അറിവിന് നോ ലിമിറ്റ്; ചോദ്യശരങ്ങളുടെ മുനയൊടിച്ച യോഗ ടീച്ചർ

കേരള സർവകലാശാലയിലെ യോഗ ഇൻസ്ട്രക്ടറായ കെ എസ് ഷീജ വിദ്യാർഥികൾക്കൊപ്പം

ആൻസ് ട്രീസ ജോസഫ്
Published on Jun 21, 2025, 08:39 AM | 1 min read
തിരുവനന്തപുരം: യോഗ ആത്മീയതയുടെ പ്രത്യേക ചട്ടക്കൂടിനുള്ളിലായിരുന്ന കാലത്ത് യോഗയെ ജീവിതമാക്കി... ഇന്നിപ്പോൾ ആയിരത്തിലേറെ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപക. കേരള സർവകലാശാലയിലെ യോഗ അധ്യാപകയായ കെ എസ് ഷീജ... പതിനാല് വർഷങ്ങൾക്ക് മുമ്പ് എംഎസ് സി ജിയോഗ്രഫി, ബിഎഡ് ബിരുദക്കാരി യോഗ പഠിക്കാൻ ചേർന്നപ്പോൾ പലവിധ സംശയങ്ങളായിരുന്നു. മുസ്ലീം കുടുംബത്തിൽ നിന്നൊരാൾ എങ്ങനെ യോഗ പരിശീലിക്കും, ഇത്രയും വിദ്യാഭ്യാസമുള്ളയൊരാൾക്ക് വേറെ പണിക്കിട്ടില്ലേ തുടങ്ങിയ ചോദ്യശരങ്ങൾ. പക്ഷേ ആ ചോദ്യങ്ങളെ തിരുത്തിക്കുറിച്ചാണ് യോഗയിൽ ഷീജയുടെ ജൈത്രയാത്ര.
ആത്മീയതയ്ക്കപ്പുറം യോഗയ്ക്ക് വിവിധ മാനങ്ങളുണ്ടെന്നത് സമൂഹത്തിന് പരിചയപ്പെടുത്തുകയെന്ന ഉദ്യമമാണ് ഷീജ ഏറ്റെടുത്തത്. എംഎസ്-സി യോഗ, ഡിപ്ലോമ ഇൻ യോഗ ട്രെയിനിങ്, നാഷണൽ റഫറി ടെസ്റ്റ് എന്നിവ പൂർത്തിയാക്കി. പിന്നീട് യോഗ പരിശീലകയുടെ കുപ്പായമണിഞ്ഞു. നാഷണൽ, ഏഷ്യൻ യോഗ റഫറിയുമാണ്. 49ാം സീനീയർ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിന്റെയും ഏക വനിത റഫറിയായിരുന്നു.
യോഗയിലൂടെ മാറ്റമുണ്ടായിട്ടുള്ള കുറെയധികം മനുഷ്യരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഷീജ പറയുന്നു. പക്ഷാഘാതം വന്ന് ശരീരം തളർന്ന വ്യക്തിക്കുണ്ടായ മാറ്റമൊരു ഉദാഹരണമാണ്. യോഗയിലേക്ക് കുറെയധികം വിദ്യാർഥികളെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതിന്റെ സന്തോഷമുണ്ട്, ഇനിയും കൂടുതൽ പേരിലേക്ക് എത്തിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ഈ മേഖലയിൽ വളരെ പ്രശംസനീയമാണ്. സ്പോർട്സ് യോഗ അംഗീകരിച്ച ഏക സംസ്ഥാനം കേരളമാണ്. സ്കൂൾ, കോളേജ് പാഠ്യപദ്ധതിയിലും യോഗയിലും ഉൾപ്പെടുത്തിയത് നേട്ടമാണെന്ന് അവർ പറഞ്ഞു.
പ്ലസ്ടു വിദ്യാർഥിയായ മകൾ ആലിയ അസ്‍ലവും അമ്മയുടെ പാത പിന്തുടർന്ന് യോഗ അഭ്യസിക്കുന്നുണ്ട്. ശനിയാഴ്ച ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ കേരള സർവകലാശാലയും യോഗ അസോസിയേഷൻ ഓഫ് കേരളയും ചേർന്ന് നടത്തുന്ന യോഗദിനാചരണത്തിൽ ആലിയയുടെ യോഗ ഡാൻസ് അവതരണമുണ്ട്. യോഗ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൂടിയാണ് ഷീജ. കൂടെ സംസ്ഥാന യോഗ ടീമിന്റെ കോച്ചും മാനേജരുമാണ്.









0 comments