അമേരിക്ക പുറത്തേക്കോ ? മഹാമാരികൾ നേരിടാനുള്ള ലോകാരോഗ്യ സംഘടനാ ഉടമ്പടി റെഡി


സ്വന്തം ലേഖകൻ
Published on Apr 17, 2025, 03:30 PM | 2 min read
ജനീവ: മൂന്നുവർഷത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ മഹാമാരികൾ നേരിടുന്നതിന് ലോക രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടി യാഥാർത്ഥ്യമായി. കോവിഡ് പകർച്ചയ്ക്ക് ശേഷം ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ ലോകാരോഗ്യ സംഘടന രൂപം നൽകിയ ഐക്യ വ്യവസ്ഥകൾ ഏപ്രിൽ 16 ന് പരസ്യപ്പെടുത്തി. ദരിദ്ര രാജ്യങ്ങൾക്കും അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന വിവിധ രാജ്യങ്ങളിലെ മനുഷ്യർക്കും സുരക്ഷ ഉറപ്പാക്കാനുള്ള ഉടമ്പടയിൽ നിന്നും അമേരിക്ക മാറി നിന്നു. ജനുവരിയിൽ ഡൊണൾഡ് ട്രംപ് അധികാരമേറ്റത്തോടെയാണ് പിൻവാങ്ങൽ. ലോകാരോഗ്യ സംഘടനയിൽ നിന്നു തന്നെ പിൻവാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിന് തുടർച്ചയായാണ് മാറി നിൽക്കൽ എന്നാണ് വിലയിരുത്തൽ.
പകർച്ചവ്യാധികളിൽ നിന്നുള്ള സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഉടമ്പടിയിലെ എല്ലാ രാജ്യങ്ങളെയും ഉടമ്പടി നിയമപരമായി ബാധ്യതപ്പെടുത്തുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനത്ത് ആഗോള പാൻഡെമിക് കരാറിന്റെ നിബന്ധനകൾ പരസ്യപ്പെടുത്തി. സംഘടനയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു രോഗ സാഹചര്യത്തെ നേരിടാൻ അംഗ രാജ്യങ്ങളെ ബാധ്യതപ്പെടുത്തുന്നത് ആദ്യമായാണ്. നേരത്തെ 2003 ൽ പുകയില വ്യാപനം തടയുന്നതിനുള്ള ഉടമ്പടി മാത്രമാണ് ഇങ്ങനെ അനുസരിക്കാൻ ബാധ്യതപ്പെടുത്തിയിരുന്നത്.
ഉടമ്പടി പ്രകാരം മഹാമാരികൾ ഉണ്ടായാൽ മാസ്ക്, വാക്സിൻ എന്നിവയുടെ വിതരണം ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാവും. വാക്സിനുകൾ പ്രാദേശികമായി നിർമ്മിക്കാൻ സാഹചര്യം ഒരുക്കണം. മാത്രമല്ല സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് ഇതിനുള്ള സാങ്കേതിക വിദ്യകൾ കൈമാറണം. ഉൽപാദകർ വാക്സിനുകളുടെയും ഔഷധങ്ങളുടെയും 20 ശതമാനം ലോകാരോഗ്യ സംഘടനകൾക്ക് കൈമാറണം. ഇവയിൽ പത്ത് ശതമാനം ദാനമായും ശേഷിച്ച പത്ത് ശതമാനം താങ്ങാവുന്ന വിലയ്ക്കും ആയിരിക്കണം എന്നും നിബന്ധന ചെയ്യുന്നു. കരാറിന്റെ ഭാഗമാവുന്ന കമ്പനികൾക്കാണ് ഇത് ബാധകമാവുക. അംഗരാജ്യങ്ങൾക്ക് ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടാവും.
ഔഷധങ്ങളും പ്രതിരോധ സംവിധാനങ്ങളും മാത്രമല്ല രോഗകാരി സാമ്പിളുകൾ, ജീനോം സീക്വൻസുകൾ, ആക്സസ് ആൻറ് ബെനിഫിറ്റ് ഷെയറിങ്ങും നിർദ്ദേശിക്കുന്നു. കോവിഡ് കാലത്ത് ചില രാജ്യങ്ങൾ വാക്സിനുകൾ പൂഴ്ത്തിവെച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. വാക്സിനുകൾ കൈമാറാൻ സന്നദ്ധമായപ്പോൾ പോലും അത് മന്ദഗതിയിലാക്കി നിയന്ത്രിക്കപ്പെട്ടു എന്നതും ആരോപണ വിധേയമായി.
ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഇത്തരമൊരു ആലോചന ആരംഭിച്ചത്. ലക്ഷകണക്കിന് ആളുകൾ മരിച്ചു വീണപ്പോൾ മഹാമാരിയെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ദരിദ്ര രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യരുടെ എല്ലാവരുടെയും സുരക്ഷ കാക്കുക എന്നതാണ് ലക്ഷ്യം.

"സുരക്ഷിതമായ ഒരു ലോകത്തിലേക്കുള്ള നമ്മുടെ കൂട്ടായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല്" എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ കരാറിനെ വിശേഷിപ്പിച്ചത്.
മെയ് മാസത്തിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയിൽ കരാർ അവതരിപ്പിക്കും. അംഗീകരിച്ചാൽ അംഗരാജ്യങ്ങൾ ഓരോന്നായി അത് ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തിലാവും.
“ആഗോള ആരോഗ്യത്തിന് മേലുള്ള പ്രസിഡന്റ് ട്രംപിന്റെ ആക്രമണത്തിന് മുന്നിൽ തകരുന്നതിനുപകരം, ലോകം ഒന്നിച്ചു.” എന്നാണ് അമേരിക്കയുടെ വിട്ടു നിൽക്കലിനെ വാഷിങ്ടൺ സർവ്വകലാശാലയിലെ ലോക ആരോഗ്യ പഠന കേന്ദ്രം തലവൻ ലോറൻസ് ഗോസ്റ്റിൻ വിശേഷിപ്പിച്ചത്.









0 comments