്പണി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളാണ്‌. കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ഫീസ്‌ ഇടാക്കാതെയാണ്‌ പതിമൂന്ന്‌ വർഷമായി ക്ലിനിക് പ്രവർത്തിക്കുന്നത്‌. എല്ലാദിവസവും രാവിലെ ആറരമുതൽ 8.30 വരെയാണ്‌ പരിശീലനം. അവധി ദിവസങ്ങളിലും വെക്കേഷനിലും പരിശീലനമുണ്ട്‌. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീം ആരംഭിച്ചപ്പോൾ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിൽനിന്ന്‌ ആറുപേരാണ്‌ കളിക്കാൻ ഇറങ്ങിയത്‌. ഇപ്പോൾ ഇന്ത്യൻ വനിതാ ടീമിന്റെ ഭാഗമായിവരെ മാറി.


പരിശീലകൻ


നിധീഷിന്‌ എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ ശിക്ഷ്യരിലൂടെ നേടിയെടുക്കണമെന്ന ആഗ്രഹമാണ്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ പിറവിക്ക്‌ കാരണമായത്‌. കുട്ടിക്കാലത്ത്‌ നിധീഷിന്‌ എല്ലാം ഫുട്‌ബോൾ ആയിരുന്നു. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ഫുട്‌ബോൾ കളിക്കാരനായ അച്ഛൻ നിധീഷിനെ ഫുട്‌ബോൾ സെലക്‌ഷൻ ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു. കൃത്യമായി പരിശീലനമോ നിർദേശങ്ങളോ ലഭിക്കാത്തതിനാൽ സ്‌കൂൾ ജൂനിയർ ടീമുകളിലോ സബ്‌ ജൂനിയർ ടീമികളിലോ ഇടം കിട്ടിയില്ല. പെരിയ പോളിടെക്‌നിക്കിൽ ചേർന്ന വർഷം ആഗ്രഹം സഫലമായി. കോളേജ്‌ ടീമിന്റെ ഭാഗമായി, പെരിയ പോളിക്ക്‌ വീണ്ടും ഇന്റർ പോളി ചാമ്പ്യൻഷിപ്പും നേടിക്കൊടുത്തു. സന്തോഷ്‌ ട്രോഫി ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും ടീമിൽ ഇടംപിടിച്ചില്ല. ഇപ്പോൾ പരിശീലകന്റെ വേഷമണിയുമ്പോൾ നേട്ടമായി മാറിയത്‌ മുമ്പ്‌ കണ്ണൂർ എസ്‌എൻ കോളേജിൽ നടന്ന പരിശീലന ക്യാമ്പിൽനിന്നും പരിശീലകനായ ഭരതൻ സാറിൽനിന്നും മനസ്സിലാക്കിയ അറിവുകളാണ്‌. വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ തുടക്കത്തിൽ നിധീഷ്‌ സർക്കാർ ജോലി നേടാനുള്ള പരിശീലനത്തിലായിരുന്നു. ജോലി ഇല്ലാതിരുന്ന സമയത്തും നിധീഷ്‌ കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ പ്രതിഫലം സ്വീകരിച്ചില്ല. വെള്ളരിക്കുണ്ട്‌ താലൂക്ക്‌ ഓഫീസിലെ സീനിയർ ക്ലർക്കാണ്‌ നിധീഷ്‌. ആറുവർഷം സിവിൽ സർവീസ്‌ കാസർകോട്‌ ടീമിനുവേണ്ടി കളിച്ചു. പിന്നീട്‌ കേരളത്തിനുവേണ്ടി ഭുവനേശ്വറിലും ഗോവയിലും കളിച്ചു. ഇപ്പോൾ രാവിലെ 6.30ന്‌ ഗ്രൗണ്ടിലെത്തി കുട്ടികൾക്ക്‌ പരിശീലനം നൽകിയശേഷം ജോലിക്ക്‌ പോകുന്നു. വൈകിട്ട്‌ വീണ്ടും ഗ്രൗണ്ടിലേക്ക്‌. ഇതാണ്‌ നിധീഷിന്റെ ദിനചര്യ. മുൻ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ താരം മിർഷാദ്‌ നിധീഷിന്റെ ശിഷ്യനാണ്‌.


