പേവിഷബാധ: അറിയേണ്ടതും കരുതേണ്ടതും

rabies
avatar
ഡോ. എം. മുഹമ്മദ് ആസിഫ്

Published on May 04, 2025, 12:00 AM | 3 min read

തെരുവുനായ കടിച്ച് പേവിഷബാധയേറ്റ്‌ സംസ്ഥാനത്ത് ഒരു കുരുന്നുജീവൻ പൊലിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. തലയിലും കണ്ണിലും ചുണ്ടിലുമുൾപ്പെടെ ആഴത്തിൽ ഏറ്റ മുറിവുകളാണ് വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും നൽകിയിട്ടുപോലും രോഗബാധയേൽക്കാൻ ഇടയാക്കിയത്. പ്രതിരോധ മരുന്നുകൾ പ്രവർത്തിക്കാൻ എടുക്കുന്ന സമയത്തേക്കാൾ വളരെ വേഗത്തിൽ തലച്ചോറിനോടു ചേർന്ന നാഡികളിൽ വൈറസ് കയറിപ്പറ്റി തലച്ചോറിനകത്ത് പ്രവേശിച്ച് പെരുകി കഴിഞ്ഞാൽ രോഗസാധ്യത ഉയരും. ഒരു ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ തല തുളച്ചുകയറാൻ തക്ക ശേഷിയുള്ള ഒരു വെടിയുണ്ടയ്ക്ക് (ബുള്ളറ്റ്) സമാനമായ ആകൃതിയിലാണ് പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസാ വൈറസുകൾ കാണുക. ബയോളജിക്കൽ ബുള്ളറ്റ് എന്ന വിളിപ്പേരും വൈറസിനുണ്ട്. വലിപ്പത്തിൽ ഒരു 9 എംഎം ബുള്ളറ്റിനേക്കാൾ ഒന്നരലക്ഷം മടങ്ങ് ചെറുതാണെങ്കിലും തലച്ചോറിനുള്ളിൽ കയറിയാൽ ശക്തമായ ഒരു ബുള്ളറ്റ് ഉണ്ടാക്കുന്ന അപകടത്തേക്കാൾ തീവ്രമാണ് റാബീസ് വൈറസ് ഉണ്ടാക്കുന്ന വേദനയും മരണവും. പേവിഷ വൈറസ് തലച്ചോറിനെ ബാധിച്ച്, രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ ചികിത്സകൾ ഫലപ്രദമാകില്ലെന്ന് മാത്രമല്ല, ദിവസങ്ങൾക്കകം മരണം സംഭവിക്കുകയും ചെയ്യും.


പ്രഥമശുശ്രൂഷ പ്രധാനം

കൃത്യസമയത്ത് നിർദേശിക്കപ്പെട്ട ഷെഡ്യൂൾപ്രകാരം എടുക്കുന്ന ആന്റി റാബീസ്‌ വാക്‌സിന് പേവിഷബാധയെ 100 ശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന്‌ കടിയോ മാന്തോ ഏറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയ്ക്കും വാക്‌സിനോളംതന്നെ പ്രസക്തിയുണ്ട്. മൃഗങ്ങളിൽനിന്ന്‌ കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്താൽ മുറിവേറ്റ ഭാഗം നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കണം. പൈപ്പിൽനിന്ന്‌ വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–- -15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മ വൈറസുകളെ നിർവീര്യമാക്കാനാണിത്‌. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേർന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90–-- 95 ശതമാനത്തോളം വൈറസുകളെ നിർവീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്‌.

മുതിർന്നവരെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. എന്നാൽ, ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. പലപ്പോഴും തല, കൺപോള, ചെവി തുടങ്ങിയ ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല. ഇത് അപകടം വിളിച്ചുവരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ എത്രയും വേഗം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോൾ വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം, പകരം കൈയുറ ഉപയോഗിക്കാം.


rabies

ആദ്യമണിക്കൂറുകൾ നിർണായകം

ശരീരത്തിൽ മുറിവോ മറ്റ് പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിന് ത്വക്കിനടിയിൽ നൽകുന്ന വാക്സിൻ (ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ / ഐഡിആർവി) എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് "0' ദിവസത്തെ ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സിൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷ വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികളെന്ന മാംസ്യമാത്രകൾ രൂപപ്പെടും.

