സൗന്ദര്യ വർധക ക്രീമുകളുടെയും ഡൈയുടെയും സ്ഥിരമായ ഉപയോഗം വൃക്കരോഗത്തിന് കാരണമായേക്കാം


ഡോ. എബി എബ്രഹാം എം
Published on May 30, 2025, 05:40 PM | 5 min read
സൗന്ദര്യ വർധക വസ്‌തുക്കളുടെ ഉപയോഗവും വൃക്കയുടെ ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ചില ഫെയർനെസ് ക്രീമുകൾ സ്ഥിരമായി ഉപയോഗിച്ചാൽ നെഫ്‌ട്രോണിക് സിൻഡ്രം എന്ന വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മലബാർ ഭാഗത്ത് നടത്തിയ ചില പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഫെയർനെസ് ക്രീമുകളിൽ അടങ്ങിയിരിക്കുന്ന മെർക്കുറിയാണ് ഇതിന് കാരണമാകുന്നത്. ഈ രോഗം ബാധിച്ചാൽ മൂത്രത്തിൽ കൂടി ധാരാളം പ്രോട്ടീൻ പോകും. അതിന്റെ ഫലമായി രക്തത്തിലെ പ്രോട്ടീന്റെ അളവ് കുറയും. ഇത് ശരീരത്തിൽ നീരുണ്ടാക്കും. ക്രീമുകളുടെ ഉപയോഗം നിർത്തിയാൽ രോഗം ഭേദമാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വൃക്കരോഗം കൂടുതൽ ബാധിക്കുന്നത് സ്‌ത്രീകളെയൊ പുരുഷനെയൊ?
വൃക്ക സംബന്ധമായ രോഗങ്ങളെ പൊതുവേ നിശബ്ദ കൊലയാളികൾ എന്നാണ് വശേഷിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങൾ അറിഞ്ഞു തുടങ്ങുമ്പോഴേക്കും രോഗം മൂർധന്യാവസ്ഥയിലെത്തിയിരിക്കും എന്നതാണ് ഇതിന് കാരണം. രോഗം വരാനുള്ള സാധ്യതകൾ സ്‌ത്രീക്കും പുരുഷനും ഒരുപോലെയാണെങ്കിലും വൃക്കരോഗങ്ങൾക്ക് വഴിയൊരുക്കുന്ന മറ്റു ചില രോഗങ്ങൾ കൂടുതലായി ബാധിക്കുന്നത് സ്‌ത്രീകളെയാണ്. രോഗബാധിതരുടെ എണ്ണത്തിൽ സ്‌ത്രീകളാകും കൂടുതൽ. എന്നാൽ കാഠിന്യമുള്ള വൃക്കരോഗങ്ങളിൽ ഈ വ്യത്യാസം ഉണ്ടാകാറില്ല.
സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന വൃക്കരോഗങ്ങൾ ഏതൊക്കെയാണ്? അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
സ്ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നത്. ശരീര ഘടനയിലെ വ്യത്യാസമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. സ്‌ത്രീകളുടെ മൂത്രനാളിക്ക് നീളം കുറവും പുരുഷന്റേതിന് നീളം കൂടുതലുമാണ്. മാത്രമല്ല സ്‌ത്രീകളുടെ മൂത്രനാളി മലദ്വാരത്തിന് അടുത്താണ് സ്ഥിതിചെയ്യുന്നതും അണുബാധയുടെ സാധ്യത വർധിപ്പിക്കും. നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ മൂലം പെൺകുട്ടികളും സ്‌ത്രീകളും കൂടുതൽ സമയം മൂത്രം പിടിച്ചുവെയ്‌ക്കാൻ നിർബന്ധിതരാകാറുണ്ട്. സ്‌കൂളിലും യാത്രകളിലും വൃത്തിയുള്ള ശുചിമുറികളുടെ അഭാവമാണ് ഇതിന് കാരണം. കെട്ടികിടക്കുമ്പോൾ യൂറിൻ ബ്ലാഡർ വികസിച്ച് അണുബാധയുടെ സാധ്യത വർധിപ്പിക്കും. വ്യക്തിശുചിത്തവും വൃക്കരോഗത്തിന് കാരമാകുന്നുണ്ട്. പെൺകുട്ടികളും സ്‌ത്രീകൾ ആർത്തവകാലത്ത് വ്യക്തിശുചിത്തം പാലിച്ചില്ലെങ്കിൽ വൃക്കരോഗത്തിന് വഴിവെയ്‌ക്കും.