കായികാധ്യാപിക


പെൺകുട്ടികൾക്കായി ഫുട്‌ബോൾ ടീം ഉണ്ടാക്കണമെന്നും അവർക്കായി പരിശീലനം നടത്തണമെന്നും ആദ്യം സ്‌കൂളിൽ അവതരിപ്പിച്ചപ്പോൾ പ്രീതി ടീച്ചർ നേരിടേണ്ടി വന്നത്‌ നിരവധി ചോദ്യങ്ങളായിരുന്നു. അത്തരം ചോദ്യങ്ങളും സംശയങ്ങളും നിവാരണം ചെയ്‌ത്‌ സ്‌കൂളിന്റെ പൂർണ പിന്തുണയോടെ 2013ൽ പരിശീലനം ആരംഭിച്ചു. മാതാപിതാക്കൾക്ക്‌ തങ്ങളിലുള്ള പൂർണമായ വിശ്വാസമാണ്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ വളർച്ചയ്‌ക്ക്‌ ശക്തി നൽകിയതെന്നാണ്‌ പ്രീതി പറയുന്നത്‌. സ്‌കൂൾ യൂണിഫോമിൽ കളിച്ചു തുടങ്ങിയവർ ജേഴ്‌സിയും ഷൂസും അണിഞ്ഞ്‌ കളിക്കാൻ ആരംഭിച്ചു. പന്ത്‌ തട്ടി എന്ത്‌ നേടാനെന്ന്‌ ചോദിച്ചവരെക്കൊണ്ട്‌ ഇത്‌ നമ്മുടെ നാട്ടിലെ കുട്ടിയാണെന്ന്‌ മാറ്റി പറയിക്കാൻ സാധിച്ചെന്ന്‌ പ്രീതി ടീച്ചർ പറയുന്നു. ജില്ലയ്‌ക്ക്‌ പുറത്തോ സംസ്ഥാനത്തിനു പുറത്തോ മത്സരങ്ങൾ വരുമ്പോൾ പലപ്പോഴും രക്ഷിതാക്കൾക്ക്‌ പോകാൻ സാധിക്കാറില്ല. അപ്പോഴൊക്കെ ഒരമ്മയുടെ സ്ഥാനത്ത്‌ പ്രീതി ടീച്ചർ കുട്ടികളുടെ കൂടെയുണ്ടായിരുന്നു. ഭർത്താവ്‌ എം വി കൃഷ്‌ണനും സഹായിക്കാറുണ്ട്‌. വെറും പരിശീലനം മാത്രമല്ല വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്. അവരുടെ ജീവിത പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും കേൾക്കാനും കൂട്ടായ്‌മ വേദിയൊരുക്കുന്നു. വാഹനാപകടത്തിൽ പരിക്കുപറ്റി പ്രീതി ടീച്ചർ ഇപ്പോൾ വിശ്രമത്തിലാണ്‌.


