കോവിഡ് കാലത്തെ തൊണ്ടവേദന പേടിക്കേണ്ടതുണ്ടോ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2020, 10:58 PM | 0 min read


ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി  വരുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് തൊണ്ടവേദന.കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്‌നങ്ങൾ നമ്മളിൽ ചിലർക്കെങ്കിലും ആകാംക്ഷയുണ്ടാക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത് അനുസരിച്ച് കോവിഡ്-19 ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിര്‌, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷ്‌ടപ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ, ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ; പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതൽ ഡോക്ടറുടെ സേവനം ഉടൻ വേണ്ടി വരുന്നവ വരെ.

കണക്കുകൾ പ്രകാരം കോവിഡ് രോഗമുള്ളവരിൽ 10 മുതൽ -12 ശതമാനം വരെ  പേർക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട്തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അതിനാൽ അനാവശ്യമായ ഭയവും ആശങ്കയും ആവശ്യമില്ല.


 

ഇപ്പൊഴത്തെ മഴയും തണുപ്പും നിറഞ്ഞ  കാലാവസ്ഥയിൽ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജിയുടെ ഭാഗമാകാം. അലർജി മരുന്നുകളും ആവിയും ഉപയോഗിച്ചാൽ ഇവ നിയന്ത്രിക്കാം.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം ആകാം. ആവശ്യത്തിന് വിശ്രമം, രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം മതിയാകും. ഉയർന്ന പനി,  തൊണ്ട വേദന, മൂക്കൊലിപ്പ് ശരീര വേദന, ശ്വാസംമുട്ടൽ, ഇവയെല്ലാം എച്ച്1എൻ1 പോലുള്ള പനിയാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്‌പും മരുന്നുകളും ലഭ്യമാണ്. കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാദൃശ്യം ഉള്ളതാണ്  എച്ച്1എൻ1.

ഉയർന്ന പനി, തൊണ്ട പഴുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റീബയോട്ടിക്കുകൾ വേണ്ടിവരും.
തൊണ്ടനീറ്റൽ, നെഞ്ചെരിച്ചിൽ എന്നിവ ആസിഡ് റിഫ്‌ലക്‌സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഭേദമാകും.


 

നാം ശ്രദ്ധിക്കേണ്ടത്
സമീകൃതാഹാരം കഴിക്കുക
തണുത്ത പദാർഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
മദ്യം, പുകവലി എന്നിവ ഒഴിവാക്കുക
ഉപ്പുവെള്ളം കുലുക്കൊഴിയുക
വ്യക്തി ശുചിത്വം പാലിക്കുക
പരിസര ശുചിത്വം പാലിക്കുക
രോഗികളോട് അടുത്ത്‌ ഇടപെടാതിരിക്കുക
സാമൂഹ്യ അകലം പാലിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ സേവനമോ, ഹെൽപ്‌‌ലൈൻ ഉപദേശമോ  തേടുക.

(പട്ടം എസ് യു ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്, ഇ എൻ ടി  സർജനാണ്‌ ലേഖിക )



deshabhimani section

Related News

View More
0 comments
Sort by

Home