കാണാനുള്ളത് കരളിൽ പകരാൻ

എസ് ദേവിക
Published on Nov 09, 2025, 03:10 AM | 3 min read
"ഞാൻ ട്രാൻസ്ലേറ്റ് ചെയ്യുന്നതാണ്, പപ്പയ്ക്ക് ഏറ്റവും കംഫർട്ടബിൾ’, ബധിരരായ അച്ഛനും അമ്മയ്ക്കുംവേണ്ടി ആംഗ്യഭാഷ സംസാരിക്കാൻ തുടങ്ങിയ അന്നു പിൽക്കാലത്ത് തന്റെ പ്രൊഫഷൻ ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെ വീട്ടിൽനിന്ന് ആരംഭിച്ച യാത്ര രാഷ്ട്രപതി പങ്കെടുത്ത വേദിവരെ എത്തിനിൽക്കുന്നു. കൊല്ലം സ്വദേശിയായ അന്നു ജെ സൈമൺ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു.
അന്നൂസ് പെട്ര
അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളായ കേൾക്കാനും സംസാരിക്കാനും വെല്ലുവിളി നേരിടുന്ന ചിലരോട് സംസാരിച്ചപ്പോൾ കോവിഡിനുശേഷം പലരും ഡിപ്രഷൻ അനുഭവിക്കുന്നതായിട്ട് പറഞ്ഞു. അവരോടൊക്കെ സംസാരിച്ച് ഇരിക്കാറുണ്ട്. ഞാൻ ആംഗ്യഭാഷയിൽ സംസാരിക്കുന്നത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് പറഞ്ഞിട്ടുണ്ട്. "നിന്റെ കൈയിൽ ലാംഗ്വേജ് ഉണ്ടല്ലോ, അവരോട് സംസാരിക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങൂ’ എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ പങ്കാളിയും സംഗീതജ്ഞനുമായ ജോസ്ലിനാണ്. വീഡിയോകൾ എഡിറ്റ് ചെയ്തുതരുന്നതും ജോസ്ലിനാണ്. അങ്ങനെ 2023ലാണ് "അന്നൂസ് പെട്ര’ എന്നൊരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. എന്റെ പരിചയത്തിലുള്ളവർക്കുവേണ്ടിമാത്രമാണ് ചാനൽ തുടങ്ങുന്നത്. പക്ഷേ, അവിടെനിന്ന് ഒരുപാട് നല്ല റെസ്പോൺസ് കിട്ടാൻ തുടങ്ങി.
അവരുടെ നിർദേശപ്രകാരം പ്രധാനപ്പെട്ട വാർത്തകൾ ട്രാൻസ്ലേറ്റ് ചെയ്തു. ഇപ്പോൾ പല ടിവി ചാനലുകളിലും വാർത്ത വായിക്കുമ്പോൾ ഒരു ട്രാൻസ്ലേറ്ററെ വയ്ക്കാറുണ്ട്. പ്രശ്നം എന്താണെന്നാൽ, അവർ ധൃതിയിൽ പറയുമ്പോൾ അത് പിന്തുടർന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. അത് വിവർത്തകരുടെ പ്രശ്നമല്ല. പലപ്പോഴും സ്പീഡിന് വാർത്ത വായിക്കുമ്പോൾ അത്രതന്നെ സ്പീഡിന് സൈൻ ലാംഗ്വേജ് ഉപയോഗിക്കേണ്ടിവരും. ഒരു സംഭവം നടന്ന സ്ഥലം കാണിക്കുമ്പോൾ അത് മിക്കപ്പോഴും വിവർത്തനം ചെയ്യാറില്ല, അതുകൊണ്ട് വാർത്തയുടെ തുടർച്ച നഷ്ടപ്പെടുന്നു. കേൾക്കാനും സംസാരിക്കാനും വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായി ഒരു പ്ലാറ്റ്ഫോം ഇല്ല. യൂട്യൂബ് ചാനൽ കണ്ട് പലരും പരിപാടികൾ ട്രാൻസ്ലേറ്റ് ചെയ്യാൻ വിളിച്ചു.
വീട്ടിൽനിന്ന് വേദികളിലേക്ക്
യൂട്യൂബ് ചാനൽ കണ്ടാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ കേരള സ്റ്റാർ മിഷന്റെ ഡാഡ് അക്കാദമിയിലേക്ക് (ഡിജിറ്റൽ ആർട്സ് അക്കാദമി ഫോർ ഡെഫ്) ഇംഗ്ലീഷ്, മലയാളം ഇൻസ്ട്രക്ടറായി അവർ വിളിക്കുന്നത്. നമ്മളെ ആവശ്യമുള്ളവർ ചുറ്റുമുണ്ട് എന്ന തിരിച്ചറിവാണ് ഇതൊരു പ്രൊഫഷനായിട്ട് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിന്റെ തുടക്കം. ആദ്യം ഞാൻ സൈൻ ലാംഗ്വേജ് പഠിച്ചിരുന്നില്ല. ചില സർക്കാർ പരിപാടികളിലുംമറ്റും സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ട്രാൻസ്ലേറ്റ് ചെയ്യാം. എന്നാലും ചിലയിടത്ത് നിർബന്ധമാണ്. ഇപ്പോൾ ചൈൽഡ് ഓഫ് ഡെഫ് അഡൾട്ട് (COAD) എന്ന സർട്ടിഫിക്കേഷന്‍ കോഴ്സ് പാസായിട്ടുണ്ട്.
കേൾക്കാനും സംസാരിക്കാനും വെല്ലുവിളി നേരിടുന്ന മാതാപിതാക്കളുടെ പ്രായപൂർത്തിയായ മക്കളിൽനിന്ന് ട്രാൻസ്ലേറ്റ് ചെയ്യാൻ കഴിവുള്ളവർക്കുവേണ്ടിയാണ് സർട്ടിഫിക്കേഷന്‍ കോഴ്സ് നടക്കുന്നത്. എംപ്ലോയ്മെന്റ് വഴി സർക്കാർ ജോലി ലഭിച്ചവർക്കുമുതൽ വിദ്യാർഥികൾക്കുവരെ നിലവിൽ ഞാൻ ആംഗ്യഭാഷയിൽ ക്ലാസെടുക്കുന്നുണ്ട്. പലർക്കും വാക്കുകൾ അറിയാമെങ്കിലും അതൊരു സെന്റെൻസാക്കാൻ അറിയില്ല. നമ്മുടെ ഡെഫ് സ്കൂളുകളിൽ അധ്യാപകരായി വരുന്നവരിൽ പലർക്കും ഇന്ത്യൻ സൈൻ ലാംഗ്വേജ് അറിയില്ല. അതുകൊണ്ടുതന്നെ അവർ പഠിപ്പിക്കുന്ന കുട്ടികൾ ഭാവിയിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടതായി വരുന്നുണ്ട്.

