പെൺ പൊലീസ് കഥ പറയുന്നു

police

1991 ബാച്ചിലെ വനിതാ പൊലീസുകാർ കോട്ടയത്ത്‌ ഒത്തുചേർന്നപ്പോൾ

avatar
കെ പി ജൂലി

Published on Apr 27, 2025, 12:00 AM | 5 min read

കൂട്ടുകാരികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടാനച്ഛൻ അവളെ ക്വാർട്ടേഴ്സ് മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. ഒന്നു നിലവിളിക്കാൻപോലുമാകാതെ കശക്കിയെറിയപ്പെടുകയായിരുന്നു അവൾ. പിന്നീടൊക്കെയും കുഞ്ഞിന്റെ അമ്മ ജോലിക്കുപോകുംമുമ്പ് വീട്ടിൽനിന്ന് ഇറങ്ങുന്ന ഇയാൾ അവർ വരുന്നതിനുമുമ്പ് തിരിച്ചെത്തും. ക്വാർട്ടേഴ്സുകൾ മാറി മാറി താമസിച്ചെങ്കിലും മൂന്നു വർഷത്തോളം ആ കുഞ്ഞുശരീരത്തെ പിച്ചിച്ചീന്തി. പ്രതിരോധിച്ചപ്പോഴൊക്കെ ക്രൂരമായി മർദിച്ചു. മാനസികമായി തകർന്ന കുഞ്ഞ്‌ പഠനത്തിൽ കൂപ്പുകുത്തി. അവൾ പക്ഷേ, കൂട്ടുകാരിയോട്‌ ഒരുനാൾ വീട്ടിലെ അനുഭവങ്ങൾ തുറന്നുപറഞ്ഞു. കൂട്ടുകാരി ടീച്ചറെ അറിയിച്ചതോടെ അമ്മയെ വിളിപ്പിച്ച് മലപ്പുറം പൊലീസിൽ പരാതി നൽകി.


തമിഴ്നാട്ടിൽനിന്നുള്ള കുടുംബം ജോലി അന്വേഷിച്ചാണ് മലപ്പുറം ജില്ലയിലെത്തിയത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന റസിയാ ബംഗാളത്തായിരുന്നു അന്വേഷണ ഉദ്യോഗസ്ഥ. തുടർന്ന് സ്ഥലംമാറിയെത്തിയ സബ് ഇൻസ്‌പെക്ടർ പി വി സിന്ധുവാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഈ അന്വേഷണ മികവിലാണ് പ്രതിയെ മഞ്ചേരി കോടതി 141 വർഷം ശിക്ഷിച്ചത്. കുട്ടിയുടെ അമ്മ കൂറുമാറിയ കേസിൽ കുട്ടിയുടെയും കൂട്ടുകാരിയുടെയും മൊഴിയും മെഡിക്കൽ തെളിവുകളും പരിഗണിച്ചായിരുന്നു കോടതിവിധി.


പതിനാലുകാരിയെ പീഡിപ്പിച്ചത് 10 പേർ


കാസർകോട് ഉളിയത്തടുക്കയിലെ പതിനാലുകാരിയെ ദാരിദ്ര്യം മുതലെടുത്താണ് പത്തു പേർ വിവിധ സ്ഥലങ്ങളിലായി പീഡിപ്പിച്ചത്. അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം വാടക ക്വാർട്ടേഴ്സിലായിരുന്നു പെൺകുട്ടി. രക്ഷപ്പെടാൻ പഴുത് നൽകാതെ പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിച്ചത് കാസർകോട് വനിതാ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ചെറുവത്തൂർ കുട്ടമത്തെ സി ഭാനുമതിയായിരുന്നു. ഈ അന്വേഷണ മികവിൽ കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതി പ്രധാനപ്രതിയെ 105 വർഷം ശിക്ഷിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട പത്തിൽ ഏഴു കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനായി.


ഇങ്ങനെ എത്രയെത്ര ജീവിതങ്ങളുണ്ട്‌! ജീവിതത്തിന്റെ വളവുതിരിവുകൾ തനിച്ചായിപ്പോയ, മുറിവുകൾ ഏറ്റുവാങ്ങിയ എത്രയോ സ്ത്രീകളുണ്ട്‌, കുട്ടികളുണ്ട്‌. അവർക്ക്‌ നീതി ഉറപ്പാക്കിയും കരുതലും കരുത്തും നൽകി ജീവിതം മുന്നോട്ട് നയിക്കാൻ പ്രാപ്തമാക്കിയുമാണ് പി വി സിന്ധുവും ഭാനുമതിയും ഉൾപ്പെടെ 1991ൽ ആദ്യമായി പിഎസ്‌സി വഴി നിയമനം നേടിയ വനിതാ പൊലീസുകാർ സേനയോട്‌ വിടപറഞ്ഞത്‌. അന്വേഷണ മികവിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയവരുമുണ്ട്‌ ഇക്കൂട്ടത്തിൽ.