പി മാളവിക


അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ക്ലിനിക്കിന്റെ ഭാഗമാകുന്നത്‌. മാളവിക ഇന്ന്‌ തായ്‌ലൻഡിൽ നടന്ന യോഗ്യത റൗണ്ട്‌ ജയിച്ച ഇന്ത്യൻ വനിതാ ടീമിൽ കളിച്ച്‌ മടങ്ങുകയാണ്‌. യോഗ്യതാ റൗണ്ടിൽ മൂന്ന്‌ കളിയിലായി ഒരു ഗോൾ നേടിയാണ്‌ മാളവികയുടെ മടക്കം. ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, റെയിൻബോ കൊൽക്കത്ത, ബ്രേവ്‌സ്‌ ബംഗളൂരു, മിസാക്ക യുണൈറ്റഡ്‌ ബംഗളൂരു എന്നി ക്ലബ്ബുകളിൽ കളിച്ചുള്ള പരിചയം ഇന്ത്യൻ ടീമിനുവേണ്ടി മത്സരിക്കുമ്പോൾ ഗുണം ചെയ്‌തെന്ന്‌ മാളവിക പറഞ്ഞു. 2018ലും 2019ലും കേരള സബ്‌ ജൂനിയർ ടീമിൽ ഇടംനേടിയ മാളവിക തുടർന്ന്‌ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലും ഉൾപ്പെട്ടിട്ടുണ്ട്‌. മാളവികയ്‌ക്ക്‌ പതിനൊന്ന്‌ വയസ്സുള്ളപ്പോഴാണ്‌ അച്ഛൻ പ്രസാദിന്റെ മരണം. ഇപ്പോൾ ജീവിതത്തിലും കളിക്കളങ്ങളിലും ചേർത്തുപിടിച്ച്‌ അമ്മ മിനിയുണ്ട്‌. നിർദേശങ്ങളുമായി സഹോദരൻ സിദ്ധാർഥുമുണ്ട്‌. ഇന്ത്യക്കുവേണ്ടി കളിച്ച്‌ ജന്മനാട്ടിലെത്തിയപ്പോൾ ഉജ്വല സ്വീകരണമാണ്‌ മാളവികയ്‌ക്കായി നാടൊരുക്കിയത്‌. തൃശൂർ കാർമൽ കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയായ മാളവിക ഇപ്പോഴും നാട്ടിൽ വരുമ്പോൾ ഫുട്‌ബോൾ ക്ലിനിക്കിലാണ്‌ പരിശീലനം നടത്തുന്നത്‌.


അഞ്ജിത എം


ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റ് എന്ന ചരിത്ര നേട്ടമാണ്‌ അഞ്ജിത സ്വന്തമാക്കിയത്‌. വീഡിയോയിലൂടെ സ്വന്തം ടീമിന്റെയും എതിർ ടീമിന്റെയും കഴിവും വീഴ്ചകളും തിരിച്ചറിഞ്ഞ് കോച്ചിന് കൃത്യമായ നിർദേശങ്ങൾ കൈമാറുക എന്നതാണ് ഫുട്‌ബോൾ വീഡിയോ അനലിസ്റ്റായ അഞ്ജിതയുടെ ജോലി. വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കാണ്‌ അഞ്ജിത എന്ന ഫുട്‌ബോൾ താരത്തെ കണ്ടെത്തിയതും വളർത്തിയതും. ഗോകുലം എഫ്സി സിനീയർ വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റായി അഞ്ജിത ഒരു വർഷത്തേക്ക് കരാർ ഒപ്പുവച്ചത് പ്രൊഫഷണൽ ഫുട്‌ബോൾ സ്‌കൗട്ടിങ് അസോസിയേഷനിൽനിന്ന് ഒന്നാം ലെവൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ്. കൂടാതെ, മുത്തൂറ്റ് എഫ്സിയുടെ വീഡിയോ അനലിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള മുൻപരിചയവും അഞ്ജിതയ്ക്ക് പ്രയോജനമായി. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വുമൻസ്‌ ടീം ഹെഡ്‌ കോച്ച്‌ ആയിരുന്ന ഷെരീഫ്‌ ഖാനാണ്‌ വീഡിയോ അനലിസ്റ്റ്‌ ആകാനുള്ള എല്ലാ പിന്തുണയും നൽകിയത്‌. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ജൂനിയർ കേരളാ ടീമിന്റെയും പ്ലസ് വൺ, പ്ലസ് ടു പഠിക്കുമ്പോഴാണ് സ്‌കൂൾ കേരളാ ടീമിന്റെ ഭാഗമായത്. പ്ലസ്ടു കഴിഞ്ഞ് കർണാടക വുമൺസ് ലീഗിൽ ബംഗളൂരു ബ്രേവ്‌സിനുവേണ്ടി ജേഴ്‌സിയണിഞ്ഞു. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ് കോളേജിൽ ഡിഗ്രി കഴിഞ്ഞശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിച്ചത്. ഇന്ത്യൻ വുമൺസ് ലീഗിൽ മുംബൈ നൈറ്റ്‌സ് ടീമിലും ഇടം നേടിയിട്ടുണ്ട്. ഫുട്‌ബോൾ കളിക്കാരനായ അച്ഛൻ എം മണിയും അമ്മ എം നളിനിയും സഹോദരി അബിതയും പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഫുട്‌ബോളിൽ കളിക്കുകയെന്നത് മാത്രമല്ല സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്ട്രങ്ത് ആൻഡ്‌ കണ്ടീഷനിങ്, കോച്ചിങ്, എൻഐഎസ് എന്നീ മേഖലകളുമുണ്ട്. ഇത്തരത്തിലുള്ള പുതിയ തലങ്ങൾ തിരിച്ചറിഞ്ഞ് സ്വപ്നങ്ങളെ ചേർത്തുപിടിച്ച്‌ മുന്നോട്ടുതന്നെ പോകുകയെന്നാണ്‌ അഞ്ജിതയ്‌ക്ക്‌ പുതിയ താരങ്ങളോട്‌ പറയാനുള്ളത്‌.


