പൂവായി മാറിയ ദിവസം; ട്രാൻസ് അഭിനേതാവ് നേഹ സംസാരിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2022, 03:03 PM | 0 min read


‘‘വേദനയും ഒറ്റപ്പെടലും നിറഞ്ഞ ജീവിതത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരള സർക്കാരിനും മലയാളികൾക്കും ഏറെ നന്ദി. അവഗണനയും എതിർപ്പുകളും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ, ഇന്ന് അഭിമാനവും  സന്തോഷവും  തോന്നുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ സ്നേഹം നേടണം. അവഗണിച്ചവരെല്ലാം അംഗീകരിക്കുന്ന ദിവസം ഉണ്ടാകണമെന്നാണ് ആഗ്രഹം’’– സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ  ട്രാൻസ് വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം നേടിയ അഭിനേതാവ്‌ നേഹയുടേതാണ്‌ വാക്കുകൾ. പൊതുസമൂഹം എന്നും അവഗണിക്കുകയും വെറുപ്പോടെ മാത്രം നോക്കിക്കാണുകയും ചെയ്‌ത ട്രാൻസ്‌ ജീവിതത്തിനിടയിൽ സ്വന്തം ഭൂമിക സൃഷ്ടിച്ചതിന്റെ  ആഹ്ലാദത്തിലാണ്‌.  

ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ ഗൗരവത്തോടെ അവതരിപ്പിച്ച പി അഭിജിത്തിന്റെ ‘അന്തരം’ എന്ന ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചതിനാണ്‌ തമിഴ്‌നാട് തിരുവാരൂർ സ്വദേശിയായ ട്രാൻസ്‌ വുമണിനെ തേടി സംസ്ഥാന സർക്കാരിന്റെ അംഗീകാരമെത്തിയത്‌. നേഹ ചിത്രത്തെക്കുറിച്ചും മനസ്സ്‌ തുറക്കുന്നു: പൊതുസമൂഹവും വീട്ടുകാരും അകറ്റിനിർത്തിയപ്പോൾ അതിനോട്‌ പടവെട്ടിയാണ്‌ ജീവിതവഴികളിൽ സഞ്ചരിച്ചത്‌. ജീവിതയാത്രയിൽ ഏതൊരു ട്രാൻസ് വ്യക്തിയെയുംപോലെ ഏറെ പ്രയാസം നേരിട്ടു. മാറ്റം ഉൾക്കൊള്ളാൻ കുടുംബത്തിനോ നാട്ടുകാർക്കോ സാധിച്ചില്ല. ഒറ്റപ്പെട്ടു തുടങ്ങിയപ്പോൾ ചെന്നൈയിലേക്ക് താമസം മാറ്റി. അച്ഛൻ കുറച്ചുനാൾ മുമ്പ് മരിച്ചു. അമ്മയോട് ഇടയ്ക്ക് ഫോണിൽ സംസാരിക്കും.

അന്തരം സിനിമയിലേക്കുള്ള തുടക്കം ?
 

അഞ്ജലി എന്ന കഥാപാത്രത്തിന് അനുയോജ്യയായ ആളെ അന്വേഷിക്കുന്നതിനിടയിലാണ്  ഫോട്ടോ ജേർണലിസ്റ്റായ സംവിധായകൻ അഭിജിത്ത്‌ കണ്ടത്‌. എറണാകുളത്ത് വിവാഹച്ചടങ്ങിൽ നേരിൽ കണ്ടപ്പോൾ അഞ്ജലിയെന്ന കഥാപാത്രമാകാൻ സമ്മതമാണോ എന്ന് ചോദിച്ചു. ചില ഹ്രസ്വചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ഒരു ഫീച്ചർ ഫിലിമിൽ നായികാ വേഷത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പലപ്പോഴും പുരുഷൻമാരാണ് ട്രാൻസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാൻസ് കമ്യൂണിറ്റിയുടെ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം അന്വേഷണം നടത്തുന്ന സംവിധായകന് ട്രാൻസ് വ്യക്തി തന്നെ കഥാപാത്രമാകണമെന്ന് നിർബന്ധമായതാണ്‌ ജീവിതത്തിൽ വഴിത്തിരിവായത്‌.

അഞ്ജലി എന്ന കഥാപാത്രം

തെരുവുജീവിതത്തിൽനിന്ന്‌ വീട്ടമ്മയായി മാറുന്ന കഥാപത്രം നൽകിയ ആത്മസംഘർഷം വലുതായിരുന്നു. ട്രാൻസ് വുമൺ ഒരു കുടുംബത്തിലേക്കെത്തിയാലുള്ള സാഹചര്യം മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നാണ്‌ കരുതുന്നത്‌. തുടക്കം ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് ഭംഗിയായി കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞു. ഉള്ളടക്കവും വ്യത്യസ്തമായ അവതരണവുംകൊണ്ട്‌ ‘അന്തരം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞദിവസം നടന്ന സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീർ ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ കൈയടിയോടെയാണ്‌ സ്വീകരിച്ചത്‌.  എന്നാൽ, കച്ചവട സിനിമാ ലോകം പരിഹാസ കഥാപാത്രങ്ങളോ സെക്‌സ്‌ വർക്കർമാരോ ആയി മാത്രമാണ്‌ പലപ്പോഴും ട്രാൻസ്‌ വിഭാഗത്തെ പരിഗണിച്ചത്‌. ഇപ്പോൾ അതിനു മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ട്‌.

അവാർഡ്‌

ട്രാൻസ് വിഭാഗത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നതിന്‌ പുരസ്‌കാരം ഏറെ സഹായകമാണ്‌. പഴയ കാഴ്‌ചപ്പാടിൽനിന്ന്‌ പൊതുസമൂഹം കുറെയൊക്കെ മാറിയിട്ടുണ്ട്‌. ഇങ്ങനെയൊരു മുന്നേറ്റം സൃഷ്ടിച്ചതിന്‌ സംവിധായകൻ അഭിജിത്തിനോടാണ്‌ ഏറെ കടപ്പാട്‌.  
ഗ്രൂപ്പ് ഫൈവ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ പി അഭിജിത്ത് ആദ്യമായൊരുക്കിയ സിനിമ ഉടൻ ഒടിടിയിൽ റിലീസാകും. തൃഷ നായികയാകുന്ന ‘ദ റോഡ്’ എന്ന ചിത്രത്തിലാണ്‌ ഇപ്പോൾ അഭിനയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home