യുവാക്കളിൽ വർധിച്ചുവരുന്ന ഹൃദയാഘാത ഭീഷണി

ഇന്ത്യയിൽ ചെറുപ്പക്കാരിലെ ഹൃദയാഘാത കേസുകൾ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് പ്രായമായവരെ മാത്രം പ്രധാനമായും ബാധിച്ചിരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ ഇന്ന് 30-കളിലും 40-കളിലുമുള്ളവരെയും, ചിലപ്പോൾ അതിലും ചെറുപ്പക്കാരെയും മരണത്തിലേക്ക് തള്ളിവിടുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികൾക്കിടയിലുണ്ടായ ദാരുണമായ മരണങ്ങളാണ് ഈ പ്രതിസന്ധിയെ കൂടുതൽ ശ്രദ്ധേയമാക്കിയത്.
കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ 46-ാം വയസ്സിലാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. പ്രശസ്ത പിന്നണി ഗായകൻ കെ.കെ.യും (കൃഷ്ണകുമാർ കുന്നത്ത്) ഒരു സംഗീത പരിപാടിക്ക് ശേഷം 53-ാം വയസ്സിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. നടനും റിയാലിറ്റി ടിവി താരവുമായ സിദ്ധാർത്ഥ് ശുക്ല 40-ാം വയസ്സിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. അടുത്തിടെ നടി ഷെഫാലി ജാരിവാലയും 42-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ശാരീരികക്ഷമതയും ഊർജ്ജസ്വലതയുമുള്ളവരായി കാണപ്പെടുന്ന വ്യക്തികളെപ്പോലും ഈ പ്രവണത ബാധിക്കുന്നുവെന്നതാണ് വ്യക്തമാക്കുന്നത്. ഇത് നമ്മുടെ സമൂഹത്തെയാകെ ബാധിക്കുന്ന ഒരു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണ്. ഒപ്പം നമ്മുടെ ആധുനിക ജീവിതശൈലി, ഭക്ഷണരീതികൾ, വർധിച്ച മാനസിക സമ്മർദ്ദം എന്നിവയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാനും പ്രേരിപ്പിക്കുന്നു.
യുവജനങ്ങളിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ
അനാരോഗ്യകരമായ ജീവിതശൈലി: അമിതമായ ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം, ക്രമമില്ലാത്ത ഉറക്കം, വ്യായാമമില്ലായ്മ എന്നിവ ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു.മാനസിക സമ്മർദ്ദം: ജോലി സംബന്ധമായും വ്യക്തിപരമായുമുള്ള സമ്മർദ്ദം ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യും.
പുകവലിയും മദ്യപാനവും: പുകവലി രക്തക്കുഴലുകളെ നേരിട്ട് ചുരുക്കുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം ഹൃദയാരോഗ്യത്തിന് അതീവ ഹാനികരമാണ്.
അമിതവണ്ണം: കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയെ വഷളാക്കുന്ന ഒരു പ്രധാന ഘടകമാണിത്.
പാരമ്പര്യം: ഹൃദയസംബന്ധമായ അസുഖങ്ങളുടെ കുടുംബചരിത്രമുള്ളവർക്ക് ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്.
അമിത വ്യായാമം: ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ തീവ്രമായ വ്യായാമങ്ങൾ ചെയ്യുന്നത് വിപരീത ഫലം നൽകുകയും ഹൃദയപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ: ജനനം മുതൽ ഉണ്ടാകുന്ന ഘടനാപരമായ ഹൃദയ വൈകല്യങ്ങൾ രക്തയോട്ടത്തെ ബാധിക്കാം.
ലക്ഷണങ്ങൾ തിരിച്ചറിയുക, നടപടികൾ കൈക്കൊള്ളുക
ലക്ഷണങ്ങൾ ഉടനടി തിരിച്ചറിയേണ്ടത് നിർണായകമാണ്. നെഞ്ചുവേദന (കൈകളിലേക്കും തോളുകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും വ്യാപിക്കുന്നത്), ശ്വാസം മുട്ടൽ, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ അമിതമായ വിയർപ്പ് എന്നിവ ശ്രദ്ധിക്കുക. ജോലി ചെയ്യുമ്പോഴോ ആയാസപ്പെടുമ്പോഴോ ഈ ലക്ഷണങ്ങൾ വർദ്ധിക്കുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടുകയും ഉചിതമായ ചികിത്സ തേടുകയും വേണം.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മരുന്ന്, ആൻജിയോപ്ലാസ്റ്റി, ശസ്ത്രക്രിയ എന്നിവയുൾപ്പെടെ വിവിധ ചികിത്സാ രീതികൾ ലഭ്യമാണ്. അതിനാൽ തന്നെ നിങ്ങളുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചാലും ആശങ്കപ്പെടേണ്ടതില്ല, കാരണം സുരക്ഷിതമായ മുൻകരുതലുകളോടെയാണ് ഈ ശസ്ത്രക്രിയകൾ ചെയ്യുന്നത്.
ഹൃദയാരോഗ്യത്തിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ആരോഗ്യകരമായ ഭക്ഷണം: പഴങ്ങൾക്കും പച്ചക്കറികൾക്കും മുൻഗണന നൽകുക; വറുത്തതും, സംസ്കരിച്ചതും, മധുരമുള്ളതും, ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.ചിട്ടയായ വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.സമ്മർദ്ദം നിയന്ത്രിക്കുക: യോഗ, ധ്യാനം എന്നിവ പരിശീലിക്കുക അല്ലെങ്കിൽ ഹോബികളിൽ ഏർപ്പെടുക.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക ആരോഗ്യകരമായ ഭാരം നിലനിർത്തുക.
ചിട്ടയായ വൈദ്യപരിശോധനകൾ: പ്രത്യേകിച്ചും കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുണ്ടെങ്കിൽ. ഇ.സി.ജി (ഇലക്ട്രോകാർഡിയോഗ്രാം), എക്കോ (എക്കോകാർഡിയോഗ്രാം) പോലുള്ള പരിശോധനകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിരീക്ഷിക്കുക.
ഉറക്കത്തിന് മുൻഗണന: ദിവസവും 7-8 മണിക്കൂർ ഉറങ്ങുക.യുവാക്കളിൽ ഹൃദയാഘാതത്തിൻ്റെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നത് കൃത്യസമയത്തുള്ള രോഗനിർണ്ണയത്തിനും ശരിയായ ചികിത്സയ്ക്കും അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ ആശങ്കാജനകമായ പ്രവണത ലഘൂകരിക്കുന്നതിനും എല്ലാ പ്രായക്കാരിലും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നമുക്ക് കൂട്ടായി പ്രവർത്തിക്കാൻ സാധിക്കും.
ഡോ. റിനറ്റ് സെബാസ്റ്റ്യൻ
സീനിയർ കൺസൾട്ടൻ്റ്
കാർഡിയോതൊറാസിക് & വാസ്കുലർ സർജറി, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ അങ്കമാലി









0 comments