എം അഞ്ജിത


ഇൻഡോനേഷ്യയിൽ നടക്കുന്ന വനിതാഫുട്‌ബോൾ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്ത്‌ എം അഞ്ജിത. സംസ്ഥാന ഫുട്ബോൾ വനിതാ ടീമിൽ ദേശീയ മത്സരങ്ങളിലെ മികവാണ് നീലേശ്വരത്തിനടുത്ത്‌ ബങ്കളത്തെ അഞ്ജിതയെ ക്യാമ്പിലെത്തിച്ചത്‌. അഞ്ചാം ക്ലാസ് മുതൽ അഞ്ജിത വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ ഭാഗമാണ്‌. കേരള സീനിയർ, സബ്‌ ജൂനിയർ, നാഷണൽ സ്‌കൂൾ ഗെയിമുകൾക്കും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്‌. 2017 ഖേലോ ഇന്ത്യ നാഷണൽ ടീമിലും കെഡബ്യുഎല്ലിൽ ലോർഡ്‌സ്‌ എഫ്‌സിക്ക്‌ വേണ്ടിയും കളിച്ചു. കൂലിപ്പണിക്കാരായ ഗോപാലകൃഷ്‌ണൻ–- ബേബി ദമ്പതികളുടെ മകൾക്ക്‌ ഫുട്‌ബോളിൽത്തന്നെ തുടരാണ്‌ താൽപ്പര്യം. പഞ്ചാബ്‌ അമൃത്‌സറിലെ ഗുരുനാനക്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബികോം പൂർത്തീകരിച്ച അഞ്ജിത അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്‌. സഹോദരി: ദേവശ്രീ.


