യുവജനങ്ങളെ ചേര്‍ത്തുനിര്‍ത്തി

വിജ്ഞാന കേരളം തൊഴില്‍ ലഭിച്ചത് 2196 പേര്‍ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 12:15 AM | 1 min read

തൊടുപുഴ

ജോലി തേടുന്ന യുവജനങ്ങളുടെ കരം പിടിച്ച് വിജ്ഞാനകേരളം ക്യാമ്പയിൻ ജില്ലയില്‍ പുരോഗമിക്കുന്നു. കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുക, അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ നൈപുണി പരിശീലനം നൽകി മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ ഇതുവരെ വിജ്ഞാനകേരളം മുഖേന 5600-ലധികം തൊഴിലവസരങ്ങൾ ശേഖരിച്ചു, തൊഴില്‍ മേളകളിലൂടെയും അല്ലാതെയും 2196 പേര്‍ക്ക് തൊഴില്‍ നൽകി. ഇതിനകം 25 തൊഴിൽ മേളകളാണ് നടത്തിയത്. വിദേശ ജോലികൾക്കു മാത്രമായി മുട്ടത്ത് ആഗസ്‍തില്‍ തൊഴിൽമേള നടത്തി. 250ലേറെ പേര്‍ക്ക് സ്വകാര്യ ബാങ്ക്, ഹോസ്പിറ്റാലിറ്റി, ഐടി, ഇൻഷുറൻസ്, അക്കൗണ്ടിങ്, അഡ്മിനിസ്‍ട്രേഷൻ, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ ജോലി ലഭിച്ചു. പ്രാദേശക അവസരങ്ങള്‍ കണ്ടെത്തി അത്തരം ജോലികള്‍ക്കായി പഞ്ചായത്ത്, മുനിസിപ്പല്‍ തല തൊഴില്‍മേളകളും കുടുംബശ്രീ സിഡിഎസ് തലങ്ങളില്‍ തൊഴില്‍ കേന്ദ്രങ്ങളും ബ്ലോക്ക് തലത്തില്‍ ജോബ് സ്റ്റേഷനുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരള ഡെവലപ്‍മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റെജിക് കൗണ്‍സില്‍(കെ ഡിസ്‍ക്) മുഖേനയാണ് ക്യാമ്പയിൻ പ്രവര്‍ത്തനം. തൊഴിൽ, നൈപുണി വികസനം, തൊഴിൽബന്ധിത പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ഡാറ്റാ ഏകീകരണവും പുരോഗമിക്കുകയാണ്. ജില്ലയിൽ പ്രധാനമായും തൊഴിൽമേളകൾ, നൈപുണി വികസന പരിപാടികൾ, തൊഴിൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് കേന്ദ്രീകരിക്കുന്നത്. ചെറുതോണി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ലോക്കൽ, ഹൈപ്പർ ലോക്കൽ ജോബ് ഫെയറുകൾ മുഖേന നിരവധി തൊഴിലവസരങ്ങളാണ് സൃഷ്‍ടിക്കപ്പെട്ടു. തൊഴിൽ തേടുന്നവർക്കും അനുയോജ്യരായ ഉദ്യോഗാർഥികളെ അന്വേഷിക്കുന്ന സ്ഥാപനങ്ങൾക്കും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‍സ് മാനേജ്മെന്റ് സിസ്‍റ്റം എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയുള്ള സേവനവും ക്യാമ്പയിനിലൂടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് വിജ്ഞാനകേരളം ക്യാമ്പയിൻ മുന്നേറുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home