വേനലവധി കഴിയാറായില്ലേ.... കൂട്ടുകാരുമൊത്ത്‌ കളിക്കാൻ ചില കളികൾ

hide and seek
വെബ് ഡെസ്ക്

Published on May 02, 2025, 02:36 PM | 3 min read

വേനലവധിയ്ക്ക്‌ സ്‌കൂൾ അടച്ചിട്ട്‌ ഒരു മാസം കഴിഞ്ഞു. ഇപ്പോഴും കൂട്ടുകാരുമൊത്ത്‌ കളിക്കാതെ എല്ലാവരും മൊബൈൽ ഫോണിന്റെയും വീഡിയോഗെയിമിന്റെയും മുന്നിലാണോ? അങ്ങനെയെങ്കിൽ നമ്മുടെ കണ്ണിനും തലച്ചോറിനും ഇത്തിരി സമയം വിശ്രമം കൊടുക്കാൻ ചില പഴയ കളികൾ പരിചയപ്പെടാം.


സാറ്റ് കളി


സ്‌കൂളിൽ കൂട്ടുകാരുമൊത്ത്‌ കളിക്കുന്ന സാറ്റ്‌ കളിയെ അവധികാലത്തും നമുക്ക്‌ കളിക്കാം. അതിനായി വീടിനടുത്തുള്ള എല്ലാ കൂട്ടുകാരെയും വിളിച്ചോളൂ.


കളി തുടങ്ങുന്നതിനു മുമ്പ്‌ മരമോ ചുമരോ കണ്ടു പിടിക്കണം. മരത്തിനോടോ ചുമരിനോടോ അഭിമുഖമായി നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾ കണ്ണടച്ച് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുമ്പോൾ എണ്ണിയയാൾ ഒളിച്ചവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം പിടിക്കപ്പെടുന്ന ആളാണ്‌ എണ്ണേണ്ടത്. എന്നാൽ ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ എണ്ണിയ ആൾ പോകുമ്പോൾ അയാൾ കാണാതെ ഒളിച്ചിരിക്കുന്നവർക്ക്‌ വന്ന്‌ സാറ്റ്‌ അടിക്കാം. അങ്ങനെ എല്ലാവരും വന്ന്‌ സാറ്റ്‌ അടിച്ചാൽ എണ്ണിയ ആൾ വീണ്ടും എണ്ണണം. അങ്ങനെ കളി വീണ്ടും തുടരാം. ഒളിച്ചുകളിയെന്നും പാത്തിരിപ്പ്‌ എന്നും ഇതറിയപ്പെടും.


kalikal


ചെമ്പഴുക്ക കളി


"ആർ കയ്യിലാർകയ്യിലോ മാണിക്യ ചെമ്പഴുക്ക, ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക" എന്ന പാട്ട് പാടിയാണ്‌ ചെമ്പഴുക്ക കളി തുടങ്ങുന്നത്‌. കളിക്കാർ വട്ടത്തിൽ ഇരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിന് നടുവിൽ നിർത്തും. ഒരു അടയ്ക്കായോ അല്ലെങ്കിൽ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികൾ കൈമാറും. സാധനം ആരുടെ കയ്യിൽ ആണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം ഇതാണ്‌ ചെമ്പഴുക്ക കളി.


കുട്ടിയും കോലും


ഉരുണ്ട മരകഷ്‌ണവും അത്‌ അടിച്ചുതെറിപ്പിക്കാൻ പാകത്തിന്‌ ഒരു കോലും ഉപയോഗിച്ച്‌ കളിക്കുന്ന കളിയാണ്‌ കുട്ടിയും കോലും. ഉരുണ്ട കഷ്‌ണത്തെയാണ്‌ കുട്ടി എന്ന്‌ പറയുന്നത്‌. അത്‌ അടിച്ചുതെറിപ്പിക്കുന്ന വടി കോലും. കുട്ടിയെ ഒരു കുഴികുഴിച്ച്‌ അതിൽ വെയ്ക്കും. എന്നിട്ട്‌ കുട്ടിയെ തോണ്ടിയെറിയും. കളിക്കാരിലാരെങ്കിലും കുട്ടിയെ പിടിച്ചാൽ അടിച്ചയാൾ പുറത്താകും. ഇനി ആരും പിടിച്ചില്ലെങ്കിലോ കളിക്കാരൻ കുട്ടിയെ വിലങ്ങനെ കുഴിയിൽ വെക്കും. അപ്പോൾ കൂടെയുള്ളവർ എറിഞ്ഞു വീഴ്‌ത്താൻ ശ്രമിക്കും. കോല്‌ കുട്ടിയുടെ മുകളിൽ കൊണ്ടാൽ അടിച്ചയാൾ പുറത്താകും. ഇല്ലെങ്കിൽ കളി തുടരും.


kuttim kolum


ഉണ്ടയും കോലും കുട്ടിയും കോലും കോടയും കോലും ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ ഭാരം, പ്രായം എന്നിവ അനുസരിച്ച് പല പേരുകളിലും ഈ കളി അറിയപ്പെടുന്നുണ്ട്‌. ഗുല്ലി ബണ്ട കളിക്കാം എന്ന്‌ പറഞ്ഞ്‌ ഏതെങ്കിലും കൂട്ടുകാർ വന്ന്‌ വിളിച്ചാലും മടിക്കാതെ കളിച്ചോളൂ. കുട്ടിയും കോലും തന്നെയാണത്‌. ഉത്തരേന്ത്യയിൽ ഗുല്ലി ബണ്ട എന്ന പേരിലാണ്‌ കുട്ടിയും കോലും അറിയപ്പെടുന്നത്‌.