മൃഗങ്ങളിൽനിന്നുണ്ടാകുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽനിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3-ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന റെഡിമെയ്‌ഡ്‌ പ്രതിരോധഘടകങ്ങൾ അടങ്ങിയ ആന്റിറാബീസ് ഇമ്യൂണോഗ്ലോബുലിനും (ആന്റി റാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സിനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം. വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ വൈറസിൽനിന്ന്‌ സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ ഉടനെ ആന്റിറാബീസ് ഇമ്യൂണോഗ്ലോബുലിൻ സ്വീകരിക്കണം. മുഖം, കഴുത്ത്, കൺപോള, ചെവി തുടങ്ങി തലച്ചോറിനോട് ചേർന്നതും കാൽവെള്ള, വിരളിന്റെ അറ്റം, ജനനേന്ദ്രിയംപോലുള്ള നാഡീതന്തുക്കൾ കൂടുതലുള്ള സ്ഥലങ്ങളിലാണ്‌ കടിയേറ്റതെങ്കിൽ വൈറസ് അതിവേഗം തലച്ചോറിലെത്തും. ഇത് തടയാൻ പരമാവധി ഒരു മണിക്കൂറിനകംതന്നെ ഇമ്യൂണോഗ്ലോബുലിൻ എടുക്കണം.

വാക്സിൻ എടുക്കാൻ വിട്ടുപോയാൽ

മൃഗത്തിന്റെ മാന്ത്/ കടി ഏറ്റശേഷം ഏറ്റവും കുറഞ്ഞ സമയത്തിനകം ഇമ്യൂണോഗ്ലോബുലിനും ആദ്യ ഡോസ് വാക്സിനും എടുക്കുക എന്നതാണ് പരമപ്രധാനം. സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ പിന്നീടാണെങ്കിലും വാക്സിനെടുക്കുന്നതിൽ ജാഗ്രത പുലർത്തണം. എപ്പോഴാണോ ആദ്യ കുത്തിവയ്പ് എടുക്കുന്നത് അത് "0' ദിവസത്തെ ഡോസ് ആയി പരിഗണിക്കും.

മുൻ‌കൂർ കുത്തിവയ്പ്

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴകുന്നവർ, വെറ്ററിനറി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കം ഉണ്ടാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7, 21/28 ദിവസങ്ങളിൽ പേവിഷ പ്രതിരോധകുത്തിവയ്പ് (Pre exposure Prophylaxis) എടുക്കണം.


വളർത്തുനായ കടിച്ചാലും

വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവയ്പുകൾ പൂർണമായും എടുത്ത നായയിൽനിന്നോ പൂച്ചയിൽനിന്നോ കടിയോ മാന്തോ ഏറ്റാലും നിർബന്ധമായും വാക്സിൻ എടുക്കണം. വാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച നായയെയോ പൂച്ചയെയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം.

അരുമകൾക്ക് വാക്സിൻ

സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരിൽ നല്ലൊരു ശതമാനവും രോഗബാധയേൽക്കുന്നത് വളർത്തുമൃഗങ്ങളിൽനിന്നാണ്. ഈയൊരു സാഹചര്യത്തിൽ വളർത്തുനായകളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്സിനേഷന് വലിയ പ്രാധാന്യമുണ്ട്. വളർത്തുനായകൾക്കും പൂച്ചകൾക്കും മൂന്നു മാസം (12 ആഴ്ച / 90–--100 ദിവസം) പ്രായമെത്തുമ്പോൾ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നൽകണം. പിന്നീട് നാല് ആഴ്ചയ്‌ക്കുശേഷം അതായത് നാല് മാസം/ 16 ആഴ്ച പ്രായമെത്തുമ്പോൾ ബൂസ്റ്റർ കുത്തിവയ്പ് നൽകണം. തുടർന്ന്, വർഷാവർഷം പ്രതിരോധ കുത്തിവയ്പ് ആവർത്തിക്കണം. വീടുവിട്ട് ഓടിപ്പോയി ദിവസങ്ങൾ കഴിഞ്ഞ് തിരികെ എത്തുന്ന മൃഗങ്ങൾക്ക്‌ അവയ്ക്ക് മുൻകൂർ റാബീസ് വാക്സിൻ നൽകിയതാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ നൽകണം.


(മൃഗസംരക്ഷണ വകുപ്പ്‌ വെറ്ററിനറി സർജനാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home