വെടിയുണ്ടപോലൊരു വൈറസ്; വേണം അതീവ ജാഗ്രത

എഐ പ്രതീകാത്മകചിത്രം
ഡോ. എം. മുഹമ്മദ് ആസിഫ്
Published on Sep 26, 2025, 11:45 AM | 4 min read
പേവിഷബാധയ്ക്ക് കാരണമായ റാബീസ് വൈറസിനെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ വെടിയുണ്ടയുടെ ആകൃതിയായിരിക്കും. അതുകൊണ്ട് വൈറസിന് ‘ബയോളജിക്കൽ ബുള്ളറ്റ്’ എന്നൊരു വിളിപ്പേര് ശാസ്ത്രലോകത്തുണ്ട്. വലിപ്പത്തിൽ 9 മില്ലിമീറ്റർ ബുള്ളറ്റിനേക്കാൾ ഒന്നരലക്ഷം മടങ്ങ് ചെറുതാണെങ്കിലും ശരീരത്തിനുള്ളിൽ തുളച്ചുകയറിയാൽ ശക്തമായ ഒരു ബുള്ളറ്റ് ഉണ്ടാക്കുന്ന അപകടത്തേക്കാൾ തീവ്രമാണ് റാബീസ് വൈറസ് ഉണ്ടാക്കുന്ന വേദനയും മരണവും. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏതൊരു സസ്തനിയെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ മനുഷ്യരിലും മൃഗങ്ങളിലും ഒരു ചികിത്സയും ഫലപ്രദമാകില്ല.
മൃഗങ്ങളിലെ പേവിഷബാധ
നമ്മുടെ രാജ്യത്ത് പേവിഷബാധയുടെ പ്രധാനപ്പെട്ട വാഹകരായി പരിഗണിക്കുന്നത് നായകളെയാണ്.രോഗികളാകുന്ന 99- ശതമാനം പേർക്കും രോഗബാധയേൽക്കുന്നത് തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയിൽനിന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പേവിഷബാധ നിയന്ത്രണത്തിൽ നായകളിലെ പേവിഷ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്. വളർത്തുന്നതും തെരുവിൽ അലയുന്നതുമായ നായകൾക്ക് കൃത്യമായി വാക്സിൻ നൽകുന്നതിലൂടെ മാത്രമേ പേവിഷബാധയെ പ്രതിരോധിക്കാനാകൂ. നായകളിൽ പേവിഷ വൈറസ് എത്തുന്നത് രോഗബാധിതമായ മറ്റു നായകളിൽനിന്നും കീരി, കുറുനരി തുടങ്ങിയ വന്യജീവികളിൽനിന്നുമെല്ലാം ആയിരിക്കും.
ഉമിനീർ വഴി മുറിവിൽ പുരളുന്ന വൈറസ് നാഡികളിലേക്ക് കടന്നുകയറി തലച്ചോറിൽ എത്തുന്ന കാലാവധിയിൽ ദിവസങ്ങൾ മുതൽ മാസങ്ങൾവരെ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ വൈറസ് തലച്ചോറിൽ എത്തിയാൽ മനുഷ്യരിലേതുപോലെ നായകളിലും രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് പരമാവധി 14 ദിവസം മുമ്പ്‌വരെ നായകളുടെ ഉമിനീരിലൂടെ വൈറസ് പുറത്തുവരും എന്ന് പുതിയ പഠനങ്ങൾ പറയുന്നു. ദീർഘകാലം ഉമിനീരിൽ വൈറസിനെയും വഹിച്ച് പേവിഷബാധയുടെ കാരിയർമാരായി നിൽക്കാൻ നായകൾക്കാകില്ല.
പേവിഷബാധയേറ്റ നായ എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുക വായിൽനിന്നും ഉമിനീരൊലിപ്പിച്ച്, നാവ് പുറത്തേക്കിട്ട്, കടിക്കാനായി പാഞ്ഞടുക്കുന്നവയെയായിരിക്കും.