അമ്മാനക്കളി


അമ്മാനക്കരു ഉപയോഗിച്ചു കളിക്കുന്ന കളിയാണ്‌ അമ്മാനക്കളി. മരകഷ്‌ണമാണ്‌ അമ്മാനക്കരു ആയി ഉപയോഗിക്കൽ. ഇനി മരകഷ്‌ണം കിട്ടിയില്ലെങ്കിൽ ഈന്തിന്റെ കായയോ ചെറുനാരങ്ങയോ പുന്നക്കയോ ഉപയോഗിക്കാവുന്നതാണ്‌. കരുക്കൾ ഒന്നൊന്നായി ക്രമത്തിൽ മുകളിലേക്ക് എറിയുകയും അവ തിരിച്ചു വീഴുമ്പോൾ കൈ കൊണ്ട് അതേ നിരയിൽ പിടിച്ചെടുക്കുകയും വീണ്ടും മുകളിലേക്ക് എറിയുകയും ചെയ്യുന്നു. കൂടുതൽ സമയം കയ്യിൽ വെച്ച് പോവുകയോ താഴെ വീണു പോവുകയോ ചെയ്താൽ കളിയിൽനിന്ന് പുറത്താവും.


കുളം കര


കൂട്ടുകാരെല്ലാം വിരുന്നു പോയി കളിക്കാൻ ആരുമില്ലാതെ വിഷമിച്ചിരിക്കുകയാണെങ്കിൽ കളിക്കാൻ പറ്റിയ കളിയാണ് കുളംകര. എന്തെന്നാൽ രണ്ട്‌ പേരെ്‌ തുടങ്ങി എത്ര ആളുകളെ വേണമെങ്കിലും ഉൾപ്പെടുത്തി കളിക്കാവുന്ന കളിയാണിത്‌. കൂട്ടുകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വരയ്ക്കുന്ന കളത്തിന്റെ വലുപ്പം കൂട്ടണമെന്ന്‌ മാത്രം. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുന്നു. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആണ്‌. നേതാവ് കുളം, കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര എന്ന് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കും. തെറ്റായ ചാടുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും.


ഈ കളികളെല്ലാം കളിച്ച്‌ ക്ഷീണിച്ചുവെങ്കിൽ വീട്ടിനകത്ത്‌ ഇരുന്നോ തണലത്ത്‌ ഇരുന്നോ കളിക്കാവുന്ന ചില കളികൾ കൂടി പറയാം അതിലൊന്നാണ്‌ ഈർക്കിൽ കളി.


ഈർക്കിൽ കളി


irkkil kal

ഈർക്കിൽ കളിക്കാനായി ചൂലിൽ നിന്ന്‌ ഈർക്കിൽ എടുക്കുമ്പോൾ വീട്ടിൽ നിന്ന്‌ അടികിട്ടാതെ നോക്കണേ! രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക. വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമാണ്‌ ഈ കളിയ്ക്ക്‌. ഒരു വലിയ ഈർക്കിലും ചെറിയ കുറച്ച്‌ ഈർക്കിലും എടുക്കുക. ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കിലുകൾ ഓരോന്നായി മറ്റുള്ള ഈർക്കിലുകൾ അനങ്ങാതെ എടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും. അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 സ്‌കോർ ആ കളിക്കാരനു ലഭിക്കും.


കള്ളനും പൊലീസും


നാലോ അഞ്ചോ പേർക്ക് കളിക്കാൻ പറ്റുന്ന കളിയാണിത്. കുറച്ചു കടലാസ് കഷണങ്ങൾ എടുക്കുക. അതിൽ കള്ളൻ, പൊലീസ്, മന്ത്രി, റാണി, രാജാവ് എന്നിങ്ങനെ എഴുതുക. അതിന് ശേഷം അവ ഓരോന്നും നാലായി മടക്കിയ ശേഷം നന്നായി കുലുക്കി നിലത്തേക്കിടുക. പെലീസിനെ കിട്ടുന്ന ആൾ കള്ളനെ കണ്ടെത്തണം. പൊലീസിന്‌ അഞ്ഞൂറും കള്ളന്‌ പൂജ്യവുമാണ്‌ സ്‌കോർ. പൊലീസിന്‌ കള്ളനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പൊലീസിന്റെ സ്‌കോർ കള്ളന്‌ കിട്ടും. പൊലീസിന്‌ പൂജ്യവും. കളിക്കുമ്പോൾ രാജാവിനെ കിട്ടിയവർ കള്ളനായിക്കെ അഭിനയിക്കും. അതിൽ വീഴാതെ ശ്രദ്ധിക്കണേ.


NB: കളിയിലെ നിയമങ്ങൾ പാലിക്കാൻ മറക്കരുതേ....





deshabhimani section

Related News

View More
0 comments
Sort by

Home