റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ മുരിക്കാശേരിയില്‍

കട്ടപ്പന
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കള്‍ മുതല്‍ 21വരെ മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനവേദിയായി നടക്കും. ഏഴ് ഉപജില്ലകളില്‍നിന്നായി 3500ലേറെ പ്രതിഭകള്‍ 11വേദികളിലായി നടക്കുന്ന 97ഇനങ്ങളില്‍ മത്സരിക്കും. തിങ്കള്‍ രാവിലെ 10ന് മുരിക്കാശേരി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഫ്‌ളാഗ് ഓഫ് ചെയ്യും. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരക്കും. പരമ്പരാഗത കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, തിരുവാതിര, ഫ്‌ളോട്ടുകള്‍ എന്നിവ അകമ്പടിയാകും. പകല്‍ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ കലോത്സവം ഉദ്ഘാടനംചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച രചന, വാദ്യോപകരണ മത്സരങ്ങളും അറബിക് കലോത്സവവും ബുധനാഴ്ച മറ്റ് മത്സരങ്ങള്‍ക്ക് പുറമേ സംസ്‌കൃതോത്സവവും വ്യാഴാഴ്ച തമിഴ് കലോത്സവവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സിബിച്ചന്‍ തോമസ്, ജിജിമോള്‍ മാത്യു, കെ ആര്‍ ഷാജിമോന്‍, അജിത്ത് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.









0 comments