ആര്യശ്രീ എസ്‌


ഭൂട്ടാനിൽ നടന്ന സാഫ്‌ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ജൂനിയർ ഫുട്‌ബോൾ താരം ആര്യശ്രീ ആറാം ക്ലാസിലാണ്‌ വുമൺസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ ഭാഗമാകുന്നത്‌. കൂലിപ്പണിക്കാരായ ശാലിനി–- ഷാജു ദമ്പതികളുടെ മകളാണ്‌. 2019ലും 2020ലും നാഷണൽ ഗെയിംസിൽ ആര്യശ്രീ കേരളത്തിനായി ജേഴ്‌സിയണിഞ്ഞു. 2017– -18 മണിപ്പൂർ ഇംഫാലിൽ നടന്ന സബ്‌ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. 2018ൽ നടന്ന അണ്ടർ 15 വുമൺസ്‌ ചാമ്പ്യൻഷിപ്പിലായിരുന്നു സ്വർണം സ്വന്തമാക്കിയത്‌. 2018 മംഗോളിയയിൽ നടന്ന എഎഫ്‌സി അണ്ടർ 16ലും പങ്കെടുത്തു. ഐഡബ്ല്യുഎല്ലിൽ സേതു എഫ്‌സി ക്ലബ്ബിനായും കളിച്ചു. ഫുട്‌ബോൾതന്നെ പ്രൊഫഷനായി സ്വീകരിക്കാനാണ്‌ ആര്യശ്രീ ആഗ്രഹിക്കുന്നത്‌. അതിനായി അടുത്ത സീസണായുള്ള കാത്തിരിപ്പിലാണ്‌. ബംഗളൂരുവിൽനിന്ന്‌ ബികോമിൽ ബിരുദം നേടി. ഇപ്പോൾ കക്കാട്ട്‌ സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം തുടരുകയാണ്‌.


രേഷ്‌മ എം


സൂപ്പർ ഡിവിഷൻ കളിക്കാൻ യുണൈറ്റഡ്‌ എഫ്‌സിക്കായി കളിക്കളത്തിലിറങ്ങുകയാണ്‌ രേഷ്‌മ. ജീവിത പ്രയാസങ്ങൾക്കിടയിലും ഊർജം പകർന്ന്‌ കൂടെനിന്നത്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്‌. അന്നുമുതൽ അതിന്റെ ഭാഗമായാണ്‌ പരിശീലനം. ഡി ലൈസൻസ്‌ സ്വന്തമാക്കിയ രേഷ്‌മ കോച്ചിങ്‌ ക്യാമ്പുകളെടുക്കാൻ പോകാറുണ്ട്‌. ലോർഡ്‌സ്‌ എഫ്‌സി, സോക്കർ സ്പോർട്ടിങ്‌ ക്ലബ്‌, ട്രാവൻകൂർ റോയൽസ്‌, കെമ്പ്‌ ഫുട്‌ബോൾ ക്ലബ്‌ എന്നിവയിലും കളിച്ചു. നെഹ്‌റു കോളേജിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബിരുദം പൂർത്തീകരിച്ചു. കൂലിപ്പണിക്കാരായ ശേഖരൻ–കാരിച്ചി ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്‌ണൻ, ദീപ, ദിവ്യ.


കൃഷ്‌ണപ്രിയ എം


വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിന്റെ തുടക്കംമുതൽ കൃഷ്‌ണപ്രിയ പരിശീലനം ആരംഭിച്ചു. പരിശീലകർ നൽകിയ പൂർണ പിന്തുണയാണ്‌ കളിക്കളത്തിൽ ഊർജം പകർന്നതെന്ന്‌ കൃഷ്‌ണപ്രിയ ഓർത്തെടുക്കുന്നു. എംകോം പൂർത്തിയാക്കിയ കൃഷ്‌ണപ്രിയ ഇപ്പോൾ ബംഗളൂരു ആക്‌സിസ്‌ ബാങ്കിൽ ജോലി ചെയ്യുന്നു. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌ കോളേജിൽ ബി കോം പൂർത്തീകരിച്ചപ്പോൾ ജോലിയിലേക്ക്‌ തിരിയാമെന്നാണ്‌ തീരുമാനിച്ചത്‌. എന്നാൽ, ഫുട്‌ബോളിനോടുള്ള താൽപ്പര്യംകൊണ്ട്‌ പിജിക്ക്‌ പ്രവേശം നേടി വീണ്ടും മത്സരങ്ങളിൽ പങ്കെടുത്തു. സ്‌കൂൾ നാഷണൽ ഗെയിമുകളിലും യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ട്രാവൻകൂർ റോയൽസിനായും കളിച്ചിട്ടുണ്ട്‌. അച്ഛൻ: കൃഷ്‌ണൻ, അമ്മ: ദേവകി. സഹോദരൻ: ഹരിശങ്കർ.


