ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ആരോ​ഗ്യരം​ഗത്തെ അദൃശ്യ 'ഹീറോകൾ': മലയാളി നഴ്സുമാരുടെ സേവനം അഭിമാനം

nurses day
വെബ് ഡെസ്ക്

Published on May 12, 2025, 08:17 AM | 2 min read

മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായി കണക്കാക്കപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ (1820-1910) ജന്മദിനത്തിലാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ആരോ​ഗ്യ രം​ഗത്ത് നഴ്സുമാരുടെ സംഭാവനകൾ അവിസ്മരണീയമാണ്. ആതുരസേവനരംഗത്ത്‌ നഴ്സുമാർ സമൂഹത്തിനു നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് മെയ്‌ 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 'നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി- നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു' (Our nurses our future: caring for nurses strengthens economies) എന്നതാണ് ഈ വര്‍ഷത്തെ നഴ്‌സസ് ദിന സന്ദേശം.


നഴ്‌സുമാരെയും അവരുടെ സംഭാവനകളെയും ഔദ്യോഗികമായി അംഗീകരിക്കുക എന്ന ആശയം 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് രൂപപ്പെടാൻ തുടങ്ങിയത്. 1953-ൽ, യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥയായ ഡൊറോത്തി സതർലാൻഡ്, പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻഹോവറിനോട് ഈ ആശയം മുന്നോട്ടുവച്ചിരുന്നു. പക്ഷേ അന്ന് അത് അംഗീകരിക്കപ്പെട്ടില്ല. എന്നാൽ 1965-ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കാൻ തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു ആഗോള ആഘോഷമായി മെയ് 12 ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1974 ലാണ്.


ഇന്ത്യയുടെ ആരോഗ്യ രംഗത്ത് മലയാളി നഴ്‌സുമാരുടെ സംഭാവന അതുല്യമാണ്. അർപ്പണബോധവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്സ്മാർ സ്വദേശത്തും വിദേശത്തും ഒരേപോലെ സ്വീകാര്യത നേടുന്നു. ലോകമെമ്പാടുമുള്ള പല ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കഠിനമായ സാഹചര്യങ്ങളിലും പോലും കരുണയോടെയും സഹാനുഭൂതിയോടെയും സേവനം നൽകുന്നത് മലയാളി നഴ്‌സുമാരാണ്. ഗൾഫ് രാജ്യങ്ങൾ മുതൽ അമേരിക്ക, യൂറോപ്പിൽ വരെ കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ സേവനം നൽകുന്നുണ്ട്.


കൊവിഡ് മഹാമാരിക്കാലത്ത് മലയാളി നഴ്സുമാരുടെ സേവനം ലോകം മുഴുവൻ അംഗീകരിച്ചതാണ്. നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനി പുതുശേരി മലയാളിയുടെ അഭിമാനവും വേദനയുമാണ്. ആരോഗ്യ രംഗത്തെ വേദനകൾക്ക് സമർപ്പണവും, ക്ഷമയും, സ്നേഹപത്തോടെയുള്ള സമീപനവുംകൊണ്ട് ആശ്വാസമാകുന്ന മലയാളി നഴ്സുമാരുടെ ഉദാഹരണങ്ങൾ എത്രയോ അധികം. സ്വന്തം ജീവൻ കൈയിൽ പിടിച്ച് രോ​ഗികളെ സ്നേഹവും പരിചരണവും നൽകി ആതുര സേവന രം​ഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകിയവരാണ് നഴ്സുമാർ. പ്രതിസന്ധിഘട്ടത്തിൽ കൈവിടാതെ ചേർത്തുനിർത്തിയതിന്, അവശതയിൽ പരിചരിച്ചതിന്, രോ​ഗം ഭേദമായി ആശുപത്രിവിടുമ്പോൾ ചെറുപുഞ്ചിരിയോടെ യാത്രപറഞ്ഞതിന് നന്ദി. ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാർക്കും ദേശാഭിമാനിയുടെ നഴ്സസ് ദിനാശംസകൾ.




deshabhimani section

Related News

View More
0 comments
Sort by

Home