സൂര്യകാന്തി ശോഭയിൽ തെങ്കാശി

സനു കുമ്മിൾ
Published on Jul 26, 2025, 03:27 PM | 2 min read
തെങ്കാശി : തെങ്കാശിയിലെ പാടങ്ങൾ നിറങ്ങൾ പുതച്ചു തുടങ്ങി. തെങ്കാശി ജില്ലയിലെ സുന്ദരപാണ്ഡ്യപുരം, സെയ്‌ന്താമരൈ, സാമ്പവാർവടകരൈ, ആയ്ക്കുടി മേഖലകളിലെ പാടങ്ങളിലാണ് സൂര്യകാന്തികൾപൂത്തുതുടങ്ങിയത്. പഴയതുപോലെ ഇക്കുറി പാടങ്ങളിലെല്ലാം സൂര്യകാന്തികൾ പൂത്തു വിടർന്നിട്ടില്ല , എങ്കിലും ആഴ്ചകൾക്കകം മഞ്ഞപ്പട്ടണിയുമെന്നാണ് കർഷകർ പറയുന്നത്. സാമ്പവാർവടകരൈ, വണ്ണാർകുളം, ശങ്കരൻകോവിൽ, ശിവ ലപ്പെട്ടി എന്നിവിടങ്ങളിലും സൂര്യകാന്തികൾ പൂത്തുതുടങ്ങിയിട്ടുണ്ട്.
നേരത്തെയുള്ള സീസണുകളിൽ നിരവധി ഇടങ്ങളിൽ പ്രധാന പാതയോരത്തു തന്നെ സൂര്യകാന്തി പൂക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞതവണ സൂര്യകാന്തി വിത്തിനുണ്ടായ ഫംഗസ് ബാധ വിത്തിൽനിന്നുള്ള എണ്ണ ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു .അതിനാൽ സൂര്യകാന്തി കൃഷിക്കാർക്ക് കാര്യമായ ലാഭമുണ്ടായില്ല. സൂര്യകാന്തി പൂത്തിരുന്ന സ്ഥലങ്ങളെല്ലാം അവർ കൊച്ചുള്ളി, ചോളം, നെല്ല്, പച്ചമുളക്, തക്കാളി, വെണ്ട ഉൾപ്പെടെയുള്ള കൃഷികളിലേക്ക് വഴിമാറിയിരുന്നു. എന്നാൽ ഇക്കുറി പഴയത് പോലെ പാടങ്ങളിൽ സൂര്യകാന്തി കൃഷി ഇറക്കിയിട്ടുണ്ട്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന സൂര്യകാന്തി പൂവിടുന്നത് കാണാനും ആസ്വദിക്കാനും ഇരു സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളാണ് എത്തുന്നത്.
മണ്ണും വിണ്ണും കനിഞ്ഞാല്‍ മാത്രമേ കര്‍ഷകന്റെ അധ്വാനത്തിന് ഫലം ലഭിക്കുകയുള്ളൂ.നോക്കെത്താദൂരത്തോളം നിറഞ്ഞ് നില്‍ക്കുന്ന പൂക്കളുടെ കാഴ്ചകളാണ് മലയാളി മനസുകളില്‍ വസന്തത്തിന്റെ മനോഹാരിതയാണ് വിരിയിക്കുന്നത്. അരനൂറ്റാണ്ട് പിന്നിടുന്ന ചരിത്രമാണ് ഈ പൂപ്പാടങ്ങള്‍ക്ക് പറയാനുള്ളത്.
മണ്ണില്‍ തന്നെ വലിയ ജലസംഭരണികള്‍ (കുളങ്ങള്‍) നിര്‍മ്മിച്ചാണ് കർഷകർ ജലം കരുതുന്നത്. പശ്ചിമഘട്ട മലനിരകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളമാണ് ഇത്തരം കുളങ്ങളെ സമ്പന്നമാക്കുന്നത്.വെള്ളം നിറഞ്ഞു കിടക്കുന്ന കുളങ്ങളിൽ നിരവധി ദേശാടനപ്പക്ഷികളും പറന്നിറങ്ങാറുണ്ട്.ആര്യങ്കാവ് ചുരത്തില്‍ തട്ടി പ്രതിഫലിക്കുന്ന പടിഞ്ഞാററന്‍ കാറ്റും അതിശക്തമല്ലാത്ത സൂര്യന്റെ ചൂടും കൃഷിയിടത്തില്‍ വീഴുന്ന വിയര്‍പ്പുകണങ്ങളും തമിഴ്മണ്ണിനെ കൃഷിയ്ക്ക് അനുയോജ്യമാക്കുന്നു.
വലിപ്പമേറിയതും സൂര്യന് അഭിമുഖമായി വിടരുന്നതുമായ പൂക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഇവിടുത്തെ കർഷകരാണ്.ആടി (കർക്കിടകം) മാസത്തിൽ വിളവെടുക്കുന്ന സൂര്യകാന്തിയുടെ കൃഷി മേടമാസം മുതല്‍ ആരംഭിക്കും. സൂര്യകാന്തിപ്പാടങ്ങളിൽ നിലവിൽ വിളവെടുപ്പ് തുടങ്ങിയിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ പൂക്കളുടെ സീസൺ അവസാനിക്കും.
കഴിഞ്ഞതവണ ലക്ഷക്കണക്കിന് മലയാളികളാണ് സൂര്യകാന്തി പാടങ്ങൾ കാണാൻ തെങ്കാശി മേഖലകളിലെത്തിയത്. വിവാഹ ഷൂട്ടിങ്ങിനും റീൽസിനുമൊക്കെയായി പാടങ്ങളിൽ വലിയ തിരക്കായിരുന്നു. ഇക്കുറി ഓണത്തിന് മുന്നേ തന്നെ സൂര്യകാന്തി സീസൺ ഓണായിരിക്കുകയാണ്.









0 comments