ആരതി വി വി


കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ട്രാവൻകൂർ എഫ്‌സി എന്നി ക്ലബ്ബുകൾക്കായി കളിച്ച ആരതി വുമൻസ്‌ ഫുട്‌ബോൾ ക്ലിനിക്കിൽ പ്രാരംഭഘട്ടത്തിൽ പരിശീലനം നേടിയ താരമാണ്‌. നാടൻപണികൾ ചെയ്യുന്ന രാജൻ–- ശ്രീലേഖ ദമ്പതികളുടെ മകളായ ആരതി കാസർകോട്‌ ജില്ലയ്‌ക്കുവേണ്ടിയും കേരളത്തിനുവേണ്ടിയും കളിച്ചിട്ടുണ്ട്‌. ക്ലിനിക്കിൽനിന്ന്‌ ഏഴുപേർ കേരള ബ്ലാസ്‌റ്റേഴ്‌സിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ ഒരാളായി മാറി. കേരള സീനിയർ ചാമ്പ്യൻഷിപ്പുകളിലും കളിച്ചിട്ടുണ്ട്‌. തൃശൂർ ഇരിഞ്ഞാലക്കുട സെന്റ്‌ ജോസഫ്‌ കോളേജിൽനിന്ന്‌ ബിരുദം നേടിയ ആരതി ഇപ്പോൾ സർക്കാർ ജോലിക്കുള്ള തയ്യാറെടുപ്പിലാണ്‌.


ജിജിന വേണു എസ്‌


ഫുട്‌ബോളിനോടുള്ള അച്ഛൻ വേണുവിന്റെ താൽപ്പര്യമാണ്‌ ജിജിനയെ ക്ലിനിക്കിലെത്തിച്ചത്‌. സബ് ജൂനിയർ, ജൂനിയർ ദേശീയ മത്സരങ്ങളിൽ കളിച്ചുള്ള പരിചയം ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും കരുത്ത്‌ പകർന്നു. തുടർന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിയാനും അവസരം ലഭിച്ചു. പത്തനംതിട്ട മാർത്തോമ്മ കോളേജിൽ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ്‌ ജിജിന. സഹോദരിമാരായ ജസ്‌നയും ജ്യോത്സനയും പൂർണ പിന്തുണയോടെ ഒപ്പമുണ്ട്‌. അമ്മ സുജാത രണ്ട്‌ വർഷം മുമ്പ്‌ മരിച്ചു.


അശ്വതി


അശ്വതി എട്ടാം ക്ലാസ്‌ മുതൽ ക്ലിനിക്കിൽ പരിശീലനം ആരംഭിച്ചു. പരേതനായ രവീന്ദ്രന്റെയും ഹരിതകർമസേനയിൽ ജോലി ചെയ്യുന്ന രജനിയുടെയും മകളാണ്‌. സീനിയർ, ജൂനിയർ നാഷണൽസുകളിൽ കളിച്ചു തുടങ്ങി. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനംചെയ്‌ത്‌ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്, കെഡബ്ല്യുഎൽ, ഐഡബ്യുഎൽ എന്നിവയിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. കേരള ബ്ലാസ്റ്റേഴ്സ്, സേതു എഫ്‌സി, ട്രാവൻകൂർ റോയൽസ് എന്നിവയ്‌ക്കായും ജേഴ്‌സി അണിഞ്ഞു. തൃശൂർ കാർമൽ കോളേജിൽ ബിരുദപഠനം പൂർത്തീകരിച്ചെങ്കിലും മത്സരങ്ങൾ കാരണം പരീക്ഷയെഴുത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ മലപ്പുറത്ത്‌ പേഴ്‌സണൽ ഫുട്‌ബോൾ പരിശീലനം നടത്തുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home