നഷ്ടമാകുന്ന കുട്ടിക്കാലം
പപ്പയുടെയും മമ്മിയുടെയും കൂടെനിന്നാൽ ഞാനും അവരെപ്പോലെ മിണ്ടാതെ ഒതുങ്ങിപ്പോകുമോയെന്ന് പേടിച്ച് അവർ എന്നെ അപ്പൂപ്പന്റെയും അമ്മമ്മയുടെയും കൂടെനിർത്തിയാണ് പഠിപ്പിച്ചത്. അതവരുടെ കരുതലായിരുന്നെങ്കിലും എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ചെലവഴിക്കേണ്ടിയിരുന്ന നല്ല സമയമാണ് നഷ്ടമായത്. ആലോചിക്കുമ്പോൾ വിഷമമുണ്ട്. എന്റെ പ്രശ്നം ഇതായിരുന്നു. എന്നാൽ, ഇതിന് വേറൊരു വശമുണ്ട്. ബധിരരായ മാതാപിതാക്കൾ മറ്റുള്ളവരോട് സംസാരിക്കാൻ അവരുടെ സംസാരശേഷിയുള്ള മക്കളെ ഉപയോഗിക്കുമ്പോൾ ഈ മക്കൾക്ക് അതിനുള്ള പക്വത ആയിട്ടുണ്ടാകില്ല. പ്രായത്തിൽ കവിഞ്ഞ വിഷയങ്ങൾ ട്രാൻസ്ലേറ്റ് ചെയ്യേണ്ടി വരുമ്പോൾ വല്ലാത്തൊരു മാനസിക സംഘർഷത്തിലാണ് കുട്ടികൾ ചെന്നുപെടുന്നത്. മക്കളെ മാറ്റിനിർത്തുന്നതും അവരുടെ പ്രായത്തിൽ കവിഞ്ഞുള്ള ഭാരം അവരെ ഏൽപ്പിക്കുന്നതും ശരിയല്ല.
സമൂഹത്തിന്റെ ഭാഗമാണ്
കേൾക്കാനും സംസാരിക്കാനും വെല്ലുവിളി നേരിടുന്നവരെ കാണുമ്പോൾ അവരോട് ഇടപെടാൻ ശ്രമിക്കുക. ഇത്തരം വെല്ലുവിളി നേരിടുന്നവർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് മറ്റുള്ളവർ അവരെ പരിഗണിക്കുന്നില്ല എന്നുള്ളതാണ്. ലിപ് റീഡിങ് അറിയാവുന്നതുകൊണ്ടുതന്നെ നമ്മൾ സംസാരിച്ചുതുടങ്ങുമ്പോൾ അവർക്കത് മനസ്സിലാകും. അവരും സമൂഹത്തിന്റെ ഭാഗമാണ്. മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ ഇത്തരം ഒരു വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ അത് പറയാൻ നമ്മൾ മടിച്ചുനിൽക്കരുത്. വളരെ അഭിമാനത്തോടുകൂടിത്തന്നെ അത് പറയാം. അത്തരം വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള രക്ഷിതാക്കൾ മക്കളെ ഫോഴ്സ് ചെയ്ത് ഒന്നും ചെയ്യിക്കാതിരിക്കുക. അവർക്ക് സൈൻ ലാംഗ്വേജ് ഉപയോഗിച്ച് കമ്യൂണിക്കേറ്റ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അതിന് അനുവദിക്കുക. സർക്കാർ സ്ഥാപനങ്ങളിലും കോടതിമുറികളിലും തുടങ്ങി എല്ലായിടത്തും ട്രാൻസ്ലേറ്റേഴ്സറെ നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം.









0 comments