എന്നാൽ ഈ ലക്ഷണം ഇല്ലാതെ ശരീരത്തിന് ക്രമേണ തളർച്ച ബാധിക്കുന്ന (പാരലിറ്റിക് ഫോം) മൂകരൂപത്തിലും നായകളിൽ പേവിഷബാധ കാണപ്പെടാം. ഈ രീതിയിലുള്ള പേവിഷബാധയിൽ നായകൾ ശാന്തസ്വഭാവമാണ് പ്രകടിപ്പിക്കുക. രോഗലക്ഷണങ്ങൾ പ്രകടമായാൽ പരമാവധി അഞ്ച് ദിവസത്തിനകം തന്നെ നായകൾ ചത്തുപോകും. നായകളിലും പൂച്ചകളിലും മാത്രമാണ് ഈ രീതിയിൽ ഒരു സമയപരിധി കാണുന്നത്. ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽക്കാൻ ശേഷിയുള്ളവയാണ് റാബീസ് വൈറസുകൾ, രോഗബാധിതമായ നായ ചത്താൽ ആ നിമിഷം വൈറസും ഇല്ലാതാകും.
പ്രഥമ ശുശ്രൂഷ
മൃഗങ്ങളിൽനിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. എന്നാലിത് ശാസ്ത്രീയരീതിയിലാകണം. വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത് പതിനഞ്ച് മിനിറ്റെങ്കിലും കഴുകണം. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്.
പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. കൃത്യസമയത്ത്, നിർദേശിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരം എടുക്കുന്ന ആന്റിറാബീസ് വാക്‌സിന് പേവിഷബാധയെ നൂറുശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് തെളിയിക്കപ്പെട്ടതാണ്. മൃഗങ്ങളിൽ നിന്നുണ്ടാകുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3-ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്യൂണോഗ്ലോബുലിനും (ആന്റിറാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സിനും നിർബന്ധമായും എടുക്കണം.
പേവിഷ വൈറസിനെതിരെ നൂറ് ശതമാനം പ്രതിരോധം ഉറപ്പാക്കുന്ന വാക്സിനും സിറവും സംസ്ഥാനത്ത് ഉടനീളം ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ മൃഗാശുപത്രികളിലും മൃഗങ്ങളുടെ പേവിഷപ്രതിരോധ വാക്സിനും ഉറപ്പാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
2030 ആകുമ്പോഴേക്കും നായകൾ വഴിയുള്ള പേവിഷ ബാധയും, മനുഷ്യരിൽ പേവിഷബാധമൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള ആരോഗ്യദൗത്യമാണ് ലോകമെങ്ങുംനടക്കുന്നത്. പേവിഷബാധയുടെ തീവ്രതയും മരണങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യവും ഓർമപ്പെടുത്തി സെപ്‌തംബർ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. പേവിഷബാധയെ പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം എന്നതാണ് ഇൗ വർഷത്തെ പ്രമേയം. ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്തംബർ 28.
(മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി
സർജനാണ് ലേഖകൻ)
അറിയണം ഇൗ കാര്യങ്ങൾ
ഡോ. എം ഗംഗാധരൻ നായർ
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കാവുന്ന എൻസ്ഫലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലെ വൈറസുകൾ അവയുടെ കടിയിൽക്കൂടിയോ മാന്തുകൊണ്ടോ ശരീരപേശികൾക്കിടയിലെ നാഡികളിൽ എത്തും. അതിൽക്കൂടി സഞ്ചരിച്ച് സൂക്ഷ്‌മനാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. സാധാരണയായി ഒരുമാസംമുതൽ 90 ദിവസത്തിനുള്ളിൽ ലക്ഷണം പ്രകടമാകും. അസാധാരണമായി ലക്ഷണം കണ്ടുതുടങ്ങാൻ ഒരാഴ്ചമുതൽ ഒരുവർഷംവരെ സമയം എടുത്തേക്കാം.