പാഡുകൾ കൂടുതൽ സമയം ഉപയോഗിക്കുന്നത് അണുബാധയ്‌ക്ക് വഴിവെയ്‌ക്കും. ആർത്തവ വിരാമകാലത്ത് ഈസ്‌ട്രജന്റെ അളവിൽ വരുന്ന വ്യതിയാനവും സ്‌ത്രീ വൃക്കരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുന്നു. ആർത്തവ കാലത്ത് പെയിൻ കില്ലറുകൾ സ്ഥിരമായി കഴിക്കുന്നതും വൃക്കയെ പ്രതികൂലമായി ബാധിക്കാറുണ്ട്. മറ്റൊരു കാരണം ഗർഭകാലത്ത് സ്‌ത്രീകൾക്ക് ഉണ്ടാകുന്ന രക്തസമ്മർദ്ദമാണ്. ചില സ്വയം പ്രതിരോധ ശേഷി അസുഖങ്ങൾ ഉദാഹരണത്തിന് എസ്‌എൽഇ (സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്) പോലെയുള്ള രോഗങ്ങൾ സ്‌ത്രീകളിലാണ് കൂടുതലായും കണ്ടു വരുന്നത്. ഇതും വൃക്കരോഗത്തിന് കാരണമാകാറുണ്ട്. മേൽപ്പറഞ്ഞ കാരണങ്ങൾ പുരുഷന് ബാധകമാകാത്തതാണ് സ്‌ത്രീകളിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണം.
എന്നാൽ രോഗം മൂർധന്യത്തിലെത്തി വൃക്ക സ്‌തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലും പുരുഷന്മാർക്കാണ്. പുരുഷ ഹോർമാണുകളാണ് അതിന് കാരണം. രോഗത്തിന്റെ ഗുരുതരാവസ്ഥ വർധിപ്പിക്കാൻ പുരുഷ ഹോർമോണുകൾ പങ്കുവഹിക്കാറുണ്ട്. ഹൃദ്‌രോഗത്തിന്റെ കാര്യത്തിലും ഈ സമാനതയാണ് ഉള്ളത്.
വൃക്കരോഗികളുടെ എണ്ണം കൂടാനുള്ള കാരണം?
ജീവിത നിലവാരം വർധിച്ചതും ജീവിത ദൈർഘ്യം കൂടിയതും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. ദീർഘകാലം മറ്റ് രോഗങ്ങളുമായി ജീവിക്കുമ്പോൾ അവയവങ്ങളെ ബാധിക്കുന്നതാണ് ഇതിന് കാരണം. പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവ വൃക്കരോഗത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. മൂത്രത്തിൽ കല്ല് (കിഡ്‌നി സ്‌റ്റോൺ) വരാനുള്ള സാധ്യത ജീവിതശൈലിമൂലം ഉണ്ടാകുന്നു. 40 മുതൽ 50 ശതമാനം പ്രമേഹ രോഗികൾക്കും വൃക്കരോഗത്തിനുള്ള സാധ്യതയുള്ളവരാണ്. ജീവിത സമീപനത്തിലെ മാറ്റവും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. 60 മുതൽ 70 വയസായവർ വരെ ഇപ്പോൾ വൃക്കമാറ്റിവെയ്‌ക്കാൻ വരുകയും 90ന് മുകളിലുള്ളവർ ഡയാലിസിസിന് വിധേയരാകുകയും ചെയ്യുന്നുണ്ട്. ജീവിതത്തോടുള്ള സമീപനം മാറിയെന്നാണ് നമ്മൾ ഇതിൽ നിന്നും മനസിലാക്കേണ്ടത്.
എപ്പോഴാണ് ഡയാലിസിസ് ആവശ്യമായി വരുന്നത്?
