മേടച്ചൂടും വേനൽമഴയും

rainy
avatar
ശംഭു കുടുക്കശേരി

Published on Apr 27, 2025, 12:00 AM | 3 min read

മേടച്ചൂടിൽ സംസ്ഥാനത്ത്‌ പലയിടങ്ങളിലും പകൽ താപനില ഉയരുന്നുണ്ട്‌. രാത്രി താപനിലയും മാറ്റമുണ്ട്‌ . വേനൽമഴ മിക്കയിടത്തും ലഭിക്കുന്നുണ്ട്‌. കേരളത്തിൽ ഈ വർഷം ഇതുവരെ 11 ഊഷ്മമാപിനികളിൽ 3 ദിനങ്ങളിൽ രണ്ടിടത്തും 9 ദിനങ്ങളിൽ അഞ്ചിടത്തും യഥാക്രമം ദിവസത്തെ ഉയർന്ന ഊഷ്മാവിലും താഴ്ന്ന ഊഷ്മാവിലും ദിന ശരാശരിയിൽനിന്ന്‌ 4 ഡിഗ്രി സെൽഷ്യസ്‌ താപനില ഉയർന്നുകാണപ്പെട്ടു. മറ്റ്‌ ദിനങ്ങളിൽ സാധാരണതാപനിലയും പ്രകടമായി. അതായത്‌ അതി തീവ്ര ഉഷ്ണം അനുഭവപ്പെട്ടില്ലെന്ന്‌ വ്യക്തം.


മഴയളവുകളിൽജനുവരി 1 മുതൽഏപ്രിൽ26 വരെയും (മാർച്ച് 1 മുതൽ ഏപ്രിൽ 26 വരെയും) അവയുടെ ശരാശരിയിൽ നിന്നുള്ള വ്യത്യാസം (ശതമാനത്തിൽ) കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ യഥാക്രമം -63 (113), -34 (19), -62 (91), -33 (58), -8 (60), 97 (66) എന്നീ പ്രകാരത്തിലുമായിരുന്നു. 2 കണക്കും പരിശോധിച്ചാൽ മഴക്കുറവ്‌ ഇതുവരെ ഉണ്ടായിട്ടില്ലെന്ന്‌ കാണാം. മാർച്ച്‌–ഏപ്രിൽ മാസങ്ങളിൽ ഇതുവരെ പ്രതീക്ഷിച്ച മഴയേക്കാൾ 41 ശതമാനം അധികമായി വേനൽ മഴ കേരളത്തിൽ ലഭിച്ചു. കണ്ണൂരിൽ രണ്ടു മാസത്തിനിടെ 113 ശതമാനം മഴയാണ്‌ ലഭിച്ചത്‌. ലക്ഷദ്വീപിൽ 95 ശതമാനവും മാഹിയിൽ 39 ശതമാനവും അധിക മഴ രേഖപ്പെടുത്തി.


പ്രത്യേകതകൾ


കേരളത്തിലെ ഉഷ്ണകാലമായ മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ അന്തരീക്ഷത്തിന്‌ ഘടനാപരമായ പ്രത്യേകതകളുണ്ട്‌. ഉയർന്ന ദിനോഷ്മാവും താണ ദിനോഷ്മാവും, അന്തരീക്ഷത്തിൽക്കൂടിയുള്ള സൂര്യ വികിരണ പതനവും പ്രതിഫലനവും, 10 മുതൽ 17 കിലോമീറ്റർവരെ ഉയർന്നുനിൽക്കുന്നതും തീവ്രപ്രക്ഷുബ്‌ധ അന്തരീക്ഷ ചാഞ്ചാട്ടമുൾക്കൊള്ളുന്നതുമായ കുമുലോ നിംബസ്‌ വിഭാഗ ഇടിമിന്നൽ മേഘങ്ങൾ, കേരളം മുഴുവൻ ഏതാണ്ട് തുല്യമായ ഭൗമോപരിതല അന്തരീക്ഷമർദം, വ്യത്യസ്ത അന്തരീക്ഷ പാളികളിൽ മുകളിൽനിന്ന്‌ താഴേയ്ക്കുള്ള ഊഷ്മാവിന്റെ ചെങ്കുത്തായ വ്യത്യാസം, ഉയർന്ന ആർദ്രത, ഘടികാരദിശയ്ക്ക്‌ വിപരീതമായ ചക്രവാത അന്തരീക്ഷ ചംക്രമണങ്ങൾ, കാറ്റിന്റെ ന്യൂനപ്പാത്തി, കാറ്റിന്റെ ഇടമുറിയൽ (wind discontinuity), ഊഷ്മ ആർദ്രതാ വ്യത്യാസവായു പിണ്ഡ സംയോജനം എന്നിവയാണവ. മറ്റ്‌ മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ ഏതാണ്ട് 3 കിലോമീറ്റർവരെയുള്ള ഊഷ്മാവ്‌ വർധനയുമുണ്ട്‌. കേരളത്തിന്‌ വടക്കോട്ടുപോകുംതോറും പശ്ചിമഘട്ട ഉയരം കുറയുന്നതിനാൽ ഇടിമിന്നൽ മഴലഭ്യതയും കുറയും. ഊഷ്മാവ് ചിലയിടങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസുവരെ ഏപ്രിലിൽ ഉയരും. ഏപ്രിലിൽ ജില്ലാ അടിസ്ഥാനത്തിൽ 24 സെന്റീമീറ്റർമുതൽ 50 സെന്റീമീറ്റർവരെ മഴ ലഭിക്കാറുണ്ട്‌. മാർച്ച് 1 മുതൽ ഏപ്രിൽ 24 വരെ 58% ദിവസങ്ങളിലും കേരളത്തിൽ ചക്രവാതചുഴി സാമീപ്യവും 29% ദിനങ്ങളിൽ കാറ്റിലെ ന്യൂനപ്പാത്തിയുടെ സാന്നിധ്യവും നിലനിന്നതുമൂലമാണ്‌ ഇക്കുറി കേരളത്തിൽ ജില്ലാടിസ്ഥാനത്തിൽ മഴ അധികമായി രേഖപ്പെടുത്തിയത്‌.

