ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം
ആരോഗ്യപൂർണമായ ഭാവിക്കായി

ഡോ. കീർത്തിപ്രഭ
Published on Jul 01, 2025, 08:56 AM | 2 min read
ജൂലൈ ഒന്നിന് നാം ദേശീയ ഡോക്‌ടേഴ്‌സ് ദിനം ആഘോഷിക്കുമ്പോൾ ഏതാനും വർഷങ്ങളായി അവർ ലോകത്തിനും ആരോഗ്യമേഖലയിലുമുണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കോവിഡാനന്തര ലോകത്ത്, ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിച്ചു. ഒരുവശത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും അഭൂതപൂർവമായ വളർച്ച നേടുന്നു. മറുവശത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും പുതിയ മാനസികാരോഗ്യ വെല്ലുവിളികളും ജീവിത ശൈലീ രോഗങ്ങളും സാമൂഹ്യാവസ്ഥ സങ്കീർണമാക്കുന്നു. ഈ വർഷത്തെ അധ്യയനവർഷം ആരംഭിച്ചപ്പോൾ ജൂൺ രണ്ട് മുതൽ 13 വരെ സമഗ്ര ഗുണമേന്മാ പദ്ധതി പ്രകാരം വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചു.
പൗരബോധം വളർത്താനും ജീവിതമൂല്യങ്ങൾ പകർന്നുനൽകാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ ആദ്യത്തെ എട്ടുദിവസവും പിന്നീട് ആരോഗ്യം, വ്യായാമം, കായികക്ഷമത എന്നിവയിലൂന്നിയ പ്രവർത്തനങ്ങളും ക്ലാസുകളുമാണ് ആസൂത്രണം ചെയ്തത്. ആരോഗ്യ ഭക്ഷണശീലങ്ങൾ ചർച്ചചെയ്യുക എന്നതും പദ്ധതിയുടെ തീരുമാനമായിരുന്നു. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം രോഗംവരാതെ സൂക്ഷിക്കുക എന്ന തത്വം മുൻനിർത്തിക്കൊണ്ട്, കേരളത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യം ഈ ഡോക്ടേഴ്സ് ദിനത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നാടിന്റെ ഭാവി നിർണയിക്കുന്നു. വിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് മാത്രമല്ല നൽകേണ്ടത്, ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ കാര്യങ്ങളും പഠിപ്പിക്കണം. ആരോഗ്യ വിദ്യാഭ്യാസം ഈ അടിസ്ഥാന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
കുട്ടികൾക്കുണ്ടാകുന്ന ചില രോഗങ്ങളിൽനിന്ന് പ്രതിരോധശേഷി സൃഷ്ടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം പ്രതിരോധ കുത്തിവയ്‌പ്പുകൾക്കുള്ള മികച്ച സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. മനോഭാവങ്ങളുടെയും വിശ്വാസങ്ങളുടെയും മറ്റ് ഘടകങ്ങളുടെയും സ്വാധീനം വാക്സിനുകൾ നിരസിക്കുന്നതിലേക്ക് ചിലരെയെങ്കിലും നയിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങൾ ചില എതിർപ്പുകൾക്ക് ആക്കം കൂട്ടുന്നു. ശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം, വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ചെറുപ്പത്തിലേ പഠിപ്പിക്കുന്നത് ഭാവിയിൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ അവരെ സഹായിക്കും.
മാനസികാരോഗ്യത്തിനും പ്രാധാന്യം
കൗമാരപ്രായക്കാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം അത്യാവശ്യമാണ്. സമ്മർദം കൈകാര്യം ചെയ്യാനും വികാരങ്ങൾ തിരിച്ചറിയാനും ആവശ്യമെങ്കിൽ സഹായം തേടാനും കുട്ടികളെ പഠിപ്പിക്കണം. ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം അവരെ തെറ്റായ ശീലങ്ങളിൽനിന്ന് അകറ്റി നിർത്തും. മയക്കുമരുന്ന്, പുകവലി, മദ്യം തുടങ്ങിയ ദോഷകരമായ ശീലങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ശരിയായ അറിവ് നൽകുന്നത് അവയിൽനിന്ന് വിട്ടുനിൽക്കാൻ സഹായിക്കും.
വിദ്യാഭ്യാസം പാഠപുസ്തകങ്ങളിലും പരീക്ഷകളിലുമായി ചുരുക്കാതെ കുട്ടികളുടെ മാനസികവും ശാരീരികവുമായ സമഗ്ര വികസനത്തിന്റെ സാധ്യതകളാണ് വിവിധ പദ്ധതികളിലൂടെ കേരള സർക്കാർ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് സൂംബ ഡാൻസ്. താളത്തിനൊത്തുണ്ടാകുന്ന ശരീരചലനങ്ങളിലൂടെ
കുട്ടികളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നൽകുന്ന വ്യായാമരീതി. സഭാകമ്പവും പരീക്ഷാപ്പേടിയുമൊക്കെ കുറയ്‌ക്കാനും ആത്മവിശ്വാസം വർധിപ്പിച്ച് മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്താനും ഇതുപോലുള്ള വ്യായാമരീതികൾ സഹായിക്കും.
ആരോഗ്യ വിദ്യാഭ്യാസം ഒരു പ്രത്യേക വിഷയമായി അല്ലെങ്കിൽ നിലവിലുള്ള വിഷയങ്ങളുമായി സംയോജിപ്പിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് ഈ ഡോക്ടേഴ്സ് ദിനത്തിൽ മുന്നോട്ട് വയ്‌ക്കാനുള്ളത്. ഇത് കേവലം പുസ്തകങ്ങളിൽ ഒതുങ്ങാതെ പ്രായോഗിക തലത്തിൽ നടപ്പിലാക്കണം.ആരോഗ്യ വിദ്യാഭ്യാസം നൽകാൻ കഴിവുള്ള അധ്യാപകരെ പരിശീലിപ്പിക്കണം. അവർക്ക് ഏറ്റവും പുതിയ വിവരങ്ങളും പഠനരീതികളും പരിചയപ്പെടുത്തണം. ക്ലാസ് റൂം പഠനത്തിനപ്പുറം പ്രോജക്‌ടുകൾ, ക്വിസുകൾ, ആരോഗ്യ ക്ലബ്ബുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് കുട്ടികളിൽ താൽപ്പര്യം വളർത്തും.
അസുഖങ്ങളിൽനിന്നുള്ള മോചനം മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതും ആരോഗ്യപ്രവർത്തകരുടെ കടമയാണ്. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ശരിയായ ആരോഗ്യ വിദ്യാഭ്യാസവും വ്യക്തിഗത ശ്രദ്ധയും നൽകി സമൂഹത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കാൻ …









0 comments