വൃക്കസ്തംഭനം 90 ശതമാനമോ അല്ലെങ്കിൽ അതിലധികമോ ആകുമ്പോഴാണ് രോഗികൾ ഡയാലിസിസിനെ ആശ്രയിക്കേണ്ടി വരുന്നത്. ആ അവസ്ഥയിൽ കഴിയുന്നതും ചിട്ടയോടെ മരുന്നും ഭക്ഷണവും ക്രമീകരിച്ചാൽ ഒരളവുവരെ രോഗത്തിന്റെ വേഗത്തിലുള്ള പുരോഗതിയെ തടയാം. 90ശതമാനത്തിലധികം ആയാൽ മൂന്നു മാർഗ്ഗങ്ങളാണ് മുന്നിലുള്ളത്. ഹീമോ ഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ്, വൃക്കമാറ്റിവെയ്‌ക്കൽ എന്നീ മാർഗ്ഗങ്ങളാണ് അവ. ഒരു യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ വൃക്ക ഉപയോഗിച്ച് രക്‌തം ശുദ്ധീകരിക്കുന്നതാണ് ഹീമോ ഡയാലിസിസ്. ഇതിന് ആശുപത്രികളെയോ ഡയാലിസിസ് കേന്ദ്രങ്ങളെയൊ ആശ്രയിക്കേണ്ടി വരും. ഒരു പ്ലാസ്‌റ്റിക് ട്യൂബ് രോഗിയുടെ വയറിൽ ഘടിപ്പിച്ച് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഡയാലിസിസാണ് പെരിറ്റോണിയൽ ഡയാലിസിസ്.
മരുന്നുകൾ കൂടുതൽ കഴിക്കുന്നതും ദീർഘകാലം കഴിക്കുന്നതും വൃക്ക സ്‌തംഭനത്തിന് കാരണമാകാറുണ്ടോ?
മരുന്നകൾ കൂടുതൽ കഴിക്കുന്നത് കാരണമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഹൃദ്‌രോഗത്തിനും കൊളസ്‌ട്രോളിനും രക്ത സർമ്മർദ്ദത്തിനും ഇപ്പോൾ നൽകുന്ന മരുന്നകൾ ഒരു തരത്തിലും വൃക്കസ്തംഭനത്തിന് കാരണമാകുന്നില്ല. എന്നാൽ ബ്രൂഫിൻ പോലെ ഉള്ള വേദന സംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ?
ദിവസവും 150 ലിറ്റർ ഫിൽട്രേറ്റ് വൃക്കയിലൂടെ ഒഴുകുന്ന രക്തത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിൽ നിന്ന് ഒന്നര മുതൽ രണ്ടു ലിറ്റർ വരെ മൂത്രമാണ് ഉണ്ടാകുന്നത്. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അത്ര പ്രകടമാകാറില്ല. മൂത്രം പതഞ്ഞുപോകുന്നതാണ് ആദ്യ ലക്ഷണം. അപ്പോഴും പക്ഷെ അളവിൽ മാറ്റമുണ്ടാകാറില്ല. മൂത്രത്തിൽ കൂടി പ്രോട്ടീൻ പോകുന്നതുമൂലമാണ് പതയുണ്ടാകുന്നത്. രോഗം കുറച്ചുകൂടി മുർധന്യത്തിൽ എത്തിയാൽ മാത്രമാണ് പൊതുവായ ലക്ഷണങ്ങൾ രോഗിയിൽ പ്രകടമാകുന്നത്. ക്ഷീണം, വിശപ്പില്ലായ്‌മ, മുഖത്തും കാലുകളിലും വയറിലും കാണുന്ന നീര്. ചൊറിച്ചിൽ, ഒന്നിലും താൽപ്പര്യമില്ലായ്‌മ എന്നിവ രണ്ടാം ഘട്ടത്തിൽ പ്രകടമാകും.
ആരൊക്കെയാണ് വൃക്കപരിശോധനയ്‌ക്ക് വിധേയരാകേണ്ടവർ?