ലക്ഷണങ്ങൾ
മനുഷ്യരിൽ: കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ, മുറിവേറ്റ ഭാഗത്ത് മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയൽ, ഉൽക്കണ്ഠ, ശ്വാസതടസ്സം, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തോടും വെളിച്ചത്തോടും പേടി. അവസാനഘട്ടത്തിൽ തളർന്നുകിടക്കുന്നതിനൊപ്പം, ഹൃദയപേശികളെയും ശ്വാസകോശത്തെയും ബാധിക്കുന്നു. കഠിനമായ ശ്വാസതടസ്സവും മരണവും സംഭവിക്കുന്നു.
നായകളിൽ: മൂക രൂപത്തിലുള്ള പേവിഷബാധയേറ്റാൽ കീഴ്ത്താടി താഴോട്ട് തൂങ്ങി വായ തുറന്ന് കിടക്കുകയും തൊണ്ടയിൽ എല്ലുകഷണം തടഞ്ഞ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുക. വായിൽനിന്ന് നുരയും പതയും വരിക, കടിയേറ്റ് കരിഞ്ഞ മുറിവിൽ നക്കുക, കടിക്കുക, മാന്തുക, പെരുമാറ്റത്തിലെ മാറ്റം, ഒറ്റപ്പെടാനുള്ള വ്യഗ്രത, ഇരുളടഞ്ഞ മൂലകളിൽ ഒളിക്കുക, ഉറങ്ങുന്നതുപോലെ കിടന്ന് വീണ്ടും എഴുന്നേറ്റ് പഴയതുപോലെ കിടക്കുക, കല്ലും കട്ടയും തടിക്കഷണങ്ങളും കളിപ്പാട്ടങ്ങളും കടിക്കാനും നക്കാനുമുള്ള പ്രവണത, തറയിൽ മാന്തുക, ചെറിയ ശബ്ദത്തിന് വലിയ പ്രതികരണം, വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റാതിരിക്കുക, ആദ്യഘട്ടത്തിൽ ശാന്തസ്വഭാവവും പിന്നീട് ആക്രമണകാരികളും ആകുക, കണ്ണുകൾ ചുവക്കുക, പ്രകോപനമില്ലാതെ എല്ലാത്തിനെയും കടിക്കുക തുടങ്ങിയവ.
പൂച്ചകളിൽ: തീവ്രരൂപത്തിലുള്ള ലക്ഷണങ്ങളാണ് പൂച്ചകളിൽ സാധാരണ കണ്ടുവരുന്നത്. പാദങ്ങളേക്കാൾ പല്ല് ഉപയോഗിച്ച് അപ്രതീക്ഷിതമായി ആക്രമിക്കുന്നു.
പശുക്കളിൽ: ആക്രമണസ്വഭാവം കൂടും. ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, ഭയാനകമായി കരയുക, തറയിൽ കൈകാലുകൾകൊണ്ട് മാന്തുക, വായയിൽനിന്ന് ഉമിനീർ പതഞ്ഞുവരിക എന്നിവ.
പ്രതിരോധം
വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച എന്നിവയ്‌ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പുകൾ നിർബന്ധമായി എടുക്കണം. മൂന്നുമാസം പ്രായമാകുമ്പോൾ ഒന്നാമത്തെ കുത്തിവയ്‌പും രണ്ടാമത്തെ ബൂസ്റ്റർ കുത്തിവയ്‌പ് ഇതിനുശേഷം ഒരുമാസമാകുമ്പോഴും പിന്നീട് എല്ലാ വർഷവും കുത്തിവയ്‌പ് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യണം.
ഉഷ്ണരക്തമുള്ള എല്ലാ മൃഗങ്ങളെയും ഈ രോഗം ബാധിക്കുന്നു. നായ, പൂച്ച എന്നിവയിൽ കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കൻ, കുരങ്ങ്, അണ്ണാൻ, ചെന്നായ തുടങ്ങിയവയെയും ബാധിക്കാറുണ്ട്. ലോകത്ത് ഓരോ 10 മിനിറ്റിലും 1800 പേർക്ക് നായയുടെ കടിയേൽക്കുന്നുണ്ട്.









0 comments