കാക്കിയും ലാത്തിയും തൊപ്പിയുമായി മീശപിരിച്ച് നിൽക്കുന്ന ആൺപൊലീസിനെ ജനം ഭീതിയോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. അന്നോളം ആൺകോയ്‌മ നടമാടിയിരുന്ന പൊലീസ്‌ സേനയിൽ അന്വേഷണമികവിലും സമരമുഖത്തും പൊലീസ് വനിതകൾ നിറയുന്ന കാഴ്ചയിലേക്കാണ് കേരളം നടന്നുകയറിയത്. അതുവരെ പൊലീസും പൊലീസ് സ്റ്റേഷനും ഉള്ളുകിടുക്കുന്ന അനുഭവമാണ്‌ മലയാളിക്ക്. പരാതിയുമായെത്തുന്നവരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കുന്ന പൊലീസിന്റെ ചിത്രമായിരുന്നു നമുക്ക്‌ പരിചിതം. ചുരുക്കം വനിതാ പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും അവർ എആർ ക്യാമ്പുകളിലായിരുന്നു. സ്‌ത്രീകൾക്ക്‌ പരാതിയുമായി എത്താനുള്ള ധൈര്യംപോലുമില്ലായിരുന്നു.

1991ൽ ആദ്യമായി പിഎസ്‌സി നിയമനം നേടി വനിതാ പൊലീസുകാർ എത്തിയതോടെ സ്റ്റേഷനുകളുടെ മുഖച്ഛായ മാറി. അടുക്കും ചിട്ടയും കൈവന്നു. ആൺശീലങ്ങളും പെരുമാറ്റവും തെളിഞ്ഞു. പരാതി കേൾക്കാനും കൂടെ നിർത്താനും വനിതാ പൊലീസുകാർ എത്തിയതോടെ പരാതിയുമായി കൂടുതൽ സ്ത്രീകൾ എത്തിത്തുടങ്ങി.


ആദ്യ നിയമനം 246 പേർക്ക്‌


246 പേർക്കായിരുന്നു ആദ്യനിയമനം. ഇവരിൽ എട്ടുപേർ വിവിധ കാലയളവുകളിൽ രോഗംമൂലവും മറ്റും മരിച്ചു. ശേഷിക്കുന്നവരാണ്‌ 2024 ഡിസംബറിൽ വിരമിച്ചത്. തിരുവനന്തപുരം പൊലീസ് ട്രെയ്‌നിങ് കോളേജിലായിരുന്നു പരിശീലനം. ഡിവൈഎസ്‌പി പത്മിനിക്കായിരുന്നു കർശനമായ പരിശീലനത്തിന്റെ ചുമതല. വെള്ള പൈജാമയും കുർത്തയുമായിരുന്നു പരിശീലനത്തിലെ വേഷം. ഒമ്പതു മാസത്തെ പരിശീലനത്തിനുശേഷം ജില്ലാ ആസ്ഥാനങ്ങളിൽ നിയമനം. പിന്നീട് സബ് ഡിവിഷനുകളിൽ. ആദ്യകാലത്ത് കേസന്വേഷണം ഏൽപ്പിച്ചിരുന്നില്ല. വയർലെസ് സെറ്റ് ഓപ്പറേറ്റർ, പാറാവ് ചുമതല, രാത്രിഷിഫ്റ്റ് , എസ്‌കോർട്ട് ചുമതലകളായിരുന്നു. സ്ഥാനക്കയറ്റമായതോടെ എസ്ഐയായി വിവിധ സ്‌റ്റേഷനുകളിൽ നിയമിച്ചു.


സാരിയും ബ്ലൗസും


ആദ്യകാലത്ത് സാരിയും ബ്ലൗസുമായിരുന്നു യൂണിഫോം. മുത്തങ്ങ സമരത്തെതുടർന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിലുണ്ടായ ആദിവാസി സമരത്തിനിടെ ഒരു പൊലീസുകാരിയുടെ സാരി സമരക്കാർ വലിച്ചുപറിച്ച് കൊണ്ടുപോയി. കൈകൾകൊണ്ട് മാറുമറച്ച്‌ ദയനീയമായി നിൽക്കേണ്ടിവന്ന ആ പൊലീസുകാരിയുടെ കാഴ്‌ച ആരും മറക്കില്ല. ഇതിനു പിന്നാലെ പാന്റ്‌സും ഷർട്ടുമായി യൂണിഫോം.