പ്രമേഹരോഗി, രക്തസമർദ്ദം നിയന്ത്രണ വിധേയമാകാവർ, പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമർദ്ദം ഉള്ളവർ
പുകവലി, മദ്യപാനം, അമിതവണ്ണമുള്ളവർ എന്നിവർ കൃത്യമായി രോഗപരിശോധന നടത്തിയാൽ വൃക്ക സ്തംഭനം വരെ എത്തുന്നത് നമുക്ക് തടയാൻ സാധിക്കും.
ഡയാലിസിസും വൃക്കമാറ്റിവെയ്‌ക്കലും
ഡയാലിസിസിന്റെ എണ്ണം കൂടിയതിനാൽ വൃക്കമാറ്റിവെയ്‌ക്കുന്നതിനെ പ്രതികൂലമായി ബാധിക്കാറുണ്ടോ?
ഫിൽട്ടറേഷൻ നിരക്ക് (ജിഎഫ്ആർ) 15 മില്ലി / മിനിറ്റിൽ കുറവായിരിക്കുമ്പോൾ ഡയാലിസിസ് പരിഗണിക്കുന്നു. ഡയാലിസിസ് കൊണ്ട് ജീവൻ നിലനിർത്താൻ സാധിക്കുമെങ്കിലും വൃക്ക നിർവ്വഹിക്കുന്ന മറ്റ് ജോലികൾ നിവർത്തിക്കാൻ ഡയാലിസിസിന് സാധിക്കാറില്ല. ഡയാലിസിസ് ചെയ്യുമ്പോൾ വൃക്കയുടെ 10 ശതമാനം ജോലി മാത്രമാണ് നടക്കുന്നത്. ബാക്കി 90 ശതമാനം പ്രവർത്തനങ്ങളും നടപ്പിലാകുന്നില്ല. രക്തത്തിലെ ഹീമോഗ്ലോബിൻ, കാൽസ്യം, ഫോസ്‌ഫ്രസ് എന്നിവയുടെ അളവിനെ നിയന്ത്രിക്കുന്നത് വൃക്കയാണ്. ഇത് ഡയാലിസിസ് കൊണ്ട് സാധിക്കില്ല. അത്തരം രോഗികൾക്കാണ് വൃക്കമാറ്റിവെയ്‌ക്കൽ നിർദ്ദേശിക്കുന്നത്.
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം?
സാധാരണ ഒരാൾ രണ്ട് മുതൽ രണ്ടര ലിറ്റർ വരെ വെള്ളം ഒരു ദിവസം കുടിക്കണം. എന്നാൽ വേനൽകാലത്ത് വെയിലിൽ കായികാധ്വാനമുള്ള ജോലി ചെയ്യുന്നവർ ധാരാളം വിയർക്കുന്നവർ എന്നിവർ മൂന്നു ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. മൂത്രത്തിൽ കല്ല് അസുഖമുള്ളവർ ദിനംപ്രതി രണ്ടര ലിറ്റർ എങ്കിലും മൂത്രം ഉണ്ടാവാൻ തക്ക രീതിയിൽ വെള്ളം കുടിക്കണം. വൃക്ക, കരൾ, ഹൃദയ സംബന്ധമായ രോഗം എന്നിവയുള്ളവർ മിതമായ അളവിൽ മാത്രമെ വെള്ളം കുടിക്കാവൂ. കാരണം അവയവങ്ങൾക്ക് കൂടുതൽ ജോലി നൽകുന്ന വിധത്തിൽ വെള്ളം കുടിച്ചാൽ അത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
സ്‌ത്രീകൾ കൂടുതൽ ദാതാക്കളാകുന്നതിന് കാരണം
അവരുടെ ദയാപൂർവ്വമായ സമീപനവും വരുമാനമുള്ള അംഗം പുരുഷനും ആകുന്നതാണ് ഇതിന്റെ കാരണമായി തോന്നുന്നത്. അമ്മ മകനും നൽകുന്നതും ഭാര്യ ഭർത്താവിന് നൽകുന്നതും ഒക്കെയാണ് സർവ്വ സാധാരണാമായി നടക്കുന്നത്.
