കല്ലിനെ സൂക്ഷിക്കണം

kidney stone
avatar
ഡോ. പ്രിയ ദേവദത്ത്

Published on Apr 26, 2025, 10:53 PM | 2 min read

സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വൃക്കയിലെ കല്ലുകൾ. ശരീരത്തിൽത്തന്നെയുള്ള ധാതുലവണങ്ങളുടെ നേരിയ തരികൾ കട്ടപിടിച്ചാണ്‌ ഇതുണ്ടാകുന്നത്‌. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ച്‌ വിവിധതരം കല്ലുകൾ രൂപം കൊള്ളും.

കാരണങ്ങൾ


വൃക്കയിലെ കല്ലുകളിൽ നല്ലൊരു പങ്കും കാത്സ്യം കല്ലുകളാണ്. ശരീരത്തിന്‌ കാത്സ്യം ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ വരുമ്പോഴോ ശരീരത്തിൽ അമിതമായി കാത്സ്യം എത്തിച്ചേരുമ്പോഴോ ഇങ്ങനെ സംഭവിക്കാം. കൂടാതെ, യൂറിക് ആസിഡിന്റെ അളവ് കൂടിയവരിലും വളരെ ഉയർന്ന അളവിൽ മാംസഭക്ഷണം കഴിക്കുന്നവരിലും ജനിതകത്തകരാറുകൾ ഉള്ളവരിലും അണുബാധ ഉള്ളവരിലും വിവിധതരം കല്ലുകൾ ഉണ്ടാകാറുണ്ട്. പാരമ്പര്യം, കാലാവസ്ഥ, ചിലയിനം ഭക്ഷണങ്ങളുടെ തുടർച്ചയായ ഉപയോഗം, കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയൽ, അമിത വിയർപ്പ്, മൂത്രപഥത്തിലെ തടസ്സങ്ങൾ, രക്തത്തിലെയും മൂത്രത്തിലെയും കാത്സ്യത്തിന്റെ അളവ് കൂടൽ തുടങ്ങി നിരവധി ഘടകങ്ങൾ വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും.


ലക്ഷണം


കല്ല് വൃക്കയിൽനിന്നിറങ്ങി മറ്റൊരു ഭാഗത്തേക്ക്‌ നീങ്ങുമ്പോഴാണ് കഠിനമായ വേദനയും മറ്റ്‌ ലക്ഷണങ്ങളും ഉണ്ടാവുക. ഇടവിട്ടുള്ള അതിശക്തമായ വേദനയാണ് പ്രധാനമായും കാണുക. കല്ലുകൾ മൂത്രവാഹിനിക്കുഴലുകളിലേക്ക്‌ നീങ്ങുമ്പോഴാണ് ശക്തമായ വേദന ഉണ്ടാകുന്നത്. വയറിന്റെ പിൻഭാഗത്തും പാർശ്വഭാഗത്തും തുടങ്ങുന്ന വേദന ഇടുപ്പിന്റെ ഭാഗത്തേക്കു വ്യാപിക്കും. തുടർന്ന്, അരമണിക്കൂർ ഇടവേളകളിൽ വേദന വിട്ടുവിട്ട് വരും. കല്ലിന്റെ വലുപ്പം കൂടുന്തോറും മൂത്രവാഹിനിയുടെ ഭിത്തിയിൽ ഉരഞ്ഞും ഞെരുങ്ങിയും ഒക്കെയാണ് കല്ല് കടന്നുവരുന്നത്. കുഴലുകളുടെ ഭിത്തിയിൽ മുറിവേൽക്കുന്നത് രക്തസ്രാവത്തിനും കഠിന വേദനയ്ക്കും ഇടയാക്കും. ഒപ്പം മൂത്രതടസ്സവും ഉണ്ടാകും. ചിലരിൽ വേദനയോടൊപ്പം ഛർദി, ഓക്കാനം, പുകച്ചിൽ, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, രക്തം കലർന്ന് മൂത്രം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, ചെറിയ കല്ലുകൾ വേദനപോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെതന്നെ മൂത്രത്തിന്റെ ഒഴുക്കിൽപ്പെട്ട് പുറത്തുപോകാറുണ്ട്. നല്ലൊരു ശതമാനം കല്ലുകളും ഇത്തരത്തിൽ പോകും.


സങ്കീർണത


വലിയ കല്ലുകൾ വൃക്കയിലെ മൂത്രോൽപ്പാദനത്തെ കാര്യമായി തടസ്സപ്പെടുത്താറുണ്ട്. ഇതിനു പുറമേ വൃക്കകളിൽനിന്ന് അടർന്ന്‌ താഴോട്ടു നീങ്ങുന്ന മൂത്രക്കല്ലുകൾ മൂത്രവാഹിനിയിൽ അടഞ്ഞുനിൽക്കും. ഇത് മൂത്രതടസ്സം, പഴുപ്പ്, അണുബാധ, മൂത്രവാഹിനിയിൽ നീര് ഇവയ്ക്ക്‌ ഇടയാക്കാറുണ്ട്. ഇവയെല്ലാം വൃക്കയുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തി വൃക്ക നാശത്തിന്‌ വഴിയൊരുക്കാറുണ്ട്.

ചികിത്സ


കല്ലിന്റെ സ്ഥാനം, ഘടന, വലിപ്പം എന്നിവയ്ക്കനുസരിച്ച് ഓരോരുത്തരിലും ചികിത്സ വ്യത്യാസപ്പെടും. മരുന്നുകൾ പ്രധാനമായും വേദന കുറയ്ക്കുന്നതോടൊപ്പം കല്ലുകളെ പുറത്തു കളയാനും മൂത്രത്തിന്റെ അളവ് കൂട്ടാനും മൂത്രനാളി വികസിപ്പിക്കാനും സഹായകമാകും.


ശ്രദ്ധിക്കേണ്ടത്‌


വൃക്കകളുമായി ബന്ധപ്പെട്ട് മറ്റ്‌ പ്രശ്നങ്ങളൊന്നും ഇല്ലാത്തവർ ഒന്നര ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം. കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കണം. മാംസത്തിന്റെ അമിത ഉപയോഗം ചിലയിനം കല്ലുകൾക്കിടയാക്കുന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. പച്ച ചീര, മുരിങ്ങയില, കാബേജ്, ബ്രോക്കോളി ഇവയുടെ സ്ഥിരവും അമിതവുമായ ഉപയോഗം വിവിധതരം കല്ലുകൾക്ക് ഇടയാക്കാറുണ്ട്. എന്നാൽ, ഇവയുടെ മറ്റ് ഗുണങ്ങൾ ശരീരത്തിന് അനുയോജ്യമായതിനാൽ മിതമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. മദ്യം, അമിതമായ കാപ്പിയുടെയും ചായയുടെയും ഉപയോഗം ഇവ ഒഴിവാക്കണം.


(മാന്നാർ കോട്ടക്കൽ ആര്യ വൈദ്യശാലയിലെ ചീഫ് ഫിസിഷ്യയാണ്‌ ലേഖിക)



deshabhimani section

Related News

View More
0 comments
Sort by

Home