കർണാടകയിൽ ഇ ഡി ഉദ്യോഗസ്ഥരെന്ന് നടിച്ച് സ്വർണ വ്യാപാരികളിൽ നിന്ന് 3 കോടിയിലധികം തട്ടിയെടുത്തു

police jeep
വെബ് ഡെസ്ക്

Published on Nov 24, 2025, 11:11 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ ഇ ഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ അഞ്ചംഗ സംഘം സ്വർണ്ണ വ്യാപാരികളെ തട്ടിക്കൊണ്ടുപോയി 3.02 കോടി രൂപയുടെ ആഭരണങ്ങളും 2 ലക്ഷം രൂപ പണവും കവർന്നു. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.


മംഗളൂരുവിൽ നിന്നുള്ള സ്വർണ്ണാഭരണ വിതരണക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. നവംബർ 19ന് ഉച്ചയ്ക്ക് 3:10-നും 3:15-നും ഇടയിൽ ധാർവാഡിനടുത്ത് വെച്ച് അഞ്ചുപേർ ചേർന്ന് ഇവരെ തടഞ്ഞുനിർത്തി. ഹിന്ദിയിൽ സംസാരിച്ച സംഘം ഇ ഡി ഐഡി കാർഡ് കാണിച്ചുകൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വ്യാപാരികളെ നിർബന്ധിച്ച് ചാരനിറത്തിലുള്ള മാരുതി എർട്ടിഗ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് കള്ളക്കടത്ത് ആരോപിച്ചുകൊണ്ട് ഇവരുടെ മൊബൈൽ ഫോണുകളും പണവും 3 കിലോയോളം വരുന്ന സ്വർണ്ണാഭരണങ്ങളടങ്ങിയ ബാഗും കൈക്കലാക്കി.


കവർച്ചക്കാർ വ്യാപാരികളിലൊരാളെ കിറ്റൂരിൽ വെച്ച് ഇറക്കിവിട്ട ശേഷം പ്രധാന പരാതിക്കാരനുമായി ഹുബ്ബള്ളിയിലേക്ക് യാത്ര തുടർന്നു. വൈകീട്ട് 4:30-ഓടെ എം കെ ഹുബ്ബള്ളിക്ക് സമീപം വെച്ച് പരാതിക്കാരനെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് 3 കോടിയിലധികം രൂപയുടെ മുതലുകളുമായി സംഘം കടന്നുകളയുകയായിരുന്നു. വ്യാപാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home