വനിതാ സെൽ


മിക്കവാറും വനിതാ ഇൻസ്‌പെക്ടറുടെ പ്രവർത്തനം വനിതാസെല്ലിലായിരുന്നു. വനിതാ പൊലീസിന് ഏറ്റവും ഉയർന്ന റാങ്ക് ഡിവൈഎസ്‌പിയാണ്. ഈ ബാച്ചിലെ ഏഴു പേരാണ്‌ സംസ്ഥാന വനിതാ സെല്ലിൽനിന്ന് ഡിവൈഎസ്‌പിമാരായി വിരമിച്ചത്. രത്നമ്മ, ഫിലോമിന, എലിസബത്ത് (വയനാട്), ഷാന്റി (മലപ്പുറം), ശുഭാവതി (കാസർകോട്), പി വി സിന്ധു, എൽസി (തൃശൂർ) എന്നിവർ.


1996ലാണ് വനിതാ സെൽ തുടങ്ങിയത്. സ്ത്രീകൾക്ക് സുരക്ഷിതമായി പരാതി പറയാൻ ഒരു ഇടം വേണമെന്ന ആശയത്തിന്റെ ഭാഗമായാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ വനിതാ സെല്ലുകൾ തുടങ്ങിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുക, കേസന്വേഷണത്തിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടായാൽ അന്വേഷിക്കുക, പട്ടികജാതി സങ്കേതങ്ങൾ സന്ദർശിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക, സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണം നടത്തുക തുടങ്ങിയവയായിരുന്നു മുഖ്യചുമതലകൾ.


ജലപീരങ്കികളിരമ്പുന്ന, ബാരിക്കേഡുകൾ നിരന്ന സമരമുഖത്തും കേസന്വേഷണത്തിലും ഇന്നത്തെ പൊലീസ് വനിതകൾക്ക് മാതൃകയായി മൂന്നു പതിറ്റാണ്ടോളം കർമനിരതരായ വനിതകൾക്ക് കരുതലിന്റെയും കരുത്തിന്റെയും കഥകളുമുണ്ട്‌ പറയാൻ.


കരുതലിന്റെ കഥകൾ


കാസർകോട്‌ ജില്ലയിലെ ഒരു ഉൾനാടൻ പ്രദേശം. ഊമയും ബധിരയുമായ പെൺകുട്ടിയെ അയൽവാസി ഉപദ്രവിച്ചതായി സ്റ്റേഷനിലും വനിതാസെല്ലിലും പരാതി കിട്ടി. കസേരയിലും ജനലിലും കെട്ടിയിട്ടായിരുന്നു പീഡനം. മരണതുല്യമായ അനുഭവം അവൾ ആംഗ്യഭാഷയിലൂടെ പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞത്‌ അവൾക്കായിരുന്നില്ല, അന്വേഷണ ഉദ്യോഗസ്ഥർക്കായിരുന്നെന്ന്‌ റിട്ട. സിഐ കരിവെള്ളൂരിലെ പി വി നിർമല പറഞ്ഞു. കാസർകോട്‌ ജില്ലയിൽ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചിട്ടെന്ന പരാതി അന്വേഷിക്കാൻ ചെന്നപ്പോൾ വീടിനു ചുറ്റും ആൾക്കാർ തടിച്ചുകൂടിയിട്ടുണ്ട്. അകത്ത് ചെന്നപ്പോൾ അവർ ഒരു കീറപ്പായയിൽ ചുരുണ്ട് കിടപ്പുണ്ട്. ഭക്ഷണം കഴിച്ചിട്ടില്ല. ക്ഷീണിച്ച്‌ അവശയായി എഴുന്നേറ്റ് നിൽക്കാൻപോലും അവൾക്കാകുന്നില്ല. ഭക്ഷണത്തിനായി ആ വീട്ടിൽ ഒന്നുമുണ്ടായില്ല. പരാതി അന്വേഷിക്കുന്നതിനുമുമ്പ്‌ ആഹാരം വാങ്ങി നൽകി. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും എത്തിച്ചാണ്‌ മടങ്ങിയതെന്ന്‌ നിർമല ഓർക്കുന്നു.


