അമിതവണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്


സ്വന്തം ലേഖകൻ
Published on May 20, 2025, 04:55 PM | 3 min read
വേൾഡ് ഒബിസിറ്റി അറ്റ്ലസ് 2024 അനുസരിച്ച്, ആഗോളതലത്തിൽ ബാല്യകാല ഓബേസിറ്റിയിൽ ഏറ്റവും വലിയ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. സമഗ്ര ദേശീയ പോഷകാഹാര സർവേ സൂചക പ്രകാരം ഇന്ത്യയിലെ കൗമാരക്കാരിൽ ശരാശരി 5%-ത്തിലധികം അമിതഭാര പ്രശ്നമുള്ളവരാണ്. 10 സംസ്ഥാനങ്ങളിൽ ഇത് 10-15%- ശതമാനം വരെയാണ്.
ജനസംഖ്യയുടെ അഞ്ചിലൊന്ന് കൗമാരക്കാരായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശങ്കയായി മാറുകയാണ്. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ (WHF) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 1990 മുതൽ ആഗോളതലത്തിൽ മുതിർന്നവരിൽ അമിതഭാരം നാലിരട്ടിയായി വർദ്ധിച്ചു.
2022 ൽ, 878 ദശലക്ഷം മുതിർന്നവർ അമിതഭാരവുമായി ജീവിച്ചപ്പോൾ 1990 ൽ ഇത് വെറും 194 ദശലക്ഷമായിരുന്നു. ഈ വളർച്ചാ പ്രവണതകൾ തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും മുതിർന്നവരിൽ മൂന്നിൽ രണ്ട് പേർ (25 വയസ്സിനു മുകളിൽ) അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാകുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രവചിക്കുന്നു. ഇതു പ്രകാരം 218 ദശലക്ഷം പുരുഷന്മാരും 231 ദശലക്ഷം സ്ത്രീകളും അമിത ഭാരത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരായി മാറും.
തടിച്ചു വീർക്കുന്ന ഇന്ത്യ
ഇരുപത് വർഷം മുമ്പ് ഇന്ത്യയിൽ നാലോ അഞ്ചോ ബാരിയാട്രിക് ശസ്ത്രക്രിയകൾ നടന്നത് വലിയ വാർത്തയായിരുന്നു. അമിത കൊഴുപ്പ് നീക്കാനുള്ള ഈ സർജറിയുടെ എണ്ണം കഴിഞ്ഞ വർഷം 30,000 ആയി ഉയർന്നതായാണ് കണക്കുകൾ.
കഴിഞ്ഞ 20 വർഷത്തിനിടയിൽ, മുതിർന്നവരിൽ ദുർമേദസ് വ്യാപനം ഇരട്ടിയായി. അമിതഭാരവും പൊണ്ണത്തടിയും തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനുമുള്ള ഒരു മാനദണ്ഡമായി ബോഡി മാസ് ഇൻഡക്സ് (BMI) അവബോധം വളർന്നു. എന്നാൽ കൊഴുപ്പ് കൂടിയ ഭക്ഷണത്തോടുള്ള താത്പര്യവും ആലസ്യവും അതിനൊപ്പം വളരുകായണ്. ഇന്ത്യയിൽ 23 ശതമാനം പുരുഷൻമാരും സ്ത്രീകളിൽ 24 ശതമാനം പേരും പൊതുവെ അമിത ഭാരത്തിന്റെ പ്രശ്നങ്ങൾ നേരിടുന്നു.