വൃക്കമാറ്റിവെയ്‌ക്കൽ
ഒരേ രക്തഗ്രൂപ്പ് അല്ലാതെയും വൃക്ക മാറ്റിവെയ്‌ക്കാൻ സാധിക്കും. ക്യാൻസറോ അണുബാധയോ ഉണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ രോഗിയിൽ നിന്ന് സാധാരണയായി കേടായ വൃക്കകൾ നീക്കംചെയ്യുന്നു. അല്ലാത്ത പക്ഷം അത് അവിടെ തന്നെ ഇരിക്കാറാണ് പതിവ്. വൃക്കമാറ്റിവെയ്‌ക്കുന്ന 90 ശതമാനം കേസുകളിലും പഴയ വൃക്ക അവിടെ തന്നെ ഉണ്ടാകും. അതായത് വൃക്കമാറ്റിവെച്ച ഒരാളുടെ ശരീരത്തിനുള്ളിൽ മൂന്നു വൃക്കകൾ ഉണ്ടായിരിക്കുക സർവ്വ സാധാരണമാണ്. വയറിന് മുൻഭാഗത്ത് വലതുവശത്താണ് പുതിയ വൃക്ക വെയ്‌ക്കുന്നത്.
ഭാവിയിൽ ബയോപ്‌സി പരിശോധനകൾ വേണ്ടിവന്നാൽ പ്രയാസമില്ലാതെ ചെയ്യാനാണ് വയറിന് മുൻഭാഗത്ത് വെയ്‌ക്കുന്നത്. ആ ഭാഗത്ത് ക്ഷതമേൽക്കാതെ സൂക്ഷിക്കണം എന്നത് പ്രധാനമാണെങ്കിലും വൃക്ക മാറ്റിവെച്ച ഒരാൾക്ക് എല്ലാതരത്തിലും സാധാരണ ജീവിതം നയിക്കാനാകും. ഫുട്‌ബോൾ, ക്രിക്കറ്റ് പോലെയുള്ള കായിക വിനോദങ്ങൾ ഇവർ ഒഴിവാക്കണം.
വൃക്കമാറ്റിവെച്ച സ്‌ത്രീകൾക്ക് ഗർഭം ധരിക്കാനും പ്രസവിക്കാനും സാധ്യമാണോ?
തീർച്ചയായും സാധ്യമാണ്. പക്ഷെ വിവാഹം കഴിഞ്ഞ നാളുകളിൽ ദമ്പതികളിൽ ആർക്ക് രോഗം സ്ഥിരീകരിച്ചാലും അത് വിവാഹം ബന്ധം വേർപെടുത്തുന്നതിലേക്ക് പോകാറാണ് പതിവ്. സ്‌ത്രീക്കാണ് രോഗമെങ്കിൽ അത് ഉറപ്പായും ഡിവേഴ്‌സിൽ കലാശിക്കുന്നത് സർവ്വ സാധാരണമാണ്. പക്ഷെ ഇത്തരത്തിൽ ചികിത്സ തേടിയെത്തി വൃക്കമാറ്റിവെച്ച ഒരു സ്‌ത്രീ മൂന്നു മക്കളുടെ അമ്മയായ അനുഭവം എനിക്കുണ്ട്. ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് ഇത്. ഇളയ കുട്ടിക്ക് ഇപ്പോൾ അഞ്ചു വയസായി. വൃക്കമാറ്റിവെച്ച പലരും 30 വർഷത്തിൽ അധികം ജീവിച്ചിരിക്കുന്നതും ഡോക്‌ടർ എന്ന നിലയിൽ എന്നെ അഭിമാനഭരിതനാക്കാറുണ്ട്.
(വൃക്കരോഗ ചികിത്സാ രംഗത്ത് 33 വർഷത്തെ പരിചയവും 2500 വൃക്കമാറ്റിവെയ്‌ക്കൽ ശസ്‌ത്രക്രിയകൾ ചെയ്യുന്നതിന് വിജയകരമായി നേതൃത്വം വഹിച്ച വിപിഎസ് ലേക്‌ഷോറിലെ നെഫ്രോളജി വിഭാഗം ഡയറക്‌ടറാണ് ലേഖകൻ)









0 comments