നിശബ്ദ മഹാമാരി: ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും


ഡോ. ശിവപ്രസാദ് പി എസ്
Published on Jun 03, 2025, 07:32 PM | 2 min read
രോഗാണുക്കൾ ആൻ്റി മൈക്രോബിയൽ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന അവസ്ഥയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ഇതൊരു നിശബ്ദ മഹാമാരിയായി കണക്കാക്കപ്പെടുന്നു. മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രധാനപ്പെട്ട ആൻ്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ ശേഷം അണുബാധ മൂലമുണ്ടായ മരണങ്ങൾ 80 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ആൻ്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത ഒരു സാഹചര്യം വന്നാൽ മരണനിരക്ക്, ചികിത്സാ ചെലവുകൾ എന്നിവ വളരെയധികം വർദ്ധിക്കുകയും മനുഷ്യ വിഭവശേഷിയെ ബാധിക്കുകയും സാമ്പത്തിക പുരോഗതിക്ക് തടസമുണ്ടാക്കുകയും ചെയ്യും.
ഹൃദയ ശസ്ത്രക്രിയകൾ, തലച്ചോറ് സംബന്ധമായ ശസ്ത്രക്രിയകൾ, ഇടുപ്പ് മാറ്റിവയ്ക്കൽ തുടങ്ങിയ സങ്കീർണമായ ശസ്ത്രക്രിയകളുടെ വിജയം എഎംആർ മൂലം കുറയാൻ സാധ്യതയുണ്ട്. ഇത് മരണനിരക്ക് കൂട്ടുന്നതിനും രോഗാവസ്ഥ നീണ്ടുപോകുന്നതിനും കാരണമാകും. മൃഗസംരക്ഷണ മേഖലയിലും എഎംആർ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, മാംസത്തിൻ്റെ ഉത്പാദനത്തിൽ കുറവുണ്ടാകും.
എഎംആർ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ എല്ലാ രാജ്യങ്ങളിലും ഒരുപോലെ ആയിരിക്കില്ല. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലായിരിക്കും കൂടുതൽ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുക. അണുബാധ സാധ്യത കൂടുതലാണെന്നതും മാനവ വിഭവശേഷിയിലെ കുറവുമാണ് ഇതിന് പ്രധാന കാരണം.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ എഎംആർ കാര്യമായ സ്വാധീനം ചെലുത്തും. മൊത്ത ആഭ്യന്തര ഉൽപാദനം (GDP) കുറയുന്നതുൾപ്പെടെ രാജ്യാന്തരതലത്തിൽ സാമ്പത്തിക മേഖലയിൽ കൈവരിക്കുന്ന പുരോഗതി 2030 ആകുമ്പോൾ 1% കുറയാൻ സാധ്യതയുണ്ട്. എഎംആറിൻ്റെ തോത് വലിയ രീതിയിലാണെങ്കിൽ ഇത് 2030 ആകുമ്പോൾ 3.2%, 2050 ആകുമ്പോൾ 3.8% എന്നിങ്ങനെ കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
2050 ആകുമ്പോൾ ഏകദേശം 6.1 ട്രില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം എഎംആർ മൂലം ലോകത്തിനുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പുതിയ ആൻ്റിബയോട്ടിക്കുകൾ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളുടെ കുറവും, പുതിയവ കണ്ടെത്തിയാലും അത് രാജ്യാന്തരതലത്തിൽ എത്താനുള്ള കാലതാമസവും എഎംആർ കൂടുതൽ അപകടകാരിയാക്കുന്നു.
ആഗോളവൽക്കരണവും, നവ ഉദാരവൽക്കരണവും എഎംആർ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
ആരോഗ്യമേഖലയിൽ എഎംആർ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. ചികിത്സാ ചെലവുകൾ വർദ്ധിക്കും. 2050 ആകുമ്പോഴേക്കും 25% വർദ്ധനവ് ചികിത്സാ ചെലവുകളിൽ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് മിഡിൽ ഇൻകം രാജ്യങ്ങളിൽ 15 ശതമാനം വരെ ആകാം. എഎംആർ പ്രതിരോധിക്കാനുള്ള സംരംഭങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ 2050 ആകുമ്പോൾ 28.3 മില്യൺ ജനങ്ങൾ അധികമായി ലോകമെമ്പാടും ദാരിദ്ര്യത്തിലേക്ക് മാറും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ശുദ്ധമായ കുടിവെള്ളം, ശുചിത്വം (സമൂഹത്തിലും ആശുപത്രികളിലും), വ്യക്തി ശുചിത്വം എന്നിവ എഎംആറിൻ്റെ തോത് കുറയ്ക്കുന്നതിന് വളരെ പ്രധാനമാണ്. പുതിയ ആൻ്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഗവേഷണങ്ങൾ നടത്തേണ്ടതും എഎംആർ സർവേലൻസ് ശക്തിപ്പെടുത്തേണ്ടതും ആൻ്റിബയോട്ടിക് സാക്ഷരത കൈവരിക്കേണ്ടതും ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
മനുഷ്യൻ്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, കാർഷിക-പരിസ്ഥിതി മേഖലകൾ എന്നിവയിൽ എഎംആർ ചെലുത്തുന്ന സ്വാധീനം ചർച്ച ചെയ്യുന്നതിന് 2016ൽ ഐക്യരാഷ്ട്ര സംഘടന എഎംആർ ഉന്നതതല യോഗം സംഘടിപ്പിച്ചു. എട്ട് വർഷങ്ങൾക്ക് ശേഷം, 2024 സെപ്റ്റംബറിൽ എഎംആർ സംബന്ധിച്ച് രണ്ടാമത്തെ ഉന്നതല യോഗം ഐക്യരാഷ്ട്ര സംഘടന നടത്തി.
എഎംആർ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, സാമൂഹ്യ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ആഗോള പ്രതിഭാസവുമാണ്.
"ഏകാരോഗ്യം" എന്ന ആശയത്തിൽ ഊന്നി മാത്രമേ എഎംആർ എന്ന നിശബ്ദ മഹാമാരിയെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂ. സമ്പൂർണ്ണ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ഏകാരോഗ്യം. ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന പ്രവർത്തനങ്ങൾ മതിയാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് 'ഏകാരോഗ്യം' എന്ന ആശയം ഉടലെടുത്തത്. മനുഷ്യന് ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കണമെങ്കിൽ പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിച്ചേ മതിയാവൂ.
(കെഎആർഎസ്പിയുടെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ് ലേഖകൻ)









0 comments