കാനന കാഴ്‌ചകൾ ഇനി ഒറ്റ ക്ലിക്കിൽ

ബിമൽ പേരയം
Published on Jul 12, 2025, 11:58 PM | 1 min read
തിരുവനന്തപുരം : തിരക്കുകളിൽനിന്ന് മാറി കാടിന്റെ സൗന്ദര്യം നുകരാനും കാട്ടാറിന്റെ കുളിരിൽ മുങ്ങാനും കൊതിക്കാത്തവർ ആരാണ്. ഇനി കേരളത്തിന്റെ ഏത് കോണിലിരുന്നും പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഓടിയെത്താൻ ഒറ്റ ക്ലിക്ക് മതി. സഞ്ചാരികൾക്കായി കേരള വനംവകുപ്പ് ഇക്കോ ടൂറിസം വെബ് പോർട്ടൽ തയ്യാർ. ecotourism.forest. kerala.gov.in എന്ന കേന്ദ്രീകൃത ഇക്കോ ടൂറിസം വെബ് പോർട്ടൽ മൂന്നിന് വനംമഹോത്സവ ദിനത്തിലാണ് മന്ത്രി എ കെ ശശീന്ദ്രൻ പൊതുജനങ്ങൾക്ക് സമ്മാനിച്ചത്. സംസ്ഥാനത്തെ എൺപതിലേറെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പോർട്ടലിലൂടെ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. വ്യത്യസ്ത പാക്കേജുകൾ, ക്യാൻസലേഷൻ, റീഫണ്ട് സൗകര്യങ്ങൾ, ഉപഭോക്തൃ സേവനം, വനശ്രീ ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ടിസർ ടെക്നോളജീസ്, സംസ്ഥാന വനം വികസന ഏജൻസി (എസ്‌എഫ്‌ഡിഎ) എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ഒരുക്കിയത്. കൂടുതൽ സൗകര്യങ്ങളുമായി പോർട്ടലിന്റെ രണ്ടാം ഘട്ട നവീകരണവും വനംവകുപ്പിന്റെ ആലോചനയിലുണ്ട്. ഒരുകോടിയിലധികം സഞ്ചാരികൾ വർഷത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്നുണ്ടെന്നാണ് കണക്ക്.
ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോൾ സൗകര്യങ്ങളും കൂടുതലുണ്ട്. പ്രാദേശിക ഭക്ഷണങ്ങൾ, കരകൗശല വസ്‌തുക്കൾ, തദ്ദേശീയമായ ആചാരങ്ങൾ, പരമ്പരാഗത സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെല്ലാം അറിയാനാകും. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിച്ച് പദ്ധതി സുഗമമായി മുന്നോട്ടുപോകാനും പോർട്ടൽ സഹായകമാകും.









0 comments