സമത്വത്തിനായി പോരാടി


പൊലീസ് സേനയിലെ സ്ത്രീ സമത്വത്തിനായി പോരാടിയാണ് തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐയായി എൻ എ വിനയ വിരമിച്ചത്. സ്ത്രീ ശാക്തീകരണത്തിനായി വായനശാലകളിലും മറ്റും പെൺകുട്ടികളുടെ വോളിബോൾ കൂട്ടായ്മയുണ്ടാക്കിയത് വിനയയായിരുന്നു. പെൺകുട്ടികളുടെ കളിയിടങ്ങൾ ഒരുക്കി ലഹരിക്കെതിരെ പോരാടാനും ഇവർ കുട്ടികളെ പ്രാപ്തമാക്കി. സർക്കാർ അപേക്ഷാഫോമുകളിലെ ലിംഗവിവേചനത്തിനെതിരെയും ഇവർ നിയമപോരാട്ടം നടത്തി. പൊലീസിലെ ‘വനിത’ വിശേഷണം ഇല്ലാതാക്കിയതിനു പിന്നിലും ഈ പൊലീസുകാരിയുടെ പരിശ്രമമുണ്ട്‌.


ശബരിമല സന്നിധാനത്തും


ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചപ്പോൾ സന്നിധാനത്ത് ജോലി ചെയ്യാനും ഇക്കൂട്ടത്തിലുള്ളവർക്ക് അവസരം കിട്ടി. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കോടതി വിധിയുണ്ടായതോടെ കേരളമാകെ സംഘർഷം കത്തിപ്പടർന്ന സമയത്തായിരുന്നു അത്. ശബരിമല സന്നിധാനത്ത് യൂണിഫോം അണിഞ്ഞ് ആദ്യമെത്തിയ വനിതാ പൊലീസുകാരും ഇവരാണ്.


ജപ്തി ഒഴിവാക്കി


‘തൃശൂർ പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ജപ്തിയുടെ ഭാഗമായി കോടതിയിലെയും ബാങ്കിലെയും ഉദ്യോഗസ്ഥർക്കൊപ്പം ഒരു വീട് ഒഴിപ്പിക്കാൻ പോയി. അമ്മയും പത്താം ക്ലാസിൽ പഠിക്കുന്ന മകളുമാണ് വീട്ടിലുണ്ടായത്. പൊലീസുകാരെ മുറ്റത്ത് കണ്ടതോടെ അമ്മ അകത്തു കയറി വാതിലടച്ചു. പലതവണ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഞങ്ങളും ഭയപ്പെട്ടു.


ഒടുവിൽ മകൾ വാതിൽ തുറന്നു. അമ്മ കുഴഞ്ഞുവീണെന്നു പറഞ്ഞു. ഒരു നിമിഷം എന്തുചെയ്യുമെന്നറിയാതെ ഞങ്ങൾ സ്തംഭിച്ചുനിന്നുപോയി. വെള്ളം തളിച്ച് അവരുടെ ക്ഷീണം മാറ്റി. ബോധം വീണ്ടെടുത്ത അവർ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ കാൽക്കൽ വീണ് അപേക്ഷിച്ചു. ‘ഇത്തവണ നിങ്ങൾ തിരിച്ചുപോണം. മകൾ എസ്എസ്എൽസി പരീക്ഷ എഴുതുകയാണ്. ജപ്‌തി ചെയ്‌താൽ നന്നായി പഠിക്കുന്ന അവളുടെ ഭാവിതന്നെ തകരും. അവളെ ഓർത്ത് പിന്മാറണം.’ പിന്നെയൊന്നും ആലോചിച്ചില്ല. പുറത്തിറങ്ങിയ ഞാൻ ബാങ്കുകാരോട് ജപ്‌തിയിൽനിന്ന്‌ തൽക്കാലം പിന്മാറാനാവശ്യപ്പെട്ടു.


വർഷങ്ങൾക്കുശേഷം തൃശൂർ നഗരത്തിൽ യൂണിഫോമിൽ എന്നെക്കണ്ട് അവൾ തിരിച്ചറിഞ്ഞു. പഠിച്ച് ഉയർന്ന നിലയിലെത്തി. ജോലി നേടിയ സന്തോഷവും പങ്കിട്ടു. അന്ന്‌ ജപ്‌തി തടയാനുള്ള തീരുമാനമെടുത്തതിൽ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്‌’–- വനിതാ സെല്ലിൽനിന്ന് ഡിവൈഎസ്‌പിയായി വിരമിച്ച കൊരട്ടിയിലെ എൽസി പറയുന്നു.


ഇരകളുടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്നു


പോക്സോ കേസുകളിലും മറ്റും മൊഴിയെടുക്കുമ്പോൾ മനസ്സ്‌ നോവും. അതേക്കാൾ നോവുന്നത് ഇരകളുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തുമ്പോഴാണ്– കാസർകോട്‌ എസ്‌ഐയായി വിരമിച്ച നീലേശ്വരം നെല്ലിയടുക്കത്തെ ലീല പറഞ്ഞു. തികളും കൂട്ടരും സമൂഹത്തിൽ മാന്യരായി നടക്കുമ്പോൾ ഇരകളെയും ഒപ്പം നിൽക്കുന്നവരെയും കുറ്റക്കാരെന്ന മട്ടിൽ ഒറ്റപ്പെടുത്തും. പലരും കോടതിയിൽ മൊഴി മാറ്റുന്നത് ഇത് പേടിച്ചിട്ടാണെന്നും ലീല പറഞ്ഞു.


ആയിരത്തിലധികം ഇൻക്വസ്റ്റ്


കോഴിക്കോട് ടൗൺ സ്റ്റേഷനിൽനിന്ന് സിഐയായി വിരമിച്ച നാദാപുരം അരൂരിലെ പി അനിതകുമാരി ആയിരത്തിലധികം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടത്തിയിട്ടുണ്ട്‌. മൃതദേഹ പരിശോധനയുടെ റിപ്പോർട്ട് എഴുതാൻ പുരുഷ പൊലീസുകാർക്കൊപ്പമാണ് ആദ്യം പോയത്. പുരുഷ പൊലീസുകാർ പരിശോധന നടത്തി പറയുന്ന കാര്യങ്ങൾ എഴുതുകയാണ് വേണ്ടത്. ഭയംമൂലം ദൂരെയിരുന്നാണ് എഴുതിയിരുന്നത്. പിന്നീട്‌ ഒറ്റയ്ക്ക് ഇൻക്വസ്റ്റിന് പോകാൻ തുടങ്ങി. ട്രെയിനിനു മുന്നിൽ ജീവനൊടുക്കിയ ഒരു പെൺകുട്ടിയുടെ ചിതറിത്തെറിച്ച മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുമ്പോൾ മനസ്സിനെ നിയന്ത്രിക്കാനായില്ല. ജീപ്പിന്റെ ടയർ തലയിൽ കയറി മരിച്ച എൽകെജി വിദ്യാർഥിയുടെ മൃതദേഹ പരിശോധനയും നോവുന്ന ഓർമയാണ് അനിതയ്ക്ക്.


ബോധവൽക്കരണ നാടകം


ആൺപൊലീസുകാരെപ്പോലെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചും സാധാരണ പൊലീസ്‌ സ്‌റ്റേഷനുകളിലും വനിതാ സ്റ്റേഷനുകളിലും വനിതാ സെല്ലുകളിലും സ്പെഷ്യൽ ബ്രാഞ്ചുകളിലും മികവോടെ പ്രവർത്തിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ. കേരളത്തിലെ ആദ്യത്തെ വനിതാ പൊലീസ് എൻഫീൽഡ് ബുള്ളറ്റ് പട്രോളിങ് ടീം ഉണ്ടായിരുന്നു തൃശൂരിൽ. പി വി സിന്ധുവാണ് ടീമിനെ സജ്ജമാക്കിയത്. സ്ത്രീസുരക്ഷാ ബോധവൽക്കരണവുമായി കാസർകോട് വനിതാ സെൽ സിഐ പി വി നിർമലയുടെ നേതൃത്വത്തിലും വടകര സിഐയായിരുന്ന ഭാനുമതിയുടെ നേതൃത്വത്തിലും സ്ത്രീകളുടെ നാടകം നിർമിച്ചിരുന്നു. നൂറിലധികം വേദികളിൽ അവതരിപ്പിച്ച് നാടകം കൈയടി നേടി. കണ്ണൂരിൽ വനിതാസെല്ലിന്റെ ഭാഗമായി ആരംഭിച്ച വനിതാ ലൈബ്രറിയും സജീവം. മൂന്നു പതിറ്റാണ്ടത്തെ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കാനും സൗഹൃദം സൂക്ഷിക്കാനും ഇവർ എല്ലാ വർഷവും ഒത്തുചേരാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home