ന്യൂനമർദപ്പാത്തിയും പ്രതിചക്രവാതങ്ങളും


ഈ വേനൽക്കാലത്തിതുവരെ ഇന്ത്യൻ മഹാസമുദ്രമേഖലകളിൽ ഭൂമധ്യരേഖയ്ക്ക്‌ തെക്കായി ദക്ഷിണാർധഗോളത്തിൽ നിലകൊള്ളുന്ന ഭൂമധ്യരേഖാ ന്യൂനമർദപ്പാത്തി (equatorial trough)യിൽ രൂപംകൊള്ളുന്ന അന്തരീക്ഷ പ്രതിചക്രവാതങ്ങൾ പ്രതിദിനം ശരാശരി 2‐3 എണ്ണമെന്ന നിലയിലായിരുന്നു. ശാന്തസമുദ്ര ചൂടാകൽ പ്രതിഭാസമായ എൽ നിനോയുടെ അഭാവവും ചെറിയതോതിൽ ശാന്തസമുദ്ര തണുക്കൽ പ്രതിഭാസമായ ലാനിനയുടെ സാന്നിധ്യവുമാണ് ഇതിനു കാരണമായത്‌. ഈ പ്രതിചക്രവാതങ്ങളാണ്‌ കേരളത്തിൽ ചക്രവാതങ്ങളെ ശക്തിപ്പെടുത്തിയത്‌.


പൊടിക്കാറ്റ്‌ ആലിപ്പഴവർഷം


ഏപ്രിൽ ആദ്യവാരത്തിൽ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ താപനില കൂടുതലായിരുന്നു. ഇപ്പോഴും ഈ സ്ഥിതി കാണപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഉഷ്ണതരംഗവും അനുഭവപ്പെട്ടു. ഏപ്രിൽ 10ന്‌ മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ, ഉത്തർപ്രദേശ്‌, ബിഹാർ, ഝാർഖണ്ഡ്‌, നേപ്പാൾ എന്നിവിടങ്ങളിൽ തീവ്രമായ ഇടിമിന്നലും പൊടിക്കാറ്റും ആലിപ്പഴവർഷവും ഉണ്ടായി. നൂറിലധികംപേരാണ്‌ ഇവ മൂലം മരിച്ചത്‌. ഏപ്രിൽ 8നും 9നും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്നുള്ള തീവ്ര ആർദ്രതാ വായൂപിണ്ഡം, ഉത്തർപ്രദേശ്, രാജസ്ഥാൻ ഭാഗങ്ങളിൽ നിലകൊണ്ടിരുന്ന ചക്രവാതച്ചുഴികളുമായി ചേർന്നുണ്ടായ ഇടിമിന്നൽ മേഘങ്ങളാണ്‌ ശക്തമായ ഇടിമിന്നലിനും പൊടിക്കാറ്റിനും ആലിപ്പഴവർഷത്തിനും കാരണമായത്‌.


ഇടവപ്പാതിയിൽ മഴ കൂടുമോ


വരാൻപോകുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം (ജൂൺ–- -സെപ്റ്റംബർ) കേരളത്തിൽ കൂടുതൽ മഴ നൽകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ആദ്യ പ്രവചനം പറയുന്നത്‌. തമിഴ്നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊഴിച്ച് രാജ്യത്ത്‌ സാധാരണയോ ഏറിയോ മഴ ലഭിക്കുമെന്നും വകുപ്പ്‌ പ്രവചിക്കുന്നു. ചില സ്വകാര്യ കാലാവസ്ഥാ ഏജൻസികളും ഈ പ്രവചനം ശരിവയ്ക്കുന്നു. മെയ്‌ മധ്യത്തോടെ വകുപ്പിന്റെ രണ്ടാം പ്രവചനം കൂടി വരും. കഴിഞ്ഞ വർഷം 1748.1 മില്ലീമീറ്റർ മഴയാണ്‌ കേരളത്തിൽ ഈ കാലയളവിൽ ലഭിച്ചത്‌. 13 ശതമാനം മഴക്കുറവ്‌. ജില്ലകളിൽ കണ്ണൂരായിരുന്നു മഴ കൂടുതൽ ലഭിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home