പുരുഷൻമാരെക്കാൾ മുന്നിൽ സ്ത്രീകൾ
ഇന്ത്യയിൽ, 1990 മുതൽ 2024 വരെ സ്ത്രീകൾക്കിടയിലെ ഓബേസിറ്റി കുറഞ്ഞത് ഏഴ് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്, 20 വയസ്സിനു മുകളിലുള്ള പ്രായപൂർത്തിയായ സ്ത്രീകളിൽ 10%, ഏകദേശം 44 ദശലക്ഷം, ഈ പ്രശ്നവുമായി ജീവിക്കുന്നു.1990 മുതൽ പുരുഷന്മാരിലെ ദുർമേദസ് പ്രശ്നം 4.9% വർദ്ധിച്ചു, ഇപ്പോൾ 26 ദശലക്ഷം ഇന്ത്യൻ പുരുഷന്മാരെ അല്ലെങ്കിൽ ഇന്ത്യയിലെ പുരുഷ ജനസംഖ്യയുടെ 5% അമിത ഭാരവുമായി ജീവിക്കുന്നു.
5 നും 19 നും ഇടയിൽ പ്രായമുള്ള കുട്ടികളിലും യുവാക്കളിലും ഈ അമിത ഭാര പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ, 5.2 ദശലക്ഷം, അല്ലെങ്കിൽ 3%, പെൺകുട്ടികൾ ഈ പ്രശ്നമുള്ളവരാണ്. 1990 നെ അപേക്ഷിച്ച് 3% വർദ്ധനവ്. മറുവശത്ത് ഏകദേശം 7.3 ദശലക്ഷം, അല്ലെങ്കിൽ ഏകദേശം 4%, ആൺകുട്ടികൾ ദുർമേദസിന്റെ പ്രശ്നം അനുഭവിക്കുന്നു. ഇത് 1990 നെ അപേക്ഷിച്ച് 3.7% വർദ്ധനവാണ്.
മരണങ്ങളിൽ 63 ശതമാനം പങ്ക്
ഇന്ത്യയിൽ, ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (BMI) 23.0 നും 24.9 kg/m² നും ഇടയിലാണെങ്കിൽ അവരെ അമിതഭാരമുള്ളവരായി കണക്കാക്കുന്നു, BMI 25 kg/m² അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ അവരെ ഓബേസിറ്റിയുള്ളവരായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ BMI 35 അല്ലെങ്കിൽ അതിൽ കൂടുതലാകുമ്പോഴാണ് രോഗാതുരമായ പൊണ്ണത്തടി എന്നു വിളിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ പകർച്ചവ്യാധിയേതര രോഗങ്ങൾ (NCD-കൾ) 63% മരണങ്ങൾക്കും കാരണമാകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ (27%), വിട്ടുമാറാത്ത ശ്വസകോശ രോഗങ്ങൾ (11%), കാൻസർ (9%), പ്രമേഹം (3%), പൊണ്ണത്തടി (13%) എന്നിങ്ങനെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ടതാണ് അധികവും.
ഗ്രാമങ്ങളിലും വർധന
ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിലെ ഒരു പഠനം പറയുന്നത്, ഗ്രാമീണ ഇന്ത്യക്കാരിൽ അമിതഭാരമുള്ളവരുടെ ശതമാനം 1989-ൽ 2% ആയിരുന്നത് 2012-ൽ 17.1% ആയി വർദ്ധിച്ചു എന്നാണ്.
അമിതവണ്ണം ഇന്ത്യയിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഭയാനകമായ തോതിൽ വളരാൻ കാരണമായി. 2025 ആകുമ്പോഴേക്കും ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന അസൂയാവഹമായ പദവി സ്വന്തമാക്കാനുള്ള പാതയിലാണ് ഇന്ത്യ. ഇതിനകം 65 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഈ രോഗത്താൽ വലയുന്നു. "പ്രമേഹം" ഇന്ത്യൻ പദാവലിയിൽ ഒരു സാധാരണ പദമായി മാറി.
ഇന്ത്യ ഇതേ ശീലത്തിൽ പോയാൽ 2050 ആകുമ്പോഴേക്കും 44 കോടിയിലധികം ആളുകൾ അമിതഭാരമുള്ളവരായിരിക്കുമെന്ന് കണക്കാക്കുന്നു. ചൈനയാണ് മുന്നിൽ.

മധുരത്തിലും തിങ്ങി വിങ്ങി
ഇന്ത്യയിലെ പ്രമേഹക്കുതിപ്പ് 2031-ആകുമ്പോഴേക്കും ലക്ഷത്തിൽ 8 585.45 പേർക്ക് രോഗം എന്ന നിലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. 1990-ൽ ലക്ഷത്തിൽ 162.74 പേർക്കാണ് പ്രമേഹം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 264.53 ആയി ഉയർന്നിരിക്കയാണ്. ഓരോവർഷവും ശരാശരി 0.63 ശതമാനമാണ് വളർച്ച. മരണനിരക്കിലും വലിയമാറ്റമാണ്. ലക്ഷത്തിന് 23.09-ൽനിന്ന് 31.12-ലേക്ക് ഉയർന്നു. കേരളത്തിൽ 1990-ൽ ഒരുലക്ഷം ആളുകളിൽ ശരാശരി 215.09 പേർക്കാണ് രോഗം. എന്നാൽ, 2021 ആകുമ്പോഴേക്കും ഇത് 284.92 ആയാണ് ഉയർന്നു.

രാജ്യത്തിനും അമിത ഭാരം
വേൾഡ് ഒബസിറ്റി ഫെഡറേഷന്റെ കണക്കനുസരിച്ച്, 2019 ൽ, ഇന്ത്യയിലെ അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും സാമ്പത്തിക ആഘാതം 28.95 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് പ്രതിശീർഷ $21 ഉം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 1% ഉം ആണ്. 2060 ആകുമ്പോഴേക്കും സാമ്പത്തിക ആഘാതം 838.6 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് പ്രതിശീർഷ $508 ഉം ജിഡിപിയുടെ 2.5% ഉം ആണ്, ഇത് മൊത്തം ചെലവുകളിൽ 29 മടങ്ങ് വർദ്ധനവ് സൃഷ്ടിക്കും.
അമിത വണ്ണവും പ്രമേഹവും നിയന്ത്രിക്കാനുള്ള ഗവേഷണങ്ങളിൽ ഔഷധ കമ്പനികൾ തമ്മിൽ വൻ മത്സരമാണ്. ഓരോ വർഷവും ഇരട്ടിയിൽ അധികമായി വികസിക്കുന്ന മാർക്കറ്റാണ്. പുതു തലമുറ മരുന്നുകളെ കുറിച്ചുള്ള അവകാശവാദങ്ങൾ വർധിച്ച് വരികയുമാണ്.









0 comments